ടെസ, ദേവലാല്‍ ചെറുകര എഴുതിയ കഥ

By Chilla Lit Space  |  First Published Jun 1, 2021, 6:52 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ദേവലാല്‍ ചെറുകര എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

പീരുമേട് പോലീസിന്റെ ജീപ്പ് മുറ്റത്ത് വന്ന് നിന്നു. മുന്‍ സീറ്റിലിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ കോശി കുര്യന്‍ കാക്കിയുടെ ചുളിവ് നിവര്‍ത്തി താഴേയ്ക്കിറങ്ങി. കാട്ടുമുളകള്‍ തമ്മിലുരസി നിവരുന്ന ശബ്ദം. 

അവറാന്‍ മരിച്ചതിന് ശേഷമുളള കോശിയുടെ രണ്ടാം വരവാണിത്. ആദ്യ വരവില്‍, കൈയ്യില്‍ തടഞ്ഞ തെളിവുകളെല്ലാം കൊണ്ടാണ് അയാള്‍ മലയിറങ്ങിയത്. 

കുഴിമാടത്തില്‍ മുളയ്ക്കാന്‍ തുടങ്ങിയ പുല്‍നാമ്പുകളെ ഇടം കണ്ണു കൊണ്ടുഴിഞ്ഞ് അയാള്‍ മുറ്റത്തെ കസേരയിലിരുന്നു.  ഒപ്പം വന്ന സാജന്‍ പീറ്റര്‍ ജീപ്പില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയില്ല. അവറാന്റെ രണ്ട് മക്കള്‍ അപ്പന്റെ വേര്‍പാടിലെ നൊമ്പരം പേറി കോശിയുടെ മുന്നില്‍ നിന്നു. വിഷം കഴിച്ചു മരിക്കാന്‍ തക്ക പ്രശ്‌നങ്ങളൊന്നും അവറാന്  ഉണ്ടായിരുന്നില്ല. ആരോ ബോധപൂര്‍വ്വം വിഷം നല്‍കി അയാളെ ഒഴിവാക്കിയതിന്റെ സൂചനകള്‍ തേടിയാണ് പോലീസിന്റെ രണ്ടാം വരവ്. 

കോശിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ പതിനാലുകാരന്‍ ടോമിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പക്ഷേ മകള്‍ ടെസ ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കികൊണ്ടിരുന്നു. പതിനെട്ട് വയസ്സിന്റെ പക്വതയായിരുന്നില്ല ടെസയുടെ വാക്കില്‍ നിറഞ്ഞത്. ആനച്ചൂരിനെ ഭയക്കാത്ത, ഭ്രാന്തുപിടിച്ച കാട്ടുപന്നിയുടെ തല ഒറ്റ വെടിയ്ക്ക് ചിതറിക്കുന്ന അവറാന്റെ മകളാണ് അവള്‍. 

വലിയ മരങ്ങളുടെ മറവിനപ്പുറമുള്ള രണ്ട് വീട്ടുകാരായിരുന്നു അവറാന്റെ ആകെയുള്ള അയല്‍വാസികള്‍. അവറാന്‍ കെണിവെച്ച് പിടിക്കുന്ന പന്നിയുടെ മാംസം പകുത്തും വാറ്റ് ചാരായത്തിന്റെ പങ്ക് പറ്റിയും അയാള്‍ക്കൊപ്പം നിഴലായ് നടന്ന അയല്‍ വീട്ടിലെ ആണുങ്ങളേയും പോലീസ് ചോദ്യം ചെയ്തു. അവറാന്‍ എല്ലാവര്‍ക്കും ഒരുപകാരിയായിരുന്നു എന്ന് അവര്‍ തെല്ല് ദുഖത്തോടെ പോലീസിനോട് പറഞ്ഞു.

കുറുമ്പന്‍ മലയുടെ ചരിവ് തീരുന്നിടത്തു നിന്ന് രണ്ടേക്കറോളം കാട് വളച്ചു കെട്ടി സ്വന്തമാക്കി വച്ചത് വറീത് മാപ്പിളയാണ്. അയാളുടെ ഒരേ ഒരു പുത്രനായ അവറാന്റെ പിടിപ്പുകേട് കൊണ്ട് കയ്യൂക്കുള്ള കുടിയേറ്റക്കാരു വന്ന് വേലിയ്ക്ക് മീതെ വേലി കെട്ടി അവറാന്റെ രണ്ടേക്കറിനെ വെറും ഇരുപത് സെന്റില്‍ ഒതുക്കി നിര്‍ത്തി.  മലമുകളില്‍ നിന്ന് പിറവി കൊണ്ട നീര്‍ച്ചോല അവറാന്റെ ഇരുപത് സെന്റിനെ തൊട്ടുഴിഞ്ഞ് അങ്ങ് കുത്തിറക്കത്തിലോട്ട് ചരിഞ്ഞ് വീണ് പാഞ്ഞൊഴുകികൊണ്ടിരുന്നു. ഉരുളന്‍ കല്ലിന്റെ മറപറ്റി നിന്ന പരല്‍ മീനുകള്‍ ഒരു പക്ഷിയുടെ ചിറകടിയില്‍ ഭയന്ന് വെട്ടിപ്പാഞ്ഞു. വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങളില്‍ ചിലത് മുള്ളുവേലി തകര്‍ത്ത് അവറാന്റെ വിശേഷങ്ങള്‍ തിരക്കി മടങ്ങി. ചാണകം മെഴുകിയ തറയും പനയോല മറയും കല്ലന്‍മുള കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയും ചേര്‍ന്നതായിരുന്നു അവറാന്റെ വീട്.

പോലീസ് ജീപ്പ് മലയിറങ്ങിപ്പോകുന്നത് ജനാലയിലൂടെ ടെസ നോക്കി നിന്നു. കാഴ്ചകള്‍ പിന്നോട്ട് വേഗത്തില്‍ മറയുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ കോശിയുടെ മനസ്സില്‍ വിഷം നിറച്ചൊരു കുപ്പി തെളിഞ്ഞുവന്നു. 

ആത്മഹത്യയില്‍ അന്‍പത് ശതമാനവും രഹസ്യമായ കൊലപാതകങ്ങളാണ്. മരിക്കുന്ന ദിവസം സന്ധ്യയ്ക്കും അവറാന്‍ ഒറ്റയ്ക്ക് കാട് കയറി അന്‍പത് ലിറ്റര്‍ കോട പുളിയന്‍ മാവിന് ചുവട്ടിലെ കുഴിയില്‍ സുരക്ഷിതമായി ചപ്പുചവറുകള്‍  കൊണ്ട് മൂടിയിട്ടു. കാട്ടാനകളെത്തിപ്പിടിക്കാത്ത കുത്തു കയറ്റത്തിന്റെ മുകളിലാണ് പുളിയന്‍ മാവ് നിന്നിരുന്നത്. ഉറങ്ങും മുന്‍പ് വെളുപ്പിന് പോകാന്‍ പാകത്തിന് ഇരട്ടക്കുഴല്‍ തോക്ക് തൂത്ത് തുടച്ച് വെടിപ്പാക്കി വച്ചു. അയല്‍ക്കാരനായ ആന്റപ്പനുമായി ഒന്നിച്ച് ചാരായം മോന്തി പാട്ടും പാടി വീട്ടിലേയ്ക്ക് പോയി. 

ഇല്ല, അവറാന്‍ ആത്മഹത്യ ചെയ്യില്ല. ചില കേസുകളുടെ തുടക്കത്തില്‍  ഒരുള്‍വിളി കുമിളകള്‍ പോലെ ഉയര്‍ന്ന് സംശയങ്ങളായി പൊട്ടിത്തെറിച്ചു കൊണ്ടിരിക്കും. മരിച്ചവരുടെ ആത്മാവിന്റെ വാശി പോലെ അത് ചുറ്റും അസ്വസ്ഥത നിറഞ്ഞ ഒരു ചെറുകാറ്റായി വട്ടം കറങ്ങും. ആത്മഹത്യ എന്ന് കരുതിയ പല കേസുകളും ഉള്‍വിളിയില്‍ ഉണര്‍ന്ന് കൊലപാതകങ്ങളായി പരിണമിച്ച ചരിത്രമാണ് അധികവും. 

അടുത്ത തവണ മലയിറങ്ങുമ്പോള്‍ അവറാന്റെ കൊലപാതകി നമുക്കൊപ്പം ജീപ്പിലുണ്ടാവുമെന്ന ഒരു ഉറപ്പ് ചിന്തകളില്‍ നിന്നുണര്‍ന്ന കോശി ഡ്രൈവറായ സാജന് നല്‍കി. 


അരുവിയില്‍ നിന്ന് തെറ്റാലില്‍ കോര്‍ത്തെടുത്ത മുഷിയുമായി  അനിയന്‍ വീട്ടിലേയ്ക്ക് വരുന്നത് ജനലഴിക്കിടയിലൂടെ ടെസ ശ്രദ്ധിച്ചു. ജീവന്‍ വേര്‍പ്പെടാതെ അത് തെറ്റാലി കമ്പിയില്‍ കിടന്ന് പുളഞ്ഞു. വാക്കത്തിയുടെ പിന്‍വശം കൊണ്ട് വെട്ടേറ്റ തലയില്‍ നിന്നും കറുത്ത നിറത്തോട് കൂടി ചോര ഒഴുകുന്നു. തൊലി ഉരിഞ്ഞ് ടെസ അതിനെ മുറിച്ചെടുക്കുന്നതിനിടയിലാണ് അപ്പന്റെ കുഴി മാടത്തില്‍ നട്ട ചെടികള്‍ ആരോ പിഴുതെറിഞ്ഞത് ടോമി ശ്രദ്ധിക്കുന്നത്. അവന്‍ ദൂരെ കിടന്ന കമ്പുകള്‍ പെറുക്കിയെടുത്ത് ചേച്ചിയെ നോക്കി -'ആരാ ചേച്ചീ ഇതെല്ലാം പിഴുതുകളഞ്ഞത്.' 

'വല്ല പന്നിക്കൂട്ടവും വന്ന് കുത്തിമറിച്ചതാവും' -അവള്‍ പറഞ്ഞു. 

അപ്പന്‍ പോയതില്‍പിന്നെ, ദിവസവും ഇരട്ടക്കുഴല്‍ തോക്ക് തുടയ്ക്കുന്നത് ടോമി പതിവാക്കി മാറ്റി. അങ്ങനെയിരിക്കെയാണ് ആണിയില്‍ തൂങ്ങി നിന്ന തോക്ക് അപ്രത്യക്ഷമായിരിക്കുന്നു എന്നവന്‍ അറിഞ്ഞത്. ടോമിയുടെ നെഞ്ചൊന്ന് പിടഞ്ഞു. 

ടോമിയുടെ ഉള്ളുപൊള്ളിയ ചോദ്യം കേട്ടാണ് അവള്‍ തിരിഞ്ഞത്. തോക്ക് കാണാത്തതിന്റെ നിരാശയും ഭയവും അവന്റെ മുഖത്ത് തെളിഞ്ഞു നിന്നു. 'നിനക്കെന്തിനാ ടോമീ തോക്ക്, അത് ഞാനപ്പന്റെ ട്രങ്ക് പെട്ടിയില്‍ ഭദ്രമായി വച്ചിട്ടുണ്ട്. എന്റെ മോന്‍ അപ്പനെപ്പോലെ വേട്ടയ്ക്കിറങ്ങണ്ട. ഇതേയ് കാടാ, പാവം മാനും കേഴയുമെല്ലാം ഇവിടെ ജീവിച്ചോട്ടെ.' 

ടെസയുടെ വാക്കുകള്‍ ടോമിയെ സ്പര്‍ശിക്കാതെ കടന്നുപോയി. ഒന്നിനു മേല്‍ മറ്റൊന്നിന് വിജയിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ആയുധമാണ് തോക്ക്. അത് കൈവിട്ട് പോയതില്‍ ടോമിക്ക് വലിയ ദുഃഖം തോന്നി. എങ്കിലും ചേച്ചിയോട് മറുത്തൊന്നും പറഞ്ഞ് ശീലമില്ല.

ഒരു വേട്ട നായയുടെ ശൗര്യം നിറഞ്ഞ കണ്ണുകളായിരുന്നു ഇന്‍സ്‌പെക്ടര്‍ കോശി കുര്യന്റേത്. ക്വാര്‍ട്ടേഴ്‌സിലെ തണുത്ത രാത്രികളിലും അയാള്‍ ഉറങ്ങാതിരുന്നു. കേസ് ഡയറിയില്‍  രേഖപ്പെടുത്തിയ മൊഴികള്‍ വീണ്ടും വായിച്ചു. അതിര് തര്‍ക്കത്തില്‍ തമ്മിലിടഞ്ഞ അവറാനും ആന്റ്റപ്പനും തമ്മില്‍ ഉള്ളിലെരിയന്ന പകയുടെ ചരിത്രവും കോശി വിശദമായി പരിശോധിച്ചു. മുന്നോട്ട് പോകാനുളള വഴി ഇരുട്ട് കയറി മൂടുകയാണ്. പക്ഷേ പിറ്റേന്ന് ഫോറന്‍സിക്ക് സര്‍ജന്റെ ഓഫീസില്‍നിന്നുവന്ന റിസള്‍ട്ട് കോശിയെ അത്ഭുതപ്പെടുത്തി. റിപ്പോര്‍ട്ട് അയാള്‍ വിശദമായി പരിശോധിച്ചു. 

അതോടെ കോശി കൂടുതല്‍ ഉന്മേഷവാനായി മാറി.

അന്തരീക്ഷം മഞ്ഞ് മൂടി നിന്ന പ്രഭാതത്തില്‍ പീരുമേട്ടില്‍ നിന്ന് കോശി വീണ്ടും അവറാന്റെ വീട്ടിലേയ്ക്ക് തിരിച്ചു. കയറ്റം കയറി ജീപ്പ് മുന്നോട്ട് നീങ്ങി. തമ്പക വൃക്ഷങ്ങള്‍ മണ്‍പാതയ്ക്കിരുവശവും ഉയര്‍ന്ന് നില്‍ക്കുന്നു. ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന തമ്പകത്തിന്റെ പൂക്കള്‍ വെണ്ണ നിറത്തില്‍ ചില്ലയോട് ചേര്‍ന്ന് ഒട്ടിനില്ക്കുന്നു. ഇടയ്ക്കിടെ ഈട്ടി മരങ്ങളും തല ഉയര്‍ത്തി നില്‍ക്കുന്നു. പിന്നിലേയ്ക്ക് കാട്ടുവള്ളികള്‍ പടര്‍ന്ന് കാഴ്ചയെ ഇരുട്ട് മൂടുന്നു. ചെറുതും വലുതുമായ മരങ്ങള്‍ കൊണ്ട് നിബിഡമായ വനത്തിലൂടെ ചെമ്മണ്‍ പാത വളഞ്ഞ് തിരിഞ്ഞ് മുകളിലേയ്ക്ക് നീണ്ട് കിടന്നു. യാത്രയെ തടസ്സപ്പെടുത്തി വഴിയില്‍ കിടന്ന മലമ്പാമ്പിന് കടന്നുപോകാന്‍ തെല്ല് നേരം ജീപ്പ് കാത്തു കിടന്നു. പിന്നെയും ജനുവരി വിതറിയ മൂടല്‍മഞ്ഞിനെ വകഞ്ഞ് ജീപ്പ് കുറുമ്പന്‍ മലയിലേയ്ക്ക് കയറിപ്പോയി.

തിളച്ചുമറിഞ്ഞ കഞ്ഞിക്കലത്തില്‍ നിന്ന് വെള്ളം അടുപ്പിലേയ്ക്ക് തൂകി വീണു കൊണ്ടിരുന്നു. അഗ്‌നി നാമ്പുകള്‍ പാതി ഉള്‍വലിഞ്ഞ അടുപ്പിലേയ്ക്ക് നോക്കി നില്‍ക്കുമ്പോഴാണ് ടെസയുടെ കാതിലേയ്ക്ക് ജീപ്പന്റെ ശബ്ദം ഇരമ്പിയെത്തിയത്. കോശി പതിവു പോലെ പുറത്ത് കിടന്ന തടിക്കസേരയില്‍ ചാരിയിരുന്നു. ഒപ്പമെത്തിയ പോലീസുകാര്‍ ജീപ്പിലിരുന്ന്  മുറ്റത്തെ ചലനങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്നു. ടെസയും ടോമിയും കൈ കെട്ടി ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു നിന്നു. ടോമി യോട് ചില ചോദ്യങ്ങള്‍ ചോദിച്ച് അവനെ കോശി മുറിയിലേയ്ക്ക് വിട്ടു. പിന്നെ ടെസയുമായി സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. വീടിന്റെ പിന്നിലെത്തിയപ്പോള്‍ പച്ചപ്പ് പടര്‍ന്ന് മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കുന്ന കുറുമ്പന്‍ മലയെ കോശി നോക്കി നിന്നു. മലയുടെ മുകളിലൂടെ വെളള മേഘങ്ങള്‍ കടന്നുപോകുന്നു.

'എന്തിനാണ് ടെസ നീ അപ്പനെ കൊന്നത്'- കോശിയുടെ അപ്രതീക്ഷിത ചോദ്യം കേട്ട് ടെസയുടെ മുഖമൊന്ന് വലിഞ്ഞ് മുറുകി. 

അവളുടെ  മിഴികള്‍ പിടയ്ക്കുകയാണ്. പിടിക്കപ്പെട്ടവളെ പോലെ ടെസ എങ്ങോട്ടോ ഓടി ഒളിക്കാന്‍ ശ്രമിക്കുന്നു.

'ടെസാ , ഫോറന്‍സിക് റിസള്‍ട്ടിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. വിഷക്കുപ്പിയില്‍ പതിഞ്ഞ വിരലടയാളം നിന്റേതാണോ എന്ന് മാത്രമാണ് എനിക്കറിയേണ്ടിയിരുന്നത്. അതുകൊണ്ട് ഇനി ഒന്നും മറയ്ക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയല്ല'-അയാള്‍ പറഞ്ഞു. 

ടെസയുടെ കണ്ണുകള്‍ നിറഞ്ഞു. ശരീരത്തിലൂടെ കടന്നുപോയ വിറയല്‍ വിരലുകളെ ചലിപ്പിച്ചു കൊണ്ടിരുന്നു. അവള്‍ മലയുടെ മുകളില്‍ നിന്നു കരയുന്ന ആട്ടിന്‍ കുട്ടിയ നോക്കി. തള്ളയാടിനെ കാണാതെ അത് നിലവിളിയ്ക്കുന്നു. പൊടുന്നനെ, അവള്‍ കോശിയുടെ നേരെ തിരിഞ്ഞു. നൈറ്റിയുടെ സിബ് പാതി താഴേയ്ക്ക് വലിച്ചു. അവളുടെ മാറിലെ വാടിയ നഖക്ഷതങ്ങളിലേയ്ക്ക് ഒരിക്കല്‍ മാത്രം നോക്കി കോശി കാഴ്ചയെ പിന്നോട്ട് വലിച്ചു. 

'ഇതെന്റെ അപ്പന്റെ നഖങ്ങളാ സാറേ. അപ്പന്‍ പെഴപ്പിച്ച മകളായി മരത്തിന്റെ ചില്ലയില്‍ തൂങ്ങുന്നതിലും നല്ലത് അപ്പനെ കൊന്ന മകളായി ജീവിക്കുന്നതാണെന്ന് എനിക്ക് തോന്നി'

കോശി ഒരു നിമിഷം നിശ്ചലനായി 

' അപ്പനെക്കുറിച്ച് ഓര്‍ക്കുന്നത് തന്നെ പേടിയാ സാറേ.  അപ്പനില്ലാതായ ശേഷമാ ഞാനിവിടെ സമാധാനമായി ഒന്നു കിടക്കുന്നത്. എന്റെ നെഞ്ചിലെ ഈ പാടുകള്‍ ഞാനെങ്ങനെ മായ്ക്കണം സാറേ...''-ഒതുക്കാന്‍ ശ്രമിച്ച കരച്ചില്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിലവിളിയായി മാറി. 

കോശിയുടെ ചിന്തയെ ഒന്നുലച്ച് ആ വാക്കുകള്‍ കടന്നുപോയി. ജീപ്പിലിരുന്ന കൈവിലങ്ങ് കൊണ്ടുവരാന്‍  നിര്‍ദ്ദേശിക്കാനായി കോശി ഫോണ്‍ കൈയ്യിലെടുത്തു. ടെസ അപ്പോഴും മലയുടെ മുകളിലെ പച്ചപ്പിലേയ്ക്ക് നോക്കി നിര്‍വികാരതയോടെ നിന്നു. പിന്നെയാ ഫോണ്‍ താഴെവെച്ചു. 

ജീപ്പ് മലയിറങ്ങുകയാണ്. ചെമ്മണ്‍ പാതയിലേയ്ക്ക് കണ്ണെറിഞ്ഞ് നിശബ്ദനായിരുന്ന കോശിയുടെ ഫോണ്‍ പെട്ടെന്ന് ശബ്ദിച്ചു. ഭാര്യ എലിസബത്തിന്റെ വിളിയാണ്. ഫോണെടുത്തതും അയാള്‍ തിരക്കി, 'മോളെവിടെ?'

'അവള്‍ നിന്റെ കണ്ണിന് മുന്നിലുണ്ടാവണം, ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്.'' -അതും പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു.  കോശിയുടെ മുഖത്തേയ്ക്ക് നോക്കാതെ സാജന്‍ നിശബ്ദനായി വളയം പിടിച്ചു.

click me!