ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. പര്‍വീണ്‍ ടി പി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അറ്റന്‍ഡര്‍ പഴയ ഡ്രസ്സും ബാഗും മേശപ്പുറത്ത് വെക്കുമ്പോള്‍ ജിനി ബോധമില്ലാത്ത കാലത്ത് രക്തവും, മലവും ചാലിച്ച് ചുമരില്‍ വരച്ച അവ്യക്തമായ ചിത്രപ്പണികള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു.
''ഡ്രസ്സെല്ലാം പഴയതാ...ഡോക്ടര്‍ പറഞ്ഞോണ്ടൊരു പുതിയ ജോഡി വെച്ചിട്ടുണ്ട്..'
''ഇതെല്ലാം ഞാന്‍ തന്നെയാണോ...? ഓര്‍മ്മയേയില്ലല്ലോ...?' അറ്റെന്‍ഡര്‍ പറഞ്ഞത് ഒന്നു മൂളിക്കേട്ട ശേഷം ജിനി ചിത്രത്തിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു.
''ഓര്‍മ്മ വരാന്‍ ഒന്നൂടി നൊസ്സുണ്ടാക്കാന്‍ പറ്റോ ...ഹല്ല പിന്നെ ..?''-അറ്റന്‍ഡര്‍ പറഞ്ഞ മറുപടി രസിച്ചില്ലെങ്കില്‍ കൂടി ജിനി ചിരിക്കുന്ന പോലെ ഒന്നഭിനയിച്ചു.
അയാള്‍ പോയ ശേഷം ജിനി മുറി ഒന്നുകൂടി നിരീക്ഷിച്ചു. അവ്യക്തമായി പോലും ഓര്‍ത്തെടുക്കാനാവാത്ത വിധം നീണ്ട എത്രയോ വര്‍ഷം താന്‍ കഴിഞ്ഞ മുറി. മുഷിഞ്ഞ മൂത്രം മണക്കുന്ന വായു. രക്തക്കറയുള്ള ചുമരുകള്‍. പായ വിരിച്ച തുരുമ്പിച്ച കട്ടില്‍. കട്ടിലിന്റെ ഒരു കാലില്‍ തുരുമ്പു പിടിച്ച ചങ്ങല. ജിനി തന്റെ വലത്തേ കാലിലേക്ക് നോക്കി. ഇരുമ്പുരഞ്ഞ രക്തം കിനിയുന്ന മുറിവ്. താന്‍ വരച്ചെന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍. എന്തോ പറയാന്‍ വെമ്പുന്ന കണ്ണു കെട്ടിയ ഒരു രൂപം. രണ്ടു കയ്യുകളും രണ്ടു തലയുമുള്ള മറ്റൊരു രൂപം. മനുഷ്യ രൂപമാണോ? അതോ മൃഗമോ? അല്ല മറ്റെന്തോ രൂപമാണ്.
സന്ദര്‍ശക പുസ്തകത്തില്‍ തന്നെ അവസാനം കാണാന്‍ വന്നതാരാണെന്ന് പരതുമ്പോള്‍ അയാളുടെ കണ്ണുകള്‍ പഴയതു പോലെ പ്രതീക്ഷയറ്റവന്റേത് ആയിരുന്നില്ല. ഏതാണ്ട് ഒന്നര വര്‍ഷമായി ആരെങ്കിലും വന്നിട്ട്. അതിന് മുന്‍പ് 'നാസര്‍, സി. ജി. എം. കോളേജ്, ശാസ്താംകോട്ട' മുടങ്ങാതെ വരുമായിരുന്നു.
''നാസര്‍ മാഷോ..!''
ഒട്ടും വിശ്വസിക്കാനാവാത്ത മട്ടില്‍ അയാള്‍ അഡ്രസ്സ് ഒന്നു കൂടി വായിച്ചു. മുറി വിട്ടു ഇറങ്ങുമ്പോള്‍ അയാള്‍ക്ക് എന്തു കൊണ്ടോ വല്ലാത്ത ദു:ഖമനുഭവപ്പെട്ടു. നീണ്ട വരാന്തയില്‍ തന്റെ വലതു വശത്തായി തീപ്പട്ടിക്കൂട് അടുക്കി വെച്ചപോലെ കുറേയേറെ സെല്ലുകള്‍. അകത്തു നിന്നും കരച്ചിലും ചിരിയും ഞെരക്കവും വ്യക്തമായി കേള്‍ക്കാം. താനും ഒരിക്കല്‍ ഇങ്ങനെയൊക്കെ ചെയ്തിരിക്കണം. ഗേറ്റ് കടന്നു നടന്നകലുന്ന അയാളെ പേരറിയാത്ത വെള്ള സാരിയണിഞ്ഞ തൂപ്പുകാരി നോക്കി നില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. ചെറുതായി തുള്ളിയിറ്റാന്‍ തുടങ്ങിയ മഴ കനക്കുമ്പോള്‍ കുടയില്ലാതെ അയാള്‍ ബുദ്ധിമുട്ടുന്നതാലോചിച്ചു സ്വന്തക്കാര്‍ക്ക് മാത്രം അനുഭവപ്പെടുന്ന മനോവിഷമം ആ സ്ത്രീയുടെ മുഖത്തു പ്രതിബലിച്ചു.
ഏകദേശം നൂറു മീറ്റര്‍ അകലെ ബസ് റൂട്ടുള്ള പ്രധാന വഴിയിലേക്ക് വേച്ചുവേച്ചു നടക്കുമ്പോള്‍, ആശുപത്രിയ്ക്ക് മുന്നില്‍ തട്ടു ദോശ വില്‍ക്കുന്നവരും വാങ്ങുന്നവരും തന്നെ നോക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. കാലിലെ ചങ്ങലയുരഞ്ഞ മുറിവ് ആരും കാണാതിരിക്കാന്‍ മുണ്ട് ഇടക്കിടെ താഴ്ത്തി കെട്ടി. റോഡ് മുറിച്ചു കടന്ന് കൊല്ലത്തേക്ക് പോവുന്ന ബസ് സ്‌റ്റോപ്പില്‍ നല്ലൊരിടത്ത് അയാള്‍ സ്ഥാനം പിടിച്ചു. തന്റെ പുറകില്‍ കൂട്ടിയിട്ട് കുപ്പയില്‍ നിന്ന് മൂന്നാല് പട്ടികള്‍ എച്ചിലിന് വേണ്ടി പരതുന്നു. ബസ് സ്റ്റാന്‍ഡില്‍ തനിക്കു മുന്‍പേ സ്ഥാനം പിടിച്ച മറ്റൊരു വിരുതന്‍ കയ്യില്‍ കിട്ടിയ കല്ലു കൊണ്ട് പട്ടികളെ ഓരോന്നായി ഉന്നം വെച്ചു. വേദന കൊണ്ട് പുളയുന്ന പട്ടികളെ കണ്ട് അയാള്‍ക്കും ഹരം കയറി. ഏറു കൊണ്ട മാത്രയില്‍ മുരണ്ടുകൊണ്ട് പ്രതികരിക്കാന്‍ പോലും നില്‍ക്കാതെ ഒരു പട്ടിയ്ക്ക് പിന്നാലെ മറ്റൊന്നായി എല്ലാം സ്ഥലം കാലിയാക്കി.
ബസ്സില്‍ അയാള്‍ ആഗ്രഹിച്ചതു പോലെ ജനലരികിലെ സീറ്റ് കിട്ടി. ടിക്കറ്റ് പൈസ പഴയതിനേക്കാള്‍ കൂടിയിരിക്കുന്നു. പത്തു വര്‍ഷത്തിനപ്പുറം തന്റെ നാടിനുണ്ടായ മാറ്റമാലോചിച്ചു അയാള്‍ക്ക് ഇരുപ്പുറച്ചില്ല. ബസ് സ്റ്റോപ്പില്‍ നിന്നും പത്തു മിനിറ്റ് നടന്നാല്‍ കായല്‍. കായലിനോട് ചേര്‍ന്ന് ഏഴു പടികള്‍. ആ പടികള്‍ ആരും പണിതതല്ല. വേലിയേറ്റവും ഇറക്കവും വരുമ്പോള്‍ കായല്‍ തന്നെ പണിതെടുത്തതാ.
കുഞ്ഞായിരുന്നപ്പോള്‍ അവിടെ പടികളില്ലായിരുന്നു. ഞാനും ചേട്ടനും നൂര്‍ന്നിറങ്ങിയാണ് കുളിക്കാന്‍ പോയിരുന്നത്. അവിടെ നിന്ന് ഏകദേശം അമ്പത് മീറ്റര്‍ നടക്കാനുള്ള ദൂരമേ വീട്ടിലേക്കുള്ളു. വീട്ടിലേക്കുള്ള വഴിയരികില്‍ മൂസാക്കന്റെ പെട്ടിക്കട. മൂസാക്കാക്ക് കണ്ണു കാണില്ല. മൂപ്പര് അറിഞ്ഞിട്ടാണോ അറിയാതെയാണോ എന്നറിയില്ല, പറയുന്ന എണ്ണത്തെക്കാള്‍ കൂടുതല്‍ പുളിയച്ചാറു തന്നിട്ടുണ്ട. വീടിന്റെ മുന്നില്‍ കുരിശടി. അമ്മച്ചിയാണ് ഓര്‍മ്മവെച്ച കാലം തൊട്ടു അവിടെ തൂത്തു തുടക്കുന്നതും വിളക്കു വെക്കുന്നതും. അപ്പച്ചന്‍ എപ്പോഴും പറയും, അമ്മച്ചിയുടെ മരണ ശേഷം അനാഥരായത് ഞങ്ങളല്ല കുരിശടിയാണെന്ന്. ഓട് പാകിയ വീടിന്റെ ഉമ്മറത്തു ചുമരിനോട് ചാരി ഒരു കസേര. അപ്പച്ചന്‍ സദാ അവിടെയാണിരുത്തം. അപ്പച്ചന്‍ തല ചാരി വെച്ചത് കാരണം ഏതോ രാജ്യത്തിന്റെ ഭൂപടം പോലെ തോന്നിച്ച എണ്ണക്കറ ചുമരില്‍ കാണാം. മുറ്റം നിറയെ അമ്മച്ചി നട്ടു വളര്‍ത്തിയ ചെടികള്‍. അമ്മച്ചി ഇല്ലാതായിട്ടും അപ്പച്ചന്റെ നിര്‍ബന്ധപ്രകാരം എല്ലാ ദിവസവും വെള്ളമൊഴിച്ചു ഞങ്ങളും അതിനെ പരിപാലിച്ചു. പക്ഷെ, അമ്മച്ചി ചെടികളുടെ ആത്മാവും കൊണ്ടാണ് പോയത്.
''ആ ജനലൊന്ന് അടച്ചാണീ...'
പുറകിലെ യാത്രക്കാരന്‍ അരിശത്തോടെ ജിനിയുടെ തോളില്‍ തട്ടി പറഞ്ഞു .
ശീതമടിച്ചു തന്റെ ഷര്‍ട്ടും നനഞ്ഞല്ലോയെന്ന് ജിനിയും ഓര്‍ത്തു. അയാള്‍ ജനലടച്ചു. തൊട്ടടുത്തിരിക്കുന്ന മധ്യവയസ്‌കന്‍ തന്റെ കയ്യിലെ ചെളിയടിഞ്ഞ വിരലുകളിലേക്കും ഇന്‍ജക്ഷന്‍ കുത്തി രക്തം കനച്ച അടയാളത്തിലേക്കും പന്തിയില്ലാതെ നോക്കുന്നത് ജിനി ശ്രദ്ധിച്ചു.
കൊല്ലമെത്തിയപ്പോള്‍ അയാളിറങ്ങി. മഴ കുറഞ്ഞു. അയാളെ വരവേല്‍ക്കാനെന്ന മട്ടില്‍ കായലില്‍ നിന്നുള്ള കാറ്റേറ്റ് കരിയിലകള്‍ നൃത്തം ചവിട്ടി. കായലിന് ചുറ്റും ഒരാള്‍ പൊക്കത്തില്‍ മതില്‍. മൂസാക്കാന്റെ പെട്ടി കടയില്ല. റോഡ് വീതി കൂടിയപ്പോള്‍ കട പൊളിച്ചു മാറ്റിയത്രേ. വേറെ നാലഞ്ചു കടകള്‍. പലചരക്കു കട, റീചാര്‍ജ് കട, പച്ചക്കറി കട. അങ്ങനെ അങ്ങനെ.
പൊടിപിടിച്ചു പ്രേതമായി മാറിയ കുരിശടി. ഓട് മാറ്റി കോണ്‍ക്രീറ്റ് കെട്ടിടമായ വീട്, ഉമ്മറം മുന്നിലേക്ക് ഇറക്കി പണിതിട്ടുണ്ട്, അപ്പച്ചന്‍ ഇരിക്കാറുള്ള കസേര ഇന്ന് അവിടില്ല. ജംഗ്ഷനില്‍ ഏതോ മുതലാളി തന്റെ ഹോസ്പിറ്റല്‍ ഉല്‍ഘാടനാര്‍ത്ഥം പ്രസംഗിക്കുന്നുണ്ട്. തനിക്ക് കൈ വന്നതെല്ലാം തന്റെ എളിമ കൊണ്ടാണെന്നും അതില്‍ അഭിമാനം കൊള്ളുന്നുവെന്നും അയാള്‍ ഇടക്കിടെ പറയുന്നുണ്ട്. നേട്ടങ്ങളെക്കാള്‍ എളിമയില്‍ അഹങ്കരിക്കുന്നവര്‍. ആ കെണിയില്‍ നിന്ന് അവരൊരിക്കലും മോചനമാഗ്രഹിക്കുന്നില്ല.
അയാള്‍ തന്റെ വീടിനടുത്ത് മൂന്നടി വീതിയുള്ള ഇട വഴി പിന്നിട്ട് തേക്കുമരങ്ങള്‍ അതിരായി നില്‍ക്കുന്ന വീട്ടിലേക്ക് നടന്നു. ഹോസ്പിറ്റല്‍ ഭിത്തിയില്‍ അയാള്‍ വരച്ച അവ്യക്തമായ ചിത്രപണികള്‍ വീടിന്റെ ചുമരിലും കണ്ടു. മുറ്റത്ത് കെട്ടിക്കിടക്കുന്ന ചെളി വെള്ളം ഓളം വെട്ടി. കാളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ മുഷിഞ്ഞു ക്ഷീണിതയായ യുവതി വാതില്‍ തുറന്നു.
'ആരാ..?'
'മാഷില്ലേ..? പഴയ സ്റ്റുഡന്റാണ്...'
'മാഷിന് ഇപ്പൊ തീരെ ഓര്‍മയില്ല..., കിടപ്പിലാ... അല്‍ഷിമേസാ.'
'സാരല്ല.... ഒന്ന് കണ്ടാമതി..'
വിദേശത്തുള്ള മകന്‍ മാഷിനെ പരിപാലിക്കാന്‍ നിര്‍ത്തിയ ഹോം നേഴ്‌സാണത്.
മുഷിഞ്ഞു മരുന്ന് മണക്കുന്ന മുറി. ഹോസ്പിറ്റല്‍ മുറിയിലെ വായുവിനെ ഓര്‍മ്മിപ്പിക്കുന്ന മണം. കട്ടിലില്‍ മെലിഞ്ഞു തീരെ ശോഷിച്ച കണ്ണു കുഴിഞ്ഞ വിളറിയൊരു അസ്ഥി രൂപം. കട്ടിലിനോട് ചേര്‍ന്ന ടീപ്പോയില്‍ മരുന്നു കുപ്പികള്‍.കാലില്‍ ചങ്ങല കെട്ടിയത് കണ്ട് അയാള്‍ യുവതിയെ നോക്കി.
'കണ്ണ് തെറ്റിയാ എറങ്ങി പോവും. മാനോട് ഞാന്‍ തന്നെ ഉത്തരം പറയണം...' -യുവതി ജാമ്യമെന്ന വണ്ണം പറഞ്ഞു.
'മാഷേ...ജിനിയാണ്.' അയാള്‍പതിഞ്ഞ സ്വരത്തില്‍ വിളിച്ചു.
'മാഷേ ഇങ്ങടെ പഴയ സ്റ്റുഡന്റ് വന്ന്ക്ക്ണ്. ജിനി...ജിനിയേയ്...' യുവതി ഉറച്ച സ്വരത്തില്‍ മാഷിന്റെ ചെവിക്കടുത്തായി തല നീട്ടി പറഞ്ഞു.
'ചെവി പതുക്കേണ്...'- അവര്‍ ജിനിക്ക് നേരെ തല തിരിച്ചു പറഞ്ഞു..
കട്ടിലിന് അഭിമുഖമായി ഒരു ബാലികയുടെ ഫോട്ടോ തൂക്കിയിട്ടിട്ടുണ്ട്. മാഷ് ആ ഫോട്ടോയില്‍ നോക്കി കരയുന്നത് പോലെ ജിനിക്ക് തോന്നി.
'മാഷിന്റെ മോളാ, ദാനിയ. ഒരു പിരാന്തന്‍ തലക്കടിച്ചു കൊന്ന്.'- യുവതി ഫോട്ടോ നോക്കി നെടുവീര്‍പ്പിട്ടു. ഒരു നിമിഷം അയാളും ഫോട്ടോയിലേക്ക് നോക്കി. അയാളുടെ നെഞ്ചില്‍ ഒരു കടലിരമ്പി.
'മാഷേ..ഞാന്‍ അറിയാതെ.. ന്നോട്...'- വാക്കുകള്‍ക്ക് വല്ലാത്ത ഭാരമനുഭവപ്പെട്ടു. ദുര്‍ബലമായ എന്തോ ഒന്ന് തൊണ്ടയില്‍ കുടുങ്ങി. ഒന്ന് കരയാന്‍ സാധിച്ചിരുന്നെങ്കിലെന്നയാള്‍ ആഗ്രഹിച്ചു. മാഷിന്റെ വിരലുകള്‍ എന്തോ പറയാനായി വിറച്ചു. തനിക്കൊരു നോക്ക് കാണാന്‍ മാത്രം ബാക്കി വെച്ച ജീവന്‍ പോലെ ജിനിക്ക് തോന്നി.
ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മഴ പിന്നെയും കനത്തു. പോക്കറ്റിലെ ചില്ലറത്തുട്ടുകള്‍ കയ്യിലെടുത്തയാള്‍ എണ്ണി നോക്കി. ഡോക്ടര്‍ തന്ന പൈസയില്‍ ബാക്കിയുള്ളത്. കാര്‍മേഘം മുഴുവന്‍ കണ്ണിലേക്കു പതിക്കുന്നതായി അയാള്‍ക്ക് തോന്നി. അസ്ഥിരമായ തിരശീലക്ക് ഇരുവശങ്ങളിലിരുന്ന് ഓര്‍മയും മറവിയും കൊത്തങ്കല്ലാടി.
ചുമരിലെ കാലം മായ്ച്ച ചിത്രപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ അയാള്‍ ചെളി കയ്യിലെടുത്തു. കുരിശടിയില്‍ ആരോ കൊളുത്തിയ വിളക്ക് കാറ്റിലും മഴയിലും കെടാതിരിക്കാന്‍ പാടുപെട്ടു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...