ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗീത നെന്‍മിനി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ആ സെല്‍ഫി സമ്മാനിച്ച അവിശ്വസനീയമായ അനുഭവങ്ങള്‍ രാജിക്ക് മറക്കാന്‍ കഴിഞ്ഞില്ല. കുറച്ചുനേരത്തേക്ക് അവളുടെ ഉയിരും ഉടലും ഭൂതകാലത്തിലേക്കു പറിച്ചുനട്ടപോലെ തോന്നി. കഴിഞ്ഞകാലങ്ങളുടെ തനിയാവര്‍ത്തനം.
ഉണ്ടും ഉറങ്ങിയും പ്രത്യേകിച്ചൊരു വിശേഷവുമില്ലാതെ രാജിയുടെ ദിവസങ്ങള്‍ കടന്നുപോയി. ഐഫോണില്‍ എടുക്കുന്ന വഴിയോരക്കാഴ്ചകള്‍ കാനഡയിലുള്ള മകനും ഏതാനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു.
ഇടയ്‌ക്കെപ്പോഴോ ഒരു സെല്‍ഫി എടുത്താലോ എന്ന തോന്നല്‍ വീണ്ടും ഉദിച്ചുയര്‍ന്നു. എങ്കിലും ഒരു ഉണര്‍വ്വു തോന്നിയില്ല. പിന്നെയാവട്ടെ എന്നു കരുതി മാറ്റിവെച്ചു.
അനിരുദ്ധന്‍ ഒഫീഷ്യല്‍ ടൂര്‍ പോയ രാത്രി. വേണമെങ്കില്‍ അവള്‍ക്കും പോകാമായിരുന്നു. ഡ്രസ്സ് എടുത്തുവെക്കണം, പെട്ടി പാക്ക് ചെയ്യണം, സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ എടുത്തുവെക്കണം. എന്തൊരു കഷ്ടപ്പാട്. അടിമുടി പടര്‍ന്നു കയറിക്കഴിഞ്ഞ അലസത അവളെ പിന്നോട്ടു വലിച്ചു. ബാല്‍ക്കണിയില്‍ നിന്നാല്‍ കാണുന്ന ഉദയാസ്തമനങ്ങളും നിലാവും നക്ഷത്രങ്ങളും കുറച്ചു ദിവസത്തേക്കുപോലും നഷ്ടപ്പെടുത്താന്‍ അവള്‍ക്ക് കഴിയില്ലായിരുന്നു. തീറെഴുതിക്കിട്ടിയ ആകാശക്കാഴ്ചയില്‍ അവള്‍ സ്വാസ്ഥ്യം കണ്ടെത്തി.
എങ്കിലും രാത്രിയുടെ ഏകാന്തതയില്‍ എപ്പോഴോ രാജിയുടെ വിരലുകള്‍ ഫോണില്‍ അമര്‍ന്നു. ഇടതു കൈ ഉയര്‍ത്തി എടുത്ത സെല്‍ഫിയില്‍ ആകാംക്ഷയോടെ നോക്കി.
മഞ്ഞ സാരിയുടുത്ത കര്‍ണികാര പൂങ്കുല പോലുള്ള ഒരു പതിനേഴുകാരി പെണ്‍കിടാവ് അവളെ നോക്കി പുഞ്ചിരിക്കുന്നു. ആ പുഞ്ചിരി അരളിമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കുന്നിന്‍മുകളിലെ കലാലയ മുറ്റത്തേക്ക് അവളെ എത്തിച്ചു.
'സ്വപ്ന നക്ഷത്രമേ നിന്‍ ചിരിയില്‍ നിത്യ
സത്യങ്ങള്‍ എന്നും ഞാന്‍ കണ്ടുനില്‍ക്കും....'
ഓഡിറ്റോറിയത്തില്‍ നിന്നും ഒഴുകിവരുന്ന സംഗീതം. ആനന്ദ് പാടുന്നു.. സുഗന്ധവും തണുപ്പും പേറുന്ന ഒരു മഴക്കാറ്റ് അവളെ തഴുകി കടന്നുപോയി. പാദസരത്തിന്റെ മണി കിലുക്കി ഒരു ചാറ്റല്‍ മഴ പെയ്തു തുടങ്ങി. നിഗൂഢമായ മനസ്സിന്റെ ഉള്ളറകളില്‍ നിന്നും ഒളിഞ്ഞിരുന്ന
പ്രണയം ഒരു മഴപ്പാറ്റയെ പോലെ വെളിച്ചം തേടി കുതിച്ചുയര്‍ന്നു.
ചിറകുകള്‍ വീശി അത്യാഹ്ലാദത്തോടെ രാജിയുടെ കണ്ണുകളുടെ പ്രകാശത്തിന് ചുറ്റും വട്ടമിട്ടു പറന്നു. ഗ്രീഷ്മത്തിന്റെ സുഖകരമായ ഊഷ്മളതയിലേക്ക് അവള്‍ ആനന്ദിന്റെ കൈപിടിച്ച് കൂപ്പു കുത്തി.
പകലുകളില്‍ അവര്‍ അരളി ഉതിരുന്ന കോളേജ് കാമ്പസിലൂടെ നടന്നു. ലൈബ്രറിയുടെ ഇടനാഴിയില്‍ വെച്ചു പ്രണയ ലേഖനം കൈമാറി.
'ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍'
എന്നു പാടിക്കൊണ്ട് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു.
പൊടുന്നനെ ഒരു നിശ്ചല ചിത്രം ഗാലറിയില്‍ പ്രത്യക്ഷപ്പെട്ടു. ആനന്ദിന്റെ ചിത്രം.
'എന്നിട്ടും, എന്തിന് ഉപേക്ഷിച്ചു കളഞ്ഞു ...' എന്ന ചോദ്യം അയാളുടെ കണ്ണിലും ചുണ്ടിലും വിറകൊണ്ടു.
അവളില്‍ നിന്നു വാക്കായും നോക്കായും സ്‌നേഹമായും അനുസ്യൂതം ഒഴുകിയിരുന്ന ഊര്‍ജപ്രവാഹം എന്നെന്നേക്കുമായി തിരിച്ചെടുത്തതെന്തിനെന്ന് മൗനമായി അയാള്‍. സ്‌നേഹത്തിനു ത്യാഗം എന്ന മഹത്തായ ഭാഷ്യമുണ്ടെന്ന് ഒരു കാമിനിയുടെ കാപട്യത്തോടെ അവള്‍. എന്തൊക്കെ പറഞ്ഞാലും ഏറ്റവും തീവ്രമായി സന്തോഷിപ്പിക്കാനും നോവിപ്പിക്കാനും കഴിയുന്നതാണ് പ്രണയം എന്ന സത്യം രാജിക്കറിയാമായിരുന്നു.
കാലത്തെ തിരിയെ ഓടിച്ച് ആഗ്രഹിക്കുന്ന സ്ഥലത്തു ചെന്നെത്തിക്കാന്‍ സെല്‍ഫിയിലെ ഒരൊറ്റ നിമിഷത്തിനാവും എന്നവള്‍ക്ക് മനസ്സിലായി. ഏകാന്തതയില്‍ കൂട്ടായി എത്തുന്ന ഓര്‍മകളുടെ സെല്‍ഫികള്‍ സമ്മാനിക്കുന്ന ഫോണിനെ രാജി നെഞ്ചോടു ചേര്‍ത്തണച്ചു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...