ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അരുണ ഹനാന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മൂക്കിലേക്ക് തുളഞ്ഞു കയറിയത് പാറുവമ്മയുടെ മാംസം കരിഞ്ഞ ഗന്ധമാണെന്ന് ആ വീടിന്റെ പഴയ ഇരട്ടപ്പാളി വാതില്‍ ചവുട്ടി തുറക്കുന്നതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ല. സ്വയംഭോഗം ചെയ്യാനുള്ള ത്വരയെ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ചെറിയ നൈരാശ്യത്തോടെ പിടിച്ചുകെട്ടിക്കൊണ്ടാണ് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ സ്പ്രിംങ്.... സമ്മര്‍.... ഫോള്‍.... വിന്റര്‍ ആന്റ് സ്പ്രിംങ്.... എന്ന സിനിമ കാണാന്‍ തുടങ്ങിയത്. പലപ്പോഴും ലൈംഗികതയ്ക്കും, ആത്മീയതയ്ക്കും ഇടയിലെ വടം വലിയില്‍ തൂങ്ങിയാടാറുള്ള മനസ്സിലേയ്ക്ക് ആത്യന്തികമായ ഒരു ഉത്തരമൊന്നും കൊണ്ടുവന്നില്ലെങ്കിലും ഭോഗതൃഷ്ണ എന്നില്‍ നിന്ന് എങ്ങോ പോയി മറഞ്ഞു. മീനമാസരാത്രി അതിന്റെ എല്ലാ രൗദ്രതയോടും വിയര്‍പ്പിനാല്‍ ശരീരത്താല്‍ സ്‌നാനം ചെയ്യിപ്പിക്കുമ്പോഴും അവസാന ഫ്രെയിമും കടന്ന് ദൃശ്യം ഇരുള്‍ മൂടുമ്പോള്‍ എന്നിലേക്ക് ഒരു ഉള്‍തണുപ്പ് പടര്‍ന്നുകയറി. പ്രശാന്തത എന്ന വാക്കിന്റെ അര്‍ത്ഥം ആദ്യമായി അറിഞ്ഞവനെപ്പോലെ ഞാന്‍ കിടക്കയിലേക്ക് നിവര്‍ന്നു.
പക്ഷെ, വൈരുദ്ധ്യങ്ങളാണ് ജീവന്റെ താളം എന്നപോലെ സ്വപ്നത്തില്‍ ഞാന്‍ ഒരു വാള്‍ ഏന്തിയ മനുഷ്യനായിരുന്നു. നിഷ്‌ക്കരുണം ഞാന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ശിരസ്സുകള്‍ അരിഞ്ഞു തള്ളി. എന്നത്തേയും പോലെ തന്റെ പ്രവൃത്തിയുടെ കാര്യകാരണങ്ങള്‍ അജ്ഞാതമായി അവശേഷിപ്പിച്ച് സ്വപ്നം തുടര്‍ച്ച മുറിച്ചുകളഞ്ഞു. ഇരുളിലേക്ക് കണ്ണ് തുറക്കുമ്പോള്‍ മൂത്രാശയം നിറഞ്ഞു കഴിഞ്ഞതായി തലച്ചോര്‍ ഓര്‍മ്മപ്പെടുത്തി. ലൈറ്റ് ഇടാതെ തുറന്ന കണ്ണുകളോടെ അന്ധനായി മാറിയ ഞാന്‍ ചുവരുകളുടെ വഴികാട്ടലില്‍ പുറത്തേക്ക് ഇറങ്ങി. മുമ്പ് പല തവണ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതിനാല്‍ കൃത്യം പതിനാല് ചുവടുകള്‍ വെച്ചപ്പോള്‍ വീടിന്റെ വലതുഭാഗത്തെ പേരമരച്ചുവട് എന്ന ലക്ഷ്യത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. എന്തോ പൊട്ടുന്ന ശബ്ദം കേട്ട് തിരിയവെ വലത്തേക്ക് ഒരു നാല്‍പ്പത്തിയഞ്ച് ഡിഗ്രി കോണ്‍ വരച്ചുകൊണ്ട് മൂത്രം നിന്നു. തുറിച്ച കണ്ണുകളില്‍ അഗ്നിഗോളം കണ്ട ഞാന്‍ 'അയ്യോ' എന്ന് അലറി വിളിച്ചുകൊണ്ട് താഴേക്ക് ഓടി. ഞാന്‍ അവിടേക്ക് എത്തുന്നതിന് മുന്‍പു തന്നെ ആസ്ബറ്റോസ് ഷീറ്റ് വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി.
പതിനഞ്ച് മിനിറ്റിനുള്ളില്‍ നാടുമുഴുവന്‍ ആ വീടിന് ചുറ്റും ചിതറി നിന്നു. നാല്‍പ്പത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പൊലീസ് വന്നെത്തി. ഉറക്കം മുറിഞ്ഞ ദേഷ്യത്തിലാവണം കോട്ടുവായിട്ട് വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയ സി.ഐ തന്റെ കുടവയറിനുമേല്‍ പാന്റ് വലിച്ച് കയറ്റിക്കൊണ്ട് വീടിന് മുന്നില്‍ നിന്നവരെ തെറിവിളിച്ചു. സംഭവം ആദ്യം കണ്ട വ്യക്തി എന്ന നിലയില്‍ സി.ഐയുടെ മുന്നിലേക്ക് ചെല്ലുമ്പോഴും, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോഴും പാറുവമ്മ ഇനിയില്ല എന്ന ഞെട്ടലില്‍ പതിനെട്ട് വര്‍ഷങ്ങളുടെ ജീവിത പരിചയമുള്ള എന്റെ ഹൃദയം വിങ്ങി. ഒരു സിനിമാ കൊട്ടകയുടെ വാതില്‍പോലെ പലതവണ ആ ഇരട്ടപ്പാളി വാതിലുകളിലൊന്ന് തുറന്നടഞ്ഞുകൊണ്ടിരുന്നു. അപ്പോഴെല്ലാം കത്താതെ അവശേഷിച്ച പാറുവമ്മയുടെ ഊന്നുവടി കഷ്ണത്തില്‍ എന്റെ നോട്ടം തറച്ചു.
ഒരു ബക്കറ്റ് വെള്ളവുമായി വന്ന മണിയന്‍ ചേട്ടനോട് അകത്തുകയറി ആ ബോഡിയില്‍ ഒഴിക്കാന്‍ പറഞ്ഞ പോലീസുകാരന് മുന്നില്‍ ഭയത്തോടെ അയാള്‍ നിന്നു. സാധാരണ മരണ വീടുകളില്‍ പോയാല്‍ പോലും ശവശരീരങ്ങള്‍ കാണാന്‍ നില്‍ക്കാത്ത മണിയന്‍ ചേട്ടന് അതിനു കഴിയില്ലെന്ന് എനിക്കുറപ്പായിരുന്നതുകൊണ്ട് ബക്കറ്റുമായി ഞാന്‍ ഉള്ളിലേക്ക് കയറി. മങ്ങിയ കനല്‍ തിളക്കത്തോടെ പുക വമിക്കുന്ന പാറുവമ്മയുടെ നെഞ്ചില്‍ക്കൂടിലേക്ക് ഞാന്‍ ആദ്യകപ്പ് വെള്ളമൊഴിച്ചു. 'ശ്'... എന്ന ശബ്ദത്തോടെ ചാരം പൊങ്ങിപ്പറന്നു. തലേ ദിവസം രാത്രിയും എന്നെ നോക്കി പുഞ്ചിരിച്ച മുഖത്തെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് കുഴികള്‍. കരിഞ്ഞ തലയോട്ടിയുടെ പിളര്‍ന്ന വായ്ക്കുള്ളില്‍ പല്ലുകള്‍ വീണ്ടും ചിരിക്കുന്നു. വേദന എന്റെ കണ്ണുകള്‍ നനച്ച, ഭയം എന്നെ പിടിച്ചുലച്ച അവസാനത്തെ ചിരി.
മലര്‍ന്ന്, കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തി, മുട്ടുകള്‍ മടക്കിവെച്ചതുമാതിരിയാണ് ശരീരം കാണപ്പെട്ടത്. കത്താതെ അവശേഷിച്ച ഇടതുകാല്‍വണ്ണയുടെ ഭാഗത്തുനിന്ന് കുറച്ചുമാംസം അടര്‍ന്ന്, പൊട്ടിയ ചിലന്തിവല പോലെ ആടി, വലിഞ്ഞു തൂങ്ങി നിലത്തേക്ക് വീണു. പെട്ടെന്ന് എന്റെ മനസ്സിലേക്ക് വന്നത് സെക്‌സ് വീഡിയോസില്‍ ധാരാളം കണ്ടിട്ടുള്ള പൊസിഷനു സമാനമായ അവസ്ഥയിലാണല്ലോ മൃതശരീരവും കിടക്കുന്നത് എന്നാണ്. ഛെ... ഞാന്‍ എന്തൊരു മൈരനാണ്. പലപ്പോഴും സ്വന്തം അമ്മയെക്കാള്‍ സ്‌നേഹവും കരുതലും തന്ന സ്ത്രീയുടെ ശവശരീരത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ തോന്നുന്ന ഒരു ചിന്ത! തെറിപ്പാട്ടുകാരന്‍ സി.ഐ. പോലും തൊപ്പി ഊരി ബഹുമാനം കാണിക്കുന്നു. അപ്പോഴാ ഞാന്‍. എനിക്ക് സ്വന്തം തൊലി ഉരിയുന്നമാതിരി തോന്നി. വാക്കുകള്‍ക്ക് അതീതമായ എന്തൊക്കെ ഭാവങ്ങളോടെ ഞാന്‍ സ്വയം തലയ്ക്കിട്ടു തട്ടി. സമീപം നിന്ന പൊലീസുകാരന്‍ സംശയത്തോടെ എന്നെ നോക്കി. ഞാന്‍ തുടരെ പാറുവമ്മയുടെ ശരീരത്തിലേക്ക് വെള്ളമൊഴിച്ചു. ഉയര്‍ന്നു പൊങ്ങിയ ചാരം എനിക്കും പൊലീസുകാരനുമിടയിലെ കാഴ്ച മറച്ചുകൊണ്ട് മതില്‍ തീര്‍ത്തു.
ഇതിപ്പോ കുറച്ച് നാളുകളായി വലിയ പ്രശ്‌നമാണ്. അനവസരത്തില്‍ ഔചിത്യമില്ലാതെ കയറിവരുന്ന ഭ്രാന്തന്‍ ചിന്തകള്‍. എനിക്ക് സ്വയം തോന്നാറുണ്ട് എനിക്കെന്തോ മാനസിക പ്രശ്‌നമുണ്ടെന്ന്? ഒരു കല്ല്യാണ വീട്ടില്‍ വരന്റെയും, വധുവിന്റെയും മുന്‍പില്‍ നില്‍ക്കുമ്പോഴായിരിക്കും പെട്ടെന്ന് വരന്‍ മരിച്ചു കിടക്കുന്നതോ, അല്ലെങ്കില്‍ വധു വരനെ കുത്തിക്കൊല്ലുന്നതോ ആയ ചിന്ത കടന്നു വരിക. മുന്‍പൊരിക്കല്‍ ബസ്സില്‍ സഞ്ചരിക്കവെ പെട്ടെന്ന് അതിന്റെ ഡ്രൈവര്‍ തോക്കെടുത്ത് യാത്രക്കാരെ വെടിവെയ്ക്കുന്നതായി തോന്നി. രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് അടുത്ത വീട്ടിലെ കുഞ്ഞ് പുഞ്ചിരിയോടെ എന്റെ സമീപത്തേക്ക് ഓടി വരവെ ആ കുഞ്ഞിന്റെ ശരീരത്തിലേക്ക് ഏതോ വാഹനം കയറി ചതഞ്ഞരയുന്നതുപോലെ തോന്നി. ഞാന്‍ എന്റെ കണ്ണുകള്‍ പൊത്തി നിലത്തിരുന്നു. ഞാന്‍ അവളോടൊപ്പം കളിക്കുകയാണെന്ന് കരുതി അവള്‍ ഓടിവന്ന് എന്റെ പുറത്തു കയറി. അതിനോടകം മാനസികമായി നിലംമുട്ടിപ്പോയിരുന്ന ഞാന്‍ കുഞ്ഞു സ്‌നേഹത്തിന്റെ ഭാരത്താല്‍ വീണ്ടും ആഴങ്ങളിലേക്ക് വീണു.
സ്‌ട്രെച്ചറിലേക്ക് എടുത്തു വയ്ക്കുന്നതിനിടയില്‍ നട്ടെല്ലുപൊട്ടി ശരീരം രണ്ടായി. മുകളിലേക്ക് ഉയര്‍ന്നുനിന്ന കാലുകളുടെ ഭാരത്താലാകണം ഇടുപ്പിന് കീഴ്ഭാഗം ഒരു കസേരയില്‍ ഇരിക്കുന്നവണ്ണം ഉയര്‍ന്നുവന്നു. തല്‍സമയം പുറത്തെവിടെയോ ഉയര്‍ന്നുകേട്ട വെടിപൊട്ടുന്ന ശബ്ദവും, വീശിയടിച്ച തണുത്ത കാറ്റും കൂടി ആയപ്പോള്‍ ഭീതി ആ ചെറിയ മുറിയിലെ മനുഷ്യരുടെ ഇടയിലേക്ക് ഇഴഞ്ഞിറങ്ങി. സഹായിക്കാന്‍ വന്ന മനോജ് ചേട്ടന്‍ തുറിച്ച കണ്ണുകളോടെ എന്നെ നോക്കി. സമീപം നിന്ന പൊലീസുകാര്‍ അല്‍പം പുറകിലേക്ക് മാറി. പ്രിയപ്പെട്ട ഒരാളുടെ മരണം അതിന്റെ എല്ലാ ഭീകരതയിലും കണ്‍മുന്നില്‍ കിടക്കുമ്പോഴും ഒരു റോബോട്ടിനെപ്പോലെ ഞാന്‍ ആ ശരീരത്തെ പൊതിഞ്ഞുകെട്ടി സ്‌ട്രെച്ചറിലേക്ക് എടുത്തുവച്ചു.
നാളെ രാവിലെ രണ്ട് മൂന്നുപേര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തണം. പറഞ്ഞതിനുശേഷം ആംബുലന്‍സിന് പുറകെ പൊലീസുകാരും പോയി.
അണഞ്ഞ തീക്കുണ്ടില്‍ നിന്നെന്നപോലെ നേര്‍ത്ത പുക പതിയെ ഉയര്‍ന്ന് പൊങ്ങുന്ന വീട്ടിലേക്ക് ഞാന്‍ ഒന്നുകൂടി നോക്കി. അമ്പരന്ന മുഖങ്ങളോടും, മുറുമുറുക്കുന്ന ചുണ്ടുകളോടും അപ്പോഴും അവിടേക്ക് വന്നുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ നെടുവീര്‍പ്പോടെയും വിഷമത്തോടെയും തിരികെപ്പോയി. എല്ലാവരും നാട്ടുകാര്‍, പരിചയക്കാര്‍, സുഹൃത്തുക്കള്‍ പക്ഷെ ഞാന്‍ ഒരു മുഖങ്ങളിലേക്കും നോക്കിയില്ല. ഗുരുത്വാകര്‍ഷണം കൂടുതല്‍ ഉള്ള ഏതോ ഗ്രഹത്തില്‍ക്കൂടി നടക്കുന്നവനെപ്പോലെ എന്റെ ശിരസ്സ് കുനിഞ്ഞുതന്നെ കാണപ്പെട്ടു.
മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടപ്പോള്‍ വേദനയെക്കാള്‍ ഒരുള്‍ഭയം എന്നെ പൊതിഞ്ഞു. കട്ടിലിലേക്ക് മലര്‍ന്ന ഞാന്‍ ലൈറ്റ് കെടുത്തി കണ്ണുകള്‍ ഇറുക്കി അടച്ചു. ഇരുട്ടിനൊപ്പം അന്നുവരെ ദൃശ്യ-ശ്രവ്യമായി അറിഞ്ഞ മുഴുവന്‍ കഥകളിലെയും ഭീകര രൂപികള്‍ ചുറ്റും നില്‍ക്കുന്നതായി എനിക്കു തോന്നി. കുത്തേറ്റ അട്ടയെപ്പോലെ ഞാന്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു. സ്വയം ഒരു വേട്ടമൃഗത്തിന്റെ മാനസികാവസ്ഥയിലേക്ക് താഴ്ന്നു പോകുന്നപോലെ എനിക്ക് തോന്നി. അനേകം രൂപങ്ങള്‍ എനിക്ക് ചുറ്റും നൃത്തം ചെയ്യുന്നപോലെയും, എന്റെ പുതപ്പ് വലിച്ചുമാറ്റി അവര്‍ ഉടന്‍ തന്നെ എന്റെ കഴുത്ത് മുറിക്കുമെന്നും ഞാന്‍ ഉറപ്പിച്ചു. സൗരവ് ഗാഗുലിയുടെ മുഖച്ഛായയുള്ള പുഴയില്‍ മുങ്ങി മരിച്ച പീറ്റര്‍ ചേട്ടന്‍, ഉയര്‍ന്ന ജാതിയിലെ പെണ്ണിനെ സ്‌നേഹിച്ചതിന് പണ്ട് കൊന്ന് കിണറ്റില്‍ താഴ്ത്തപ്പെട്ട നാണുവാശാന്‍, കഴിഞ്ഞ ദിവസം കണ്ട കൊറിയന്‍ സിനിമയിലെ നരഭോജിയായ വൃദ്ധന്‍, കരടി വികൃതമാക്കിയ മുഖമുള്ള ചൈനാക്കാരന്‍, ഇടയ്ക്കിടെ സ്വപ്നത്തിലേക്ക് വരാറുള്ള കാളത്തലയും, കൈകളുടെ സ്ഥാനത്ത് ചിറകുമുള്ള മനുഷ്യന്‍ അങ്ങനെ അറിഞ്ഞതും അറിയാത്തതുമായ അനേകം രൂപങ്ങള്‍. അതിനിടയില്‍ പ്രിയപ്പെട്ട പാറുവമ്മയുടെ മുഖവും ഉണ്ടാകുമോ?
മരിച്ചാല്‍ പിന്നെ എല്ലാവരും വേറെ ആള്‍ക്കാരായി മാറും. ജീവിച്ചിരിക്കുമ്പോള്‍ ഉള്ളപോലെ ആയിരിക്കുകയേ ഇല്ല അവര്‍. അതുകൊണ്ടാണ് നമ്മള് മരണാനന്തര ചടങ്ങുകള്‍ ചെയ്യണേ. പാറുവമ്മ മുന്‍പ് ഒരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മവന്നു. ചാടി എഴുന്നേറ്റ് ഞാന്‍ ലൈറ്റിട്ടു.
എപ്പോ ഉറങ്ങിയെന്നറിയില്ല. പക്ഷെ ജീവിതത്തിലെ ഏറ്റവും ഭീതിദമായ രാത്രിക്കുശേഷം കരക്കമ്പി കേട്ടുകൊണ്ടാണ് രാവിലെ ഉണര്‍ന്നത്. വാതില്‍ക്കലേയ്ക്ക് വന്ന് ഞാന്‍ ശ്രദ്ധിച്ചു.
ആ ദാസന്‍ ഇല്ലേ അയാള് തന്നെ തട്ടിയതാണെന്നാ എനിക്ക് തോന്നുന്നേ. അയാള് ഈ പാറുവമ്മയ്ക്ക് ഒരുപാട് കാശ് കൊടുക്കാനുണ്ടായിരുന്നെന്ന്. ഇന്നലെ വൈകീട്ട് കൂടി അയാള് അവിടുന്ന് ഇറങ്ങിപ്പോകുന്നത് നമ്മുടെ റോബിന്‍സണ്‍ കണ്ടതാണെന്നേ.
പേരില്‍മാത്രം പ്രസന്നതയുള്ള, നാട്ടിലെ പ്രധാന ഏഷണിക്കാരിയായ പ്രസന്നചേച്ചി ചായ ഊതിക്കുടിച്ചുകൊണ്ട് പറഞ്ഞു.
പോടീ. അയാള് അങ്ങനെ ചെയ്യോ? അവര്‍ക്ക് തീരെ വയ്യായിരുന്നെന്നേ. ഇന്നലെ വൈകീട്ട് കൂടി ഇവിടുത്തെ ചെറുക്കന്‍ പോയി നോക്കിയതാ. ഉറക്കത്തിനിടയില്‍ മണ്ണെണ്ണ വിളക്ക് മറിഞ്ഞ് തീ പിടിച്ചതാണെന്നാ എല്ലാരും പറയുന്നേ. ചെറിയമ്മ പറഞ്ഞു.
പതിവിന് വിപരീതമായി നൂറു നാവുള്ള അമ്മ ബാലകൃഷ്ണന്‍ മാമന്റെ, അമേരിക്കയില്‍ പഠിക്കാന്‍ പോയി മാനസിക പ്രശ്‌നങ്ങളുമായി മടങ്ങിവന്ന് എപ്പോഴും പുഴയിലേക്ക് കണ്ണ് നട്ടിരിക്കാറുള്ള മകള്‍ വിന്ധ്യയെപ്പോലെ നിന്നു.
വിളക്ക് തട്ടിയിട്ടതും ആവോല്ലോ ചേച്ചി?
ടീ... നീ വെറുതെ കാര്യം അറിയാതെ ഒന്നും പറഞ്ഞോണ്ട് നടക്കരുത്. ആ ദാസന്‍ ഇതൊന്നും മനസാവാചാ അറിയാത്തതാണെങ്കിലോ? നിനക്ക് പണ്ട് അവനോട് പ്രേമമായിരുന്നെന്നും, അവന്‍ നിന്നെ കെട്ടാത്തതിലുളള ചൊരുക്ക് നിനക്ക് ഇപ്പോഴും അവനോട് ഉണ്ടെന്നും ഇവിടെ എല്ലാര്‍ക്കും അറിയാം.
ബാറ്ററി തീര്‍ന്ന് നിലച്ച ഘടികാരം പോലെ പ്രസന്ന ചേച്ചി നിശബ്ദയായി. ഗ്ലാസ്സില്‍ അവശേഷിച്ച തേയിലക്കൊത്ത് നിലത്തേക്ക് ഒഴിച്ച് അവര്‍ പടിക്കെട്ടില്‍നിന്നും എഴുന്നേറ്റു.
മനോജ് ചേട്ടന്റെ വീടിന് സമീപത്തെ ഇടവഴിയില്‍വെച്ചാണ് അമ്മുവിനെ ഞാന്‍ കണ്ടത്. എനിക്ക് അവളെ ഇഷ്ടമാണെന്ന് അവള്‍ അറിഞ്ഞതിനുശേഷം തൊട്ടുകൂടായ്മ നിലനിന്നിരുന്ന കാലത്തിലെ അടിയാളിനെപ്പോലെ എന്നില്‍ നിന്ന് എപ്പോഴും നാലഞ്ച് അടി മാറി മാത്രമെ അവള്‍ നടന്നിരുന്നുള്ളൂ. ശാരീരികമായി സൃഷ്ടിക്കപ്പെട്ട നാലടി അകലത്തില്‍ നിന്ന് മാനസികമായി അതിന്റെ അനേകം ഇരട്ടി അകലത്തിലേക്ക് അതിനോടകം മാറിക്കഴിഞ്ഞിരുന്നു ഞാന്‍. അതിനു കാരണവും പാറുവമ്മ ആയിരുന്നു.
നമ്മളെ ഒരാള്‍ക്ക് ഇഷ്ടമല്ലെന്ന് മനസ്സിലായാല്‍ പിന്നെ നമ്മള്‍ അങ്ങോട്ട് പോകാതിരിക്കുക. കഷ്ടപ്പെട്ട് ഇഷ്ടപ്പെടുക എന്നു പറയുന്നത് പിന്നീട് ജീവിതത്തില്‍ കുറ്റപ്പെടുത്തലുകള്‍ക്കും, കണക്കു പറച്ചിലുകള്‍ക്കും കാരണമാകും.
കുറ്റിയായ ബീഡിത്തുണ്ട് ചാണകം മെഴുകിയ തറയില്‍ കുത്തി അണച്ചുകൊണ്ട് പാറുവമ്മ ഒരിക്കല്‍ ഇത് പറഞ്ഞപ്പോള്‍ അവരില്‍ നിന്ന് വന്ന നെടുവീര്‍പ്പില്‍ സ്വന്തം ജീവിതാനുഭവങ്ങളുടെ ശേഷിപ്പുകള്‍ തങ്ങിനില്‍പ്പുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. രണ്ടടി മാത്രം വീതിയുള്ള വഴിയില്‍ അമ്മു എങ്ങനെ നാലടി മാറി നടക്കും. കുറച്ച് ചുവടുകള്‍ പുറകിലേക്ക് മാറി ഞാന്‍ പുരയിടത്തിലേക്ക് ഇറങ്ങി നിന്നു. അവള്‍ നടന്ന് എന്റെ സമീപത്തേക്ക് വന്നു. കുനിഞ്ഞ മുഖത്തില്‍ നിന്ന് ജിജ്ഞാസ രണ്ട് കണ്ണുകളെ വലിച്ചുയര്‍ത്തി അവള്‍ക്കുനേരെ പിടിച്ചു. അമ്പരപ്പ് ആ കണ്ണുകളെ വിടര്‍ത്തി. അവള്‍ എന്നെ നോക്കി ചിരിക്കുന്നു. ഇടതുകൈയുടെ ചൂണ്ടുവിരലിന്റെ നഖത്തോട് ചേര്‍ന്ന ഭാഗത്ത് ഞാന്‍ അമര്‍ത്തി നോക്കി. സ്വപ്നമാണോ, യാഥാര്‍ത്ഥ്യമാണോ എന്ന് പരീക്ഷിക്കാനുള്ള പണ്ടെങ്ങോ ശീലിച്ച മാര്‍ഗ്ഗം.
ഞാനും ഇന്നലെ അവിടെ ഉണ്ടായിരുന്നു. അതൊന്നും ചെയ്യുമ്പോ നിനക്ക് പേടി തോന്നില്ലേ. ദൂരെ നിന്ന് ശരീരം കണ്ടിട്ട് അച്ഛന്‍ പറയുന്നത് കേട്ടപ്പോള്‍ തന്നെ എനിക്ക് പേടിയായി. അമ്മയെ കെട്ടിപ്പിടിച്ച് കിടന്നിട്ടും എനിക്ക് ഉറങ്ങാന്‍ പറ്റീല. അന്നേരം എല്ലാം അടുത്ത് നിന്ന് കണ്ട നിന്നെ ഞാന്‍ ഓര്‍ത്തു.
ഞങ്ങള്‍ക്കിടയിലെ അകലം കുറയുകയാണോ? അതിന് ഒരു മരണം വേണ്ടിവന്നോ? എന്തിനായിരിക്കും അവള്‍ എന്നോട് വന്ന് സംസാരിച്ചത്. അനേകം ചോദ്യങ്ങള്‍ക്കിടയില്‍ പാറുവമ്മയുടെ വാക്കുകള്‍ വീണ്ടും ഞാന്‍ ഓര്‍ത്തു. തിരിഞ്ഞു നോക്കാതെ ഞാന്‍ മുന്നോട്ട് നടന്നു.
ഞാന്‍ നോട്ടമിട്ടിരുന്ന അതേ പേരയ്ക്ക ലക്ഷ്യം വച്ച് സന്ധ്യാ സമയത്തു വന്ന വവ്വാല്‍ തലകീഴായി തന്റെ അഭ്യാസ പ്രകടനം ആരംഭിച്ചതും ഞാന്‍ ഒരു മുഴുത്ത കല്ല് അതിന്റെ നേരെ വലിച്ചെറിഞ്ഞതും ഒരുമിച്ചായിരുന്നു. പക്ഷെ എന്നത്തെയും പോലെ കല്ല് അതിന്റെ വഴിക്കും, വവ്വാല്‍ അതിന്റെ വഴിക്കും പോയി. പാറുവമ്മയുടെ വീടിന്റെ ഭാഗത്തുനിന്നും ഒരു ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് എറിഞ്ഞ കല്ല് നിലം തൊട്ടെന്ന് എനിക്ക് മനസ്സിലായത്. പക്ഷെ, പെട്ടെന്നാണ് അത് സംഭവിച്ചത് ഒരാള്‍ ആ വീടിന്റെ സമീപത്ത് നിന്നും ഇറങ്ങി ഓടുന്നു. ഇരുട്ടില്‍ കൃത്യമായി മുഖം കണ്ടില്ലെങ്കിലും ശരീരഭാഷവെച്ച് ഞാന്‍ ഏകദേശം ആളെ ഉറപ്പിച്ചു. ദാസന്‍. ആറ്റരികത്തെ ദാസന്‍.
ആദ്യമായി എനിക്കുള്ളിലെ ഡിക്ടറ്റീവ് ഉണര്‍ന്നെഴുന്നേറ്റു. പ്രസന്നചേച്ചിയുടെ വാക്കുകള്‍ സംശയത്തിന്റെ കുന്തമുനയുടെ രൂപത്തില്‍ ദാസനിലേക്ക് നീളവെ എന്റെ തലച്ചോറിനുള്ളില്‍ അപസര്‍പ്പകന്‍ തന്റെ റൂട്ട് മാര്‍ച്ച് ആരംഭിച്ചു.
ടാ ചെറുക്കാ, ചായ കുടിക്കാന്‍ വാ. അമ്മ വിളിച്ചു പറഞ്ഞു.
ആ ശബ്ദത്തെ അവഗണിച്ചുകൊണ്ട് പേടിയോടെ ആണെങ്കിലും പാറുവമ്മയുടെ വീടിന്റെ സമീപത്തേക്ക് ഞാന്‍ നടന്നു. കണ്ട മുഴുവന്‍ സിനിമകളിലേയും കുറ്റാന്വേഷകരെ ഞാന്‍ സ്മരിച്ചു. കൊലപാതകി എന്ന് സംശയിക്കുന്ന ഒരാള്‍ വീണ്ടും കൊലപാതകം നടന്ന സ്ഥലത്ത് വരണമെങ്കില്‍ അയാള്‍ അവിടെ എന്തെങ്കിലും വിട്ടിട്ട് പോയിട്ടുണ്ടാകുമെന്ന പ്രാഥമിക ചിന്തയില്‍ ഞാന്‍ നിലയുറപ്പിച്ചു. ദാസന്‍ ഓടി മാറിയ വീടിന്റെ ഭാഗത്തേക്ക് ഞാന്‍ നടന്നു. ജനലിന്റെ താഴെ രണ്ട് കാല്‍പ്പാടുകള്‍. അയാള്‍ അവിടെനിന്ന് ഉള്‍ഭാഗം നിരീക്ഷിക്കുകയായിരുന്നിരിക്കും. ഞാനും തലയുയര്‍ത്തി അകത്തേക്ക് നോക്കി. 'മണ്ണെണ്ണ വിളക്ക് മറിച്ചിട്ടതും ആകാല്ലോ?' എന്ന പ്രസന്നചേച്ചിയുടെ വാക്കുകള്‍ തലയ്ക്കുള്ളില്‍ മണി മുഴക്കി. അപ്പോ അവര്‍ പ്രണയച്ചൊരുക്കില്‍ പറഞ്ഞതല്ല. പെട്ടെന്ന് ഇലകള്‍ ഞെരിയുന്ന ശബ്ദം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു. മുന്‍പില്‍ അതാ അച്ഛന്‍. ഞങ്ങള്‍ രണ്ടാളും പേടിച്ചു. ഹൃദയം വാരിയെല്ലുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ പോലെ വന്ന് ഇടിച്ചുകൊണ്ടിരുന്നു.
നീ എന്താടാ ഈ രാത്രി ഇവിടെക്കിടന്ന് കറങ്ങുന്നേ. കേറി പോ... നിനക്ക് അറിയാല്ലോ ഇവര്‍ക്ക് കൂടോത്രം ഒക്കെ ഉണ്ടായിരുന്നു. ദുര്‍മരണമാണ്. അതുകൊണ്ട് ഇവിടെയൊക്കെ തന്നെയുണ്ടാകും.
അച്ഛന്‍ നീട്ടിയടിച്ച ടോര്‍ച്ചിന്റെ വെളിച്ചം മാവിന്‍ മുകളിലെ തിളങ്ങുന്ന രണ്ട് കണ്ണുകളില്‍ ചെന്ന് തട്ടി. ഒന്ന് തിരിഞ്ഞ് ആ കണ്ണുകള്‍ ഒരു വൃത്തം പൂര്‍ത്തിയാക്കിയശേഷം ചിറകുകള്‍ വീശി ഇരുളില്‍ മറഞ്ഞു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്താണെന്ന് അറിയേണ്ടത് നാട്ടില്‍ മറ്റാരെക്കാളും എന്റെ ആവശ്യം ആയിരുന്നതിനാല്‍ ഞാന്‍ മനോജ് ചേട്ടനെ കുത്തിപ്പൊക്കി സ്റ്റേഷനിലേക്ക് പോയി.
റിപ്പോര്‍ട്ട് സി.ഐ. സാറിന്റെ അടുത്താ. അയാളാണെങ്കില്‍ രാവിലെ മുതല് ചൊറിഞ്ഞ് നില്‍ക്കുവാ. എസ്.ഐയോട് ഇപ്പോ ഒരു റൗണ്ട് കഴിഞ്ഞതേയുള്ളൂ. ഇനി റിപ്പോര്‍ട്ടെന്നും പറഞ്ഞ് ഞാന്‍ കയറിച്ചെന്നാ ബാക്കി എനിക്കായിരിക്കും. പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വാ. ഞാന്‍ നോക്കിയിട്ട് പറയാം. അല്ലെങ്കില്‍ തന്നെ ഇപ്പോ അറിഞ്ഞിട്ട് എന്തിനാ. ഇതിന്റെ അന്വേഷണം നടക്കാനൊന്നും പോകുന്നില്ല. ഇവിടെ ഒരു കേസ് മുന്നോട്ട് പോകണമെങ്കില്‍ പുറകെ നടക്കാന്‍ ആളും, പൈസയുമൊക്കെ വേണം. അല്ലെങ്കില്‍ പിന്നെ സോഷ്യല്‍ മീഡിയിലൊക്കെ ആരെങ്കിലും ഇട്ട് വിവാദമാക്കണം. ഇവിടെ അതും ഇല്ല. ഒരു അപകടമരണമെന്ന പേരില്‍ ഫയല്‍ അങ്ങ് മടങ്ങും അത്ര തന്നെ. അതാ ഈ കേസിന്റെ വിധി. അല്ലെങ്കിലും ഇത് ഒരു അപകടമരണമാണല്ലോ? അല്ലേ? നിനക്ക് ആരെങ്കിലും സംശയമുണ്ടോ?
സുഹൃത്തായ പൊലീസുകാരന്റെ ചോദ്യം കേട്ട് ഒന്നുമറിയാത്ത മനോജ് ചേട്ടന്‍ എന്നെ നോക്കി. ഞാന്‍ സി.ഐ.യുടെ മുറിയുടെ വാതിക്കലേക്കും.
പോകാം. ചേട്ടന്‍ തിരികെ നടന്നു. ഞാന്‍ അവിടെത്തന്നെ നിന്നു. അകത്തേക്ക്..... ഒരു ശബ്ദം ഉള്ളിലിരുന്ന് പറയുന്നപോലെ എനിക്ക് തോന്നി. ഒരു ബിന്ദുവില്‍ നിന്ന് വരച്ച നേര്‍ രേഖപോലെ കുറച്ച് ചുവടുകള്‍ക്കുശേഷം നിന്ന മനോജ് ചേട്ടന്‍ തിരിയവെ എതിര്‍ ദിശയിലേക്കുള്ള രേഖയായി സ്വയം ഞാന്‍ മാറി. ഒരു ഭാരമില്ലായ്മ എനിക്ക് അനുഭവപ്പെട്ടു. സിംഹത്തിന്റെ മുന്നിലേക്ക് നടന്നു കയറുന്ന മാന്‍ക്കുട്ടിയെ എന്നപോലെ രണ്ടുപേരും എന്നെ നോക്കി.
ഫോണില്‍ നോക്കി ചിരിക്കുകയായിരുന്ന സി.ഐ. മുഖമുയര്‍ത്തി നോക്കി. എന്റെ നേരെ നീണ്ട വിരല്‍ ചൂണ്ടലിനും, ഓര്‍ത്തെടുക്കലുകളുടേതായ പുരികം ചുളിക്കലുകള്‍ക്കും ശേഷം നീ അല്ലേടാ ആ കിളവിയുടെ ബോഡിയെടുക്കാന്‍ സഹായിച്ചത്. നിന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്ന് സി.ഐ. പറഞ്ഞപ്പോള്‍ പരിചയം എന്റെ ലക്ഷ്യത്തിലേക്കുള്ള പിടിച്ചുകയറ്റത്തെ എളുപ്പമാക്കും എന്ന ചിന്തയില്‍ ഞാന്‍ അതെ സാര്‍ എന്നു പറഞ്ഞു.
ഉം.... നീ എന്താ ഇപ്പോ ഇവിടെ?
സാവധാനം, വാക്കുകളുടെ ഇടര്‍ച്ചയോടെ ഞാന്‍ കാര്യം പറഞ്ഞു. അയാളുടെ സ്വരം കനത്തു.
അത് എന്തിനാടാ നീ അറിയുന്നേ? അവര് നിന്റെ ആരാ? സ്വന്തം അമ്മൂമ്മയാണോ? നീ ഇപ്പോ പൊലീസിന്റെ പണിയും തുടങ്ങിയോ?
സ്വന്തം അമ്മൂമ്മ ആണെങ്കിലേ അറിയാവൂ എന്നുണ്ടോ സാര്‍. എന്റെ സ്വന്തം അമ്മൂമ്മയെക്കാള്‍ എനിക്കവരെ ഇഷ്ടാ... വാക്കുകള്‍ മുറിഞ്ഞെങ്കിലും കനമുള്ള കണ്ണുനീര്‍ തുള്ളികള്‍ തീര്‍ത്ത ചാല്‍ മുറിഞ്ഞില്ല. അവ നിര്‍ബാധം ഒഴുകി.
തലയുടെ പുറക് വശത്തായി അടിയേറ്റപ്പോലെ ചെറിയൊരു പാടുണ്ടായിരുന്നെന്നും, പക്ഷെ തീപൊള്ളലാണ് മരണ കാരണമെന്നും സി.ഐ തന്റെ കഴിവിന്റെ പരമാവധി സൗമ്യമായി പറഞ്ഞപ്പോള്‍ ഉറവ വറ്റിയപോലെ എന്റെ കണ്ണുനീര്‍ നിന്നെങ്കിലും സംശയത്തിന്റെ ചരട് കുരുങ്ങിത്തന്നെ കിടന്നു. തലകുലുക്കി ഞാന്‍ പുറത്തേക്ക് നടന്നു. എനിക്ക് ഒന്ന് മനസ്സിലായി. ഒരു അന്വേഷകന്‍ വെള്ളം പോലെ ആയിരിക്കണം. അവന് തടം കെട്ടാനും, ഒഴുകിപ്പരക്കാനും, ഊര്‍ന്നിറങ്ങാനും, നിറഞ്ഞു തുളുമ്പാനും എല്ലാം ഒരു പോലെ കഴിയണം. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം. എന്റെ മുഖത്ത് നേര്‍ത്തൊരു പുഞ്ചിരി തെളിഞ്ഞു. പക്ഷെ, സത്യമായും എന്റെ കരച്ചില്‍ സ്വാഭാവിക പ്രതികരണം തന്നെയായിരുന്നു.
സംശയമുള്ള ആളെ സൂക്ഷ്മമായി നിരീക്ഷിക്കുക. കുറ്റകൃത്യത്തിനുശേഷം ആ വ്യക്തിക്ക് പൂര്‍ണ്ണമായും അയാളായിരിക്കാന്‍ ആവില്ല. ഏതെങ്കിലും ഒരു നിമിഷം വാക്കായോ, പ്രവൃത്തിയായോ, നോട്ടമായോ ഒക്കെ അയാളിലേക്കുള്ള രഹസ്യങ്ങളുടെ വിടവ് സൃഷ്ടിക്കപ്പെടാം.
അതുവരെയും പുഴയില്‍ കുളിക്കാന്‍ എത്തിയിരുന്ന പെണ്ണുങ്ങളെ മാത്രം കണ്ട് ശീലിച്ച പൊടിയന്റെ ബൈനോക്കുലര്‍ കണ്ണ് അന്നേദിവസം മുഴുവന്‍ ദാസന്റെ ദൃഢശരീരം കണ്ടു. പാത്തും, പതുങ്ങിയും ഞാന്‍ അയാളുടെ പുറകെ കൂടി. റേഷന്‍ കട, വീട്, പുഴക്കര ഈ മൂന്ന് സ്ഥലങ്ങളെയും ചുറ്റിപ്പറ്റിയായിരുന്നു ദാസന്റെ അന്നത്തെ ദിവസം. എന്റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചുകൊണ്ട് അയാള്‍ സാധാരണ പോലെ പെരുമാറി. റേഷന്‍ കടയില്‍ നിന്ന് തിരികെ വരുന്ന വഴി അയാള്‍ പാറുവമ്മയുടെ വീടിന്റെ സമീപം നിന്ന് അവിടേക്ക് നോക്കി. ബൈനോക്കുലര്‍ കാഴ്ചക്ക് നല്‍കാനാവുന്ന ഏറ്റവും ക്ലോസ് അപ്പില്‍ ഞാന്‍ ആ മുഖത്ത് ഭയത്തിനും, പരിഭ്രമത്തിനും പകരം നമുക്ക് പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമ്പോഴുള്ള വിഷമവും, നെടുവീര്‍പ്പുമാണ് കണ്ടത്. താഴ്ന്ന തോളുകളോടെ സാവധാനം അയാള്‍ നടന്നു പോകവെ സംശയത്തിന്റെ നോട്ടം ഞാന്‍ സ്വയം എന്റെ നേരെ തിരിച്ചു. കഴിഞ്ഞ ദിവസം ഞാന്‍ കണ്ടത് അയാളെത്തന്നെയായിരുന്നോ? ഓര്‍മ്മയിലേക്ക് ആ ദൃശ്യങ്ങളെ കൊണ്ടുവന്ന് മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് നോക്കി. അതെ അത് ദാസന്‍ തന്നെയായിരുന്നു. അങ്ങനെ തീരുമാനിക്കാന്‍ വരട്ടെ. സ്വയം മാനസിക പ്രശ്‌നമുണ്ടോയെന്ന് സംശയിക്കുന്നവനാണ് നീ. ആ നിനക്ക് കണ്ടത് അയാളെത്തന്നെയാണെന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും. സ്വയം ചോദിച്ച ചോദ്യത്തിന്റെ കുടുക്ക് എന്റെ കഴുത്തില്‍ കിടന്ന് മുറുകി. ഒന്നുകില്‍ അയാള്‍ അതിവിദഗ്ധനായ ഒരു ക്രിമിനല്‍ ആയിരിക്കണം. അതല്ലെങ്കില്‍?.... ഇരുന്നിടത്തുനിന്നും ഞാന്‍ എഴുന്നേറ്റു. അയാള്‍ നിരപരാധിയായിരിക്കാം എന്ന് മനസ്സില്‍ ഉറപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്തുകൊണ്ട്?
ഗ്രാമത്തിലേക്ക് വന്ന് പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും, പ്രസന്നചേച്ചിയടക്കം പതിനാലോളം പേരെ ചോദ്യങ്ങളാല്‍ ഇളക്കിമറിച്ചിട്ടും ദാസന്‍ എന്ന മനുഷ്യന്‍ പുകമറയ്ക്കുള്ളില്‍ തന്നെയായിരുന്നു. നാട്ടില്‍ എല്ലാവര്‍ക്കും അയാളെ അറിയാം. അയാള്‍ ഒരു ദിവസമെങ്കിലും ജോലിചെയ്യാത്ത വീടുകള്‍ ഗ്രാമത്തില്‍ കുറവാണ്. എന്തു ജോലിക്കു വിളിച്ചാലും അയാള്‍ ചെല്ലും. എല്ലുമുറിയെ പണി ചെയ്യും. കൊടുക്കുന്നത് വാങ്ങും. അധികം സംസാരിക്കില്ല. അയാള്‍ ദേഷ്യപ്പെട്ടോ സങ്കടപ്പെട്ടോ ഇതുവരെ ആരും കണ്ടിട്ടില്ല. ആരോടെങ്കിലും ദാസനെപ്പറ്റി ചോദിച്ചാല്‍?
നമ്മുടെ ആറ്റരികത്തെ ദാസനാ.... അവനൊരു പാവം. ആര്‍ക്കും ഒരു ശല്യവുമില്ല. സഹായമേ ഉള്ളൂ. ചോദ്യത്തിന്റെ രീതിയൊന്ന് മാറ്റി വളഞ്ഞു പിടിച്ചാലോ?
വലി, കുടി, പെണ്ണ് അങ്ങനെ ഒരു പരിപാടീം ഇല്ല. ബന്ധുക്കളോ, സ്വന്തക്കാരോ അതും ഇല്ല. ഒറ്റാന്തടി.
ഇതില്‍ കൂടുതല്‍ ഒന്നും ദാസനെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ഒരാളെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ എന്താ അറിയേണ്ടത്. ഒന്ന് ആലോചിച്ചിച്ചാല്‍ മനോജേട്ടനെക്കുറിച്ചും ഇത്രയൊക്കെയല്ലേ തനിക്കറിയു. ഈ നാട്ടില്‍ എത്രപേരെ, നേരില്‍ കാണുമ്പോഴുള്ള പുഞ്ചിരിക്കും, കൈവീശലുകള്‍ക്കും, രണ്ട് വര്‍ത്തമാനങ്ങള്‍ക്കും അപ്പുറം തനിക്കറിയാം. ഈ ദാസന്‍ പോലും പലപ്പോഴും സംസാരിക്കാന്‍ ഉത്സാഹം കാണിച്ചപ്പോള്‍ താന്‍ ഒഴിഞ്ഞു മാറുകയല്ലേ ചെയ്തത്. അജ്ഞാതമായ ഭൂതകാലമൊഴിച്ചുനിര്‍ത്തിയാല്‍ തന്നെക്കാള്‍ ദാസന്‍ തെളിമയുള്ളവനാണെന്ന് പെട്ടെന്ന് എനിക്ക് തോന്നി. അപരിചതത്വത്തിന്റെ തുലാസില്‍ രണ്ട് തട്ടുകളിലായി ഞാനും ദാസനും ഇരുന്നു. എന്റെ തട്ട് പതിയെ താഴ്ന്ന് നിലം മുട്ടി.
നോട്ട് പുസ്തകത്തില്‍, തന്റെ വടിവൊത്ത അക്ഷരങ്ങളില്‍ പാറുവമ്മ എഴുതിവച്ച സ്വന്തം പേരിന് മുകളിലൂടെ ഞാന്‍ വിരല്‍ ഓടിച്ചു. ഓര്‍മ്മകള്‍ തിരിഞ്ഞോടി. എന്റെ അമ്മൂമ്മയടക്കം നാട്ടില്‍ പ്രായമായ പലരും പാറുവമ്മയെ ''മലടി'' എന്നാണ് വിളിച്ചിരുന്നത്. പ്രസവിക്കാത്തവള്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥമെന്ന് അറിഞ്ഞ ദിവസം എനിക്ക് കഴിക്കാന്‍ കിട്ടിയ നാരങ്ങ മിഠായികളില്‍ ഒന്ന് ഞാന്‍ അവര്‍ക്ക് നേരെ നീട്ടി. മുന്‍ വരിയില്‍ അവശേഷിച്ച രണ്ട് പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് എന്റെ കുഞ്ഞു കൈവിരലുകള്‍ മുറുക്കി അടച്ച് ആ ചുവന്ന നാരങ്ങ മിഠായിയെ അവര്‍ ചെപ്പിനുള്ളിലെ മുത്തുപോലെ പൊതിഞ്ഞു. ആര്‍ദ്രത ഏഴു പതിറ്റാണ്ടിനുമേല്‍ മിടിച്ച ആ ഹൃദയം നിറച്ചപ്പോള്‍ പുകയില കറുപ്പിച്ച ചുണ്ടുകള്‍ അവര്‍ എന്റെ കൈയിലേക്ക് അമര്‍ത്തി. ചിരി ചുളിവുകള്‍ തീര്‍ത്ത ചാലുകളെ മുറിച്ച് കടന്ന ലവണ ജലം എന്റെ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി മിഠായിയെ നനച്ചു.
എന്റെ അമ്മൂമ്മയ്ക്ക് പാറുവമ്മയെ ഇഷ്ടമില്ലായിരുന്നു. അതിന് കാരണമായി അമ്മൂമ്മ പറഞ്ഞത് കൂടോത്രം കൊണ്ട് അവര്‍ പണ്ട് അപ്പൂപ്പനെ കുറെക്കാലം വശീകരിച്ചു വെച്ചിരുന്നുവെന്നാണ്. ഞാന്‍ പാറുവമ്മയുടെ സമീപത്തേയ്ക്ക് പോകാതിരിക്കാന്‍ അവരെക്കുറിച്ചുള്ള ഭയം നിറച്ച ധാരാളം കഥകള്‍ അമ്മൂമ്മ എന്റെ തലയ്ക്കുള്ളില്‍ കുത്തിനിറച്ചു. വിവേചന ശേഷിയിലേക്ക് തലച്ചോര്‍ വികസിക്കുന്ന കാലം വരെയ്ക്കും കഥകളുടെ ചങ്ങലപ്പൂട്ടില്‍ പെട്ടുപോയ എനിക്ക് പാറുവമ്മയുടെ വീട് നിഗൂഢമായ മറ്റൊരു ലോകമായിരുന്നു. എങ്കിലും പാറുവമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം മനസ്സ് അവരിലേക്ക് ചാഞ്ഞുകൊണ്ടിരുന്നു. ഒളിഞ്ഞും, തെളിഞ്ഞും പാറുവമ്മയെ കാണുമ്പോഴെല്ലാം മനസ്സ് എങ്ങോട്ട് ചരിയണമെന്നറിയാതെ കലഹത്തിലേര്‍പ്പെട്ടു. സ്‌നേഹം ജൈവികമായി ഉണ്ടാകേണ്ടതാണെന്ന് വിശ്വസിച്ചിരുന്ന കാലത്തില്‍ നിന്ന് ജീവിതത്തില്‍ നമ്മള്‍ പലതും പഠിച്ച് പരിശീലിക്കുന്നതുപോലെ സ്‌നേഹിക്കാനും പരിശീലിക്കാമെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. പക്ഷെ, ഇതില്‍ ഏത് സ്‌നേഹമാണ് അര്‍ത്ഥവത്തായതെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ശരിതെറ്റുകള്‍പോലെ അതും ഞാന്‍ കാഴ്ചപ്പാടുകളിന്മേല്‍ വിടുന്നു.
ഒന്നില്‍ നിന്ന് മാത്രം പാറുവമ്മ എന്നെ എല്ലാക്കാലവും മറച്ചുപിടിച്ചു. ഒരു വ്യക്തി മറ്റൊരാളെ രോഗമുക്തമാക്കുന്നതോടൊപ്പം ആ രോഗിയില്‍ നിന്നും രോഗത്തിന്റെ ഒരംശവും സ്വീകരിക്കുന്നു. അതുപോലെ ഞാന്‍ ചെയ്യുന്നതിന്റെ എല്ലാം ഒരു ഭാഗം എന്നില്‍ അവശേഷിക്കും. അത് എന്നില്‍ തന്നെ അവസാനിക്കണം. അവര്‍ പറഞ്ഞു.
എങ്കില്‍ ഇത് നിര്‍ത്തിക്കൂടെ?
ഉത്തരത്തിനായി ഞാന്‍ കാത്തു. ആറു മാസങ്ങള്‍ക്കുശേഷം ഒരു വൈകുന്നേരം ഞാന്‍ വീട്ടിലേക്ക് ചെല്ലവെ ഈറനോടെ വാതില്‍ തുറന്ന് പുറത്തേക്ക് വന്ന പാറുവമ്മ കൈയ്യില്‍ ഇരുന്ന കരിക്ക് മുറ്റത്തിന്റെ കോണിലെ അശോക മരത്തിന് ചുവട്ടിലെ കല്ലിലേക്ക് എറിഞ്ഞു. പൊട്ടിയ കരിക്കിനുള്ളില്‍ നിന്നും രക്തം കത്തിച്ച പൂത്തിരിപോലെ ഉയര്‍ന്ന് ചിതറി. തീക്കനല്‍കൊണ്ട് കുത്തിയപോലെ രക്തംവീണ് പാറുവമ്മയുടെ ശരീരഭാഗങ്ങള്‍ പൊള്ളി.
സൃഷ്ടിക്കും, സംഹാരത്തിനും നമുക്ക് ദൈവങ്ങള്‍ ഉണ്ട്. അതില്‍ ശക്തന്‍ സംഹരിക്കുന്നവനാണ് കാരണം അവനാണ് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. സൃഷ്ടി എത്രത്തോളം മഹത്തരമാണോ, അത്രത്തോളം ഔന്നത്യം സംഹാരത്തിനുമുണ്ട്. ഇരുള്‍ ഇല്ലെങ്കില്‍ വെളിച്ചത്തിന് ഇത്ര പ്രസക്തി ഉണ്ടാകുമായിരുന്നില്ല. പരസ്പര പൂരകങ്ങള്‍ ആയതില്‍ എന്നിലേക്ക് എത്തിയത് ഇരുളായിരുന്നു. ഒരു തെരഞ്ഞെടുക്കലിന് കാത്തുനില്‍ക്കാതെ ഞാന്‍ അതിനെ സ്വീകരിച്ചു. ഇത്രയും കാലംവരെ എന്റെ നിലനില്‍പ്പും അതിജീവനവും ഇത് കാരണമായിരുന്നു. ഒരു പെണ്ണിന് ഒറ്റക്ക് ജീവിക്കുക എന്ന് പറയുന്നത് എല്ലാക്കാലത്തും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് മോനെ. ''മലടി'' എന്നതുപോലും ഒരു സൗകര്യമായി കണ്ട് പിന്നിലേക്ക് നീണ്ട കണ്ണുകളും, വാക്കുകളുമുണ്ട്. അതില്‍ നിന്നെല്ലാം എന്നെ സംരക്ഷിച്ച് പിടിച്ചത് മന്ത്രവാദിനി, കൂടോത്രക്കാരി തുടങ്ങിയ വിളിപ്പേരുകള്‍ ആയിരുന്നു. ശാരീരിക സുഖത്തേക്കാള്‍ വലുതാണല്ലോ ഒരാള്‍ക്ക് മരണ ഭയം.
ഞാന്‍ മിഴിച്ചിരുന്നു. എല്ലാത്തിനും നാം കാണാത്ത ഒരു മറുവശം കൂടിയുണ്ട്.
ഇത് ഒരു രാവണന്‍ കോട്ടയാണ് മോനെ. അകത്ത് കേറിയാല്‍ പുറത്തിറങ്ങാമെന്നുള്ളത് ഒരു സ്വപ്നമായി അവശേഷിക്കുന്നിടം. ഒരു പുറത്തുചാടലിന് ഞാന്‍ കുറെയായി ശ്രമിക്കുന്നു. ഇന്നാണ് ഏറെക്കുറെ അതിന് കഴിഞ്ഞത്.
പൊള്ളലുകളുടെ വേദനയില്‍ പാറുവമ്മ ഞെരങ്ങി. ഞാന്‍ ഒന്നും പറഞ്ഞില്ല. നിര്‍വികാരതയോടെ ഞാന്‍ അവരെ ചേര്‍ന്നു നിന്നു. അതിന്റെ നാലാം നാളാണ് പക്ഷാഘാതം ബാധിച്ച് പാറുവമ്മ നിലത്ത് വീണതും, അവരുടെ ശരീരത്തിന്റെ വലതുഭാഗത്തിന്റെ ചലനശേഷി ഭാഗികമായി നഷ്ടമാകുന്നതും.
ചൂരല്‍ കസേരയില്‍ അച്ഛനും, കട്ടിലില്‍ അമ്മയും ഉച്ച മയക്കത്തിലേക്ക് വീണപ്പോള്‍ ഞാന്‍ പതിയെ പുറത്തിറങ്ങി. പാറുവമ്മയുടെ മരണശേഷം പ്രത്യേകിച്ച് ആ വീട്ടില്‍ വച്ച് സന്ധ്യാസമയം എന്നെ അച്ഛന്‍ കണ്ടശേഷം രണ്ടുപേര്‍ക്കും എന്റെമേല്‍ ഒരു കണ്ണുള്ളതുപോലെ എനിക്ക് തോന്നിത്തുടങ്ങി. ഒരു അധികശ്രദ്ധ. പിന്നീട് രണ്ട് തവണകൂടി അവിടേക്ക് പോകരുതെന്ന് അച്ഛന്‍ എന്നെ വിലക്കി. ചരടിനറ്റത്തെ പാവയാകുന്നത് പണ്ടേ ഇഷ്ടമില്ലാതിരുന്ന ഞാന്‍ അച്ഛന്‍ പറഞ്ഞത് ഒരു ചെവിയില്‍ക്കൂടി കേട്ട്, തലകുലുക്കി, മറു ചെവിയില്‍ക്കൂടി പുറത്ത് കളഞ്ഞു. ദാസന് പുറകെ ഞാന്‍ കൂടാന്‍ തീരുമാനിച്ച ദിവസവും, മറ്റൊരു ദിവസവും അമ്മയുടെ ചാരക്കണ്ണുകള്‍ വീടിന് പുറകുവശത്തെ കപ്പവാഴയുടെ മറവില്‍ നിന്ന് എന്നിലേക്ക് നീളുന്നത് ഞാന്‍ ശ്രദ്ധിച്ചു.
നമ്മള്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞാല്‍ എന്തിനേയും, ഏതിനേയും സംശയക്കണ്ണുകളോടെ മാത്രമെ കാണാവൂ. ഞാന്‍ എന്നെ ഓര്‍മ്മിപ്പിച്ചു.
ഏത് പാതിരായ്ക്കും ഞാന്‍ കയറി ഇറങ്ങിയിരുന്ന ആ വീട്ടിലേക്ക് ഇന്ന് സൂര്യ വെളിച്ചത്തിലല്ലാതെ കയറി ചെല്ലാന്‍ ഭയം എന്നെ അനുവദിക്കുന്നില്ല. പെട്ടെന്ന് വെളിച്ചം മങ്ങി എങ്ങുനിന്നോ വലിയൊരു കാര്‍മേഘം വന്നു. പുറകെ വന്ന കാറ്റ് അതിനെ തട്ടിമാറ്റി സൂര്യനെ പുറത്തെത്തിച്ചു. പെട്ടെന്ന് മഴപെയ്യാന്‍ തുടങ്ങി. ഞാന്‍ ഓടി പാറുവമ്മയുടെ വീടിന്റെ തിണ്ണയിലേക്ക് കയറി നിന്നു. വികാരങ്ങള്‍ മാറി മറയുന്ന എന്റെ മനസ്സുപോലെയാണ് ഇപ്പോള്‍ അന്തരീക്ഷമെന്ന് എനിക്ക് തോന്നി. ഞാന്‍ ഷര്‍ട്ടിലെ മഴത്തുള്ളികളെ കുടഞ്ഞെറിഞ്ഞു. ഉളളിലെ ഭയത്തെയും ഇതുപോലെ കുടഞ്ഞുകളയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. സംശയങ്ങള്‍ക്ക് ഉത്തരം തേടുന്ന ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ വീടിന്റെ മുന്‍ വാതില്‍ക്കലേക്ക് നോക്കി. കോട്ട വാതില്‍ക്കല്‍ കാവല്‍ നില്‍ക്കുന്നവരുടെ പരസ്പരം കുറുകെ പിടിച്ച കുന്തങ്ങള്‍പോലെ മുറിച്ചു കടക്കരുതെന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ പൊലീസുകാരുടെ മഞ്ഞ ബാന്റ് എന്റെ മുന്നില്‍ നിലകൊണ്ടു.
തേടുന്ന ഉത്തരത്തിലേക്കുള്ള വഴി തുറക്കണമെങ്കില്‍ നിയമത്തെ നിഷേധിക്കേണ്ടിവരും. വിധേയത്തോടെ നിഷേധിക്കുകയെന്ന പ്രായോഗിക ചിന്തയില്‍ മേല്‍ക്കൂരയുടെ കഴുക്കോലില്‍ തൂങ്ങി ഉയരം കുറഞ്ഞ പുറകുവശത്തെ ചുവരുവഴി ഞാന്‍ അകത്തേക്ക് ഇറങ്ങി. എനിക്ക് പരിചിതമായ ബീഡിപ്പുക കലര്‍ന്ന പാറുവമ്മയുടെ നിശ്വാസത്തിന്റെ ഗന്ധം എന്നെ മൂടി. കഴിഞ്ഞ മാസം ഒരു കൗതുകത്തിന് സോനുവിന്റെ കിണറ്റിനുള്ളില്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ അതേ വീര്‍പ്പുമുട്ടല്‍ എനിക്ക് അനുഭവപ്പെട്ടു. പെട്ടെന്ന് അറവുശാലയിലെ കഴുത്ത് മുറിക്കപ്പെട്ട് വീപ്പയ്ക്കുള്ളിലേക്ക് തള്ളപ്പെട്ട കോഴിയുടേതിന് സമാനമായ ഒരു ചിറകടി ഒച്ച ഞാന്‍ കേട്ടു. ചുവര് ലക്ഷ്യം വെച്ച് പാഞ്ഞുവന്നൊരു മൂങ്ങ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടാകണം നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തെപ്പോലെ നിലയുറപ്പിക്കാന്‍ ബുദ്ധിമുട്ടി. പേടിയോടെ ഞാന്‍ പിന്നോട്ടാഞ്ഞു. സ്വര്‍ണ്ണമെഡലിനായി മത്സരിക്കുന്ന നീന്തല്‍ താരങ്ങള്‍ അവസാന ലാപ്പില്‍ സ്വിമ്മിംഗ്പൂളിന്റെ ചുവരില്‍ ചവുട്ടിതെന്നി പരമാവധി വേഗതയില്‍ കുതിക്കുന്നതുപോലെ തന്റെ കാലുകള്‍ ചുവരില്‍ തൊട്ട മൂങ്ങ ആ വലിയ ശരീരത്തെ വെട്ടിത്തിരിച്ച് വെടിയുണ്ടപോലെ പുറത്തേക്ക് പാഞ്ഞു. എന്റെ തോളുകള്‍ ചുവരില്‍ ചെന്ന് മുട്ടി. കരി പുരണ്ട ചായ പാത്രം വലിയ ശബ്ദത്തോടെ നിലത്തേക്ക് വീണ് എന്നെ വീണ്ടും ഞെട്ടിച്ചു.
എല്ലാ കുറ്റവാളികളും അവശേഷിപ്പിച്ചു പോകുന്ന ആ തെളിവിനുവേണ്ടി ഞാനും തെരച്ചില്‍ ആരംഭിച്ചു. ചിതറി വീണ മഞ്ഞു തുള്ളികള്‍ പോലെ ചാരത്തിന്റെ വെളുത്ത കണങ്ങള്‍ വീടു മുഴുവന്‍ കാണപ്പെട്ടു. മുക്കാല്‍ ഭാഗത്തോളം വെന്തുപോയ പാറുവമ്മയുടെ കട്ടിലിലേക്ക് ഞാന്‍ നോക്കി. മേല്‍ക്കൂരയിലെ പൊട്ടിപ്പോയ ആസ്ബറ്റോസ് ഷീറ്റിനിടയില്‍ക്കൂടി ഇറങ്ങിവന്ന പ്രകാശം കട്ടിലിന്റെ മധ്യഭാഗത്ത് എനിക്ക് പരിചയമുള്ള ഏതോ രാജ്യത്തിന്റെ രൂപം വരച്ചുവച്ചു. ഒരു കല്‍ത്തൂണുപോലെ കാണപ്പെട്ട പ്രകാശത്തിന്റെ തറയോട് ചേര്‍ന്ന ഭാഗത്തായി എന്തോ തിളങ്ങുന്നു. ഞാന്‍ കുനിഞ്ഞ് പതിയ അത് കയ്യിലെടുത്തു. പെട്ടെന്ന് ഒരു തിളക്കം എന്റെ കണ്ണിലും മിന്നി. എന്തിനാണോ തേടി വന്നത് അത് ലഭിച്ചിരിക്കുന്നു. ഞാന്‍ അത് കണ്ണിനുനേരെ ഉയര്‍ത്തിപ്പിടിച്ച് തിരിച്ചും മറിച്ചും നോക്കി. മോതിരത്തില്‍ നിന്നോ, മാലയില്‍ നിന്നോ അടര്‍ന്ന് പോയമാതിരിയുള്ള ഒരു ചെറിയ ചുവന്ന കല്ല്. എന്റെ നോട്ടം ജനലിലേക്ക് നീണ്ടു. അന്ന് പുറത്ത് ദാസന്‍ നിന്ന അതേ ജനലിലേക്ക്.
സംശയങ്ങളെല്ലാം ചെന്നവസാനിക്കുന്നത് ദാസനിലാണ്. പക്ഷെ അത് സമര്‍ത്ഥിക്കാന്‍ തെളിവുകളൊന്നും കിട്ടിയിട്ടുമില്ല. ആലോചന കനം തൂക്കിയ ശിരസ്സുമായി നടന്ന ഞാന്‍ ചെന്നു നിന്നത് ദാസന്റെ മുന്‍പിലായിരുന്നു. ഒരു വട്ടമേ ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കിയുള്ളൂ. വലിയ അപരാധം ചെയ്തവനെപ്പോലെ എന്റെ തല കുനിഞ്ഞുപോയി. ഞാന്‍ ആ വൈരുദ്ധ്യത്തെപ്പറ്റി ആലോചിച്ചു. കുറ്റം ചെയ്തുവെന്ന് സംശയിക്കുന്നവന്‍ മുഖം ഉയര്‍ത്തി നടക്കുന്നു. അത് അന്വേഷിച്ചു നടക്കുന്നവനോ അവനെക്കണ്ട് തല കുമ്പിട്ടും നില്‍ക്കുന്നു. ദാസന് പുറകെ വന്ന രാജന്‍ ചേട്ടനില്‍ നിന്നാണ് രണ്ടുപേരും സോളമന്റെ പുരയിടത്തില്‍ ജോലിക്ക് പോകുകയാണെന്ന് മനസ്സിലായത്. അവര്‍ എന്നെ കടന്ന് പോയിക്കഴിഞ്ഞ് കുറച്ചുനേരം കൂടി ഞാന്‍ അവിടെതന്നെ നിന്നു. അകന്നുപോകുന്ന കാലടിക്കൊപ്പം എന്റെ കണ്ണുകളും ഉയര്‍ന്നു. ഒളികണ്ണിട്ട് ഞാന്‍ ദാസനെ ശ്രദ്ധിച്ചു. ഇല്ല കണ്ണില്‍ നിന്ന് മറയുവോളം ഒരിക്കല്‍പ്പോലും അയാള്‍ എന്നെ തിരിഞ്ഞു നോക്കിയില്ല.
ഇരട്ടപ്പാളി വാതിലിന്റെ ഇടയില്‍ക്കൂടി കത്തി കടത്തി, ഞാന്‍ കതകിന്റെ കൊളുത്തുമാറ്റി അകത്തേക്ക് കയറി. മുന്‍പൊരിക്കല്‍ മുന്‍വാതിലിന്റെ താക്കോല്‍ നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ ഇങ്ങനെയാണ് വീടിനുള്ളിലേക്ക് കയറിയതെന്ന് പാറുവമ്മയോട് ദാസന്‍ പറഞ്ഞത് ഓര്‍മ്മയില്‍ ഉണ്ടായിരുന്നത് നന്നായെന്ന് എനിക്ക് തോന്നി. സ്വയം ധൈര്യത്തിന്റെ പടച്ചട്ട എടുത്തണിഞ്ഞ ഞാന്‍ ഒരു യോദ്ധാവിനെപ്പോലെ ഉള്ളിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ തരുന്ന ശബ്ദത്തെ അന്നേരവും അനുസരിച്ചുകൊണ്ട് ദാസന്റെ വീട്ടിലെ ഹാളിലേക്ക് കയറി. കണ്ണുകള്‍ എവിടെയും ഉറയ്ക്കാതെ തിരഞ്ഞുനോട്ടം ആരംഭിച്ചപ്പോഴേക്കും ജനലിന്റെ സമീപം ഒരു നിഴലനക്കം, താക്കോല്‍ തിരിയുന്ന ശബ്ദം. എനിക്കൊന്ന് അനങ്ങാന്‍ പോലും പറ്റുന്നതിനുമുന്‍പ് പീരങ്കിയുണ്ട ഏറ്റ കോട്ടവാതില്‍പോലെ കതക് തുറക്കപ്പെട്ടു. അകത്തേക്ക് വന്ന കാറ്റ് എന്നെ ഉലച്ച് കടന്നുപോയി. തന്റെ ഭൂപ്രദേശത്ത് അതിക്രമിച്ച് കയറിയ ജീവിയെ നേരിടാന്‍ നില്‍ക്കുന്ന കാട്ടുമൃഗത്തെപ്പോലെ മുന്‍പില്‍ അതാ ദാസന്‍. അയാളുടെ കണ്ണുകളിലെ തീക്ഷ്ണത എന്റെ മനസ്സിലെ ശൂന്യമായി കിടന്ന അവസാന ഇടത്തിലും ഭയം നിറച്ചു. കഠിനമായ പലതരം ജോലികള്‍ ചെയ്ത് ബലിഷ്ടഷ്ടമായ ദാസന്റെ കൈ അയാള്‍ മുറുക്കുകയും വിടര്‍ത്തുകയും ചെയ്തു. ഇത് എന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്ന് എനിക്ക് തോന്നി. പെട്ടെന്ന് ഉത്സവപ്പറമ്പില്‍വെച്ച് കഴിഞ്ഞ വര്‍ഷം ആന ചവുട്ടിക്കൊന്ന രാരിച്ചനെ ഞാന്‍ ഓര്‍ത്തു.
ഞാനാണ് പാറുവമ്മയെ കൊന്നതെന്ന് നീ കരുതുന്നുണ്ടോ?
ലോഹത്തില്‍ തട്ടി പ്രതിധ്വനിച്ചതുപോലെയാണ് ഇപ്പോള്‍ അയാളുടെ ശബ്ദമെന്ന് എനിക്ക് തോന്നി. ആണെന്ന് പറഞ്ഞാലും അല്ലെന്ന് പറഞ്ഞാലും ഫലം ഒന്നുതന്നെ ആയിരിക്കുമെന്ന ഉറപ്പില്‍ ഞാന്‍ നിശബ്ദനായി നിന്നു.
പാറുവമ്മ മരിച്ച രാത്രി ഞാന്‍ അവിടെ പോയിരുന്നു. രണ്ട് മൂന്ന് തവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ഉറങ്ങിക്കാണുമെന്ന് കരുതി ഞാന്‍ തിരികെ പോന്നു. അടുത്ത ദിവസം അവിടെ നിന്നും ഇറങ്ങി ഓടിയതും ഞാനാണ്. പേടികൊണ്ടാ ഓടിയത്. എന്റെ മേല്‍ ചിലര്‍ക്കൊക്കെ സംശയം ഉള്ളതായി എനിക്കറിയാം. അപ്പോ എന്നെ അവിടെ വെച്ച് ആരെങ്കിലും വീണ്ടും കണ്ടാല്‍ പിന്നെ പറയണ്ടല്ലോ. അവിടെപ്പോയി കുറച്ച് നേരം നില്‍ക്കണമെന്ന് തോന്നി, അതാ പോയേ. നിനക്കെന്നെ സംശയമുണ്ടെന്നും, നീ എന്നെ പലപ്പോഴും പിന്തുടരുന്നുണ്ടെന്നും എനിക്കറിയാം. ഞാന്‍ പാറുവമ്മയ്ക്ക് പൈസ കൊടുക്കാനുണ്ട്, ശരിയാണ്. പക്ഷെ അതിന്റെ പേരില്‍ ആ പാവത്തിനെ കൊല്ലാന്‍ മാത്രം നെറികെട്ടവനൊന്നുമല്ല ഞാന്‍. നിനക്ക് അവര്‍ ആരായിരുന്നുവെന്ന് നിന്നോട് ആരെങ്കിലും ചോദിച്ചാല്‍ നീ എന്തു പറയും? അതുപോലെ ഒക്കെത്തന്നെയായിരുന്നു പാറുവമ്മ എനിക്കും.
സി.ഐ. എന്നോട് ചോദിച്ച ചോദ്യം ഞാന്‍ ഓര്‍ത്തു. ദാസന്‍ മാറി, വാതിലിന്റെ ഓരം ചേര്‍ന്നുനിന്നു. വിയര്‍പ്പ് എന്റെ നട്ടെല്ലില്‍ കൂടി നേര്‍ത്ത ചാല്‍ തീര്‍ത്തു. ഞാന്‍ പതിയെ വാതില്‍ ലക്ഷ്യമാക്കി നടന്നു.
വൈദഗ്ധ്യം കൊണ്ട് ഒരു കള്ളത്തെ സത്യമാക്കി മാറ്റാം. സത്യത്തെ കള്ളമായും. അയാള്‍ നിഷ്‌ക്കളങ്കതയില്‍ പൊതിഞ്ഞ് സത്യത്തെ മറച്ചു പിടിക്കുന്നതാണെങ്കിലോ? തന്റെ ഓരോ നീക്കങ്ങളും അയാള്‍ അറിയുന്നുണ്ടായിരുന്നു. എന്നെക്കാള്‍ നന്നായി അയാള്‍ എന്നെ നിരീക്ഷിച്ചിരിക്കുന്നു. എനിക്ക് മുന്നില്‍ ആശയക്കുഴപ്പത്തിന്റെ മറ സൃഷ്ടിച്ച് അതിനുപുറകില്‍ അയാള്‍ ഒളിഞ്ഞു നില്‍ക്കുകയാണ്. വിശ്വസിക്കരുത്. കുഴഞ്ഞുമറിഞ്ഞ ചിന്തകളോടെയാണ് വിശപ്പില്ലെങ്കിലും അമ്മയുടെ വഴക്കുകേള്‍ക്കാതിരിക്കാന്‍ ഭക്ഷണം കഴിക്കാന്‍ ഞാന്‍ ഇരുന്നത്. പാറുവമ്മ ഇടയ്ക്കിടെ എന്റെ മുടിയിഴകളില്‍ വിരലോടിക്കാറുള്ളതുപോലെ ചോറിനിടയില്‍ എന്റെ വിരലുകള്‍ അലഞ്ഞു നടന്നു.
സ്വപ്നം കണ്ടിരിക്കാതെ എടുത്ത് കഴിക്കെടാ.
അമ്മ എന്റെ തലയ്ക്കിട്ട് തട്ടി.
അപ്പോഴാണ് ഞാന്‍ അമ്മയുടെ കൈയ്യിലെ മോതിരം ശ്രദ്ധിച്ചത്. അതിന്റെ രണ്ട് കല്ലുകളില്‍ ഒരെണ്ണം കാണാനില്ല. ഒരു സ്വാഭാവിക പ്രതികരണം എന്നപോലെ അത് എവിടെപ്പോയെന്ന് ഞാനും, അറിയില്ലെന്ന് അമ്മയും പറഞ്ഞു. പെട്ടെന്ന് ഉരുട്ടി വായിലേക്കുവെച്ച ചോറ് തൊണ്ടയില്‍ കുരുങ്ങി. ഷോക്കേറ്റതുപോലെ കാര്യങ്ങള്‍ക്ക് ഒരു തെളിച്ചം വരാന്‍ കുറച്ചു സമയം എടുത്തു. എനിക്ക് അകത്തേക്ക് പോയി എന്റെ പക്കലുള്ള ആ കല്ലെടുത്ത് ഒന്നുകൂടി പരിശോധിച്ച് ഉറപ്പിക്കണമെന്ന് തോന്നി. ഞാന്‍ സമീപത്തിരുന്ന അച്ഛനെ നോക്കി. ഒന്നും അറിയാത്തവനെപ്പോലെ ഇരിക്കുന്ന അച്ഛന്റെ ഉള്ളില്‍ എന്തോ ഒളിപ്പിക്കുന്നവനെ ഞാന്‍ കണ്ടു. രണ്ട് മൂന്ന് പിടികൂടി വാരിവിഴുങ്ങി ഞാന്‍ എഴുന്നേറ്റു.
നാലുമാസം മുമ്പത്തെ വഴക്കിനുശേഷം അമ്മ പാറുവമ്മയുടെ വീട്ടില്‍ പോകുന്നത് പൂര്‍ണ്ണമായും അവസാനിപ്പിച്ചിരുന്നു. അപ്പോ അമ്മയുടെ മോതിരത്തിലെ കല്ല് പാറുവമ്മയുടെ കട്ടിലിനടിയില്‍ നിന്ന് കിട്ടുകയെന്നുപറഞ്ഞാല്‍? ഞാന്‍ കിടുങ്ങി. ഉള്ളം കൈയ്യിലിരുന്ന ചുവന്ന കല്ലിലേക്ക് നോക്കവെ അമ്മയുടെയും പാറുവമ്മയുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. നടുവെ പകുത്തുമാറ്റപ്പെട്ട സ്‌നേഹം അളവു തൂക്കങ്ങളുടെ കൃത്യതയ്ക്കായി മനസ്സിന്റെ ഇരു കോണുകളിലുമുള്ള തട്ടുകളിലേക്ക് കയറ്റിവെയ്ക്കപ്പെട്ടു. കയ്യില്‍ ഇരുന്ന കല്ല് ജ്വലിക്കുന്നതുപോലെ എനിക്ക് തോന്നി. അത് മേശമേല്‍വെച്ച് ഞാന്‍ നോട്ട് പുസ്തകം കയ്യിലെടുത്ത് നിവര്‍ത്തി പതിമൂന്നാമത്തെ പേജില്‍ ദാസന്റെ ചിത്രത്തിനുസമീപം അമ്മയുടെയും അച്ഛന്റെയും രേഖാചിത്രം കൂടി വരച്ചുവെച്ചു. പേജിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. കൊലപാതകിയെന്ന് സംശയിക്കപ്പെടുന്നവര്‍.
എപ്പോഴോ ഉണര്‍ന്ന് മുറിക്ക് പുറത്തിറങ്ങുമ്പോള്‍ അച്ഛന്റെ മുറിക്കുള്ളില്‍ നിന്ന് അടക്കിപ്പിടിച്ച ശബ്ദം കേട്ട് ഞാന്‍ വാതിക്കലേക്ക് ചേര്‍ന്നു നിന്നു.
അറിയാലോ? നിങ്ങള്‍ക്കുവേണ്ടിയാ ഞാന്‍ രാത്രി അവിടെ പോയത്. ചത്തുപോയ എന്റെ അമ്മയെക്കുറിച്ച് വേണ്ടാതീനം പറഞ്ഞപ്പോള്‍ എനിക്ക് സഹിച്ചില്ല. അതാ ഞാന്‍ അവരെപ്പിടിച്ച് തള്ളിയത്.
അതിനിപ്പോ എന്താ? അവരുടെ തലയിടിച്ചുവെന്നല്ലേ ഉള്ളൂ. അല്ലാതെ അവര്‍ മരിക്കാന്‍ അതല്ലല്ലോ കാരണം. അമ്മയെ ആശ്വസിപ്പിക്കാനായി അച്ഛന്‍ പറഞ്ഞു.
നിന്റെ മോന്‍ കുറച്ചു ദിവസമായി ഡിറ്റക്ടീവ് കളിക്കുന്നുണ്ട്. അവന്‍ സ്റ്റേഷനില്‍ പോയി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടൊക്കെ അന്വേഷിച്ചെന്ന് ഞാന്‍ അറിഞ്ഞു.
എപ്പോ? അമ്മ ഞെട്ടലോടെ ചോദിക്കുന്നത് ഞാന്‍ കേട്ടു.
പഠിപ്പിനൊഴിച്ച് ബാക്കിയെല്ലാത്തിനും അവന് കാഞ്ഞ തലയാ. പോരാത്തതിന് ആ കിളവിയെ അവന് ഭയങ്കര ഇഷ്ടവുമായിരുന്നു.
ഇവന്‍ ഇത് എന്തിനുള്ള പുറപ്പാടാണ് ദൈവമേ. ഇനി അവരുടെ ബാധവല്ലതും ചെറുക്കന്റെ ദേഹത്ത് കൂടിക്കാണ്വോ? എന്റെ മുത്തപ്പാ. എങ്കില്‍ അത് നമ്മളെയും കൊണ്ടേ പോവു.
ഭീതിയോടെ അമ്മ പറയുന്നതു കേട്ട് ഞാന്‍ എന്റെ ശരീരത്തിലേക്ക് നോക്കി. ഉള്ളിലുള്ള ശബ്ദത്തിന് ഞാന്‍ കാതോര്‍ത്തു. ഇല്ല ഒന്നും കേള്‍ക്കുന്നില്ല. നിശബ്ദത മാത്രം.
ഒളിഞ്ഞും തെളിഞ്ഞും കേട്ട രണ്ടു കുമ്പസാരങ്ങളിലും സംശയിക്കപ്പെടുന്നവര്‍ നിരപരാധികളാണെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുന്നു. എങ്കില്‍ യഥാര്‍ത്ഥ കൊലപാതകി ആരാണ്. അല്ലെങ്കില്‍ ഇനി അങ്ങനെ ഒരാള്‍ ഉണ്ടോ? എല്ലാം എന്റെ തോന്നല്‍ ആയിരിക്കുമോ? എല്ലാം ഒരു ഭ്രമമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. അങ്ങനെ ആയിരുന്നെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ല. പാറുവമ്മ മരിക്കുമായിരുന്നില്ല. ചിലപ്പോള്‍ എന്റെ സങ്കല്‍പ്പത്തില്‍ മാത്രമുള്ള കൊലപാതകിയെ തേടി എനിക്ക് ഇറങ്ങേണ്ടിയും വരുമായിരുന്നില്ല. ഉറക്കം വീണ്ടും കണ്ണുകളെ വീണ്ടും വലിച്ചടക്കുന്നതുപോലെ തോന്നുന്നു. ഇനി ഇതും ഭ്രമമാണോ?
പാറുവമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞ് ഞാന്‍ വീടിന്റെ പുറത്തിറങ്ങി. വീടിനരികിലേക്ക് മാറിനിന്ന് അവരില്‍ നിന്ന് കവര്‍ന്നെടുത്ത ബീഡിക്ക് തീകൊളുത്തി ഞാന്‍ വലിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ ബീഡിക്ക് കടുപ്പം തോന്നിയതിനാല്‍ പകുതി ആയപ്പോള്‍ തന്നെ അതിനെ സമീപത്തെ ചവറ് കൂനയിലേക്ക് വലിച്ചെറിഞ്ഞ് ഞാന്‍ നടന്നു. അവസരം കാത്ത് നില്‍ക്കുന്ന ശത്രുവിനെപ്പോലെ കരിയിലകള്‍ക്കിടയില്‍ ബീഡിത്തുണ്ട് അണയാതെ കിടന്നു. ഘടികാരത്തിലെ മണിക്കൂര്‍ സൂചി രണ്ട് ഭ്രമണങ്ങള്‍ പൂര്‍ത്തിയാക്കിയ നേരം ശക്തിയായി കാറ്റുവീശി. പകുതി അടഞ്ഞ ജനല്‍പാളിയെ വലിച്ച് തുറന്ന് അകത്തേക്ക് കയറിയ കാറ്റ് മണ്ണെണ്ണ ചിമ്മിനിയെ നിലം തൊടീച്ചു. ഒഴുകിപ്പരന്ന മണ്ണെണ്ണക്കുമേല്‍ ന്യൂസ് പേപ്പര്‍ കഷ്ണങ്ങള്‍ ചിതറി വീണു. എഴുതി തയ്യാറാക്കിയ തിരക്കഥപോലെ എല്ലാം ചിട്ടയില്‍ മുന്നേറവെ അഗ്നിയെ വഹിച്ചുകൊണ്ട് പറന്നുവന്ന കരിയിലത്തുണ്ടുകള്‍ മുറിക്കുള്ളിലേക്ക് ഇടിച്ചു കയറി സ്വയം ചാവേറുകളായി മാറി.
ഇതും ഭ്രമമാണോ എന്നറിയാതെ ചാടിയെഴുന്നേറ്റ ഞാന്‍ തലയില്‍ കൈവച്ചിരുന്നു. ചിമ്മിനി പാറുവമ്മയുടെ തലയ്ക്കരില്‍ വച്ചത് ഞാന്‍, ന്യൂസ് പേപ്പര്‍ അതിനരികില്‍ കൊണ്ടുവെച്ചതും ഞാന്‍, ചൂടല്ലേ ജനല്‍ അല്‍പം തുറന്ന് കിടക്കട്ടെയെന്ന് പറഞ്ഞതും ഞാന്‍, ഒടുവില്‍ അണയാത്ത ബീഡി കരിയിലകള്‍ക്കിടയില്‍ വലിച്ചെറിഞ്ഞതും ഞാന്‍. വാതില്‍ തുറന്ന് പുറത്ത് ചാടിയ ഞാന്‍ പാറുവമ്മയുടെ വീട് ലക്ഷ്യം വെച്ച് ഓടി. ചവറ് കൂനയ്ക്കു മുന്നില്‍ വഴി അവസാനിച്ചതുപോലെ ഞാന്‍ നിന്നു. അവിടെ ഇപ്പോഴും ഞാന്‍ വലിച്ചെറിഞ്ഞ ബീഡിത്തുണ്ട് അതാ ജ്വലിക്കുന്നു. അതിനു സമീപം അപ്പോള്‍ പതിഞ്ഞ മാതിരി പാറുവമ്മയുടെ രണ്ട് കാല്‍പ്പാടുകളും.
ആസ്ത്മ ബാധിച്ചവനെപ്പോലെ കിതച്ചുകൊണ്ട് ഞാന്‍ എന്റെ മുറിയിലേക്ക് വന്നു. നോട്ടുബുക്കിലെ പതിമൂന്നാമത്തെ പേജ് നിവര്‍ത്തി തലക്കെട്ടിലെ ''എന്ന് സംശയിക്കപ്പെടുന്നവര്‍'' എന്ന വാചകം വെട്ടി. അമ്മ, അച്ഛന്‍, ദാസന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കുമേല്‍ ഗുണനചിഹ്നം വരച്ചുവെച്ചു. ശേഷം സാവധാനം താഴെ ഞാന്‍ സ്വന്തം ചിത്രം വരയ്ക്കാന്‍ ആരംഭിച്ചു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...