ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
എത്ര ഇരുട്ടിലും ഈ തീവണ്ടി കടന്നു പോകുന്ന ഓരോ വഴികളും എനിക്കറിയാം. ഇരുപത്തിയൊമ്പത് വര്‍ഷമാവുന്നു രാത്രിയാത്ര തുടങ്ങിയിട്ട്. ശനിയാഴ്ച രാത്രികളില്‍ വീട്ടിലേക്കും, ഞായറാഴ്ച രാത്രി തിരിച്ച് ജോലി സ്ഥലത്തേക്കും. ഭാര്യ പോലും, ചിലപ്പോഴൊക്കെ നിങ്ങള്‍ക്ക് മടുപ്പു തോന്നുന്നില്ലേന്ന് ആരായാറുണ്ട്. പക്ഷേ ഓരോ തീവണ്ടിയാത്രയും ഞാന്‍ ആസ്വദിക്കാറുണ്ട്. ശനിയാഴ്ച വീട്ടിലേക്കുള്ള യാത്രയില്‍ മിക്കവാറും ഉറങ്ങാറാണ് പതിവ്. ഒരാഴ്ച ജോലി ചെയ്ത ക്ഷീണമെന്നെ തളര്‍ത്തിയിട്ടുണ്ടാവും. പക്ഷേ ഞായറാഴ്ച അതിനു കടകവിരുദ്ധമായി ബോഗിയിലെ മറ്റു യാത്രക്കാരെ നോക്കിയിരിക്കും. അവരുമായി പരിചയപ്പെടുന്നതിന് മുന്‍പ് അവരെങ്ങോട്ടു പോവുകയായിരിക്കും, എന്തായിരിക്കും അവരുടെ യാത്രാ ഉദ്ദ്യേശം, ആരായിരിക്കും അവരെ കാത്തിരിക്കുന്നുണ്ടാവുക എന്നതെല്ലാം ഊഹിച്ചു കൊണ്ടിരിക്കും.
ഇന്നു വീട്ടിലേക്കുള്ള യാത്രയിലാണ്. പക്ഷേ പതിവിനു വിരുദ്ധമായി എനിക്കിന്നുറക്കം വരുന്നില്ല. ചെവിയില്‍ എന്തോ ഒരു മൂളല്‍. ബാഗ് ജനലരികിലെ ഹുക്കില്‍ കൊളുത്തിയിട്ടശേഷം പണമടങ്ങിയ പഴ്‌സ് കീശയില്‍ തന്നെയില്ലേന്ന് പരിശോധിച്ചുറപ്പു വരുത്തി. ബാഗില്‍ കുറച്ചു മുഷിഞ്ഞ തുണിയും രണ്ടു പുസ്തകവുമാണുള്ളത്. അതെന്തായാലും കള്ളന്മാരാരും തട്ടിയെടുക്കില്ല. സീറ്റില്‍ നിന്നെഴുന്നേറ്റ് തീവണ്ടിയിലെ കുലുക്കത്തിന്നനുസരിച്ച് ബാലന്‍സ് ചെയ്തു കൊണ്ട് ബോഗിയുടെ അറ്റത്തുള്ള ടോയ്‌ലറ്റിലേക്ക് നടന്നു. അതിനകത്താരോ ഉണ്ട്. കുറച്ചു നേരം കാത്തു നിന്നിട്ടും തുറക്കാതായപ്പോള്‍ ഞാനൊന്നു ആഞ്ഞടിച്ചു. ടിക്കറ്റെടുക്കാത്ത പയ്യന്മാരാരെങ്കിലുമാവും. വാതിലിനരികിലെ വാഷ് ബേസിനില്‍ നിന്നു മുഖമൊന്നു കഴുകി തിരിച്ചു നടന്നു. ചൂടുള്ളൊരു കാപ്പി കുടിക്കാന്‍ തോന്നുന്നുണ്ടിപ്പോള്‍. ഇനിയും അരമണിക്കൂര്‍ കഴിയണം കൊല്ലത്തെത്താന്‍. നടത്തത്തിനിടയില്‍ ബോഗിയില്‍ എത്ര പേരുണ്ടെന്നു ഞാനെണ്ണി. 20 പേര്‍.
ഇന്നാള് കുറവാണ്. ഞാനിരിക്കുന്നതിന്റെ അപ്പുറത്തുള്ള ബര്‍ത്തില്‍ കുടവയറുള്ള ഒരു മദ്ധ്യവയസ്‌കന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ട്. വണ്ടിയുടെ ഉലച്ചിലിന്നനുസരിച്ച് അയാളുടെ ശബ്ദത്തിന് വ്യത്യാസം വരുന്നുണ്ട്. അയാളുടെ ഭാര്യയും മകളുമാണെന്ന് തോന്നുന്നു, താഴത്തെ സീറ്റിലിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നുണ്ട്. തണുത്ത കാറ്റ് തീവണ്ടിക്കുള്ളിലേക്ക് ഇരച്ചുകയറി. അതിനപ്പുറത്തിരിക്കുന്ന രണ്ടു പേര്‍ കമിതാക്കളാവാം. അവരുടെ മുഖത്ത് ദമ്പതികളുടെ മുഖത്ത് കാണാത്ത പരിഭ്രമമുണ്ട്. സ്‌കൂളില്‍ കുറ്റം ചെയ്ത് പിടിക്കപ്പെട്ട് പ്രധാനാധ്യാപകന്റെ മുന്നില്‍ നില്‍ക്കുന്ന മുഖഭാവം. അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന അവന്റെ കൈകളുടെ വിറയല്‍ വ്യക്തമായി കാണാം. ഞാനവരെ നോക്കി സൗഹൃദ ഭാവത്തോടെ ചിരിച്ചു. അവര് തിരിച്ച് ചിരിച്ചോന്ന് മനസ്സിലായില്ല. ഒളിച്ചോടുകയാവുമെന്നുറപ്പിച്ചു. എവിടെയോ അവരെ കാണാതെ പരിഭ്രമിക്കുന്ന മാതാപിതാക്കളെക്കുറിച്ചോര്‍ത്തപ്പോള്‍ നെഞ്ചു കനത്തു. സദാചാര ആങ്ങളമാരില്‍ ഒരാളായോ ഞാനുമെന്ന് പുച്ഛത്തോടെ ചിന്തിച്ച് സീറ്റിലേക്കിരുന്നു.
'എങ്ങോട്ടാ?'
വഴിയിലേക്ക് കാലിട്ടിരിക്കുന്ന ഒരു വൃദ്ധന്‍ എന്റെ അരികിലേക്ക് തലനീട്ടി ചോദിച്ചു.
'കുറ്റിപ്പുറം,വീട്ടിലേക്കാ. നിങ്ങളെങ്ങോട്ടാ?'
'അമല ആശുപത്രിയിലേക്കാ. ഇളയ മോളെ കല്യാണം കഴിച്ചിരിക്കുന്നത് തൃശൂരാ. അവള്‍ക്ക് മറ്റേ അസുഖമാ. കീമോക്ക് കൊണ്ടുവരും. വരണ്ടാന്ന് പറഞ്ഞാലും വീട്ടിലിരുന്നാല്‍ നെഞ്ചിലൊരു പെട പെടപ്പാ. അവളെ കാണണമെന്ന് തോന്നും. എത്ര കാലം കാണാന്‍ കഴിയുമെന്നറിയില്ലല്ലാേ.'
അയാള്‍ കഴുത്തില്‍ ചുറ്റിയ തോര്‍ത്തെടുത്ത് മുഖം അമര്‍ത്തി തുടച്ചു. കണ്‍കോണുകളിലെ പശപശപ്പ് അന്യനൊരാള്‍ കാണാതിരിക്കാന്‍ വേണ്ടിയാവാം. എന്തു സംഭവിച്ചാലും ആണുങ്ങള് കരയരുതല്ലോ. നഷ്ടങ്ങളുടെ നോവ് ഉള്ളിലൊതുക്കി ഒറ്റയാള്‍ പോരാട്ടം തുടരുന്നവന്റെ വേദന.
'നിങ്ങള് സമാധാനിക്കു. പഴയതു പോലെയല്ല. ക്യാന്‍സറൊക്കെ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റും.' അയാള്‍ ഒരു കൊച്ചു കുട്ടിയുടെ ആശ്വാസത്തോടെ മുഖമുയര്‍ത്തി ദീനമായൊരു മന്ദഹാസമുതിര്‍ത്തു.
'അവക്കടെ അമ്മയുണ്ടായിരുന്നെങ്കില്‍! ദൈവം എന്തിനാണിത്ര ക്രൂരനാവുന്നത്. അങ്ങനെ വേണമെങ്കില്‍ എനിക്ക് തരാമായിരുന്നില്ലേ അസുഖം.'- ഇത്തവണ അയാളുടെ കണ്ണുകള്‍ പൊട്ടിയൊലിച്ചു. ആ കൈകളില്‍ വെറുതെ പിടിച്ചിരുന്നു ഞാന്‍.
തീവണ്ടിയേതോ ഇരുമ്പുപാലത്തിന് മുകളിലൂടെ പോവുകയാണിപ്പോള്‍. സ്ഥലകാലബോധം നഷ്ടപ്പെട്ടതു പോലെ തോന്നിയെനിക്ക്. അയാളുടെ കരച്ചില്‍ തീവണ്ടിയുടെ കമ്പന ശബ്ദത്തോടൊപ്പം ചെവിയിലലയടിച്ചു.
കാറ്റിന് തണുപ്പ്.
'ഗുരുവായൂര്‍ക്ക് പോവാന്‍ തൃശൂര്‍ ഇറങ്ങിയാ പോരേ?'
ആ ശബ്ദമാണെന്നെ വേദനകളുടെ വിചിത്രലോകത്തില്‍ നിന്നും ഉണര്‍ത്തിയത്. നെഞ്ചിലെ സങ്കടങ്ങളുടെ ഓട്ടം നിലച്ചു.
'റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങി കുറച്ചു നടന്നാല്‍ ഗുരുവായൂര്‍ക്കുള്ള ബസ് കിട്ടും.'
'കുഞ്ഞിന്റെ ചോറൂണ് ഗുരുവായൂര്‍ വെച്ച് നടത്താമെന്ന് നേര്‍ന്നിരുന്നു. പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ഉണ്ടായ കൊച്ചാ.'
അയാള്‍ കുഞ്ഞിനെ അരുമയോടെ നെഞ്ചോടടുക്കി പിടിച്ചിരുന്നു. ഒരു വേള കുഞ്ഞിന്റെ നെറുകിലയാള്‍ ചുണ്ടമര്‍ത്തി. അയാള്‍ ഞങ്ങളോട് സംസാരിച്ചിരിക്കുന്നതിനിടയില്‍ സാരിയുടുത്തൊരുത്തി അടുത്തെത്തി കുഞ്ഞിനെ വാങ്ങി. നാളുകളായി ഉറക്കം നഷ്ടപ്പെട്ടവരുടെ കണ്‍കള്‍ക്ക് ചുറ്റും കാണുന്ന കറുപ്പു നിറം പടര്‍ന്നിരിക്കുന്നു എന്നതൊഴിച്ചാല്‍ ഐശ്വര്യമുള്ള മുഖം. വ്യാഴവട്ടക്കാലം മുഴുവന്‍ കുഞ്ഞിനെ പ്രതി അവരെത്ര മാത്രം നോവും അപമാനവും സഹിച്ചിട്ടുണ്ടാവും.
അപ്പുറത്തെ കമ്പാര്‍ട്ടുമെന്റിനകത്തു നിന്നും ഉച്ചത്തിലുള്ള സംസാരവും ചിരിയും ഉയര്‍ന്നു.
'എഞ്ചിനീയറിങ്ങിനു പഠിക്കുന്ന പിള്ളേരാണെന്നു തോന്നുന്നു. നാട്ടില്‍ പോവുകയാവും. ഓണത്തിന്റെ അവധി തുടങ്ങുമല്ലോ രണ്ടു ദിവസം കഴിഞ്ഞാല്‍.'- അവള്‍ കുഞ്ഞിനെ തോളിലിട്ടുറക്കി കൊണ്ട് പറഞ്ഞു.
'മോളേ ഇത്തിരി നീങ്ങിയിരിക്കാമോ, ഞാനിവിടെ ഇരുന്നോട്ടെ. അവിടെയവരുടെ ബഹളം കാരണം കുഞ്ഞുറങ്ങുന്നില്ല. ശരിക്കുറങ്ങിയില്ലേല്‍ എണീറ്റാല്‍ വല്യ വാശിയായിരിക്കും.' അവള്‍ കമിതാക്കളെന്നു തോന്നിയവരിലെ യുവതിയോട് പറഞ്ഞു. അവള്‍ ഭയം നിറഞ്ഞ കണ്ണോടെ നീങ്ങിയിരുന്നു.
ഇനിയവരൊന്നും ചോദിക്കരുതേയെന്നൊരു പ്രാര്‍ത്ഥന അവളുടെ കണ്ണുകളില്‍ തെളിഞ്ഞു. ആ പ്രാര്‍ത്ഥന ദൈവം കേട്ടില്ല.
'നിങ്ങള്‍ എവിടേക്കാ?'
സംശയം നിഴലിക്കുന്ന കണ്ണുകളോടെ കുഞ്ഞിന്റെ അച്ഛനാണത് ചോദിച്ചത്.
'ഒളിച്ചോടി പോവുകയാണോ?'- കുഞ്ഞിനെ മടിയിലിരുത്തി ആട്ടികൊണ്ട് വളരെ സ്വാഭാവികതയോടെ ആ സ്ത്രീ ചോദിച്ചു.
'പേടിക്കേണ്ട, ഞങ്ങള്‍ക്കെങ്ങനെ മനസ്സിലായെന്നല്ലേ, 12 വര്‍ഷം മുന്‍പേ ഞങ്ങളുമിങ്ങനെ ഒന്നോടിയതാ. അല്ലേടോ.'
അമ്മയുടെ കണ്ണുകളില്‍ നാണം നിഴലിട്ടു.
സന്ദര്‍ഭത്തിന്നൊരയവ് വന്നതു പോലെ. ഇത്തവണ ആ പെണ്‍കുട്ടിയൊന്നു ചിരിച്ചു. ദുര്‍ബലമായൊരു ചിരി.
'ഈ തീവണ്ടിയാത്ര കഴിയുമ്പോള്‍ നിങ്ങളുടെ ജീവിതം തുടങ്ങും. നിങ്ങക്കറിയോ, ഞാന്‍ കൊറെ കാലം യുക്രെയിനിലായിരുന്നു. അവിടെ ട്രാക്കിന്റെ ഇരുവശത്തും മരങ്ങളും ചെടികളും തിങ്ങിവളര്‍ന്ന് പാളത്തിനു മുകളില്‍ പടര്‍ന്നുമൂടി കിടക്കുന്ന, പച്ചത്തുരങ്കം പോലെ തോന്നിക്കുന്ന മൂന്നുകിലോമീറ്റര്‍ ദൂരമുള്ള ഒരു റെയില്‍പ്പാതയുണ്ട്. പ്രേമിക്കുന്നോര് അതിലൂടെ തീവണ്ടിയില്‍ യാത്രചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ ഏത് ആഗ്രഹവും സാധിക്കുമെന്നാ അവരു പറയുന്നേ. ഇപ്പോ ഇതാണ് നിങ്ങളെ ഉക്രെയിന്‍. നിങ്ങള്‍ക്കു വേണ്ടി ഞങ്ങളും പ്രാര്‍ത്ഥിക്കാം.'
അതു കേട്ടവരുടെ കണ്ണും കാതും സന്തോഷിച്ചിരിക്കാം. പെട്ടെന്ന് തന്നെ തീവണ്ടിക്കുള്ളിലെ മഞ്ഞുരുകി. കളി ചിരികളും തമാശകളും ഇടയിലാരോ കൊറിക്കാന്‍ തന്ന ചക്ക വറവുമൊക്കെയായി ഉറക്കം തീരെ പോയി. വഴിയിലേതോ കെട്ടിടത്തില്‍ നിന്നും നിറയെ കടവാവലുകള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പറന്നു.
കുഞ്ഞുണര്‍ന്ന് ചുമച്ചപ്പോഴാണ് എല്ലാവരും സംസാരം നിര്‍ത്തിയത്. ഞങ്ങളുടെ സംസാരം കാരണം കുഞ്ഞിനുറങ്ങാന്‍ കഴിയുന്നില്ലായിരിക്കുമെന്നാ കരുതിയത്. ജനലരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് സാരി തുമ്പെടുത്ത് മറച്ചവള്‍ കുഞ്ഞിനു പാല് കൊടുക്കാന്‍ തുടങ്ങി. കുഞ്ഞ് സാരി തുമ്പ് തട്ടി തെറിപ്പിച്ച് ഉച്ചത്തില്‍ ചുമച്ചു.
'എവിടെ നിന്നാണ് പൊക വരണത് ചേട്ടാ.'
ഞങ്ങളുടെ സംസാരം പാടെ നിലച്ചു.
'അപ്പുറത്തെ പിള്ളേര് സിഗററ്റ് പുകക്കുന്നതാവും. യൂത്തന്മാരൊക്കെ ഇപ്പോള്‍ വെള്ളവും വലിയുമല്ലേ.'
അയാള്‍ കുഞ്ഞിനെ എടുത്ത് തോളിലിട്ട് വാതിലിന്നരികിലേക്ക് നടന്നു. പക്ഷേ പോയതിനേക്കാള്‍ വേഗത്തില്‍ പരിഭ്രാന്തമായ മുഖത്തോടെ അയാള്‍ തിരികെയെത്തി.
'വാഷ് റൂമില്‍ നിന്നാണ് പുക. എന്തൊക്കെയോ നനഞ്ഞ പടക്കം പൊട്ടുന്ന പോലുള്ള പൊട്ടലും ചീറ്റലും കേള്‍ക്കുന്നുണ്ട്. കുട്ടി നിര്‍ത്താതെ ചുമക്കുന്നുണ്ട്. കുഞ്ഞിന്റെ മുഖം ചുമന്നു തുടുത്തിരിക്കുന്നു. ചുണ്ടുകളില്‍ നീല നിറത്തിന്റെ രാശി കലര്‍ന്നിട്ടുണ്ടോ? എന്റെ നെഞ്ച് കൊളുത്തി വലിക്കുന്നതുപോലെ.
കാറ്റ് പോലെ വാതിലിന്നടുത്തേക്ക് പാഞ്ഞ ചെറുപ്പക്കാരന്‍ പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഞാനോടിപ്പോയി ചങ്ങല വലിച്ചു. അപ്പോഴേക്കും തീനാളങ്ങള്‍ ഞങ്ങളെ വിഴുങ്ങാന്‍ തുടങ്ങിയിരുന്നു.
' നമ്മുടെ അവസാനം ഈ ട്രെയിനിലാവോ?' ആരുടെയൊക്കെയോ ആശങ്കകളും പ്രാര്‍ത്ഥനകളും ഉയര്‍ന്നു.
അങ്ങോട്ടോ ഇങ്ങോട്ടോ എന്നൊരനിശ്ചിതാവസ്ഥയുടെ വക്കിലാണിപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്. ആരെങ്കിലും വന്ന് രക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...