ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആദര്‍ശ് വിപിന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അളിയന്റെ ഫോണ്‍ വന്നപ്പോള്‍ മുതല്‍ നെഞ്ചിലൊരു പിടപ്പ് ആയിരുന്നു. പെങ്ങളുടെ പ്രസവത്തിന്റെ സമയം അടുത്ത മാസം ആയതിനാല്‍ അപ്പോഴേക്കും പോകാന്നു കരുതി ഈ അവധിക്ക് അങ്ങോട്ടേക്കുള്ള യാത്ര വേണ്ടാന്ന് വെച്ചതാണ്. കോരിച്ചൊരിയുന്ന മഴയിലും ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലൂടെ അമിത വേഗതയിലാണ് വണ്ടിയോടിച്ചത്. നാട്ടിലെ നിയമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് മുഴുവനും സ്വസ്ഥതയുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണെന്ന് തോന്നും. ആസ്വസ്ഥതയുള്ളവനെയോ, അത്യാഹിതത്തില്‍ പെട്ടവനെയോ ഒരു നിയമങ്ങളും സഹായിക്കുമെന്ന് കരുതണ്ട.
കാരിത്താസ് ആശുപത്രിയിലെത്തി വണ്ടി നിര്‍ത്തി, അളിയനെ വിളിച്ചു, ഓടി അകത്ത് ചെന്നപ്പോള്‍ പെങ്ങളെ മുറിയിലേക്ക് മാറ്റിയിരുന്നു. ഡോക്ടറോട് സംസാരിച്ചപ്പോള്‍ പ്രശ്‌നം ഒന്നുമില്ല അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യാം എന്ന് പറഞ്ഞു. അതു കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്. ഉച്ച കഴിഞ്ഞപ്പോള്‍ അളിയന്‍ നിര്‍ബന്ധിച്ചു എന്നെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.
അവിടെയെത്തി ഒറ്റയ്ക്ക് ഇരുന്നപ്പോള്‍ എന്തോ ഒരു സമാധാനക്കുറവ്. മനസ് ആശുപത്രിയില്‍ തന്നെയായിരുന്നു. എനിക്ക് ഒരു പെങ്ങളേ ഉള്ളൂ, അവളെ ഒരുപാട് ലാളിച്ചാണ് ഞങ്ങള്‍ വളര്‍ത്തിയത്. ഏറെ കാലം കാത്തിരുന്നിട്ടാണ് അവള്‍ക്കൊരു ഉണ്ണി പിറക്കാന്‍ പോകുന്നത്. പെരുമഴയുടെ താളത്തിലും എന്റെ ഹൃദയമിടിപ്പുകള്‍ എനിക്കപ്പോള്‍ ശ്രവിച്ചു എണ്ണിനോക്കാമായിരുന്നു.
തോരാമഴയുടെ രണ്ടാംദിവസവും പുറത്തിറങ്ങാനാകാതെ സിറ്റ് ഔട്ടില്‍ ഇരുന്നപ്പോഴാണ് ഞാന്‍ പഴയ കാര്യങ്ങളെപ്പറ്റി ആലോചിച്ചത്. പെങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആകുലതയാല്‍ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവിടെയെത്തുമ്പോള്‍ എന്നെ ആര്‍ദ്രമായൊരു ആകാംക്ഷ കാര്‍ന്നു തിന്നുന്നു.
സൈരന്ധ്രിയുടെ രണ്ടാം നിലയിലെ ഇടത്തെ മുറിയുടെ ജനാലകള്‍ തുറന്നിട്ടുണ്ടോയെന്ന് ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന ജാതിമരങ്ങള്‍ക്കിടയിലൂടെ സൂക്ഷിച്ചു നോക്കി.
ഉച്ചതിരിയുവോളം കൃത്യമായ ഇടവേളകളില്‍ വന്ന് ഞാന്‍ നോക്കിക്കൊണ്ടിരുന്നെങ്കിലും, എന്നെ നിരാശപ്പെടുത്തിക്കൊണ്ട് ആ പഴയ ജനാലവാതിലുകള്‍ അന്ന് തുറക്കപ്പെട്ടില്ല.
മെലിഞ്ഞും നിറഞ്ഞും പെയ്തിറങ്ങുന്ന മഴ തെളിഞ്ഞുമങ്ങുന്ന എന്റെ കാഴ്ചയെ തട്ടിക്കളിച്ചുകൊണ്ടിരുന്നു.
ആശുപത്രിയില്‍ വിളിച്ചപ്പോള്‍ ഡിസ്ചാര്‍ജ് അടുത്ത ദിവസത്തേക്ക് മാറ്റിയെന്ന് പറഞ്ഞു. അന്ന് ആശുപത്രിയില്‍ പോയി പെങ്ങളെ കണ്ട് അവര്‍ക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങിക്കൊടുത്ത് ഞാന്‍ തിരിച്ചു പോന്നു.
പൊതുഅവധിയുള്ള ദിവസങ്ങളിലാണ് ഞാന്‍ സാധാരണയായി കോട്ടയത്തുള്ള എന്റെ ഇളയ പെങ്ങളുടെ വീട്ടില്‍ സന്ദര്‍ശനത്തിന് വരുന്നത്. ജോലി തിരക്കുകള്‍ക്കിടയില്‍ അപ്പോഴേ തരം കിട്ടാറുള്ളൂ. വന്നാല്‍ ഒരാഴ്ച അവിടെ താമസിച്ചു തിരിച്ചുപോകാറാണ് പതിവ്. ജാതിയും കവുങ്ങും ഉദിയും ഇടയ്ക്കിടയില്‍ വളര്‍ന്നുനില്‍ക്കുന്ന വിശാലമായ റബ്ബറിന്‍ തോട്ടത്തിന് നടുവിലാണ് ആ വലിയ വീട്. റബ്ബര്‍ തോട്ടത്തിന് തിരിച്ചിട്ടില്ലാത്ത അദൃശ്യമായ അതിരുകളുണ്ട്, അതുകഴിഞ്ഞാല്‍ പിന്നെ കണ്ണെത്താദൂരത്തോളം കൈതപ്പാടമാണ്.
വീടിന്റെ പൂമുഖത്തുനിന്ന് നോക്കിയാല്‍ ആകെ കാണാവുന്നത് എതിരെയുള്ള കലാലയത്തിന്റെ ലേഡീസ് ഹോസ്റ്റലുകളാണ്.
നിള, കബനി, പമ്പ, സൈരന്ധ്രി, പല്ലന, ചന്ദ്രഗിരി. അങ്ങനെ പുഴകളുടെ പേരിലുള്ള ചെറുതും വലുതുമായ പഴയ മനോഹരകെട്ടിടങ്ങള്‍. മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നതുകൊണ്ട് എല്ലാം വ്യക്തമായി കാണാന്‍ സാധിക്കുകയില്ല. എങ്കിലും സൈരന്ധ്രിയുടെ രണ്ടാമത്തെ നിലയിലെ രണ്ടുമുറികള്‍ പൂര്‍ണ്ണമായും കാണാം. അതിലെ ഇടത്തെ മുറിയിലെ ജനാലയിലൂടെയാണ് കഴിഞ്ഞ വരവുകളില്‍ ഞാനവളെ കണ്ടിരുന്നത്.
പകല്‍സമയങ്ങളില്‍ പോലും ആ പ്രദേശങ്ങളില്‍ കുഞ്ഞിരുട്ട് ചൂഴ്ന്നുനില്‍ക്കും. കുറുകിയും നീട്ടിയും ചീവീടുകള്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മൂളിക്കൊണ്ടിരിക്കും. ചന്നംപിന്നം പെയ്യുന്ന മഴകൂടിയാകുമ്പോള്‍ ശോകസാന്ദ്രമായൊരു സംഗീതം കേള്‍ക്കുന്നപോലെ തോന്നും.
അന്ന് പകല്‍മുഴുവന്‍ തോരാതെ പെയ്‌തെങ്കിലും സന്ധ്യയായപ്പോള്‍ മഴ ക്ഷീണം മാറ്റാനെന്നപോലെ മാറിനിന്നു വിശ്രമിച്ചു. ഞാന്‍ നോക്കി, ആ മുറിയ്ക്കകത്ത് വെളിച്ചം തെളിഞ്ഞിട്ടില്ല, ജനാലകള്‍ അപ്പോഴും അടഞ്ഞുകിടന്നു.
പൊടുന്നനെ എതിരെയുള്ള റബ്ബര്‍ മരങ്ങളുടെ തലപ്പുകള്‍ക്കിടയിലൂടെ ചുമന്ന ഒരുമുഖം എന്നെ പോലെ അവിടേക്ക് ഒളിഞ്ഞുനോക്കുന്നു. ചന്ദ്രനെ കണ്ടതും ഞാന്‍ വീടിനകത്തുകയറി എന്റെ മുറിയിലേയ്ക്ക്‌പോയി. അപ്പോഴും ആ ജനാലകള്‍ തുറക്കുന്നുണ്ടോയെന്ന് നോക്കി ചുവന്നകുറിയിട്ട യുവകോമളന്മാരെ പോലെ റബ്ബര്‍മരങ്ങള്‍ ക്ഷണികമായ നിലാവില്‍ കാവല്‍ നിന്നിരിക്കണം.
സാധാരണ തുടര്‍ച്ചയായുള്ള ഇതുപോലത്തെ അവധിദിവസങ്ങളില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ഒട്ടുമുക്കാല്‍ പെണ്‍കുട്ടികളും സ്വവസതികളിലേയ്ക്ക് മടങ്ങാറാണ് പതിവ്. വിദൂരജില്ലകളില്‍ നിന്നും വന്ന് താമസിച്ചുപഠിക്കുന്ന കുറച്ച് ഗവേഷണവിദ്യാര്‍ത്ഥിനികള്‍ മാത്രമേ അവധി ദിവസങ്ങളില്‍ അവിടെ തങ്ങാറുള്ളൂ.
കഴിഞ്ഞ അവധിക്കാലങ്ങളില്‍ ഞാന്‍ വന്നപ്പോളെല്ലാം അവള്‍ അവിടെയുണ്ടായിരുന്നു. ക്ലാസുകള്‍ ഇല്ലാത്തതുകൊണ്ട് പകല്‍സമയങ്ങളിലും രാത്രിവൈകുന്നതുവരെയും ജയിലഴികള്‍ക്ക് സദൃശ്യമായ ആ ജനാലകളിലൂടെ അവള്‍ എന്നെ നോക്കിയിരിക്കും. ഒഴുവുകാലമാഘോഷിക്കാന്‍ വീട്ടില്‍ പോകാതെ എന്നെയും കാത്തിരിക്കുന്ന പോലെ.
അവള്‍ക്ക് കറുത്ത നിറത്തില്‍ കട്ടിയുള്ളൊരു കണ്ണടയുണ്ടായിരുന്നു, ചുരുണ്ടതെങ്കിലും നീളമുള്ള മുടിയായിരുന്നു അവളുടേത്. ആദ്യമായി കണ്ടപ്പോള്‍പോലും ഒരു അപരിചിതയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല.
നാല്‍പാത്തി മലയുടെ താഴ്വാരങ്ങളില്‍ പതിവായി പെയ്യുന്ന സൈ്വര്യംകൊല്ലി മഴകള്‍ക്കിടയിലും, ജനാലവാതിലുകള്‍ മുക്കാലും അടച്ചു വെച്ച ചെറിയ വിടവിലൂടെ അവള്‍ എന്നേയും നോക്കിയിരിക്കും.
തിരക്കുപിടിച്ച ജീവിതം ഞങ്ങള്‍ക്കിടിയില്‍ നിന്നും കവര്‍ന്നെടുത്ത നീണ്ട കാണാക്കാലങ്ങളില്‍ പോലും അവളുടെ കണ്ണുകള്‍ എന്നെ തിരയുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവിടെക്ക് എത്തുമ്പോഴേ ജനലഴിക്ക് പിന്നിലെ എന്നിലേക്ക് നീളുന്ന അവളുടെ കണ്ണുകള്‍ അത് വെറും തോന്നലുകള്‍ മാത്രമല്ലെന്ന് എന്നോട് വിളിച്ചോതുമായിരുന്നു.
ഞാന്‍ അവളെ ആദ്യമായി കാണുന്നത് ഇരുണ്ടൊരു ശരത്കാല സന്ധ്യയില്‍ ആയിരുന്നു. അതിരമ്പുഴയില്‍ അപ്പോഴും മഴ പൊടിഞ്ഞുകൊണ്ടിരുന്നു. എന്നെ കണ്ടപ്പോള്‍ തന്നെ അമ്മയ്ക്കും പെങ്ങള്‍ക്കും ഒരുപാട് സന്തോഷമായി. ഏറെ കാലങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലായതുകൊണ്ട് ഞങ്ങളെല്ലാം പൂമുഖത്ത് ഒത്തുകൂടി വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും, രസകരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തു. ആ സമയമാണ് സൈരന്ധ്രിയുടെ രണ്ടാമത്തെ നിലയിലുള്ള അവളുടെ മുറിയില്‍ വെളിച്ചം തെളിഞ്ഞത്.
മറ്റ് മുറികളിലെ മാത്രമല്ല ഇരുട്ടുപിടിച്ച ആ ഹോസ്റ്റല്‍കെട്ടിടത്തിലെ തന്നെ ഒരേയൊരു പ്രകാശമായിരുന്നതുകൊണ്ടാകണം ഞാനത് ശ്രദ്ധിച്ചത്. ഒരു പുസ്തകവും കയ്യില്‍പിടിച്ചുകൊണ്ട് മുറിക്കുള്ളില്‍ അവള്‍ നടക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു. പുകപിടിച്ച കരിഞ്ഞ പാടുകള്‍ നിറഞ്ഞ ചുമരുകളുള്ള ആ മുറിക്കുള്ളിലുള്ളത്രയും പ്രകാശം തന്നെ എന്റെ ഉള്ളിലും പരന്നു. അന്ന് ആ ജനാലകള്‍ക്ക് കുറച്ചുകൂടി വിസ്താരമുണ്ടായിരുന്നെങ്കിലെന്ന് ഞാനാശിച്ചു. പെട്ടെന്ന് മഴ പെയ്തു. അതുകൊണ്ടാണോ, ദീര്‍ഘനേരം സൂക്ഷ്മനിരീക്ഷണം നടത്തിയ എന്നെക്കണ്ടിട്ടാണോ എന്നറിയില്ല അവള്‍ ജനാലകള്‍ കൊട്ടിയടച്ചു വിളക്കുകളണച്ചു. പാതിരാവോടെ മഴ തോരുമ്പോഴും ഞാനവിടേയ്ക്കുതന്നെ നോക്കിയിരുന്നു. അവളുടെ ചന്തത്തിന്റെ ദീപ്തിയില്‍ ആ ഇരുട്ടിലും എനിക്കവളെ കാണാമായിരുന്നു.
അന്നുരാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ അവളുടെ മുറിയില്‍ വിളക്കുകള്‍ വീണ്ടും തെളിയുകയും ജനാലകള്‍ തുറക്കപ്പെടുകയും ചെയ്തു. മഴമാറി നിലാവുപൊഴിഞ്ഞപ്പോള്‍ കൈതപ്പൂവിന്റെ അസഹ്യമായ സുഗന്ധം അവിടെയാകെ പരക്കുന്നതായി എനിക്കനുഭവപ്പെട്ടു, ചീവീടുകളുടെ പാട്ട് മാര്‍ദ്ദവപ്പെട്ടുതുടങ്ങി. അവളുടെ അന്തസിന് നിരക്കുന്നതല്ലായെങ്കിലും ജനലഴികളിലൂടെ അവളെന്നെ മിഴിചിമ്മാതെ നോക്കിനിന്നു. ഞങ്ങള്‍ക്കിടയിലെ ഇരുട്ടുപുതച്ച നിഴലുകള്‍ ഓരോന്നായി അഴിഞ്ഞുവീണു.
ഇലകള്‍ക്കിടയിലൂടെ ആദ്യമായി ഞാനവിടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ നൃത്തം വെയ്ക്കുന്നതുകണ്ടു. അഴികളില്‍ പിടിച്ചിരുന്ന അവളുടെ കൈകളില്‍ വെള്ളിത്തൂവലുകള്‍ മുളയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ക്ഷണനേരംകൊണ്ട് അവളുടെ കൈകള്‍ മാലാഖമാരുടേതുപോലെ മിനുസ്സമുള്ള മനോഹരചിറകുകളായി രൂപാന്തരപ്പെട്ടു. അവളുടെ മുഖത്തിന് ചുറ്റും ഒരു പ്രകാശവലയം പരന്നപ്പോള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നി. ഞാനും തിരികെ പുഞ്ചിരിക്കുന്നതായി ഭാവിക്കാന്‍ ശ്രമിച്ചു.
കൂടുതല്‍ കൂടുതല്‍ അവളുടെ അടുത്തേക്കുപോകാന്‍ കണക്കാക്കി ഇന്ദുധൂളികള്‍ അരിച്ചിറങ്ങുന്ന ജാതിമരങ്ങളുടെ ഇടയിലുള്ള തടത്തിലേയ്ക്ക് ഞാനിറങ്ങിനടന്നു, അവളെ നോക്കി. ഏതോ മാന്ത്രിക ശക്തി പോലെ അവളുടെ ചിറകുകള്‍ സ്പര്‍ശിച്ചപ്പോള്‍ ആ ജനലഴികള്‍ അദൃശ്യമാകുന്നതും, അവള്‍ എന്നരികിലേയ്ക്ക് ചിറകടിച്ചുവരുന്നതും ഞാന്‍ കണ്ടു. എനിക്കരികിലായി പറന്നിറങ്ങി എന്റെ മുന്നില്‍നിന്നു. ദുഖാര്‍ത്തയായ സുന്ദരിയുടെ മുഖഭാവവും കലങ്ങിയ കണ്ണുകളുമാണ് അവള്‍ക്കുള്ളതെന്ന് വളരെ അടുത്തെത്തിയപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. അവളെ ഇതിനുമുന്നേ എവിടെയും കണ്ടിരുന്നതായി തോന്നിയില്ല.
പൊടുന്നനേയുള്ളൊരു സ്‌നേഹബന്ധം എനിക്കത്ര പരിചിതമായിരുന്നില്ല. ഭയജന്യമായൊരു ശബ്ദത്തോടെ ഞാനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. അതിനെല്ലാം പതിഞ്ഞ സ്വരത്തില്‍ ലഘുവാക്കുകളിലൂടെ അവള്‍ മറുപടിപറഞ്ഞു. അവള്‍ പറഞ്ഞതെല്ലാം ശരിയായിരുന്നിരിക്കാം, പക്ഷേ മനുഷ്യഭാഗധേയം ഉള്‍കൊള്ളാനാകാത്ത അവസ്ഥയിലായിരുന്നു ഞാനപ്പോള്‍.
കൈതപ്പൂവിന്റെ മണത്തെക്കുറിച്ച് ഞാനവളോട് ചോദിച്ചു. അവള്‍ക്ക് ഗന്ധങ്ങള്‍ അറിയാനോ ആരേയും സ്പര്‍ശിക്കാനോ സ്വപ്നങ്ങള്‍ ഓര്‍ത്തെടുക്കാനോ കഴിവില്ലന്ന് അത്യന്തം ശാന്തതയോടെ എന്നോട് പറഞ്ഞു. ഞങ്ങള്‍ അന്ന് ഒരുപാട് സംസാരിച്ചു. കോളേജ് മാഗസിനുകളിലും, ആനുകാലികങ്ങളിലും അവള്‍ എഴുതിയ കവിതകളെപ്പറ്റി പറഞ്ഞു. സ്വപ്നങ്ങളോ, സ്വപ്നഭംഗങ്ങളോ ഹൃദയത്തില്‍ പൊടിക്കുന്ന രക്തസ്രാവങ്ങളിലാണ് കവിതയുടെ ഓരോ അക്ഷരങ്ങളും ചാലിച്ചെടുക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
നിര്‍ബന്ധത്തിനൊടുവില്‍ അവള്‍ എനിക്കായൊരു കവിത ചൊല്ലി തന്നു. സന്തോഷത്തില്‍ തുടങ്ങിയെങ്കിലും നഷ്ടസഹജമായ വരികളിലൂടെ കവിത തെന്നുമ്പോള്‍ മഴ വീണ്ടും ആര്‍ത്തലച്ചെത്തി. അവളുടെ ലോലമായ വെള്ളിത്തൂവലുകള്‍ കുതിര്‍ന്നു. അവ ഓരോന്നായി മഴയില്‍ അലിഞ്ഞില്ലാതാവുന്നത് ഞാന്‍ നോക്കിനിന്നു.
അപ്പോള്‍ വെന്തുപൊള്ളിയടര്‍ന്ന ചലമൊഴുകുന്ന വ്രണങ്ങള്‍ അവളുടെ ശരീരത്തില്‍ പ്രത്യക്ഷപെട്ടു. അതില്‍നിന്നും ഏതോ കാട്ടുമൃഗത്തിന്റെ ദുഷിച്ചഗന്ധം വമിക്കുന്നുണ്ടായിരുന്നു. പെയ്തിറങ്ങുന്ന മഴയില്‍ ഓരോ പാളികളായി അതും മറഞ്ഞു. എന്റെ മുന്നില്‍നിന്നും അവള്‍ പൂര്‍ണ്ണമായും മാഞ്ഞുതുടങ്ങി. അവസാനം വളഞ്ഞ സൂചിമുനയുള്ള ഒരു തൂവല്‍ മാത്രം ശേഷിച്ചു. ആകാശത്ത് വിടര്‍ന്ന വര്‍ണ്ണരാജികളില്‍, ആ തൂവല്‍ മഴവെള്ളത്തിലൂടെ ഏകാകിയായി എങ്ങോട്ടോ ഒഴുകിപോകുന്നത് ഞാന്‍ കണ്ടുനിന്നു.
അന്ന് രാത്രി വൈകി വീട്ടില്‍ എത്തിയപ്പോഴും എന്റെ ദേഹത്തുനിന്നും പച്ച മാംസം വെന്തുകരിഞ്ഞ പോലെയുള്ള ഒരു ദുര്‍ഗന്ധം വമിച്ചുകൊണ്ടിരുന്നു. അസ്ഥി കോച്ചുന്ന തണുപ്പുള്ള വെള്ളത്തില്‍ അന്ന് എത്ര തവണ ഞാന്‍ കുളിച്ചുവെന്ന് ഓര്‍മയില്ല.
പിറ്റേന്ന് രാവിലെ ഞാന്‍ പെങ്ങളോട് ആ ഹോസ്റ്റല്‍ മുറിയിലെ താമസക്കാരിയെ കുറിച്ച് തിരക്കാന്‍ പറഞ്ഞു, അവള്‍ അത് നേരം പോക്കായി മാത്രം കണ്ടുള്ളൂ എന്നറിഞ്ഞപ്പോള്‍ ഞാന്‍ നേരെ ഹോസ്റ്റലിലേക്ക് ചെന്നു, സൈരന്ധ്രിയുടെ വാര്‍ഡന്‍ പട്ടാളത്തില്‍നിന്നും വിരമിച്ച സിസിലി തോമസ് എന്ന കടുത്തുരുത്തിക്കാരിയാണ്. ഞാന്‍ എന്നെ പരിചയപ്പെടുത്തി, സൈരന്ധ്രിയുടെ രണ്ടാമത്തെ നിലയിലുള്ള ഇടത്തെ അറ്റത്തെ ആ മുറിയില്‍ ആരാണ് താമസം എന്ന് അവരോട് ചോദിച്ചു. ആ മുറി വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുകയാണെന്നും, നാല് വര്‍ഷങ്ങള്‍ക്കു മുന്നേ അവര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ആ മുറിയില്‍ ആരേയും താമസിപ്പിക്കരുത് എന്ന് മുകളില്‍നിന്നും ഓര്‍ഡര്‍ കിട്ടിയിരുന്നതായും അവര്‍ പറഞ്ഞു. ആ മുറി പൂട്ടി യൂണിവേഴ്‌സിറ്റി സീല്‍ ചെയ്തിട്ട് പതിനഞ്ചുവര്‍ഷങ്ങളോളമായിട്ടുണ്ടെന്ന് അതിന്റെ മുന്നിലെ പുകക്കറയുള്ള വാതിലില്‍ പതിപ്പിച്ചിരുന്ന ഒരു പഴയ കടലാസില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടു. അവള്‍ ആരാണെന്ന് അറിയാതെ ഞാന്‍ ഉത്കണ്ഠപ്പെട്ടു.
യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന മൂന്നുനാല് വിദ്യാര്‍ത്ഥികളോട് അന്വേഷിച്ചെങ്കിലും പ്രത്യേകിച്ച് വിവരമൊന്നും കിട്ടിയില്ല. എങ്കിലും പിന്നീടുള്ള ഓരോ അവധിക്കാലത്തും പെങ്ങളുടെ വീട്ടിലേക്ക് വരാനുള്ള ആവേശം ഞാന്‍ എത്തുമ്പോഴെല്ലാം സൈരന്ധ്രിയുടെ ജനാലകള്‍ തുറന്നിട്ട് എന്നെ കാത്തിരിക്കുന്ന അവള്‍ തന്നെയായിരുന്നു. എല്ലാവരും മധുരനിദ്രയില്‍ മുഴുകുമ്പോള്‍ അവള്‍ വെള്ളിച്ചിറകടിച്ച് എനിക്കരികിലേയ്ക്ക് പറന്നുവരും. അവളുടെ മുഖത്തേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ കണ്ണുനീര്‍ ഉണങ്ങിപിടിച്ച കവിളുകളില്‍ എന്റെ മുഖം പ്രതിഫലിക്കുന്നത് എനിക്ക് കാണാമായിരുന്നു.
മഴ നാലാംദിവസവും നിര്‍ത്താതെ പെയ്യുകയാണ്. പെങ്ങളെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ കൊണ്ടുവന്നു, അവള്‍ ആരോഗ്യവതിയാണ്. പൂജവെയ്പ്പിന്റെ അവധികഴിഞ്ഞിരുന്നു. എനിക്ക് അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട ജോലികളുണ്ട്, നാളെ രാവിലെ തിരിച്ചുപോകണം. പകല്‍ ഇതുവരെ ആ ജനാലകള്‍ അവള്‍ തുറന്നിട്ടില്ല, സന്ധ്യമയങ്ങിയിട്ടും ഞാന്‍ സൈരന്ധ്രിയിലെ ആ മുറിയിലേയ്ക്ക് നോക്കി പൂമുഖത്ത് തന്നെയിരുന്നു.
നിയോണ്‍ ബള്‍ബിന്റെ വെട്ടത്തില്‍ എന്റെ കണ്ണുകളേയും കാതുകളേയും ശല്യംചെയ്തുകൊണ്ടിരുന്ന ഈയാംപാറ്റകളെ കൊന്നൊടുക്കാന്‍ എനിക്ക് തോന്നിയില്ല. മഴ വീണ്ടും കനത്തു, കാഴ്ച മറയുന്നു. സൈരന്ധ്രിയുടെ ജനാലകള്‍ തുറക്കും എന്ന പ്രതീക്ഷയില്‍ ഞാനായിരിപ്പ് തുടര്‍ന്നു. എത്രയോ രാത്രികളിലാകമാനം മൂടിപ്പുതച്ച് ഞങ്ങള്‍ അങ്ങനെ തമ്മില്‍ തമ്മില്‍ നോക്കിയിരുന്നിട്ടുണ്ട്, ജാതിമരങ്ങള്‍ക്കിടയിലൂടെ വര്‍ത്തമാനം പറഞ്ഞു നടന്നിട്ടുണ്ട്, മഴ വീണ് ഓര്‍മ്മകള്‍ വീണ്ടും പൊള്ളുന്നുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...