ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗോപികൃഷ്ണന്‍ കെ. എം എഴുതിയ ചെറുകഥ
'ഈ മാസം കൂടെയല്ലേ ഉള്ളു സാര്‍, ഇനി ഇപ്പൊ ഫ്രീ ആയിട്ട് നടക്കാമല്ലോ' ഹെഡ് കോണ്‍സ്റ്റബിള്‍ രമേശന്‍ സി.ഐ ജോണ്‍സണ്‍ സാറിനോട് ചിരിച്ചു കൊണ്ട് ചോദിച്ചു.
'എവിടെ ഫ്രീ ആവാനാടോ, ഇനി മക്കളുടെ പഠിപ്പും വിവാഹവും ഒക്കെ കഴിഞ്ഞാലേ ഒരു സമാധാനം വരൂ. ഏതായാലും ഈ മാസം വേറെ ക്രിമിനല്‍ കേസുകള്‍ ഒന്നും ഇല്ലാത്തത്‌കൊണ്ട് കുറച്ചു സമാധാനം ഉണ്ട്.'
സി.ഐ ജോണ്‍സണ്‍ പറഞ്ഞു. അവരുടെ സൗഹൃദ സംഭാഷണത്തിന് വിരാമമിട്ടുകൊണ്ട് ലാന്റ് ഫോണ്‍ ശബ്ദിച്ചു.
'സാറെ ഇവിടെ അടുത്ത് ഒരു മരണം നടന്നിട്ടുണ്ട്, കേട്ടിട്ട് കൊലപാതകം ആണെന്നാണ് തോന്നുന്നുന്നത്'
ഹെഡ് കോണ്‍സ്റ്റബിള്‍ രമേശന്‍ ഫോണ്‍ കട്ട് ചെയ്തുകൊണ്ട് പറഞ്ഞു.
'വണ്ടി ഇറക്കടോ അവിടെ വരെ പോയി നോക്കാം, പെന്‍ഷന്‍ ആവാന്‍ നേരത്തു ഓരോ കേസുകളിങ് വന്നോളും'-കുറച്ചു അലോസരത്തോടെ സി.ഐ ജോണ്‍സണ്‍ മേശപ്പുറത്തിരുന്ന തന്റെ തൊപ്പി എടുത്തു കൊണ്ട് പറഞ്ഞു.
രണ്ട്
'എന്നാലും എന്റെ മോളേ.. നീ ഞങ്ങളോടീ ചതി ചെയ്തല്ലോ..ഞങ്ങള്‍ക്കിനി ആരുണ്ട്, എന്റെ പൊന്നുമോളെ'
ദുഃഖം തളം കെട്ടിനിക്കുന്ന മരണവീടിനു മുന്‍പിലെ ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് പോലീസ് സംഘം അകത്തേക്ക് പ്രവേശിച്ചു. കുടുംബാംഗങ്ങളുടെ വിഷമം കണ്ടിട്ടെന്നവണ്ണം സി.ഐ പറഞ്ഞു 'നടപടികള്‍ എല്ലാം വേഗത്തിലാക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.'
കുറ്റ കൃത്യം നടന്ന മുറിയും മറ്റു സാഹചര്യങ്ങളും വിലയിരുത്തിക്കൊണ്ടു ഹെഡ് കോണ്‍സ്റ്റബിള്‍ രമേശന്‍ അഭിപ്രായപ്പെട്ടു -'സാറേ, പ്രഥമദൃഷ്ടിയില്‍ ഇത് കൊലപാതകം തന്നെ എന്ന് അനുമാനിക്കാം, തലയ്ക്കു അടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. അത് കൂടാതെ പെണ്‍കുട്ടിയുടെ സ്വര്‍ണാഭരങ്ങള്‍ കാണാനില്ല, ഭര്‍ത്താവും മിസിംഗ് ആണ്.'
'എടോ ..ആ കുട്ടിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഒന്ന് ട്രാക്ക് ചെയ്യാന്‍ സൈബര്‍ സെല്ലില്‍ അറിയിപ്പ് കൊടുക്ക്. മറ്റു അസ്വാഭാവികതകള്‍ ഒന്നും തന്നെ കാണുന്നില്ല. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതാകാനാണ് സാധ്യത, അന്വേഷണം ആ വഴിക്കു നടക്കട്ടെ. ഫോറന്‍സിക് ടീമിനോട് പെട്ടെന്ന് എത്താന്‍ പറയണം.' എല്ലാവര്‍ക്കും വേണ്ട നിര്‍ദേശം കൊടുത്തിട്ട് സി.ഐ ജോണ്‍സണ്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയി.
മൂന്ന്
അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം ആണ് അജിതയുടേത്. വിശാലുമായുള്ള പ്രണയത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് വഴങ്ങിക്കൊടുത്തു. വിശാലിനെ അപേക്ഷിച്ചു അജിതയുടെ കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നു. അജിതയുടെ സഹോദരന്‍ അജയ് ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥിയാണ്.
'വിശാലിനും അജിതയ്ക്കും ഇടയില്‍ എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും മനസിലാകാത്ത കാര്യം ആണ്'-അയല്‍വാസിയും കുടുംബ സുഹൃത്തും ആയ സുമേഷ് തെല്ലു വ്യസനത്തോടെ പറഞ്ഞു.
നാല്
മൂന്നു നാല് ദിവസത്തെ അവധി കഴിഞ്ഞെത്തിയ സി.ഐ ജോണ്‍സണ്‍ സാറിനോട് ഹെഡ് കോണ്‍സ്റ്റബിള്‍ രമേശന്‍ അജിത മര്‍ഡര്‍ കേസിന്റെ പുരോഗതി വിവരിക്കുകയായിരുന്നു...
'സാറേ ആ അജിതയുടെ സഹോദരന്‍ അജയ് വിഷം കഴിച്ചു ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞു സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. പെങ്ങള്‍ പോയതുകൊണ്ടുള്ള ദുഃഖം സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണെന്ന് എഴുതി വച്ചിട്ടാണ് ആ പയ്യന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. പിന്നെ ആ അജിതയുടെ ഭര്‍ത്താവിനെ കൊല്ലപ്പെട്ടനിലയില്‍ ഗോവയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട് കൂടാതെ മോഷണം പോയ ആഭരങ്ങളും വീണ്ടെടുത്തിട്ടുണ്ട്. പക്ഷെ സാറേ ഇതില്‍ വിചിത്രമായ ഒരു കാര്യം ഉണ്ട്, വിശാല്‍ താമസിച്ചിരുന്ന ലോഡ്ജില്‍ അവസാനമായി വന്ന സന്ദര്‍ശകന്‍ അജയ് ആണ്, ലോഡ്ജിലെ ജോലിക്കാര്‍ അജയിന്റെ ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞിട്ടുണ്ട്. അജയ് ആത്മഹത്യ ചെയ്തു ദിവസങ്ങള്‍ക്കു ശേഷം ആണ് വിശാല്‍ കൊല്ലപ്പെടുന്നത്. പിന്നെ അജയിനെ സംഭവസ്ഥലത്തു കാണാന്‍ സാധ്യത ഇല്ല. അവിടെ ഒരു വ്യക്തതക്കുറവുണ്ട്. പിന്നെ സാറേ ഇന്ന് ഞങ്ങള്‍ അജയ് താമസിച്ചിരുന്ന വീട്ടില്‍ പോയിരുന്നു. പ്രത്യേകിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. അയാളുടെ കുറച്ചു പുസ്തകങ്ങള്‍ ഒരു ഡയറി ഇതൊക്കെ കിട്ടി.'
'ഞാന്‍ ഇത് സമയംപോലെ ഒന്ന് വായിച്ചു നോക്കട്ടെ, അതിനു ശേഷം നമുക്ക് തീരുമാനിക്കാം'- അജയിന്റെ മുറിയില്‍ നിന്ന് കിട്ടിയ പുസ്തകങ്ങള്‍ സി. ഐ ജോണ്‍സണ്‍ കയ്യിലെടുത്തുകൊണ്ടു പറഞ്ഞു.
അഞ്ച്
പോലിസ് ക്വാര്‍ട്ടേഴ്‌സിലെ ചെറിയ മുറിയിലിരുന്ന് അജയിന്റെ ഡയറി വായിക്കാന്‍ ആരംഭിച്ചു, സി.ഐ ജോണ്‍സണ്‍.
'ഇതില്‍ വായിയ്ക്കാനായിട്ട് പ്രത്യേകിച്ച് ഒന്നും കാണുന്നില്ലല്ലോ'-പേജുകള്‍ വേഗത്തില്‍ മറിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് അത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്, മടക്കി വെച്ച ഒരു പേജ്. ആ പേജ് വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വികസിച്ചു. ആ പേജില്‍ നിരവധി ഫോട്ടോകള്‍ ഉണ്ടായിരുന്നു. മിക്ക ചിത്രങ്ങളും വളരെ പഴയത്, ചിലത് വ്യക്തമേ അല്ല. ഒരു മുപ്പത് വര്‍ഷം പഴക്കം എങ്കിലും കാണും. ആ ചിത്രങ്ങളെല്ലാം അജയ്, അജിത പിന്നെ വിശാല്‍ എന്നിവരുടേത് ആയിരുന്നു. അതിനു അടുത്ത പേജില്‍ പഴയ ഒരു തമിഴ് പത്രത്തിന്റെ കട്ടിങ്. 1979 -ല്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ റിപ്പോര്‍ട്ട് ആയിരുന്നു അത്.
സി.ഐ ജോണ്‍സനു തന്റെ കണ്ണില്‍ ഇരുട്ടുകയറുന്നത് പോലെ തോന്നി, എന്തെന്നാല്‍ ആ തമിഴ് പത്രത്തിലെ ഇരട്ട കൊലപാതകത്തിന്റെ റിപ്പോര്‍ട്ടില്‍ അജയ് പിന്നെ അജിത, വിശാല്‍ എന്നിവര്‍തന്നെ ആണ് ഉണ്ടായിരുന്നത്. കേവലം പേരുകള്‍ക്ക് മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളു. അവരുടെ ചിത്രങ്ങള്‍ തമ്മില്‍ വലിയ സാമ്യം.
അവിടെ കൊല്ലപ്പെട്ടത് തേന്‍മൊഴി, സഹോദരന്‍ മതിമാരന്‍, പിന്നെ തേന്‍മൊഴിയുടെ ഭര്‍ത്താവ് കതിര്‍ വേല്‍. ഇതില്‍ തേന്‍ മൊഴി കൊല്ലപ്പെട്ട നിലയിലും മതിമാരന്‍ ആത്മഹത്യ ചെയ്ത നിലയിലും ആണ് കണ്ടെത്തിയത്. കൃത്യം ഒരാഴ്ചക്ക് ശേഷം തേന്‍മൊഴിയുടെ ഭര്‍ത്താവു കതിര്‍ വേലിനെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തി. അവിടെയും സ്വര്‍ണത്തെ ചൊല്ലി ഉള്ള തര്‍ക്കം തന്നെ ആയിരുന്നു കാരണം. അജിതയുടെ കൊലപാതകം നടന്നപോലെ തന്നെ ആണ് ഈ കൊലപാതകവും.
തന്റെ തൊണ്ട വരളുന്നത് പോലെ തോന്നിയ സി.ഐ ജോണ്‍സണ്‍ മേശപ്പുറത്തിരുന്ന ഇരുന്ന മണ്‍കൂജയില്‍ നിന്ന് വെള്ളം കുടിച്ചു. വീണ്ടും ഡയറിയുടെ പേജുകള്‍ മറിച്ച അദ്ദേഹത്തിന് മറ്റൊന്നും കണ്ടെത്താനായില്ല. അപ്പോഴാണ് അപ്രതീക്ഷിതമായി അജയ് എഴുതിയ മറ്റൊരു ഡയറി കാണാന്‍ ഇടയായത്.
'ഓ ഇത് നമ്മള്‍ കേട്ടിട്ടുള്ള കഥയാണല്ലോ'-സി.ഐ ജോണ്‍സണ്‍ ആത്മഗതം ചെയ്തു.
'അല്ലിയുടേയും അമ്പിയുടെയും കഥ.' ഇതായിരുന്നു അതിന്റെ ആദ്യത്തെ താളില്‍ എഴുതിട്ടിരുന്നത്. സി.ഐ ജോണ്‍സണ്‍ ആ കഥ വായിക്കാന്‍ ആരംഭിച്ചു.
അല്ലിയുടെ പ്രണയം ക്ഷേത്ര പൂജാരിയായ നമ്പിയോടായിരുന്നു. നമ്പിയുടെ നോട്ടം ജന്മികുടുംബത്തില്‍ പിറന്ന അല്ലിയുടെ സ്വത്തിലും. നമ്പിയുടെ ദുര്‍നടപ്പിനെപ്പറ്റി അറിയാമായിരുന്ന അല്ലിയുടെ കുടുംബം ആ വിവാഹത്തിന് എതിരായിരുന്നു. പക്ഷെ ആ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് അല്ലിയും നമ്പിയും വിവാഹിതരായി. ദൗര്‍ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍ വിവാഹത്തിന് ഒരാഴ്ചക്കു ശേഷം അല്ലിയുടെ മൃതദേഹം ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. സഹോദരിയുടെ മരണ വാര്‍ത്ത അറിഞ്ഞു സഹോദരന്‍ അമ്പി ആത്മഹത്യ ചെയ്യുകയായിരുന്നു അതിനടുത്ത ദിവസങ്ങളില്‍ നമ്പിയെ സര്‍പ്പ ദംശനം ഏറ്റു മരിച്ചനിലയിലും കണ്ടെത്തി. അതിനാല്‍ തന്നെ ദുര്‍മരണപ്പെട്ട അല്ലിയുടെ ആത്മാവിന് നമ്പിയോടു പ്രതികാരം ചെയ്യാന്‍ കഴിഞ്ഞില്ല.
അടുത്ത പേജുകളില്‍ മറ്റൊരു കഥയാണ് അജയ് എഴുതിയത്. നീലന്റെയും നീലിയുടേയും കഥ. നമ്പിയോട് പ്രതികാരം ചെയ്യാന്‍ സാധിക്കാതിരുന്ന അല്ലിയും അമ്പിയും വീണ്ടും നീലനും, നീലീയുമായി പുനര്‍ജനിച്ചു. നമ്പിയാകട്ടെ അനന്തനായിട്ടും ജനിച്ചു. പക്ഷെ ഇത്തവണയും നീലിക്ക് അനന്തനെ കൊല്ലാന്‍ സാധിച്ചില്ല, അതിനു മുന്‍പേ അനന്തന്‍ കൊല്ലപ്പെട്ടു.
'എന്തൊരു വട്ടു കഥകളാണ് ഈ പയ്യന്‍ എഴുതി വച്ചിരിക്കുന്നത്'- കഷണ്ടിത്തല തടവിക്കൊണ്ട് സി.ഐ ജോണ്‍സണ്‍ ആലോചിച്ചു. ഇനി ഈ അജയ്, അജിത, വിശാല്‍ ഇവരൊക്കെ പുനര്‍ജന്മം എടുത്തതാകുമോ. ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല.
ആറ്
തൊട്ടടുത്ത ദിവസം. പോലീസ് സ്റ്റേഷന്‍.
'ജോണ്‍സണ്‍ സാറിനെ എസ്. പി സാര്‍ വിളിക്കുന്നുണ്ട്.'-കോണ്‍സ്റ്റബിള്‍ പറഞ്ഞു.
സിഐ ജോണ്‍സണ്‍ പെട്ടെന്ന് തന്നെ എസ് . പി ഓഫീസില്‍ എത്തി.
'ആകപ്പാടെ കുഴഞ്ഞു മറിഞ്ഞ കേസ് ആണല്ലോടോ ഈ അജിത മര്‍ഡര്‍. താന്‍ ഇനി റിട്ടയര്‍ ചെയ്യാന്‍ ദിവസങ്ങളല്ലേ ഉള്ളു. ഈ കേസ് അന്വേഷണം തല്‍ക്കാലം നമ്മള്‍ നിര്‍ത്തുകയാണ്. പ്രധാന സാക്ഷികള്‍ ഒന്നും തന്നെയില്ല, കൊലചെയ്തവനും കൊലചെയ്യപ്പെട്ടവരും ഇനി ഇല്ല. ഇപ്പോള്‍ മറ്റു കേസുകള്‍ അന്വേഷിക്കാന്‍ പോലും സമയം ഇല്ല.''-എസ് പി പറഞ്ഞു.
കേസ് തത്കാലം തുടരുന്നില്ല എന്ന തീരുമാനം സി.ഐ ജോണ്‍സണ് ഒരര്‍ത്ഥത്തില്‍ ആശ്വാസം പകരുന്ന ഒന്നായിരുന്നു. അജിത മര്‍ഡര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ തന്റെ കേസ് ഡയറിയില്‍ അദ്ദേഹം കുറിച്ചുവച്ചു.
'എന്ത് കൊണ്ട് ഓരോ 30 വര്‍ഷം കൂടുമ്പോള്‍ ഒരേ രീതിയില്‍ ഈ കൊലപാതകങ്ങള്‍ അരങ്ങേറി, അല്ലിയും നീലിയും അജിതയും ഒരേ ആത്മാവിന്റെ പുനരാവര്‍ത്തനങ്ങള്‍ ആണോ. അങ്ങനെ എങ്കില്‍ അടുത്ത കൊലപാതകം എവിടെ നടക്കും.'
ഈ കേസ് ഒരിക്കല്‍ കൂടി അന്വേഷിക്കപ്പെടും എന്ന വിശ്വാസത്തോടെ അദ്ദേഹം തന്റെ കേസ് ഡയറി അടച്ചു വെച്ചു.
ഏഴ്
സി. ഐ ജോണ്‍സണ്‍ റിട്ടയര്‍ ചെയ്തിട്ട് ഇപ്പോള്‍ ഒരു വര്‍ഷം ആകുന്നു. ഇപ്പോള്‍ മൂത്തമകളുടെ കൂടെ ബെംഗളുരുവിലാണ് താമസം.
'പുല്ല്, എന്നാ തണുപ്പാ ഇവിടെ'-പ്രഭാത നടത്തിനായി പാര്‍ക്കിലെത്തിയ ജോണ്‍സണ്‍ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു. കടുത്ത തണുപ്പിനെയും കാറ്റിനെയും വകവെക്കാതെ അദ്ദേഹം വേഗത്തില്‍ നടക്കാന്‍ ആരംഭിച്ചു. തണുപ്പാണെങ്കിലും നിറയെ ആളുകള്‍ അവിടെ വ്യായാമത്തിനും പ്രഭാത നടത്തിനുമായി എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു.
'അല്ലാ ...ഇതാരാണ്, കണ്ടു നല്ല പരിചയം ഉണ്ടല്ലോ. തന്നെ പിന്നിലാക്കി വേഗത്തില്‍ ഓടുന്ന ചെറുപ്പക്കാരനെ കണ്ടു ജോണ്‍സണ്‍ പിറു പിറുത്തു. നടത്തത്തിനു വേഗത കൂട്ടി ആ മുഖം കാണാന്‍ ശ്രമിക്കുകയായിരുന്നു ജോണ്‍സണ്‍.
'ആദിത്യ പ്ലീസ് വെയിറ്റ് ഫോര്‍ മി'- ആ വിളികേട്ട് ആചെറുപ്പക്കാരന്‍ നിന്നു. ജോണ്‍സന്റെ പുറകിലൂടെ ഓടിയെത്തിയ ഒരു വെളുത്തു മെലിഞ്ഞ പെണ്‍കുട്ടിയായിരുന്നു ആദിത്യനെ വിളിച്ചത്. ആ ചെറുപ്പക്കാരന്റെ മുഖം കണ്ടപ്പോള്‍ ജോണ്‍സണ്‍ ഒരു നിമിഷം അന്ധാളിച്ചു പോയി.
'ഇത് അജയ് അല്ലേ. മരിച്ച അജിതയുടെ സഹോദരന്‍, ആത്മഹത്യ ചെയ്ത അജയ്.'
ആളെ കൂടുതല്‍ വ്യക്തമായി കാണാനും അവരുടെ സംസാരം ശ്രദ്ധിക്കാനും ആയിട്ട് ജോണ്‍സണ്‍ അവര്‍ നിന്നിരുന്നതിനടുത്തുള്ള ബെഞ്ചില്‍ ഇരുന്നു. 'അതെ എനിക്കിപ്പോള്‍ വ്യക്തമായിക്കാണാം. ഇത് അജയ് അല്ല, പക്ഷെ ദൂരെ നിന്ന് നോക്കിയാല്‍ അജയ് തന്നെ ആണെന്നേ പറയു'. റിട്ടയേര്‍ഡ് ആയെങ്കിലും അടച്ചുവച്ച കേസ് ഡയറിയിലെ കഥാപാത്രങ്ങളെ ഈ ജോണ്‍സണ്‍ മറക്കില്ല.
സംസാരം നിറുത്തി ആദിത്യനും അയാളുടെ പെണ്‍ സുഹൃത്തും കൂടി പാര്‍ക്കിനു തൊട്ട് എതിര്‍വശത്തുള്ള കേക്ക് ഷോപ്പിലേക്ക് കയറി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അവര്‍ കാറില്‍ കയറി വളരെ വേഗത്തില്‍ അവിടെ നിന്ന് പോയി. ജോണ്‍സണ്‍ ഉടനെ തന്നെ ആ കേക്ക് ഷോപ്പില്‍ എത്തി, വളരെ തന്ത്രപൂര്‍വം ആദിത്യനും അയാളുടെ പെണ്‍ സുഹൃത്തും കൂടി ഓര്‍ഡര്‍ ചെയ്ത കേക്കിന്റെ ഡെലിവറി വിവരങ്ങള്‍ രഹസ്യമായി കൈക്കലാക്കി.
'ഇനി ഇവനെ എങ്ങനെ എങ്കിലും ഒന്ന് ചോദ്യം ചെയ്യണം'- ജോണ്‍സണ്‍ ആത്മഗതം ചെയ്തു.
എട്ട്
'സാര്‍, ഈ വിലാസത്തില്‍ പറഞ്ഞിരിക്കുന്ന വീടിതാണ്'- അങ്ങ് അകലെ ഇളം മഞ്ഞ നിറത്തില്‍ പെയിന്റടിച്ച വീട് ചൂണ്ടിക്കാണിച്ചുകൊണ്ട് ആ വഴിപോക്കന്‍ പറഞ്ഞു. ആ പഴയ വീടിന്റെ മുമ്പിലെത്തിയ ജോണ്‍സണ് ആരെയും അവിടെ കാണാന്‍ കഴിഞ്ഞില്ല. വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. അകത്ത് ഒരു പിറന്നാള്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് എന്നവണ്ണം അകം അലങ്കരിച്ചിട്ടുണ്ടായിരുന്നു. പെട്ടെന്ന് അകത്തെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തില്‍ ജോണ്‍സന്റെ കണ്ണുകള്‍ ഉടക്കി. 'അജയ് പിന്നെ ആദിത്യന്‍'-ഇരുവരുടെയും പുഞ്ചിരി തൂകുന്ന ചിത്രം.
'ആദിത്യന്റെ പിറന്നാളിന് വന്നതാണോ'-നിശബ്ദതക്കു വിരാമമിട്ടുകൊണ്ട് ഒരു ചോദ്യം.
'ഞാന്‍ ആദിത്യന്റെ അമ്മയാണ്.' കുറച്ച നേരത്തേക്ക് അങ്കലാപ്പിലായെങ്കിലും സംയമനം വീണ്ടെടുത്തുകൊണ്ടു ജോണ്‍സണ്‍ പറഞ്ഞു.
'മരിച്ചു പോയ അജയ് എന്റെ ബന്ധുവാണ്.' ഇത് കേട്ടതും ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു, 'ആദിത്യന്‍ ഇപ്പോള്‍ വരും' കണ്ണുനീര്‍ തുടച്ചുകൊണ്ട് അവര്‍ അകത്തേക്ക് കയറിപ്പോയി.
സമയം വീണ്ടും കടന്നുപോയി. ആദിത്യന്‍ വീട്ടിലേക്കെത്തിച്ചേരുന്നു.
'മോനെ നിന്നെ കാണാന്‍ ഒരാള്‍ വന്നിട്ടുണ്ട്, നമ്മുടെ അജയ് ഇല്ലേ അവന്റെ ബന്ധുവാണ് ഇദ്ദേഹം. ജോണ്‍സനെ കണ്ടതും ആദിത്യന്‍ ഒന്ന് പരുങ്ങി.
'ആദിത്യ നമുക്ക് പുറത്തിരുന്നു സംസാരിക്കാം'-ജോണ്‍സണ്‍ പറഞ്ഞു. ഇരുവരും വീടിന്റെ പടവുകള്‍ ഇറങ്ങുമ്പോള്‍ ജോണ്‍സണ്‍ പറഞ്ഞു.
'ഞാന്‍ റിട്ടയേര്‍ഡ് സി. ഐ ജോണ്‍സണ്‍, അജിത മര്‍ഡര്‍ കേസ് ഞാന്‍ ആണ് അന്വേഷിച്ചുകൊണ്ടിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ ഇവിടെ വരെ വന്നു കണ്ടുപിടിക്കാന്‍ അറിയാമെങ്കില്‍ ബാക്കി കൂടി എനിക്ക് കണ്ടെത്താന്‍ പറ്റും, എന്നെ മെനക്കെടുത്താതെ താന്‍ സത്യം പറയുന്നതാ നല്ലത്.'
'ക്ഷമിക്കണം സാറേ എല്ലാം പറ്റിപ്പോയി. അജയ് എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. അജിത എനിക്ക് സഹോദരിയെപ്പോലെ ആയിരുന്നു. വിശാല്‍ ആണ് അജിതയെ കൊന്നതെന്ന് അറിഞ്ഞ ആ നിമിഷം ഞാന്‍ തീരുമാനിച്ചതാണ് അവനെ ഞാന്‍ തീര്‍ക്കും എന്ന്. എനിക്ക് പ്രിയപ്പെട്ട രണ്ടു പേരെ ആണ് എന്നില്‍ നിന്ന് വിശാല്‍ തട്ടിയെടുത്തത്. ഞാന്‍ കൊന്നു സാറേ, വിശാലിനെ ഞാന്‍ തന്നെയാ കൊന്നത്.' വിറയാര്‍ന്ന ശബ്ദത്തില്‍ ആദിത്യന്‍ പറഞ്ഞു.
അപ്പോഴും ജോണ്‍സനു മനസിലാകാത്ത കാര്യം തമിഴ്നാട്ടില്‍ നടന്ന കൊലപാതകത്തെ പറ്റിയും അജയിന്റെ ഡയറിയിലെ പേപ്പര്‍ കട്ടിങ്ങിനെപറ്റിയും ആയിരുന്നു.
'സാര്‍ അത് ഞാന്‍ തന്നെയാ അജയിന്റെ ഡയറിയില്‍ എഴുതി ചേര്‍ത്തത്, ആ ന്യൂസ് പേപ്പര്‍ കട്ടിങ് വ്യാജമായി ഉണ്ടാക്കിയതാണ് ,അത് പോലീസ് അന്വേഷണം വഴിതെറ്റിക്കാന്‍ വേണ്ടിയായിരുന്നു. നിയമത്തിനു വിട്ടുകൊടുത്തിരുന്നെങ്കില്‍ വിശാല്‍ ശിക്ഷിക്കപ്പെടില്ലെന്നു തോന്നി സാറേ. സാറിനെന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോ. ഞാന്‍ തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല' ആദിത്യന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യപ്പെട്ട ജോണ്‍സണ്‍ ആ വീട്ടില്‍ നിന്നിറങ്ങി. ഏതായാലും ഈ കേസിന്റെ അന്വേഷണം വര്‍ഷങ്ങള്‍ക്കു മുന്‍പേ അവസാനിപ്പിച്ചതാണ്. അജിതക്കും അജയിനും നീതി ലഭിച്ചു എന്ന് തത്കാലം കരുതാം. ഈ കേസ് ഇനി റീഓപ്പണ്‍ ചെയ്തിട്ടെന്തു കാര്യം.
'വര്‍ഷങ്ങളായി അടച്ചു വച്ച കേസ് ഡയറി ഇനി തുറക്കില്ല അത് എന്റെ ഉള്ളിലും അടഞ്ഞു തന്നെ ഇരിക്കട്ടെ.' - ജോണ്‍സണ്‍ മനസ്സില്‍ പറഞ്ഞു.