Malayalam Short Story : സലവാസിലെ അവസാനത്തെ രാത്രി, ആഷ എസ് എസ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Aug 17, 2022, 5:25 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ആഷ എസ് എസ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

സലവാസിലെ ഓരോ അന്തികളും ചോക്കുന്നത് ഛോട്ടാ റാം പ്രജാപതിന്റെ സാരംഗി സംഗീതം കേട്ടുകൊണ്ടാണ്. നീണ്ട മുപ്പത്തഞ്ചു കൊല്ലങ്ങളായി സലവാസില്‍ മാത്രമല്ല ജോധ്പുരിലെ തെരുവോരങ്ങളിലും തുടുത്ത റോസാപ്പൂക്കളുടെ ഗന്ധമുള്ള അജ്മീറിലെ കുന്നിന്‍ ചെരുവുകളിലും  ഛോട്ടാ റാം പ്രജാപതിന്റെ സംഗീതം മുഴങ്ങിക്കൊണ്ടിരുന്നു.

മണ്ണു തേച്ച്, കുമ്മായം കൊണ്ട് ചിത്രപ്പണി ചെയ്ത ആ മണ്‍കുടിലിന്റെ ഭിത്തിയും ചാരി ഞാന്‍ അയാളെ തന്നെ നോക്കിയിരുന്നു. കണ്ണുകളിലെ തിളക്കം മങ്ങിയിട്ടുണ്ട്, ഗുഡ്ഖ പുകച്ചു പുകച്ചു ചുണ്ടുകളാകെ കറുത്തിരുണ്ടിരിക്കുന്നു.

വര്‍ഷങ്ങളായി  സലവാസിലെ സാധാരണ കാഴ്ചയാണ് മഞ്ഞുമൂടിയ പ്രഭാതങ്ങളില്‍ ഓരോ ചായക്കടയുടെയും  മുന്നില്‍  കമ്പിളി പുതപ്പും പുതച്ച് ഗുഡ്ഖയുമായി ഇരിക്കുന്ന വൃദ്ധന്മാര്‍. ഒരു പുകയ്ക്ക് നാല് കാശെന്നോ അഞ്ച് കാശെന്നോ കണക്ക് പറഞ്ഞ് അവര്‍ വില പേശുന്നത് ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ചുവന്ന തലപ്പാവ് അല്‍പ്പം മുഷിഞ്ഞത് ആണേലും ഛോട്ടാ റാമിന്റെ പ്രൗഢിക്ക് അതൊരു കുറവായി തോന്നുന്നില്ല.

ഗുരു ശിഖറിന്റെ ചെരുവില്‍ നിന്നെവിടെയോ തണുപ്പും പേറി വന്ന കാറ്റ് ദില്‍വാര ക്ഷേത്രങ്ങളിലെ മണിയൊച്ചയും കയ്യിലൊളിപ്പിച്ച് കണ്ണു ചിമ്മി കത്തുന്ന മണ്‍ചിരാതിന്റെ കവിളുകളില്‍ ചുംബിക്കാന്‍ ശ്രമിച്ചു. ആ ശ്രമത്തെ പാടെ തകര്‍ത്തുകൊണ്ട് എന്റെ കൈകള്‍ ആ തിരി നാളത്തെ പൊതിഞ്ഞു. അത്  ദേഷ്യമോ ഇഷ്ടമോ എന്തൊക്കെയോ ഉള്ളിലൊതുക്കി വീണ്ടും ആളിക്കത്തി.

മൂന്നര പതിറ്റാണ്ട് കാലം  സലവാസിനെ ആകെ മാറ്റിയിരിക്കുന്നു. എന്നിരുന്നാലും സ്വര്‍ണ നിറമുള്ള ചക്രങ്ങള്‍ ഘടിപ്പിച്ച, വലിയ ഗേറ്റ് ഉള്ള  സര്‍പഞ്ചിന്റെ വീട് വരെ മാത്രമേ ടാറിട്ട റോഡുകള്‍ എത്തിയിട്ടുള്ളൂ. അത് മാത്രം പഴയ പോലെ മാത്രമില്ലാതെ തുടരുന്നു. അന്ന് ഇവിടെ ഇത്രയും കുടിലുകള്‍ ഉണ്ടായിരുന്നില്ല. പല ദേശത്തു നിന്നും ഒരുപാട് പേര്‍ അന്നും സലവാസ് തേടിയെത്തിയിരുന്നെങ്കിലും അധികമാരും ഛോട്ടാ റാം പ്രജാപതിന്റെ ഈ മണ്‍കുടിലുകളില്‍ അന്തിയുറങ്ങിയിരുന്നില്ല. 

തണുപ്പുള്ള പ്രഭാതങ്ങളില്‍, തണല്‍ വിരിക്കുന്ന പേരറിയാത്ത ആ  പൂമരത്തിന്റെ ചുവട്ടില്‍, കയറ്റുകട്ടിലില്‍ ഇരുന്ന് ഗൗതമി ദേവിയും അനുജത്തിമാരും വിളമ്പുള്ള വെണ്ണ പുരട്ടിയ റൊട്ടിയോ ഭിന്ദി മസാലയോ കഴിച്ചിരുന്നില്ല. അന്ന് ഛോട്ടാറാമിന്റെ പശുക്കളുടെ പാല് മുഴുവന്‍ സര്‍പഞ്ചിന്റെ വയര്‍ നിറക്കാന്‍ ഉള്ളതായിരുന്നു. ഒരു തുള്ളി പോലും വീട്ടാവശ്യത്തിന് എടുക്കുന്നതും കണ്ടിരുന്നില്ല.

സലവാസിലെ ഏഴാം നമ്പര്‍ മണ്‍കുടിലില്‍ ഇതെന്റെ അവസാനത്തെ രാത്രിയാണ്.

മടിച്ചു കത്തുന്ന റാന്തലിന്റെ തിരി ഒന്നു കൂടി നീട്ടിയിട്ടു.കമ്പിളി പുതച്ചു കൈകള്‍ ഒന്നുകൂടി മാറോടു ചേര്‍ത്ത് പിടിച്ച് വെറുതേ വാതില്‍ പടിയില്‍ ഇരുന്നു.

ചോപാസ്നി മന്ദിറില്‍ നിന്നും മണിയൊച്ചകള്‍ അവ്യക്തമായി കാതുകളിലേക്ക് കയറിക്കൂടുന്നുണ്ട്. നൂഴ്ന്നിറങ്ങുന്ന തണുപ്പിനെ തടഞ്ഞുകൊണ്ട് ഒന്നുകൂടി മുറുകെ പുതച്ചു. കണ്ണുകള്‍ അനുവാദം കൂടാതെ പതിയെ അടയാന്‍ തുടങ്ങുന്നു.

സത് ലജ് പ്രജാപത്...

നീ അറിയുന്നുണ്ടോ?നീ എന്നിലടിച്ചേല്‍പ്പിച്ച ആ   നിബന്ധന ഞാന്‍ ഭംഗിയായി പാലിച്ചിരിക്കുന്നു. നീണ്ട മുപ്പത്തഞ്ച് വര്‍ഷങ്ങളായി ഞാന്‍ അനുഭവിച്ച മനസ്സിന്റെയും ശരീരത്തിന്റെയും മരവിപ്പ് എത്രത്തോളമാണെന്ന് എങ്ങനെയാണ് നിന്നെ പറഞ്ഞു മനസിലാക്കുക?

എനിക്ക് അറിയില്ല.

നോവ് ഒരു രോഗാണു പോലെ എന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങുമ്പോള്‍ നീ പറഞ്ഞു മുഴുവനാക്കാതെ പോയ ഹവീലുകളുടെ കഥയും ഒരൊറ്റ രാത്രി കൊണ്ട് അനാഥമായി പോയ ഗുല്‍ധരയുടെ കഥയും വീണ്ടും വീണ്ടും മനസ്സിലിട്ട് തലങ്ങും വിലങ്ങും ആലോചിക്കും.

നിനക്ക് അറിയോ, നീ ഒപ്പമില്ലാത്ത  സലവാസിലെ ഈ ഇടുങ്ങിയ വഴിയോരങ്ങളും ജോധ്പുരിലെ സന്ധ്യകളും ആരവല്ലിയിലെ തണുത്ത കാറ്റും അജ്മീറിലെ ചന്ദനവും റോസാപ്പൂവും മണക്കുന്ന  തെരുവോരങ്ങളും എനിക്ക് ആദ്യം കാണുമ്പോലെ  അപരിചിതമാണ്.

ഇടയ്‌ക്കെപ്പോഴൊക്കെയോ ഇങ്ങോട്ട് വരണമെന്ന് ഞാന്‍ ഏറെ കൊതിച്ചിരുന്നു. നിന്നോടൊപ്പമിരുന്ന് സത്പുരയുടെ ചെരുവുകളില്‍ എവിടെയോ അന്തിച്ചോപ്പ് അലിഞ്ഞ് ഇല്ലാതാകുന്നത് കാണണമെന്നും ഖാജാ മുഹിയുദിന്‍ ചിസ്തിയുടെ  തെരുവോരങ്ങളിലൂടെ ഒരു കൂട നിറയെ  ചന്ദനവും റോസാപ്പൂക്കളുമായി നടന്നു നീങ്ങണമെന്നുമൊക്കെ കൊതിച്ചിരുന്നു.

ദക്ഷ പ്രജാപതിയുടെ പിന്മുറക്കാരാ,

നീ അടിച്ചേല്‍പ്പിച്ച ആ നിബന്ധനയാണ് ഈ മുപ്പത്തഞ്ച് കൊല്ലങ്ങളായി സലവാസില്‍ എന്റെ കാലടി പതിയാതിരിക്കാന്‍ എന്നെ പിറകിലേക്ക് വലിച്ചത്. കരിങ്കല്ലുകള്‍ക്ക് കീഴെ മയങ്ങുന്ന നീ എന്നെ കാണുന്നുണ്ടാവും .എന്റെ കണ്ണുകളില്‍ ആ പഴയ  കുസൃതി തിളക്കമില്ല, ചുണ്ടുകള്‍ക്ക് ആരവല്ലിയിലെ അന്തിച്ചോപ്പിന്റെ കാന്തിയുമില്ല. നിനക്ക് തിരിച്ചറിയാന്‍ പാകത്തിന് ഒരടയാളവും എന്നിലില്ല. നീ ആഗ്രഹിച്ച പോലെ ഒരു കൂട നിറയെ ചന്ദന മണമുള്ള അജ്മീര്‍ പനിനീര്‍ പുഷ്പങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. പഴയ പോലെ വീണ്ടും നമുക്ക് അപരിചിതരായി തന്നെ പിരിയാം.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!