വെള്ളായണിയിലെ കുളക്കോഴി, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published May 18, 2023, 5:29 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ


 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

എന്നും രാവിലെ ഉറക്കമുണര്‍ന്ന്, താഴത്തു വന്ന് ഡൈനിങ്ങ് ടേബിളിന്റെ ഓരത്ത് ഒരു കസാല വലിച്ചിട്ട് കായലിലേക്ക് വെറുതെ നോക്കിയിരിക്കുന്നത് ഇപ്പോള്‍ എനിക്കൊരു പതിവായിരിക്കുന്നു. ജനലുകളും വാതിലുമെല്ലാം ചില്ലിട്ടതായതുകൊണ്ടു വെളിയിലുളളതെല്ലാം മറവില്ലാതെ കാണാം. 

ഓടുപാകിയ തിണ്ണ, മുറ്റത്തു തഴച്ചു വളരുന്ന അനുസരണം കെട്ട പച്ചപ്പുല്ല്, അവയില്‍ പുല്‍ച്ചാടികള്‍, അവയെ പിടിക്കാന്‍ വരുന്ന മൈനകള്‍. പിന്നെ കുളം, കുളത്തിനു ചുറ്റും  മഞ്ഞ മുളകൊണ്ടുള്ള വേലി, കുളത്തിനും വേലിക്കുമിടയ്ക്കു നാടന്‍കോര തീര്‍ക്കുന്ന മറ്റൊരു വേലി, അതിനിടയില്‍ അക്കച്ചി നട്ട പത്തുമണി പൂവുകള്‍, കുളത്തിനു തെക്ക് വീണ്ടും പുല്‍ത്തകിടി, കായലിനും പുല്‍ത്തകിടിക്കുമിടയില്‍  പാറാവു നില്‍ക്കുന്ന കൈതയും മാവും ശോഷിച്ച രണ്ടുമൂന്നു തെങ്ങിന്‍ തൈകളും. 

കായലില്‍ ഇറങ്ങാന്‍ പറ്റുന്നിടത്തെല്ലാം പായലാണെങ്കിലും അതിനുമപ്പുറം ജലപ്പരപ്പു കാണാം. ഓളപ്പരപ്പിലേക്കു നോക്കിയിരിക്കുന്നത് ഒരു സുഖമാണ്. താമരകള്‍ അവരുടെ യാത്ര പടിഞ്ഞാറുനിന്നും തുടങ്ങിയിട്ടുണ്ട്. ഇനിയുമൊരു രണ്ടുമൂന്നു മാസം, ഏറിയാല്‍. പിന്നെ ജലപ്പരപ്പോ ഓളങ്ങളോ ഉണ്ടാവില്ല. നോക്കെത്താദൂരത്തോളം താമര വളര്‍ന്നു നില്‍ക്കും. അതും ഒരു ഭംഗി തന്നെ. 

ഇന്ന് ഞാന്‍ ആദ്യം കണ്ടത് വെള്ളായണി അപ്പുവിനെയാണ്. സാധാരണ ഞാന്‍ താഴേക്ക് വരുന്നതും നോക്കി  വാതില്‍ക്കണ്ണാടിയില്‍, റാംപില്‍ നടക്കാനൊരുങ്ങുന്ന മോഡലിനെ പോലെ അവന്‍ നോക്കി ഇരിക്കുന്നുണ്ടാവും. എന്നെ കാത്തിരിക്കുന്നതാണോ അതോ സ്വന്തം രൂപം കണ്ണാടിച്ചില്ലില്‍ ആസ്വദിക്കുകയാണോ എന്ന് ഞാനിതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. എന്തെങ്കിലും കഴിക്കാന്‍ കൊടുത്താലേ പൊതുജനസേവനത്തിനായി അവന്‍ പോകു. ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. വശം ചരിഞ്ഞ് ഒരു ചൈനീസ് അക്ഷരം പോലെ അനക്കമില്ലാതെ അവന്‍ കിടക്കുന്നു. അന്തംവിട്ട ഉറക്കം!

അപ്പോഴാണ് ഞാന്‍ കായലിലേക്ക് നോക്കിയത്. ആകാശത്തിന്റെ വര്‍ണച്ചെപ്പില്‍നിന്ന് ചെറുകാറ്റു കടംവാങ്ങി, ആഫ്രിക്കന്‍പായലിന്റെ പച്ചക്കര തുന്നിച്ചേര്‍ത്ത  നീലസാരി പുതച്ച് അവളങ്ങനെ മയങ്ങുന്നു, വെള്ളായണി കായല്‍.

മണിക്കുട്ടിക്ക് ഇന്ന് വെള്ളവും വേണ്ട കാടിയും വേണ്ട. വേനല്‍മഴ വിളിച്ചെഴുന്നേല്‍പ്പിച്ച ഇളം പുല്ല് പച്ചപ്പരവതാനി വിരിച്ചു വിളിച്ചിട്ടും അവള്‍ക്കനക്കമില്ല. പശുസഹജമായ വാലിട്ടിളക്കല്‍ പോലും വേണ്ടാന്ന് വച്ച് അവളും മയങ്ങുന്നു.

മുളവേലിയില്‍ രണ്ടു നീലപൊന്മകള്‍. കുളത്തിലേക്ക് വെറുതെ നോക്കിയിരിക്കുന്നു. ഒരു റീല് ചെയ്യാനുള്ള ചുറ്റുപാടുണ്ടായിട്ടും സെല്‍ഫി മാത്രമെടുക്കാന്‍ തീരുമാനിച്ചപോലെ. അതില്‍ ഇടത്തെ വശത്തിരുന്ന പൊന്മാന്‍ വലത്തേ വശത്തിരിക്കുന്ന പൊന്മാന്റെ ചുണ്ടിലേക്കു  എന്തോ വച്ചുകൊടുക്കുന്നു. പിടക്കുന്ന ഒരു മീനാകണം, ഞാന്‍ തീരുമാനിച്ചു. പക്ഷെ കൊടുത്തതു  നൂഡില്‍സുപോലെ എന്തോ ഒരു സാധനം. അത് വലിയ തിരക്കൊന്നുമില്ലാതെ വലിച്ചുകയറ്റുന്നു മറ്റേ നീലി. ബി ടി എസ് ഫാനുകളായിരിക്കണം. സംഗീതത്തിന് പുറകെപോയി കൊറിയയില്‍ കുക്കുന്ന എന്തും വാരിവലിച്ചു തിന്നുന്ന നമ്മുടെ കൗമാരക്കാരെപ്പോലെ.

 

........................

Also Read: ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

 

എന്റെ തലവെട്ടം കണ്ടാല്‍ ആദ്യം മുറ്റത്തേയ്ക്കും പിന്നെ തിണ്ണയിലേക്കും പാഞ്ഞുവരുന്ന തൂവെള്ള മണിത്താറാവുകള്‍, രമേഷ്, സുമേഷ് ആന്‍ഡ് സുനീഷ്. ഇതില്‍ സുനീഷ് പെണ്ണാണ്. 'ഷ്' ല്‍ അവസാനിക്കുന്ന ഒരു പേരുകൂടി തലയില്‍ വരാത്തതുകൊണ്ട് അവള്‍ക്കു സുനീഷ് എന്ന പേര് കൊടുത്തൂന്നെ ഉള്ളു. ഗോതമ്പ്, അരി എന്നിവ യഥാസമയത്തു  കൊടുത്തില്ലങ്കില്‍  സ്‌കൂള്‍ കാന്റീനില്‍ സാമ്പാര്‍ വിളമ്പുന്നപോലെ തിണ്ണയൊക്കെ അവര്‍ കളര്‍ഫുളാക്കും, പ്രതികാര ബുദ്ധിയോടെ. 

ഇന്ന് അവരും കുളത്തിന്റെ വശത്തുള്ള തെങ്ങും കുറ്റികളില്‍ ഇരുന്നുറങ്ങുന്നു. ഗോതമ്പു വേണ്ടേ? അരി വേണ്ടേ? എന്താണാവോ ഇന്ന് ഘെരാവോ വേണ്ടാന്ന് വച്ചത്? 

കുളത്തിന്റെ തെക്കുമൂലയില്‍ നില്‍ക്കുന്ന ഓടുമേഞ്ഞ പന്തലിന് ചാരെ ഒരു പുതിയ കുടുംബം. ഇന്നാണ് അവരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞത്. നിറയെ മഞ്ഞപ്പൂക്കളുമായി ഒരു അലമാണ്ടെര്‍ സുന്ദരി. ഫ്‌ലോറിഡയില്‍ വച്ചുകണ്ട മജന്ത ബോഗെയ്ന്‍ വില്ലയുടെ കൂടെ ഇങ്ങു പോന്നു. അവരുടെ കാല്‍ച്ചുവട്ടില്‍ ഒന്നുരണ്ടു കൃഷ്ണ തുളസികള്‍. പിന്നെ മുട്ടിലിഴയുന്ന ഒരു നീലാംബരി. അതും നിറയെ പൂത്തിരിക്കുന്നു. ഫ്രെയിമില്‍ നിന്നും ഔട്ടാകാതിരിക്കാന്‍ എല്ലാരും ചേര്‍ന്ന് നില്‍ക്കുന്നു. 

ഇന്ന് വൈകുന്നേരം ഒരു ഫോട്ടോ എടുക്കുകതന്നെ, ഞാന്‍ തീരുമാനിച്ചു.

പതിച്ചു കിട്ടിയതുപോലെ കുളത്തിന്റെ  കിഴക്കും പടിഞ്ഞാറും ദിനവും  റോന്തുചുറ്റുന്ന രണ്ടു വെള്ളക്കൊറ്റികള്‍  ഇന്ന് സമാധാനമായി വേലിമേലിരുന്നു വെയില്‌കൊള്ളുന്നു. വീടിന്റെ പടിഞ്ഞാറ്റയില്‍ നില്‍ക്കുന്ന മാവിന്റെ കൊമ്പില്‍ കൂടുകൂട്ടിയിരിക്കുന്ന അണ്ണാനും കുടുംബവും പേടിയൊട്ടുമില്ലാത്ത ഇവിടുത്തെ കാക്കകളുമായി നിതാന്ത ശത്രുതയിലാണ്. കാരണം പ്രത്യേകിച്ചൊന്നുമില്ല. കാക്കയ്ക്ക് അണ്ണാനെ വേണ്ട. അണ്ണാനു കാക്കയേം. എന്നാലും കാക്ക ഒന്നിളക്കും. അണ്ണാന്‍ വീടിന്റെ റെയിലിങ്ങുവഴി തെക്കും വടക്കും ഓടും. ചില്‍! ചില്‍! ആര് കേള്‍ക്കാന്‍? ആര് ചില്ലാന്‍? ഈ കോലാഹലകുതൂഹലന്മാരും ഇന്ന് ചില്‍ഡാണ്.

 

..........................

Read Also: ഞാന്‍ വെള്ളായണി അപ്പുവിന്റെ പട്ടിയാകുന്നു, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

 

അധികം ചൂടില്ലാത്ത, തണുപ്പില്ലാത്ത കോലാഹലമേതുമേ ഇല്ലാത്ത സദാ കാറ്റുവീശുന്ന ഒരിടം. വെള്ളായണി കായല്‍ക്കര. പുലര്‍ച്ചെ മുക്കുന്നി മലയില്‍ സൂര്യോദയവും അന്തിക്ക് അറബിക്കടലില്‍ മുങ്ങാന്‍ പോകും മുന്‍പ് സൂര്യന്റെ വക ഒരു സ്വര്‍ണം പൂശലും. ഇങ്ങോട്ടുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. ഇനി മുന്നോട്ട് വേണ്ട എന്ന് തീരുമാനിച്ച എത്രയോ നിമിഷങ്ങള്‍. എന്തായാലും സമാധാനത്തിനു നോബല്‍ സമ്മാനം വാങ്ങിക്കാന്‍ വന്നപോലെ ഇവിടിന്നെല്ലാവരും സമാധാനമായി ഇരിക്കുന്നു.

അപ്പോഴാണ് ശ്രദ്ധിച്ചത്, പുല്‍ത്തകിടിയില്‍ ഒരു കുളക്കോഴി!

സുന്ദരിയാണ്, ഊര്‍ജസ്വലയാണ്. അടിവശം വെളുപ്പും മുകള്‍വശം ഇരുണ്ട ചാരനിറവുമുള്ള യൂണിഫോം ഇട്ടതുപോലെ വേഷം. പക്ഷെ പുള്ളിക്കാരി അസ്വസ്ഥയാണ്. 

വിശന്നിട്ടാണോ? 

ആകാന്‍ വഴിയില്ല. വിശാലമായ പുല്‍ത്തകിടിമുഴുവന്‍ കൊത്തിപ്പെറുക്കാന്‍ ആവോളമുണ്ട്. 

ദാഹിച്ചാണോ? 

ഇവിടെ കുളവും കുളത്തിനപ്പുറത്തു വിശാലമായ വെള്ളായണി കായലുമുണ്ട്. 

ഇനി, ഇരിക്കാന്‍ ഒരിടം? 

കുളത്തിനോട് ചേര്‍ന്ന് കോര കോട്ടപോലെ വളര്‍ന്നു നില്‍ക്കുന്നു. ആരും ശല്യം ചെയ്യാതെ അവിടെ കഴിയാം. 

പക്ഷെ പുള്ളിക്കാരി അസ്വസ്ഥയാണ്. പറമ്പിന്റെ ഒരുമൂലയില്‍നിന്നു മറ്റേ മൂലയിലേക്ക് ഒരോട്ടമാണ്. പിന്നെ സിറ്റി ബസ് സ്ലോ ചെയ്യുന്ന പോലെ ഒന്ന് നില്‍ക്കും. പിന്നെയും ഓട്ടം, അല്ലെങ്കില്‍ ധൃതിയില്‍ നടത്തം. ഇത് കിഴക്കോട്ടും പടിഞ്ഞാട്ടും തെക്കോട്ടും വടക്കോട്ടും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 

മറ്റുള്ളവരെപ്പോലെ ഒന്നിരുന്നുകൂടെ പുള്ളിക്കാരിക്ക്?

പണിപാളിയത് അവള്‍ അപ്പുവിന്റെ  മേലെകൂടി ഓടിയപ്പോഴാണ്. വെള്ളായണി അപ്പു ഞെട്ടിയുണര്‍ന്നു.  'ബൗ', ഒന്നുകുരച്ചു. വേലിയില്‍ സെല്‍ഫിയെടുക്കാന്‍ ധ്യാനിച്ചിരുന്ന പൊന്മകള്‍ ഞെട്ടി. അവരും പറന്നു. ആലോചനാമഗ്‌നരായ വെള്ളക്കൊറ്റികള്‍ ചിറകടിച്ചു.

ഞെട്ടിയുണര്‍ന്ന രമേഷ് സുമേഷ് ആന്‍ഡ് സുനീഷ് വെള്ളത്തിലേക്ക് ചാടി ക്വാ ക്വാ എന്ന് അലറാന്‍ തുടങ്ങി. മയക്കം പിടിച്ചുകിടന്ന മണിക്കുട്ടി തലയുയര്‍ത്തി കൊമ്പുകുലുക്കി എഴുന്നേറ്റു. എല്ലാവരും അസ്വസ്ഥരായിരിക്കുന്നു. എല്ലാവരും അപ്പുവിനെ നോക്കി. 'വെള്ളായണി അപ്പു എന്ന എനിക്ക് ഇതില്‍ ഒരു പങ്കുമില്ല'-അവന്‍ പറഞ്ഞൊഴിഞ്ഞു. 

പിന്നെ ആരാണ് അസ്വസ്ഥതയുടെ ഈ സുനാമി ഇവിടെ വിതച്ചത്? 

എല്ലാവരും തലകുലുക്കി ഞാനല്ല, ഞാനല്ല എന്ന മട്ടില്‍.

കായലിനു നടുവില്‍ ആരോ നാട്ടിയ കമ്പില്‍ ശിലപോലിരിക്കുന്ന കൃഷ്ണപ്പരുന്ത് പറന്നുവന്നു.  വെള്ളത്തൊപ്പിയും ബ്രൗണ്‍ കോട്ടും ധരിച്ചാല്‍ സര്‍വവും അറിയുന്ന ന്യായാധിപന്‍ ആണെന്നാണ്  അദ്ദേഹത്തിന്റെ മട്ടും ഭാവവും. 

''അവളാണ്, ആ കുളക്കോഴിയാണ് അപ്പുവിനെ പേടിപ്പിച്ചത്, ഉണര്‍ത്തിയത്. 'കുളക്കോഴിയെ ബാര്‍ബക്യൂ ചെയ്യണം'' -സുനീഷ് ശക്തമായി ആവശ്യപ്പെട്ടു. ( ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോടുള്ള കുശുമ്പ്) 

വെള്ളക്കൊറ്റികള്‍ പിറുപിറുത്തു: ''കുളക്കോഴികള്‍ ജന്മനാ അങ്ങനെയാണ.്''

കൃഷ്ണപ്പരുന്ത് ന്യായം പറഞ്ഞു: ''ഇതൊരു ജനറ്റിക് ഡിസോര്‍ഡര്‍ ആണ്.'' 

കൃഷ്ണപ്പരുന്ത് ഇംഗ്ലീഷ് പറഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാവരും ശ്രദ്ധിക്കുവാന്‍ തുടങ്ങി. കൃഷ്ണപ്പരുന്ത്ജി പറയുന്നത് സത്യമാണെന്നമട്ടില്‍ അവര്‍ തലകുലുക്കി. അദ്ദേഹം തുടര്‍ന്നു: ''ആരെയും വിശ്വാസമില്ലായ്മ, സംശയം, നിര്‍ത്താതെയുള്ള ഉലാത്തല്‍, കൂടുവിട്ടുകൂടുമാറല്‍ ഇവയൊക്കെയാണ് ഈ ഡിസോര്‍ഡറിന്റെ  ലക്ഷണങ്ങള്‍. പിന്നെ അടുത്തൊരു കായലുണ്ടായിട്ടും, കായലില്‍ പലതവണ കുളിച്ചിട്ടും ആളുകള്‍ ഇപ്പോഴും 'കുളക്കോഴി' എന്നുവിളിക്കുന്നതില്‍നിന്നുളവാകുന്ന അപകര്‍ഷതയും ആവാം ഈ വെപ്രാളത്തിനു കാരണം. എ കൈന്‍ഡ് ഓഫ് മിഡില്‍ ലൈഫ് ക്രൈസിസ്, അഥവാ എന്ററിങ് ബിറ്റ്‌വീന്‍ ബോണ്‍സ്...''

''ഓ എല്ലിന്റെ ഇടയില്‍ കയറ്റം'', ചിന്തകന്‍ കൊറ്റി പരിഭാഷപ്പെടുത്തി. 

കേട്ടിരുന്ന ലോക്കല്‍ കാക്കകള്‍ക്ക് കലികയറി. ഇന്ത്യന്‍ ആകാശാതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടപോലെ അവര്‍ കൃഷ്ണപ്പരുന്ത്ജിയുടെ നേരെ പാഞ്ഞു. 

'റിട്രീറ്, റിട്രീറ്' എന്ന് സ്വയം കമാന്‍ഡ്് കൊടുത്തു കൃഷ്ണപ്പരുന്ത്ജി കായലിലേക്ക് തടിതപ്പി, ഏഴാം കടല്‍ താണ്ടാന്‍ ജി.പി. എസ് സെറ്റാക്കി.

ശേഷം കാക്കകള്‍ കുളത്തിനു ചുറ്റുമുള്ള മുളവേലിയില്‍ വന്നിരുന്നു. അതില്‍ ഒന്നുമാത്രം എണ്ണക്കറുപ്പ്. ബലിക്കാക്കയാകണം. ബലിക്കാക്കകള്‍ ആത്മാക്കളാണെന്നു കഴിഞ്ഞദിവസം ആമി പറഞ്ഞതോര്‍ത്തു. വെറുതെയല്ല കഴിഞ്ഞ കുറെ ദിവസങ്ങളായി അമ്മയെ സ്വപ്നം കണ്ടാണ് ഉണരാറ്. കാക്കയുടെ രൂപത്തില്‍ അമ്മ വന്നതാണോ കൂട്ടിക്കൊണ്ടു പോകാന്‍?

ഞാന്‍ റെഡി! ഇനിയും ഒരു സുനാമികൂടി താങ്ങാനുള്ള കെല്‍പ്പില്ല. 

ബലിക്കാക്ക തലചരിച്ചു എന്നെ ഒന്ന് നോക്കി. എന്നിട്ട് പറന്നുയര്‍ന്നു, ഒപ്പം ഞാനും.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!