ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അശ്വതി എം. മാത്യു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കന്നിപ്പേറ് കാത്തിരിക്കുന്ന വയറ്റുകണ്ണിയെപ്പോലെ ഉള്ളില്‍ തീയുമായി അംബുജം തെക്കന്‍ കാറ്റ് അടിച്ചു വരുന്നത് നോക്കിയങ്ങനെ നിന്നു.
താഴോട്ട് വീഴുന്ന പഴങ്ങളെപ്പോലെ കുറെ നാളായി അവള്‍ക്ക് ആകെ കീഴ്ഗതി മാത്രമേയുള്ളു. പ്രണയിക്കുന്ന മനസ്സ് പ്രസവവേദന വന്നു കിടന്നു പിടയുന്ന പെണ്ണിനെപ്പോലെയാണ്. ഇടയ്ക്ക് സമാധാനമായിയെന്ന് വിചാരിച്ചാലും തിര പോലെ സഹിക്കാന്‍ പറ്റാത്ത വേദനയും, വെപ്രാളവും മനസ്സിലോട്ട് കുത്തിക്കയറി വന്ന് കിടന്നു പിടയ്ക്കും.
രാവും പകലും ഒരു കൊല്ലം തലയും കുത്തി നിന്ന് ആലോചിച്ചിട്ടാണ് അവനോട് പ്രേമമാണെന്നവള്‍ പറയാന്‍ തീരുമാനിക്കുന്നത് തന്നെ. ഇടവപ്പാതി മഴ നിര്‍ത്താതെ പെയ്ത് വരാന്തയിലേക്ക് എറിച്ചിലടിച്ചു കയറുമ്പോളവള്‍ അവിടെത്തന്നെ നിന്നു കൊണ്ട് എന്നെങ്കിലും കാണാന്‍ പോകുമ്പോള്‍ പറയാന്‍ മനസ്സില്‍ കരുതിയ കാര്യങ്ങള്‍ ഉള്ളില്‍ തലങ്ങും വിലങ്ങും കാച്ചിക്കുറുക്കി പറഞ്ഞ് പഠിയ്ക്കും. നെഞ്ച് ഇടയ്ക്കു കിടന്നു വല്ലാതെ വിങ്ങും.
പെണ്ണുങ്ങളുടെ പ്രേമത്തെക്കുറിച്ചാണ് ഞാനീ പറഞ്ഞുവരുന്നത്. ആണുങ്ങളുടെ പ്രേമത്തെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. പ്രേമം മൂക്കുമ്പോള്‍ സൗന്ദര്യബോധം വല്ലാതെ തികട്ടി വരും. ചെമ്പരത്തിയും, കറിവേപ്പിലയും കൂടി ഇട്ടു കാച്ചിയ എണ്ണ തലയില്‍ തേക്കും, മുറ്റത്തെ കുടമുല്ലപ്പൂ പറിച്ചു നാരുകെട്ടി തലയില്‍ വെക്കും, ഉത്സവത്തിനു മേടിച്ച കുപ്പിവളയും, മുത്തുമാലയുമണിയും , ടൈപ്പ് പഠിയ്ക്കാന്‍ പോകുമ്പോള്‍ മഴ പെയ്ത് കെട്ടികിടക്കുന്ന വെള്ളത്തില്‍ വെറുതെ മുഖമൊന്ന് നോക്കി നില്‍ക്കും. അങ്ങനെ പലതരം കേളികള്‍ ഞങ്ങള്‍ക്കുണ്ട്.
മഴയിലെ ശക്തമായ കാറ്റത്ത് അടയ്ക്കാമരങ്ങള്‍ ചരിഞ്ഞാടുന്നതിലും, മഴത്തുള്ളി പേറി നില്‍ക്കുന്ന പുല്‍ക്കൊടിക്കും എല്ലാം വല്ലാത്ത ഒരു സൗന്ദര്യം തോന്നും. മൊത്തം സൗന്ദര്യം! കാണുന്നതില്‍ മുഴുവന്‍ സൗന്ദര്യം. കാക്കകള്‍ കൂട്ടത്തോടെ കരഞ്ഞാല്‍ പോലും അതിലുമൊരു സൗന്ദര്യം. 'ഹയ്യോ എന്റെമ്മോ' പ്രണയം തലയ്ക്കു പിടിച്ച അംബുജം സൗന്ദര്യങ്ങള്‍ക്കിടയില്‍ കിടന്നു ശ്വാസംമുട്ടി.
'പുതു വെള്ളൈ മലര്‍' പാട്ടില്‍ നിന്നും 'വരുവാനില്ലാരുമീ വിജനമാമെന്‍ വഴി' പാട്ടിലേക്കു വരാന്‍ ഏതാനും മാസങ്ങള്‍ മാത്രമെ അംബുജത്തിന് വേണ്ടി വന്നുള്ളു.
ഉള്ള് തുറന്നു കാണിച്ചില്ലെങ്കില്‍ ഹോട്ടല്‍ കടക്കാരന്‍ തോമസ് നഷ്ടപ്പെട്ടേക്കുമോയെന്ന ഭീതി അവള്‍ക്ക് അടിവയറ്റില്‍ നിന്ന് നെഞ്ചിലോട്ട് കയറി. ഒരു ദിവസം ടൈപ്പ് കഴിഞ്ഞവള്‍ തിരിച്ചു വരുന്ന സന്ധ്യാനേരത്ത് വഴിവക്കില്‍ ഒറ്റയ്ക്ക് നടന്ന് വരുന്ന തോമസിനെ കണ്ടു. രണ്ടും കല്പിച്ചു മനസ്സിലുള്ളത് പറയാന്‍ അവള്‍ തയ്യാറെടുത്തു. അയാള്‍ പെട്ടെന്ന് വേലിയുടെ അരികത്തോട്ടു മാറി നിന്ന് മൂത്രമൊഴിയ്ക്കാന്‍ തുടങ്ങി. പൂത്ത പത്തല്‍ മരങ്ങള്‍ അവര്‍ക്കിടയില്‍ നിന്നതിനാല്‍ അവള്‍ അയാളുടെ കര്‍മ്മം കാണാതെ താന്‍ കാത്തു സൂക്ഷിച്ചിരുന്ന പ്രണയം തുറന്നു പറഞ്ഞു. അയാളില്ലെങ്കില്‍ അവള്‍ ചത്ത് പോയേക്കുമെന്ന് വരെ പറഞ്ഞു.
അല്ലെങ്കിലും പണ്ടേ അംബുജം ഇങ്ങനെയാണ്. ചില കാര്യങ്ങള്‍ അവള്‍ വളരെ പെട്ടെന്നങ്ങ് ചെയ്ത് കളയും. അത് മിക്കവാറും ജീവിതത്തിന്റെ തന്നെ ദിശ മാറ്റി വിടുന്ന വളവുകളായിരിക്കും. അംബുജത്തിന്റെ പ്രണയം കേട്ട തോമസ് നിന്നിടത്ത് നിന്ന് പൊട്ടി പൊട്ടി ചിരിച്ചു. മഴ വരുന്നുണ്ടെന്ന് ഓതിക്കൊണ്ട് ശക്തമായ ഒരു തണുത്ത കാറ്റ് അവരെ കടന്നു പോയി. ചിരിച്ചു മടുത്ത തോമസ് വീണ്ടും മൂത്രമൊഴിക്കാന്‍ മുട്ടുന്നു എന്ന് പറഞ്ഞു വേലിക്കലിലേക്കു പോയി. അയാളുടെ മൂത്രമൊഴിയുടെ വില പോലുമില്ലല്ലോ തന്റെ പ്രണയത്തിനെന്നോര്‍ത്ത് അംബുജം സീതാദേവിയെ പോലെ താന്‍ ഭൂമി പിളര്‍ന്ന് പോയിരുന്നെങ്കിലെന്ന് ആ ഇടവഴിയില്‍ നിന്ന് ഒരു നിമിഷമാലോചിച്ചു.
അംബുജം അത് വരെ തന്റെ മനസ്സില്‍ കൊണ്ട് നടന്ന സ്വപ്നങ്ങള്‍ അതായത് 'കല്യാണം കഴിഞ്ഞു തോമസിന് വെച്ചുണ്ടാക്കി കൊടുക്കുക, തോമസിന്റെ പിള്ളേരെ ഉടുത്തൊരുക്കി പള്ളിക്കൂടത്തിലയച്ച് വലിയ നിലയിലാക്കുക, അയാളുടെ ഹോട്ടലിന് അംബുജത്തിന്റെ യുദ്ധ തന്ത്ര ബുദ്ധിയിലെ ഐഡിയകള്‍ ഉപയോഗിച്ച് വെച്ചടി വെച്ചടി കയറ്റമുണ്ടാക്കി അയാളെ ഭാരതത്തിലെ ബിസിനസ്സ് ടൈക്കൂണാക്കുക, തന്നെ അപമാനിക്കുന്നവരുടെ മുന്നില്‍ അയാളുടൊപ്പം ബെന്‍സ് കാറില്‍ വന്നിറങ്ങുക' മുതലായ ചെറിയ സ്വപ്നങ്ങള്‍ പെട്ടെന്ന് തന്നെ സാങ്കേതികത്തകരാറുകളാല്‍ നിര്‍ത്തി കര്‍ട്ടനിട്ടു. തോമസ് നാട്ടില്‍ മുഴുവനും അംബുജത്തിന്റെ പ്രണയ പ്രപ്പോസല്‍ പറഞ്ഞു നടന്നു. പ്രണയത്തകര്‍ച്ചയേക്കാള്‍ അംബുജത്തിന് സഹിക്കാന്‍ കഴിയാഞ്ഞത് അയാളുടെ ആ പരിഹാസമാണ്.
അംബുജത്തിന് കരച്ചില്‍ നിര്‍ത്താനായില്ല. അവള്‍ കരഞ്ഞു, രാവും പകലും കരഞ്ഞു. പണ്ടേ ഡിറ്റക്റ്റീവ് മനോഭാവമുള്ള അംബുജത്തിന്റെ അമ്മ അവളുടെ ഉള്ളിലെ പ്രണയം എങ്ങനെയോ മനസിലാക്കിയിരുന്നു. പ്രണയത്തകര്‍ച്ച കാരണം കരയുന്ന മകളെ അവര്‍ ഇഞ്ചക്കഷായം പോലെ തല്ലിച്ചതച്ചു. ആണുങ്ങള്‍ പെണ്ണുങ്ങളുടെ പിറകെ നടന്ന് പ്രണയം പറഞ്ഞു സമ്മതിപ്പിക്കണമെന്നാണല്ലോ ഒരു നാട്ടുനടപ്പ്. അതിനെതിരായി വഴിവക്കില്‍, അതും മൂത്രമൊഴിക്കാനിരുന്നവനോട് അങ്ങോട്ട് പോയി പ്രണയം പറഞ്ഞ അംബുജത്തിനെ വീട്ടുകാര്‍ അതോട് കൂടി വെറുത്തു. ഇത് പറയുമ്പോള്‍ നേരത്തെ വീട്ടുകാര്‍ അവളെ സ്‌നേഹം കൊണ്ട് മൂടിയിരിക്കുവായിരുന്നുവെന്ന് നിങ്ങള്‍ കരുതരുത്. പണ്ടേ അവളോട് വീട്ടുകാര്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു നീരസം ഉപ്പുനീരിന്റെ അടിയില്‍ കെട്ടികിടക്കുന്ന ഉപ്പ് പോലെയുണ്ടായിരുന്നു.
പ്രസ്തുത സംഭവത്തോടുകൂടി തോമസിന്റെ തലക്കനം കൂടി. പെണ്ണുങ്ങള്‍ ഇപ്പോള്‍ പിറകെ നടക്കുവല്ലേ? പുറം ലോകത്തുള്ളവര്‍ അന്യഗ്രഹങ്ങളില്‍ പോയിത്തുടങ്ങിയപ്പോള്‍ സാങ്കേതിക വിദ്യയില്‍ റേഡിയോ കാലത്ത് നിന്നും ടി. വി. യുടെ പ്രവേശന കവാടം വരെയെത്തിയ നാട്ടുകാര്‍ ഈ വാര്‍ത്ത ആഘോഷമാക്കി. അംബുജത്തെ കാണുമ്പോള്‍ കളിയാക്കി ചിരി തുടങ്ങി.
പ്രണയത്തകര്‍ച്ചയും ,അടിയുടെ വേദനയും, നാട്ടുകാരുടെ അടക്കം പറച്ചിലുമെല്ലാം കൂടിയായപ്പോള്‍ അംബുജം ആ കടുത്ത തീരുമാനമെടുത്തു. മഴവെള്ളപ്പാച്ചില്‍ ഉണ്ടാകുമെന്നു നാട്ടുകാരെല്ലാം പറയുന്നത് കേട്ടിട്ടും അവള്‍ ആറ്റില്‍ കുളിക്കാന്‍ പോയി. വേണമെങ്കില്‍ അത് ഒരു ആത്മഹത്യയാക്കാം, അല്ലെങ്കില്‍ സ്വാഭാവിക മരണവുമാക്കാം. അംബുജത്തിന്റെ മരണകാരണത്തിന് ഒരു ഉറപ്പില്ലായിരുന്നു. ഉറപ്പുള്ള അവളുടെ പ്രണയം കൊടുത്ത സംശയാസ്പദമായ മരണം. അക്കുറി മഴ തിമിര്‍ത്തു പെയ്തു. വേണ്ടപ്പെട്ടയാരോ നഷ്ടപ്പെടുമ്പോള്‍ ആര്‍ത്തലയ്ക്കുന്ന, മുടി അഴിച്ചു നെഞ്ചത്തടിയ്ക്കുന്ന ഏതോ ഒരു പെണ്ണിനെപ്പോലെ.
മഴക്കാലമെല്ലാം കഴിഞ്ഞു ചിങ്ങമാസത്തില്‍ തോമസ് വിവാഹിതനായി. പലിശക്കാരന്‍ എല്‍ദോയുടെ മകള്‍ ലൂസിക്കുട്ടി. കാതിലെ ലോലാക്കും, കഴുത്തിലെ ഇളക്കത്താലിയും, തല നിറയെ മുല്ലപ്പൂവും, വെള്ള പട്ടുസാരിയുമുടുത്ത ലൂസിക്കുട്ടി പള്ളിയില്‍ ഒരു മാലാഖയെപ്പോലെ കാണപ്പെട്ടു. ലൂസിക്കുട്ടിയെ കണ്ടതും, പ്രണയലോലുപനായ തോമസ് ആ ചിങ്ങമാസക്കാറ്റിലും വിയര്‍ത്തൊലിച്ചു. സ്വര്‍ണക്കൊന്തയും, പട്ട് ജുബ്ബയും ആ വിയര്‍പ്പില്‍ കിടന്ന് ശ്വാസം മുട്ടി. കെട്ട് കഴിഞ്ഞു പുഞ്ചവയലിന്റെ നടുവില്‍ക്കൂടിയയാള്‍, ലൂസിക്കുട്ടിയുടെ കൈ പിടിച്ചു നടന്നു. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നെല്‍ക്കുലകള്‍ ഈ കാഴ്ചകാണാന്‍ താത്പര്യമില്ലാത്തത് പോലെ തല കുമ്പിട്ട് നിന്നു. പാടം കഴിഞ്ഞു അംബുജം പ്രണയം തുറന്നു പറഞ്ഞ ഇടവഴിയിലെത്തിയപ്പോള്‍ പത്തല്‍ മരമാകെയേതോ ദുഖത്താല്‍ ഉണങ്ങി വെറും കമ്പുകള്‍ മാത്രമായി കാണപ്പെട്ടു.
കുടുംബത്തില്‍ തല മൂത്തവരിരിക്കുമ്പോള്‍ ചത്തതിനാല്‍ അംബുജത്തിനെ ദഹിപ്പിച്ചില്ല, പറമ്പിന്റെ തെക്കേ അറ്റത്തെ ആഞ്ഞിലിയുടെ കീഴിലായി കുഴിച്ചിട്ടതേയുള്ളു. തോമസിന്റെ ആദ്യരാത്രിയില്‍ അംബുജത്തിന് ഉറക്കം വന്നില്ല. അവള് കുഴിയില്‍ കിടന്ന് ഞെരിപിരി കൊണ്ടു. അവള് പെറേണ്ട അയാളുടെ പിള്ളേരെ ലൂസിക്കുട്ടി പെറുമോയെന്നു ആദ്യമായി ഒരാധി അംബുജത്തിനുണ്ടായി. സ്ത്രീകളങ്ങനെ കുശുമ്പുള്ളവരല്ലെന്ന് ജീവിച്ചിരുന്ന കാലത്ത് അംബുജം വിശ്വസിച്ചിരുന്നെങ്കിലും ചത്ത് കഴിഞ്ഞപ്പോള്‍, അവളെയാരും ഓര്‍ക്കുന്നില്ലെന്ന് കണ്ടപ്പോള്‍, തന്റെ വേസ്റ്റ് ആയിപ്പോയ മരണത്തെക്കുറിച്ച് അവള്‍ക്ക് കുറച്ചു നഷ്ടബോധമൊക്കെ തോന്നിത്തുടങ്ങി.
അന്നേരമുള്ളില്‍ കിടന്ന കുശുമ്പും തിളച്ചുപൊങ്ങിയ പാല് പോലെ നിയന്ത്രണാധീതമായി പുറത്തുവന്നു. കുഴിമാടത്തില്‍ നിന്ന് അംബുജം കൈയ്യില്‍ കിട്ടിയ ഒരു മരക്കഷ്ണം കൊണ്ട് മണ്ണിളക്കി പുറത്തു വന്നു. പണ്ടേ ഡസ്റ്റ് അലര്‍ജിയുള്ള അംബുജം നിരനിരയായി തുമ്മിത്തുടങ്ങി. മൂക്കു പൊത്തി, പൊടി തട്ടി അംബുജം വെള്ള സാരി കുടഞ്ഞുടുത്തു. ഇലഞ്ഞിപ്പൂക്കളുടെ മണം മൂക്കില്‍ കുത്തിക്കയറിയപ്പോള്‍ തുമ്മല്‍ അസഹ്യമായി. ഇത് കേട്ട തൊഴുത്തിലെ പശുക്കള്‍ തിരിച്ചു തുമ്മിയും മുരടനക്കിയും അവരുടെ ഉറ്റ സ്‌നേഹിത അംബുജവുമായി പരിചയം പുതുക്കി.
അംബുജത്തിന് പണ്ടേ താറാവുകളെ ഇഷ്ടമില്ലായിരുന്നു. എപ്പോഴൊക്കെ അവരെ കണ്ടാലും അവള്‍ അതുങ്ങളെ ചവിട്ടിയോ, വെള്ളമൊഴിച്ചോ ഓടിക്കുമായിരുന്നു. അവള്‍ ചത്ത് മണ്ണിനടിയില്‍ പോയപ്പോഴാണ് അവറ്റകള്‍ക്കു സമാധാനമായത്. ഓര്‍ക്കാപ്പുറത്ത് നിലാവെട്ടത്തു അവളെ കണ്ടപ്പോള്‍ താറാവുകളൊന്ന് പകച്ചു. കൊക്കിക്കൊണ്ട് അതുങ്ങള്‍ ഭയത്താല്‍ ഒരുമിച്ചു വയറ് അറിയാതെ തൂറിത്തുടങ്ങി.
തുറന്നിട്ട തടി ജനലിലൂടെ അവള്‍ അവളുടെ അച്ഛനെയും, അമ്മയെയും കണ്ടു . സ്വസ്ഥമായി ഉറങ്ങുന്നു. അവളുടെ മരണമൊരാഴ്ച്ചയില്‍ കൂടുതല്‍ അവര്‍ ഓര്‍ക്കാനാഗ്രഹിച്ചില്ല. വലിയ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു, അതില്‍ ഒരു പ്ലാസ്റ്റിക് മാലയുമിട്ടു അവര്‍ അവരുടെ ദുഖത്തിന് ഫുള്‍സ്റ്റോപ്പിട്ടു. അതും അവളുടെ ഒട്ടും ഗ്ലാമറില്ലാത്ത ഒരു ഫോട്ടോ!
അവളുടെ ചേട്ടന്‍ പുറത്തെ മാവ് ചാരി നിന്ന് രാത്രികാലത്ത് ആരും കാണാതെ ബീഡി വലിക്കുകയാണ്. അംബുജം ചെറുതായൊന്നൂതി. അവന്റെ ബീഡിയിലെ തീ വലിയ ഒരു ഗോളമായി പറന്നു കച്ചിപ്പുരയ്ക്ക് തീ കൊടുത്തു. കാറ്റത്തു അവന്റെ കൈലിയും പറിഞ്ഞു പോയി. അവള്‍ കൊഴിഞ്ഞു വീണ ഒരു മൂവാണ്ടന്‍ മാങ്ങാ കടിച്ചു സാരി മടക്കി കുത്തി മാവിന്‍ കൊമ്പത്ത് കയറി കാലു രണ്ടും അകത്തി കുത്തി ഇരുന്നു മാങ്ങ കടിച്ചു തിന്നാന്‍ തുടങ്ങി. പണ്ട് കോലായില്‍ അവള്‍ ചാരുകസേരയില്‍ ഒന്ന് ഇരുന്നതിനവളുടെ മുതുകു അടിച്ചു പൊട്ടിച്ചപ്പോളുണ്ടായ പാട്, ഇനി തിരിച്ചുപോയി കുഴിയില്‍ കിടന്നാലും കുഴപ്പമില്ലെന്ന മട്ടില്‍ ആത്മാഭിമാനം കൊണ്ടു. ചേട്ടന്റെ ഒച്ചയും ബഹളവും കേട്ട് അമ്മയും അച്ഛനും എണീറ്റ് നിലവിളിച്ചു കൊണ്ട് തീ അണയ്ക്കാന്‍ പെടാപ്പാട് പെട്ടു.
അംബുജം ഉറുഞ്ചിത്തീര്‍ന്ന മാങ്ങാണ്ടി കുനിഞ്ഞ് നിന്ന് വെള്ളം കോരുന്ന അമ്മയുടെ കുണ്ടിയുടെ നേര്‍ക്കായി ലക്ഷ്യം തെറ്റാതെ ഊക്കോടെ ആഞ്ഞെറിഞ്ഞു. അവള്‍ ചെയ്തിരുന്ന എല്ലാ കാര്യത്തിലും കുറ്റം കണ്ടുപിടിച്ചിരുന്ന അമ്മയോട് ഇത്രയുമെങ്കിലും ചെയ്തില്ലെങ്കില്‍ അത് ശരിയാകില്ലല്ലോ? 'ഹയ്യോ എന്റെമ്മേ' ന്ന് അലറിക്കൊണ്ട് അമ്മ തൊട്ടി കിണറ്റിലിട്ട് കുണ്ടി തടവി. ഇത്രയും സീരിയസ് സിറ്റിയുവേഷനില്‍ തൊട്ടി കിണറ്റിലിട്ട അമ്മയ്ക്ക് അച്ഛന്‍ ആഞ്ഞൊരടി വെച്ചുകൊടുത്തു. ഒരു നിമിഷം പകച്ചു പോയ അമ്മ വീണ്ടും സ്ത്രീശാക്തീകരണം കൈവരിച്ച് മൂലയ്ക്കിരുന്ന കുറ്റിച്ചൂലെടുത്ത് അപ്പനും, മോനും കൊടുത്തു നല്ലത്. കൂട്ട തല്ലു കണ്ട അവള്‍ അവള്‍ക്ക് എന്നും നിഷിദ്ധമായ ചാരുകസേരയില്‍ മലര്‍ന്ന് കിടന്നു ചിരിച്ചു.
പെട്ടെന്നാണ് അവള്‍ സമയത്തെക്കുറിച്ച് ചിന്തിച്ചത്. വാച്ചില്ലാതെ പ്രേതങ്ങളെങ്ങനെ കൃത്യമായി സമയമറിയുന്നു എന്നവളാലോചിച്ചു. പ്രേതമായി ചാര്‍ജ്ജെടുത്തു ഫസ്റ്റ് ഡേ അല്ലെ ആയുള്ളൂ. അപ്പുറത്തെ പറമ്പില്‍ കെട്ടിത്തൂങ്ങി ചത്ത ദേവയാനിയോട് സമയം കിട്ടുമ്പോള്‍ ചോദിച്ചു പഠിക്കാമെന്ന് അവള്‍ മനസ്സില്‍ക്കരുതി. മടക്കി കുത്തിയിരുന്ന സാരി നിവര്‍ത്തിയിട്ട് വായില്‍ നിന്നൂറി വന്ന മാങ്ങാച്ചാറു തുടച്ചു അവള്‍ നടന്നു തുടങ്ങി. പ്രായമായതിനു ശേഷം അവള്‍ക്കു വിലക്കപ്പെട്ടിരുന്ന തോട്ടിന്‍ വക്കിലൂടെ ശവംനാറിപ്പൂക്കളെ കൈകൊണ്ട് തഴുകിയവള്‍ തനിക്ക് കിട്ടിയ സ്വാതന്ത്ര്യത്തില്‍ അതിയായി സന്തോഷിച്ചു. ഇടയ്ക്കൊരു പരന്ന കല്ലെടുത്ത് നടുറോഡില്‍ ചക്ക് കളിച്ചു. 'പരമാനന്ദമേ' യെന്നവളുറക്കെ കൂകിവിളിച്ചു. അരിപ്പൂ വാരിയെടുത്ത് വഴിയില്‍ വിതറിച്ചിരിച്ചു . കലുങ്കിന് പുറത്തിരുന്നു വെള്ളമടിക്കുന്ന ചെക്കന്മാരെ പേടിപ്പിച്ചു വെള്ളത്തില്‍ച്ചാടിച്ചു.
ഇടവഴി തിരിഞ്ഞ് നടന്നപ്പോളാട്ടെ അവളെ ഏറ്റവുമധികം പരിഹസിച്ചിരുന്ന പലചരക്ക് കടക്കാരന്‍ കണാരന്‍ ചേട്ടന്‍ വരുന്നു. അവള്‍ ആ വെള്ള സാരിയില്‍ അടുത്ത് ചെന്ന് അയാളുടെ നെഞ്ചില്‍ നഖം ഒന്ന് തൊട്ടതേയുള്ളു, വീരശൂരപരാക്രമി ദാണ്ടെ കിടക്കുന്നു വെട്ടിയിട്ട തെങ്ങുപോലെ. കണാരന്‍ ചേട്ടനെയെടുത്ത് ടൈം പാസ്സിന് വേശ്യാവൃത്തി ചെയ്യുന്ന ജാനകിച്ചേട്ടത്തിയുടെ വരാന്തയില്‍ കൊണ്ട് കിടത്തി. ജസ്റ്റ് ഫോര്‍ ഫണ്‍. ആകെ എന്റര്‍ടെയ്ന്‍മെന്റ് നിറഞ്ഞതാണല്ലോ ഈ പ്രേതങ്ങളുടെ ജീവിതം എന്നാലോചിച്ചു അവള്‍ കുളിര്‍ കൊണ്ടു.
ലൂസിക്കുട്ടി പാലും കൊണ്ട് വലിയ കസവു ബോര്‍ഡറുള്ള സാരിയുടുത്ത് മുറിയില്‍ക്കയറി വാതിലടച്ചു. 'കരകരാ' എന്ന വലിയ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ആ വാതില്‍ കഷ്ടപ്പെട്ടടഞ്ഞു. വാതിലിന്റെ വിജാഗിരിക്ക് കുറച്ചെണ്ണ ഒഴിക്കാമായിരുന്നില്ലേ എന്ന ചോദ്യം ദാമ്പത്യ ജീവിതത്തിലെ ആദ്യ ചോദ്യമായി അവളുടെ മനസ്സില്‍ മുളച്ചു പൊങ്ങി. ഇതിപ്പോള്‍ അപ്പുറത്തെ കവല വരെ ശബ്ദം കേട്ടുകാണും. എന്നും കേള്‍ക്കുന്നതാണെങ്കിലും ഡാമിന്റെ ഷട്ടര്‍ പൊക്കുന്ന പോലെയുള്ള ആ ശബ്ദം ആദ്യമായി കേട്ടപോലെ തോമസ് കട്ടിലില്‍ നിന്ന് ചാടിയെണീറ്റു. താന്‍ ലേറ്റായോ എന്ന ടെന്‍ഷനില്‍ ഓടിക്കിതച്ചെത്തിയ അംബുജം അവരുടെ മുറിയുടെ ഓടൊന്നിളക്കി കാഴ്ച കാണാന്‍ അവിടെ കമഴ്ന്ന് കിടപ്പ് തുടങ്ങി.
'ഒരു ചെറുക്കനെ മൂത്രം പോലും ഒഴിക്കാനനുവദിക്കാതെ പ്രണയം പറഞ്ഞ ഒരുത്തിയാണ് അംബുജമെന്നാണ്' നാട്ടുകാര് കളിയാക്കി പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ അംബുജം അവളുടെ റിവഞ്ച് അവിടെ തുടങ്ങി. ലൂസിക്കുട്ടിയെ കണ്ടെഴുന്നേറ്റ തോമസ് ക്രമാതീതമായി നിന്ന നില്‍പ്പില്‍ മൂത്രമൊഴിയ്ക്കാന്‍ തുടങ്ങി. മൂത്രമൊഴിക്കുക, കട്ടിലില്‍ വന്നിരിക്കുക ഇത് തന്നെ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത രീതിയില്‍ രാവിലെ വരെ തുടര്‍ന്ന് കൊണ്ടിരുന്നു. ലൂസിക്കുട്ടി കരച്ചിലായി, ഇച്ചായനെ രക്ഷിക്കാന്‍ കൊന്ത ചൊല്ലലായി. ആശുപത്രിയില്‍ ചെന്നപ്പോള്‍ അവര്‍ക്കും കാരണമൊന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
സഹനശേഷി അധികമില്ലാത്ത ലൂസിക്കുട്ടി ഒരാഴ്ച വെയിറ്റ് ചെയ്ത് തോമസിന് മാറ്റമൊന്നുമില്ലെന്ന് കണ്ട് പെട്ടിയും പായ്ക്ക് ചെയ്ത് സ്വന്തം വീട്ടില്‍ പോയി. നാട്ടുകാര് തോമസിനെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ചാമ്പയ്ക്കാ പോലെ ചുവന്നു തുടുത്തിരുന്ന തോമസ് പൊയിലത്തണ്ടു പോലെ മനഃപ്രയാസത്താലുണങ്ങിപ്പോയി. എപ്പോള്‍ കണ്ണടച്ചുറങ്ങാന്‍ കിടന്നാലും തോമസിന്റെ മനസ്സില്‍ അംബുജം നിന്ന് താണ്ഡവമാടി. അയാളുടെ വീട്ടില്‍, പടിക്കെട്ടില്‍ നിന്ന് പായല്‍ മതിലിലേക്ക് കയറിത്തുടങ്ങുകയും, അകത്ത് ചിതല്‍പ്പുറ്റുകള്‍ മത്സരിച്ചു തടിസാധനങ്ങള്‍ തിന്നാനുമാരംഭിച്ചു.
നല്ല നിലാവുള്ള ഒരു രാത്രിയില്‍ തോമസ് ഇറങ്ങി നടന്നു. കൊഴിഞ്ഞ മാവിലകള്‍ പതുക്കെ ചവിട്ടി ശബ്ദമുണ്ടാക്കാതെ അവള്‍ അയാളുടെ പിറകെയും നടന്നു. പനകളുടെയിടയിലൂടെ അയാള്‍ കുന്നു ചവിട്ടി കയറുമ്പോള്‍ അവള്‍ പതുക്കെ അയാളെ ചുംബിക്കുകയും അയാള്‍ നടപ്പ് നിര്‍ത്തി ആകാശം നോക്കി മലര്‍ന്നു കിടക്കുകയും ചെയ്തു.