Malayalam Short Story : രണ്ടാം ഭാവം, ദീപാ ഷാജന്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Oct 15, 2022, 4:52 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ദീപാ ഷാജന്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


'അങ്ങോട്ടു നീങ്ങിക്കിടക്ക് മായെ.. ചൂടെടുത്തിട്ട് വയ്യ.. അതിന്റെ കൂടെ അവളുടെ ഒരു ശരീരത്തിന്റെ ഒടുക്കത്തെ കൊഴുപ്പും അതിന്റെ ചൂടും. നാശം...'

തണുപ്പത്ത് കെട്ടിയോനെ ഒന്നു കെട്ടിപ്പിടിച്ചു കിടക്കാന്‍ ചെന്നതായിരുന്നു മായ. പുറത്തെ ശക്തിയായ കാറ്റിലും മഴയിലും അവളുടെ തേങ്ങല്‍ ആരും കേട്ടില്ല.


രണ്ട്

പ്രേമിച്ചു കെട്ടിയതാണ് അവര്‍. അവള്‍ കോളേജില്‍ പോകുന്ന വഴിയില്‍ കാത്തുനിന്ന സുന്ദരന്‍. അവന്‍ ഒരു അനാഥനാണെന്ന അറിവാണ് മായയെ അവനിലേക്ക് അടുപ്പിച്ചത്. അവളുടെ നിര്‍ബന്ധത്തില്‍ അച്ഛന്‍ ഒറ്റ മോളുടെ ആഗ്രഹം നടത്തി കൊടുത്തു. സഞ്ജിത്തിന് ഒരു പലചരക്ക് കട ഇട്ടു കൊടുത്തു. മായ ഗവണ്മെന്റ് സ്‌കൂളില്‍ ടീച്ചറായതിനുശേഷമായിരുന്നു വിവാഹം. രണ്ട് കുട്ടികള്‍. ദിയ, മിയ. അവളുടെ സ്‌കൂളില്‍ തന്നെ നാലിലും ആറിലും പഠിക്കുന്നു. 

രാവിലെ മായയെയും മക്കളെയും സ്‌കൂളില്‍ വിട്ടിട്ട് വീടിനടുത്തുള്ള കട തുറന്നാല്‍ മതി സഞ്ജിത്തിന്. മായയുടെ അമിതമായ തടി കാരണം അവളോട് ഈയിടെയായി അകല്‍ച്ചയിലാണ് അവന്‍.

മായയ്ക്ക് ഒന്നിനും നേരമില്ല. രാവിലെ എണീറ്റാല്‍ തുടങ്ങുന്ന പണി തീരുന്നത് പാതിരാത്രിയിലാണ്. സഹായത്തിനാരെയും വെക്കുന്നത് സഞ്ജിത്തിനിഷ്ടമല്ല.
 
ജിമ്മില്‍ പോകാന്‍ നേരമില്ല. ഭക്ഷണം കുറച്ചാലും തടി കുറയുന്നില്ല. സഹായത്തിനാളുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു.

അതുമല്ല ഒരു പൈസ പോലും സ്വന്തം വീട്ടില്‍ കൊടുക്കാന്‍ അവന്‍ സമ്മതിക്കാറില്ല. അവളുടെ ബാങ്കിലുള്ള പണം എന്തെങ്കിലും ആവശ്യത്തിനു അവന്‍ എടുക്കും. അവള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ പോലും അവനോട് ചോദിച്ചിട്ടേ പൈസ എടുക്കാന്‍ പാടുള്ളൂ എന്നാണ് അലിഖിത നിയമം. ഈയിടെയായി അവന്‍ ആവശ്യത്തിലധികം പണം ചിലവാക്കുന്നുണ്ടോ എന്ന് അവള്‍ക്ക് സംശയമുണ്ട്..  

മെലിഞ്ഞു സുന്ദരികളായ പെണ്കുട്ടികള്‍ സഞ്ജിത്തിനൊരു ലഹരിയാണ്. ഒരിക്കല്‍ അവന്റെ ഫോണില്‍ കണ്ട ചാറ്റ് അവളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. അത് മറ്റൊരു പെണ്ണുമായി അശ്‌ളീല ചുവയുള്ള ഒരു ചാറ്റ് ആയിരുന്നു. അതു ചോദിച്ചപ്പോള്‍ ഒട്ടും കുറ്റബോധമില്ലാതെ 'നിന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ' എന്നു ചോദിച്ച് അവളുടെ വായടപ്പിച്ചു കളഞ്ഞു. 

പിന്നീട് പൈസയുടെ അത്യാവശ്യം വന്നപ്പോളാണ് അവളെ അനുനയിപ്പിച്ചത്. ഇനി ഒന്നുമുണ്ടാവില്ല എന്ന് അവളുടെ തലയില്‍ തൊട്ട് സത്യം ചെയ്തു. വല്ലപ്പോഴും മാത്രം ലഭിക്കുന്ന പഞ്ചാര വര്‍ത്തമാനത്തിലും ലാളനയിലും അവള്‍ വീണുപോയി എന്നും അതാണല്ലോ പതിവ്. പറയുന്ന പണം അവള്‍ കൊടുക്കും.
        
മൂന്ന്

പിറ്റേദിവസം വെളുപ്പിനെ എണീറ്റു സഞ്ജിത്തിനും കുട്ടികള്‍ക്കും അവള്‍ക്കുമുള്ള ടിഫിനും പ്രാതലും തയാറാക്കി. കുളിയും കഴിഞ്ഞു കുട്ടികളെയും ഒരുക്കി. ഒന്നിച്ചിരുന്ന് കഴിക്കാന്‍ തുടങ്ങിയപ്പോ മീന്‍കാരന്റെ ബെല്ലടി കേട്ടു. ഓടി ചെന്ന് മീന്‍ വാങ്ങി ഫ്രിഡ്ജില്‍ വച്ചു.റ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ സഞ്ജിത്തും കുട്ടികളും പോകാന്‍ ഒരുങ്ങി.

'സഞ്ചുവേട്ടാ നിക്ക് ഞാനും വരുന്നു.'

'പിന്നെ....ഇനി നിന്റെ തീറ്റ മഹാമഹം കഴിഞ്ഞിട്ട് വരുമ്പോളേക്കും എന്റെ കട തുറക്കാന്‍ പറ്റില്ല. അവിടിരുന്നു വെട്ടി വിഴുങ്ങിയിട്ട് വല്ല ബസ്സിനും പോരെ.'

 

നാല്

ഉച്ചയൂണ് കഴിഞ്ഞു ഒരു ഫ്രീ പീരിയഡാരുന്നു. സഞ്ജിത്തിന്റെ പെരുമാറ്റത്തില്‍ വിഷമം പൂണ്ടിരിക്കുകയായിരുന്നു മായ. അപ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. സഞ്ജിത് ആയിരുന്നു. ഉച്ചയൂണിന് വല്ല കുറ്റവും കണ്ടു പിടിച്ചു പറയാനാകും എന്നു വിചാരിച്ചു. എന്തു പറഞ്ഞാലും മിണ്ടാതെയിരുന്നു കേള്‍ക്കുക അതാണല്ലോ ഇപ്പോഴത്തെ ശീലം. നേരത്തെ എല്ലാത്തിനും എതിര്‍ത്തു പറയുമായിരുന്നു. അതിനു നീക്കുപോക്ക് ന്യായം എന്ന വിശേഷണമാണ് സഞ്ജിത് നല്‍കിയിരുന്നത്. ഇപ്പൊ ഒന്നിനോടും ഒരു എതിര്‍പ്പുമില്ല. കേട്ടുകൊണ്ടിരിക്കുക അത്രേയുള്ളൂ.. 

എല്ലാം കേള്‍ക്കാന്‍ മനസ്സുറപ്പിച്ച് അവള്‍ ഫോണെടുത്തു.. 

'മുത്തേ... ഏട്ടനോട് പിണക്കമാണോ... അന്നേരത്തെ ദേഷ്യത്തിന് എന്തെങ്കിലും പറഞ്ഞെന്ന് വച്ച് നീ എന്റെ ജീവനല്ലേ..'

'എത്രയാ ഇടേണ്ടത് പറഞ്ഞോ.. കൂടുതല്‍ ബുദ്ധിമുട്ടണ്ട'

''നീയെന്നെ അങ്ങനെയാണോ കണ്ടേക്കുന്നത്.. ഞാന്‍ ആത്മാര്‍ഥമായിത്തന്നെയാ നിന്നെ സ്‌നേഹിക്കുന്നത്. നിന്നോടല്ലാതെ ആരോടാ ഞാന്‍ ദേഷ്യപ്പെടുന്നത്. എനിക്ക് വേറെ ആരുണ്ട്. അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് നീയും മക്കളുമല്ലേ എല്ലാം. പോട്ടെ സാരമില്ല. ഇന്ന് ചോറു പൊതിയില്‍ വച്ച മീന്‍ വറുത്തതില്ലേ, എന്തു രുചിയാരുന്നു..'

മായയുടെ ചുണ്ടില്‍ ഒരു ചെറു ചിരി വിരിഞ്ഞു. കുറേനേരം സംസാരിച്ചും കളികള്‍ പറഞ്ഞും സമയം പോയതറിഞ്ഞില്ല അടുത്ത പീരിയഡിനുള്ള ബെല്ലടിച്ചു.

'സഞ്ചുവേട്ടാ, ക്ലാസ്സുണ്ട്. പോട്ടെ. വൈകിട്ടു കാണാം.'

'നിക്ക് മോളെ, ഇന്ന് ഞാന്‍ ഒരുപാട് വിഷമിപ്പിച്ചു. മോള്‍ എന്നോട് ക്ഷമിക്ക്. അതിനു പകരമായി ഇന്നാ.. ഉമ്മ'

കല്യാണം കഴിഞ്ഞു പത്തു പന്ത്രണ്ടു വര്‍ഷമായിട്ടും രണ്ടു കുട്ടികള്‍ ഉണ്ടായിട്ടും അവള്‍ക്ക് എന്തുകൊണ്ടോ നാണം വന്നു.. 

'പോ.. സഞ്ചുവേട്ടാ.. ഞാന്‍ വെക്കുവാ..'

അന്ന് എല്ലാത്തിനും അവള്‍ക്ക് ഉത്സാഹമായിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം എല്ലാം മറന്ന് അവര്‍ ഒന്നായി. അവന്റെ മാറില്‍ മുഖം ചേര്‍ത്തു കിടന്നപ്പോളാണ് അവന്‍ അവളോട് മുഖവുരയിട്ടത്. 

'ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ തെറ്റിദ്ധരിക്കുമോ..'

'എന്നോടെന്തെങ്കിലും പറയാന്‍ ഏട്ടനെന്തിനാ ഇങ്ങനൊക്കെ ചോദിക്കുന്നെ.'

'ആ ഹസ്സനിക്ക പൈസക്ക് വേണ്ടി വന്നിരുന്നു. കുറച്ചു ചൂടായിട്ടാ സംസാരിച്ചത്. അടുത്ത കടയിലുള്ളവരൊക്കെ കേട്ട് നാണക്കേടായി.'

'ആ പൈസ നമ്മള്‍ കഴിഞ്ഞ മാസം കൊടുത്തതല്ലേ.' 

അവള്‍ അത്ഭുതംകൂറി. 

'നിനക്കെന്നാ മറവിയാ പെണ്ണേ.. ആ കാശെടുത്തല്ലേ കഴിഞ്ഞ മാസം കടേലെ സാധനം എടുത്തത്. ഹോ ഇവള്‍ടെയൊരു കാര്യം..'

അവന്‍ സ്‌നേഹത്തോടെ മായയുടെ തലയില്‍ തട്ടി.. എന്നിട്ടും അവള്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. മറന്നതാവും എന്നു കരുതി അവള്‍ അവന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു ചോദിച്ചു.

'എത്രയാ ഏട്ടാ ഇനി കൊടുക്കണ്ടേ..'

'അന്‍പതെങ്കിലും തത്കാലം കൊടുക്കണം. ബാക്കി പിന്നീടായാലും കുഴപ്പമില്ല.'

'അയ്യോ, എന്റെ അക്കൗണ്ടില്‍ ഇനി നാല്‍പ്പതേയുള്ളല്ലോ. സാരമില്ല.. മഞ്ജു ടീച്ചറോട് പത്ത് ചോദിക്കാം. രണ്ട് ദിവസത്തിനുള്ളില്‍ റെഡി ആക്കാം. ഏട്ടന്‍ സമാധാനിക്ക്.'

അവന്റെ നെഞ്ചിലേക്ക് കുറുകിക്കൂടി അവള്‍ ഉറങ്ങി. ഒരു ഗൂഢസ്മിതം അവന്റെ ചുണ്ടില്‍ മിന്നിമാഞ്ഞു. 

ഒരാഴ്ച്ച വല്യ പ്രശ്‌നമൊന്നുമില്ലാതെ  ഇണപ്രാവുകളെപ്പോലെ അവര്‍ നടന്നു. വീണ്ടും എല്ലാം പഴയപടി. 

നിശ്ചിത ഇടവേളകളില്‍ ഈ കലാപരിപാടി നടന്നുകൊണ്ടേയിരുന്നു.



അഞ്ച്
അങ്ങനെ ഒരു ദിവസം നാട്ടില്‍ അച്ഛന്റെ പിറന്നാളിന് മായയും കുട്ടികളും പോകാന്‍ ഒരുങ്ങി.  ഓണം അവധിയായതുകൊണ്ട് സ്‌കൂള്‍ അടക്കുന്ന അന്ന് തന്നെ പോകാനായിരുന്നു പ്ലാന്‍. സ്‌കൂളില്‍ വന്ന് അവരെ കൂട്ടിക്കൊണ്ടുപോകാന്‍ അവളുടെ അച്ഛന്‍ വരും. രണ്ടു ദിവസം കഴിഞ്ഞാണല്ലോ പിറന്നാള്‍ പിറ്റേ ദിവസം സഞ്ജു എത്തിയാല്‍ മതി. അങ്ങനെ തീരുമാനിച്ചു.. 

പോകുന്നതിനു രണ്ടു ദിവസം മുന്നേ മുതല്‍ സഞ്ജിത്തിന്റെ സ്‌നേഹപ്രകടനങ്ങളും അവരെ രണ്ടു ദിവസം കാണാതിരിക്കുന്നതിനുള്ള ചങ്കിടിപ്പും അറിയിച്ചു തുടങ്ങി. ആ സ്‌നേഹം താങ്ങാനാകാതെ കുട്ടികളെ അച്ഛന്റെ കൂടെ വീട്ടില്‍ വിട്ടിട്ട് അവള്‍ സഞ്ജുവിന്റെ ഒപ്പം പോകാന്‍ തീരുമാനിച്ചു. അവനെ അറിയിക്കാതെ. ഒരു സര്‍പ്രൈസ് ആയിക്കോട്ടെ.. 

തിരിച്ചു വന്നപ്പോള്‍ കട പൂട്ടികിടക്കുന്നു.. സഞ്ജു വിഷമിച്ചു വീട്ടില്‍ പോയിക്കാണും എന്നു കരുതി. വിഷമം വരുമ്പോള്‍ അവന്‍ അല്‍പ്പം മദ്യപിക്കുമെന്ന് അവള്‍ക്കറിയാം. വേറെ ദുശീലം ഒന്നും ഇല്ലാത്തതുകൊണ്ട് അത് അവള്‍ അറിഞ്ഞോണ്ടുതന്നെ കണ്ണടച്ചു കൊടുക്കും.  

വീട്ടില്‍ ചെന്നപ്പോള്‍ മുന്‍വാതില്‍ പൂട്ടി കിടക്കുകയായിരുന്നു. അടുക്കള വശത്തേക്ക് നടന്നപ്പോളാണ് അവരുടെ മുറിയില്‍ അടക്കിപ്പിടിച്ച സംസാരം ശ്രദ്ധിച്ചത്. 

'സഞ്ജു, കഴിഞ്ഞ പ്രാവശ്യം തന്ന സ്വര്‍ണ്ണ കൊലുസ്സിനു പൊലിപ്പില്ല കേട്ടോ..'

'എന്റെ മുത്തേ.. ആ പിശാശ്ശിന്റെ കയ്യീന്ന് പൈസ അടിച്ചു മാറ്റാന്‍ ഞാന്‍ പെടുന്ന പാട്. നട്ടാല്‍ കിളുക്കാത്ത നുണ പറയുന്നത് പോട്ടെ, ആ താടകയെ രാത്രിയില്‍ സഹിക്കണം.'

'എന്നാല്‍ പിന്നെ അവളെ ഒഴിവാക്കാന്‍ ഞാന്‍ എത്ര നാളായി പറയുന്നു.. ഞാന്‍ അങ്ങേരെ ഉപേക്ഷിച്ചു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി.'

'എന്റെ മോളെ പൊന്മുട്ട ഇടുന്ന താറാവിനെ ഒറ്റയടിക്ക് കൊല്ലാന്‍ പറ്റുമോ.  നമുക്കിങ്ങനൊക്കെ പോകാം.. ഇടക്കിടെ അവളെ ഒന്നു പൊക്കി വിട്ടാല്‍ അവളുടെ പൈസ മുഴുവന്‍ നിന്റെ അക്കൗണ്ടില്‍ എത്തും'

'നിന്റെയോ! നമ്മുടെ എന്നു പറ സഞ്ജു. വെറുതെ പോലും നമ്മളെ രണ്ടായി പറയുന്നത് എനിക്ക് സഹിക്കില്ല.. നമുക്ക് ഏട്ടന്റെ കട മതിയല്ലോ ജീവിക്കാന്‍.'

'അതും അവളുടെ തന്തപ്പടി തന്നതല്ലേ. അതീന്ന് വല്യ വരുമാനം ഒന്നുമില്ല.. പിന്നെ അത് തുറക്കുന്നത് തന്നെ വല്ലപ്പോഴുമല്ലേ.  മുത്തിന്റെ അടുത്തേക്ക് വരാന്‍ അതു മിക്കപ്പോഴും അടച്ചിടുവാ. ആ വീപ്പക്കുറ്റിക്ക് നേരമില്ലാത്തതും ആ കടയുടെ പരിസരത്തു വന്ന് ആരോടും ഇടപെടാത്തതും നമ്മുടെ ഭാഗ്യം. ഞാന്‍ തന്നെയാ അതൊക്കെ വിലക്കിയത്. അതുകൊണ്ട് രക്ഷപ്പെട്ടു.' 

പാതി തുറന്ന ജനല്‍ പാളി അവള്‍ ശബ്ദമുണ്ടാക്കാതെ തുറന്നു. അതിന്റെ കുറ്റി പോയത് പല പ്രാവശ്യം നന്നാക്കാന്‍ പറഞ്ഞതാണ്. മറന്നുപോയത് എത്ര നന്നായി. കര്‍ട്ടന്‍ പതിയെ മാറ്റിയപ്പോള്‍ കണ്ട രംഗം അവളുടെ ഉള്ളുലക്കുന്നതായിരുന്നു. വീഴാതിരിക്കാന്‍ അവള്‍ ജനല്‍ പാളിയില്‍ മുറുകെപ്പിടിച്ചു. ഒച്ച കേട്ട് സഞ്ജുവും കാമുകിയും നോക്കി. പെട്ടെന്ന് പുതപ്പുകൊണ്ട് നാണം മറച്ചു രണ്ടുപേരും.. 

കാറ്റുപോലെ വന്ന് മുന്‍വാതിലില്‍ മായ ശക്തിയായി തട്ടി. അല്‍പ സമയത്തിനു ശേഷം കതകു തുറക്കപ്പെട്ടു. കുനിഞ്ഞ മുഖത്തോടെ സഞ്ജു പ്രത്യക്ഷപ്പെട്ടു. പെട്ടെന്ന് അവരെ നോക്കാതെ അവന്റെ മെലിഞ്ഞു സുന്ദരിയായ കാമുകി ബാഗ് എടുത്തു പുറത്തേക്ക് പോയി. 

വാക്ക് തര്‍ക്കങ്ങള്‍ ഒരുപാട് നടന്നു. അവസാനം സ്വന്തം വീട്ടില്‍ നിന്ന് സഞ്ജിത്തിനെ മായ നിര്‍ദാക്ഷണ്യം ഇറക്കി വിട്ടു. മുറപോലെ ഡൈവോഴ്‌സ് നടന്നു. സഞ്ജിത്  അവന്റെ കാമുകിയുടെ കൂടെ പോയി.
 

ആറ്

കുറെ വിഷമിച്ചെങ്കിലും മായ ഇപ്പോള്‍ സന്തോഷവതിയാണ്. അച്ഛനും അമ്മയും അവളോടൊപ്പം താമസമാക്കി. അച്ഛന്‍ കട  തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി.

ഇഷ്ടം പോലെ സമയം. വര്‍ക്കൗട്ട് ചെയ്തും പല ആഹാര രീതികള്‍ പരീക്ഷിച്ചും മായ കുടുംബത്തിന് വേണ്ടി കളഞ്ഞ അവളുടെ ആരോഗ്യവും സൗന്ദര്യവും തിരികെ നേടി. 

ഒരു ദിവസം കോളിങ് ബെല്ലിന്റെ ഒച്ച കേട്ടു. മായയും അമ്മയും അടുക്കളയിലായിരുന്നു. അച്ഛന്‍ കതകുതുറന്നു. പരിചിതമായ ശബ്ദം കേട്ടു. അതോടൊപ്പം അച്ഛന്‍ അവളെ വിളിച്ചു.. 

'സഞ്ചുവേട്ടന്‍..'

അവള്‍ കാലങ്ങളായി ആഗ്രഹിച്ചിരുന്നു ഈ കൂടിക്കാഴ്ച. അയാള്‍ മക്കളോട് വിശേഷങ്ങള്‍ ചോദിക്കുകയും ഉമ്മ വെക്കുകയും ചെയ്യുകയായിരുന്നു.. 

'മായേ'

അയാളില്‍ നിന്നും ഒരു തേങ്ങല്‍ പുറത്തു വന്നു.. അച്ഛനും അമ്മയും കുട്ടികളെക്കൂട്ടി അകത്തേക്ക് പോയി. 

'നീയാകെ മാറി. ഞാന്‍ ആഗ്രഹിച്ചതുപോലെ മെലിഞ്ഞു സുന്ദരിയായി. നീ എനിക്ക് വേണ്ടിയാണ് മാറിയതെന്ന് എനിക്കറിയാം. അവള്‍, ആ മൂധേവി എന്റെ കയ്യില്‍ നിന്നും വരുമാനം നിലച്ചപ്പോള്‍ എന്നെ ചണ്ടി പോലെ വലിച്ചെറിഞ്ഞു. ഇപ്പൊ വേറൊരുത്തന്റെ കൂടെയാ. എന്റെ പൊന്ന് എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന് എനിക്ക് അറിയാമാരുന്നു ഈ ഏട്ടന്റെ നെഞ്ചിലെ ചൂടില്ലാതെ നീയെങ്ങനെ ഉറങ്ങും,  അല്ലെ'

മായയുടെ കണ്ണില്‍ നിന്നും നീര്‍ത്തിളക്കം കവിളിലൂടെ ഭൂമിയിലേക്ക് ഉരുണ്ടു വീണു. സഞ്ജു അവളുടെ അടുത്തേക്ക് വന്നു. അവളെ നെഞ്ചോട് ചേര്‍ത്തു.. 

പെട്ടെന്ന് സഞ്ജു ഭിത്തിയില്‍ ചെന്ന് ഇടിച്ചു നിന്നു. സര്‍വ ശക്തിയും എടുത്ത് തള്ളുകയായിരുന്നു മായ. അവളുടെ മുഖവും കണ്ണുകളും ദേഷ്യം കൊണ്ടു ചുവന്നു. 

'താന്‍ വിഷമിക്കണ്ടെടോ. അവള്‍ ഒരു പുഴുത്ത പട്ടിയെപ്പോലെ തന്റെ അടുത്തേക്ക് തിരിച്ചു വരും. താന്‍ ഇപ്പൊ വന്നതുപോലെ. അപ്പൊ താന്‍ എന്തു ചെയ്യണമെന്ന് അറിയാമോ. ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് ധൈര്യം സംഭരിച്ച്, എല്ലാ ശക്തിയും ഈ വലത്തുകയ്യില്‍ ആവാഹിച്ച, സോറി താന്‍ ഇടം കയ്യനാണല്ലോ, എന്നിട്ട് ഒരു നിമിഷം കണ്ണടച്ച് സര്‍വശക്തിയും എടുത്ത് കരണക്കുറ്റി നോക്കി  ഒറ്റ ഒരടി കൊടുക്കണം, ദാ ഇതുപോലെ..'

സഞ്ജിത്തിന്റെ കണ്ണില്‍ നിന്നും പൊന്നും വെള്ളിയും എല്ലാ കളറിലുമുള്ള ഈച്ചകള്‍ വട്ടമിട്ടു പറന്നു. കണ്ണു തുറന്നപ്പോള്‍ മായ മുന്നിലില്ല പകരം അവളുടെ അച്ഛന്‍. അവന്‍ ഉറക്കെ അലറി.

'ഡീ... നീയെന്നെ...'

'മോനെ.. അലറണ്ട. ഇനി അവളുടെ കയ്യീന്ന് മേടിക്കണ്ട. അവള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലിയുണ്ട്. സ്വന്തമെന്നു പറയാന്‍ ഞങ്ങളും മക്കളുമുണ്ട്. ഇനിയൊരു കൂട്ടു വേണം എന്ന് തോന്നിയാല്‍ അതു കണ്ടുപിടിക്കാന്‍ ഉള്ള വകതിരിവും നീ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അതല്ല ജീവിതകാലം മുഴുവന്‍ ഒരു ജീവിതപങ്കാളിയില്ലാതെ ജീവിക്കാനാണെങ്കില്‍ മരണം വരെ ഞങ്ങള്‍ കൂടെയുണ്ട്.  അതുകൊണ്ട് എക്സ് മരുമോന്‍ ചെല്ല്.'

ആ വാതില്‍ അയാള്‍ക്കുമുന്നില്‍ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു. അടുത്ത മെലിഞ്ഞ സുന്ദരിയെത്തേടി അയാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. 
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!