ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബ്രിജി കെ ടി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഈ കഥയിലെ മനുഷ്യര്‍ എന്ന് ജീവിച്ചിരുന്നതാണെന്നറിയില്ല. തലമുറകളായി പറഞ്ഞു വന്ന ഒരു വെറും കഥയാണോ എന്നും അറിയില്ല. മരുഭൂമിയില്‍ കിടന്നു സമ്പാദിച്ചത് മതി എന്നു തീരുമാനത്തില്‍ നാടിനെ ഓര്‍ത്തപ്പോള്‍ ഒരു സുഹൃത്ത് വഴി വാങ്ങിയ പുരയിടം. പക്ഷെ, ജനിമൃതികളിലൂടെ അപ്പുവിനെ കൊണ്ടു പോയത് അയാള്‍ പോലും അറിഞ്ഞില്ല.
കാലപ്പഴക്കം കൊണ്ടു കീടങ്ങള്‍ കയറി കാര്‍ന്നു നശിപ്പിച്ച ഒരു ചിത്രം പോലെ കാടുപിടിച്ചു കിടന്നിരുന്ന വലിയ പുരയിടവും നാലുകെട്ടും. എന്നോ ഒരു വള്ളിട്രൗസറു കാരന്റെ പേടിസ്വപ്നമായിരുന്നു ഇത്.
കാട്ടുവള്ളികള്‍ കയറി ഇടിഞ്ഞ, വെട്ടുകല്ലില്‍ തീര്‍ത്ത മതില്‍ക്കെട്ടു തുടങ്ങുന്നിടത്ത് നിന്നും അടയാത്ത കണ്ണൂകളുള്ള ഭൂതങ്ങള്‍ കാണാതെ, കണ്ണുമടച്ചു ഒറ്റ ഓട്ടമാണള കവല വരെ. പിന്നെ അവിടന്നു മറ്റൊരു നാട്ടിലേക്ക് പോയപ്പോള്‍ എല്ലാം മറന്നു.
ഒരു നിശ്ചല ചിത്രം തൂക്കിയിട്ടതു പോലെ ആ പുരയിടം ഒഴിവാക്കി. മുന്നോട്ടു പോയി കാലം. ഇപ്പോള്‍ മടക്കി വിളിച്ച് ആ പുരയിടത്തില്‍ തന്നെ കൊണ്ടു വന്നു നിര്‍ത്തിയത് വിചിത്രം തന്നെ.
മുത്തശ്ശിമാര്‍ ശബ്ദമടക്കി പറഞ്ഞുതരാറുള്ള കഥകള്‍ രാത്രികളെ തളച്ചിടുമ്പോള്‍, വര്‍ദ്ധിക്കുന്ന നെഞ്ചിടിപ്പ് നിലം പൊത്തിയ പിന്‍വരാന്തയില്‍ നിന്നപ്പോള്‍ വീണ്ടും അനുഭവിച്ചു.
വരാന്ത പൊളിച്ചു കൊണ്ടിരുന്നപ്പോള്‍, നിലത്തു നിന്നു കിട്ടിയ ഒരു കത്തി ജോലിക്കാരന്‍ തിരിച്ചും മറിച്ചും നോക്കി മണ്ണു തുടച്ചു അരയില്‍ തിരുകാന്‍ നോക്കുന്നത് കണ്ടപ്പോള്‍ അപ്പു കൈനീട്ടി.
കയ്യിലെടുത്ത് സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു കൊച്ചു കഠാരയാണെന്നു തോന്നി.
നല്ല ഭംഗിയുള്ള കൊത്തു പണികളുള്ള പിടിക്കകത്ത് ഒളിച്ചിരിക്കുന്ന കഠാര!
എന്തോ ഒരു മുദ്ര പതിച്ച പിടി, സ്വര്‍ണ്ണമാണെന്നു വെറുതെ തോന്നി.
കത്തിയിലെ മണ്ണു അടര്‍ത്തി അത് നിവര്‍ത്തി നന്നായി തുടച്ചു. എന്നിട്ടും വായ്ത്തലയിലെ ഒരു കറ അരൂപിയായി പറ്റിപ്പിടിച്ചിരുന്നു.
സ്വര്‍ണ്ണപ്പിടിക്കുള്ളില്‍ ഒളിച്ചിരുന്ന കത്തി പക്ഷെ നിവര്‍ത്തിയതിനു ശേഷം പിടിക്കുള്ളില്‍ ഒതുങ്ങാന്‍ വിസമ്മതിച്ചു. ജോലിക്കാരന്‍ അപ്പോള്‍ ഒരു മുറുക്കാന്‍ ചെല്ലം പോലത്തെ ഒരു പിച്ചളപ്പെട്ടി തുറക്കാന്‍ നോക്കുന്നുണ്ടായിരുന്നു.
അതു തുറന്നാല്‍, പുറത്തു ചാടുന്ന ഒരു ജീവി അതിനകത്തുള്ളതു പോലെ ഒരു ഭയം അയാളുടെ മുഖത്തുണ്ടായിരുന്നു.
നെഞ്ചില്‍ വെച്ചമര്‍ത്തി അതു തുറന്ന ശക്തിയില്‍ ചെല്ലം ഒരു കിലുക്കത്തോടെ കുതറി വീണു തുറന്നു.
ശരിക്കും ഒരു ജീവി പുറത്തു ചാടിയതു പോലെ. ഒരു പുകയുടെ നേര്‍ത്ത പടലം ഉയര്‍ന്നു!
പണ്ടെന്നോ അതിനകത്തു പെട്ടു പോയ പുകയില പൊടിഞ്ഞ പുകയാണതെന്നു മനസ്സിലാകാത്ത ഞാന്‍ ചെല്ലം താഴേക്കിട്ടു.
അതു ചാടിയടുക്കുമോ എന്നു ഭയത്തോടെ നോക്കിയിട്ട് 'ഞാന്‍ പോണു സാറെ' എന്നോ മറ്റൊ പറഞ്ഞു അപ്പു നടന്നു.
അപ്പു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ തകര്‍ന്ന മോന്തായത്തില്‍ പട്ടികയുടെ ഇടയില്‍ തിരുകിയിരിക്കുന്ന ഒരു നോട്ടുപുസ്തകം കണ്ണില്‍ പെട്ടു. രണ്ടായി മടക്കിയ ആ പുസ്തകം മടക്ക് നിവര്‍ത്താന്‍ നോക്കിയപ്പോഴെ പൊടിഞ്ഞുതിര്‍ന്നു.
കഠാരയും മുറുക്കാന്‍ ചെല്ലവും പൊടിഞ്ഞു തുടങ്ങിയ പുസ്തകവും എല്ലാം കാറില്‍ എടുത്ത് വെച്ചപ്പോള്‍ ആരൊക്കെയോ കൂടെ കയറിയിരുന്നതു പോലെ തോന്നി.
മേശപ്പുറത്ത് എടുത്തു വെച്ച അവയെല്ലാം കാലത്തിന്റെ ഏടുകള്‍ മറിച്ചു കൊണ്ടിരുന്നു.
അപ്പു വളരെ ശ്രദ്ധിച്ചു പുസ്തകം കയ്യിലെടുത്തപ്പോള്‍ പെട്ടന്നു ജനലിനപ്പുറത്ത് ആരോ മാറിയതു പോലെ.
സാവധാനം പുസ്തകത്തിന്റെ മടക്ക് നിവര്‍ത്തിയപ്പോള്‍ നടുഭാഗം വേര്‍പെട്ട ഒരു ഫോട്ടോ!
പൂപ്പല്‍ പിടിച്ചു മങ്ങിയ ഫോട്ടോ കൂട്ടിച്ചേര്‍ത്തു വെച്ച് അപ്പു ആകാംക്ഷയോടെ നോക്കി.
ഒന്നു രണ്ടു ബ്രിട്ടീഷുകാര്‍ക്കൊപ്പം തോള്‍ മുണ്ടും മാലയും അണിഞ്ഞ കുടുമ കെട്ടിയ നാടുവാഴിയും അടുത്തു നില്ക്കുന്ന ദേവീ വിഗ്രഹം പോലത്തെ സ്ത്രീയും. അവര്‍ കാലത്തിന്റെ മറുഭാഗത്തു നിന്ന് എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
ഒരു വലിയ ചരിത്രത്തിന്റെ രഹസ്യ അറയിലേക്കു കടക്കുന്നതു പോലെ അപ്പു ഓരോ പേജും കീറാതെ തുറക്കാന്‍ നോക്കി. കൂടുതലും എന്തോ കണക്കുകളായിരുന്നു.
പൊടിഞ്ഞ പേജിലെ മലയാളം അക്കങ്ങള്‍ മനസ്സിലായില്ലെങ്കിലും ചില പേരുകള്‍ വായിച്ചെടുക്കാം.
കണാരച്ചോന്‍, പള്ളീക്കുറുമ്പന്‍, ആച്ചമ്മ.
ആ പേരുകള്‍ കൂട്ടിക്കൊണ്ടു പോയത് മുത്തിയമ്മാമ്മയുടെ മടിയിലെ കുഞ്ഞിലേക്കാണ്. പണ്ടു പണ്ടുപണ്ട് ഷാരത്തെ വാല്യക്കാരത്തി ആച്ചമ്മയുടെ കൂടെ ഒരു വയസ്സിയെ പലരും കണ്ടിരുന്നു. കുളത്തിന്‍ കരയിലുള്ള പഴയ വീട്ടില്‍ താമസിക്കുന്ന, പൊന്നിന്റെ നിറമുള്ള സ്ത്രീ ആച്ചമ്മയുടെ ബന്ധുവാണെന്നു പറയുമായിരുന്നെങ്കിലും ആരും വിശ്വസിച്ചിരുന്നില്ലത്രെ.
ബ്രിട്ടീഷുകാരുടെ വെടിയേറ്റു മരിച്ച രാജാവിന്റെ പത്‌നി. കൊട്ടാരത്തിന്റെ കുളത്തിലെ രഹസ്യ ഗുഹയിലൂടെ നീന്തിക്കയറി അടിയാത്തിയുടെ വീട്ടില്‍!
ബ്രിട്ടീഷുകാരെ പേടിച്ചല്ല, രാജാവിന്റെ വലം കയ്യായിരുന്ന ഭൈരവനില്‍ നിന്നും രക്ഷപ്പെടാന്‍. രാജാവുണ്ടായിരുന്നപ്പോള്‍ അറയിലും കുളപ്പുരയിലും വരെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഭൈരവനുണ്ടായിരുന്നു. പിന്തുടരുന്ന കണ്ണുകള്‍ കണ്ട് പല തവണ അവനെ താക്കീത് ചെയ്തിരുന്നു തമ്പുരാട്ടി. അതെല്ലാം വെറും സംശയങ്ങളാണെന്നു പറഞ്ഞു തള്ളുകയായിരുന്നു അന്നൊക്കെ തമ്പുരാന്‍. അത് ചിലപ്പോള്‍ വിചിത്രമായും തോന്നാറുണ്ട് തമ്പുരാട്ടിക്ക്.
'പുരുഷ കേസരിയല്ലേ അവന്‍, അവനു പിറക്കുന്ന ഉണ്ണിക്ക് നാം പകുതി രാജ്യമങ്ങട് കൊടുക്കും' എന്നു പറഞ്ഞു തമ്പുരാന്‍ ചിരിക്കും.
തമ്പുരാട്ടിയുടെ നിഴല്‍ പോലെ ആച്ചമ്മയുണ്ടാവും കൂടെ. അടിയാത്തി ഇടം തിരിഞ്ഞു പലയിടത്തും ഭൈരവന്റെ മുമ്പില്‍ ചാടി വീഴുന്നത് ആണ് തമ്പുരാട്ടിയുടെ കവചം.
നീരാട്ട് കഴിഞ്ഞു കയറിവന്ന തമ്പുരാട്ടി രാജാവിനെ അന്വേഷിച്ച് എന്നതു പോലെ പെട്ടന്നു കയറിവന്ന ഭൈരവന്റെ മുമ്പില്‍ ആണ് ചെന്നു പെട്ടത്. നനഞ്ഞ മുലക്കച്ചയിലെ കറുത്ത വൃത്തങ്ങളിലേക്ക് തുറിച്ചു നോക്കുന്ന ഭൈരവന്റെ മുമ്പില്‍ ചാടിവീണ് മാറത്തെ തുണി തമ്പുരാട്ടിക്ക് എറിഞ്ഞു കൊടുത്ത് 'ഇതു മതിയോടാ' എന്നു ചോദിച്ചവളാണു ആച്ചമ്മ!
നാടു നീങ്ങിയ തമ്പുരാന്റെ ചിതയുടെ പുകമറയിലൂടെ അപ്രത്യക്ഷയായ തമ്പുരാട്ടിയെ കൊല്ലങ്കോട് രാജകുടുംബമായ തായ് വഴി ബന്ധുക്കള്‍ കൊണ്ടു പോയി എന്ന കഥ ഭൈരവന്‍ വിശ്വസിച്ചില്ല.
കൊട്ടാരം പിടിച്ചടക്കിയ വെള്ളക്കാരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട ഭൈരവന്‍ ഒടുവില്‍ ആച്ചമ്മയെ തേടി യെത്തി.
ആച്ചമ്മ പിടികൊടുത്തില്ലെങ്കിലും, ആച്ചമ്മയുടെ കൂടെ വിധവയെപ്പോലെ ഭസ്മക്കുറിതൊട്ട് ദരിദ്രയെ പോലെ കണ്ട പൊന്നിന്റെ നിറമുള്ള സ്ത്രീ തമ്പുരാട്ടിയാണെന്നു ഊഹിക്കാതിരിക്കാന്‍ ഭൈരവന്‍ വിഡ്ഢിയല്ലല്ലോ.
കുടിച്ചു ലക്കു കെട്ട് ഭൈരവന്‍ പലവട്ടം ആച്ചമ്മയുടെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ തുനിഞ്ഞപ്പോഴൊക്കെ വെള്ളക്കാര്‍ക്ക് കാണിച്ചു കൊടുക്കും എന്ന വിരട്ടലില്‍ അവന്‍ മടങ്ങും.
കുറച്ചു നാള്‍ അടങ്ങിയിരുന്നാലും കാമവെറി പിടിച്ച ഭൈരവന്‍ പിന്നെയും വരും.
ഒടുവില്‍ ഭൈരവന്റെ മുമ്പില്‍ ആച്ചമ്മ തോല്ക്കുമോ എന്ന ഭയം തമ്പുരാട്ടിയിലും ചിതല്‍ പോലെ പറ്റിപ്പിടിച്ച് കയറാന്‍ തുടങ്ങിയപ്പോള്‍ തമ്പുരാട്ടി പറഞ്ഞു.
'ഏറ്റുപറഞ്ഞോളൂ ആച്ചമ്മേ.'
രാജാവിന്റെ ചിത കത്തിത്തീരുന്നതിനു മുമ്പെ, കൊട്ടാരത്തിന്റെ രഹസ്യ അറ ചെന്നു മുട്ടുന്ന കുളത്തിലെ ആഴത്തില്‍ കൊക്കരണിയില്‍ മുങ്ങി ഒരു മൈല്‍ നീണ്ട ഗുഹ നീന്തിക്കടന്നത് രാജമുദ്രയുള്ള കഠാര കടിച്ചു പിടിച്ചായിരുന്നു.
അഛന്‍ തമ്പുരാനില്‍ നിന്നും എല്ലാ അടവുകളും പഠിച്ച തമ്പുരാട്ടി കളിയായിട്ടാണെങ്കിലും വാള്‍പയറ്റിലും ഭര്‍ത്താവിനെ തോല്‍പ്പിക്കുമായിരുന്നു.
ആച്ചമ്മ സമ്മതം മൂളിയ രാത്രി. ആലില വയറുള്ള തങ്കവിഗ്രഹം പോലത്തെ തമ്പുരാട്ടിയുടെ ശരീരം മോഹിച്ച ഭൈരവന്‍ കയറിയ വാതില്‍ അടച്ചത് തമ്പുരാട്ടിയായിരുന്നു.
രക്തക്കറ കഴുകിയ മുറിക്കുള്ളില്‍ ബാക്കിയായ പച്ചമണം ധൂപം കാട്ടിയിട്ടും പോയില്ല. ആച്ചമ്മ പലവട്ടം ചര്‍ദ്ദിച്ചു. ഒരു കച്ചയില്‍ കെട്ടി വലിച്ച ഭൈരവന്റെ ജഡം കുളത്തിലേക്ക് ഉരുണ്ടിറങ്ങിയപ്പോള്‍ നിലാവ് വെള്ളിയുരുക്കിയ ഉപരിതലം മദിച്ചുയര്‍ന്നു താണു. അപ്പോള്‍ കൊക്കരണിയുടെ അടിയില്‍ കൊട്ടാരത്തില്‍ നിന്നും ഒരു തുരങ്കമുണ്ടെന്നു അറിയുന്ന അവസാനത്തെ ആളും നിശ്ശബ്ദമായി.
പിന്നീട് ഒരു സധാരണ സ്ത്രീയായി ജീവിച്ച തമ്പുരാട്ടിയുടെ ചിതയുടെ മുമ്പില്‍ ഹൃദയം പൊട്ടിക്കരഞ്ഞ ആച്ചമ്മ പിന്നെയും ജീവിച്ചു.
മുറുക്കാന്‍ ചെല്ലത്തില്‍ വെച്ച മടക്കിയ കത്തികൊണ്ട് പാക്കു വെട്ടുമ്പോഴും രക്തം പൊടിഞ്ഞിരുന്നു.
ഭൈരവന്റെ തലയോട്ടിയും എല്ലുകളും കൊക്കരണിയില്‍ നിന്നും ഉയര്‍ത്തെണീറ്റില്ല.
മരണം ചീഞ്ഞ മണമായി ഇടക്കൊക്കെ വീശിയടിക്കുന്നത് കാറ്റു പോലും മറച്ചു പിടിച്ചു.
ആച്ചമ്മയുടെ അകന്ന ബന്ധുക്കളാരും തന്നെ യക്ഷികളും പാമ്പുകളും പാര്‍ക്കുന്ന ആ വലിയ പുരയിടത്തിലേക്ക് കടക്കാന്‍ ധൈര്യപ്പെട്ടില്ല.
നൂറ്റാണ്ടുകള്‍ കണ്ട വെറ്റില ചെല്ലവും കഠാരയും കഥകള്‍ പുതുക്കി.
ചത്തു പൊന്തിയ മീനുകള്‍ തേളി നടന്ന കുളം ഇടിഞ്ഞു ചെറുതായി പുഞ്ചപ്പാടത്തിനിടയില്‍ ഒളിച്ചു.
ഇടിഞ്ഞു പൊളിഞ്ഞ കല്പ്പടവുകളില്‍ കാലത്തിനു കണക്ക് തെറ്റി.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ജലത്തിനടിയിലെ കൊട്ടാരത്തിലേക്ക് കൊണ്ടു പോയ ജലകന്യക തുറന്നു നോക്കരുതെന്നു പറഞ്ഞു തന്ന മണിച്ചെപ്പ്.
കാലത്തെ അടച്ചു വെച്ച മണിച്ചെപ്പ് തുറന്നുനോക്കിയ ചിന്തയില്ലായ്മ. പെട്ടെന്നു ബാധിച്ച നൂറ്റാണ്ടുകളുടെ ജരാനരയില്‍ പൊടിഞ്ഞു തകര്‍ന്ന് അവസാന ശ്വാസത്തിനായി പിടഞ്ഞപ്പോള്‍ കൈവിട്ടു പോയ രാജമുദ്രയുള്ള കത്തിയും വെറ്റിലചെല്ലവും മണ്ണിലേക്കാഴ്ന്നുപോയി.
കഥയുടെ ബാക്കി പറയാന്‍ മറ്റൊരു ജന്മം!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...