ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രഞ്ജിത് മഠത്തും പടിക്കല്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പ്രായം
ഇപ്പോളെനിക്ക് ആറുവയസ്സാണ്,
പത്തുവയസ്സുള്ള മകളുടെ
അനുജത്തിചമഞ്ഞ്
അവളുടെ മടിയില്‍
തലവെച്ചു കിടക്കുന്നു,
അവളെനിക്ക് കണ്ണെഴുതിത്തരുന്നുണ്ട്.
കുറച്ചുമുമ്പ്
നാല്പതുവയസ്സായിരുന്നു,
രക്തത്തിലെ പഞ്ചസാരയാണ്
അതെന്നോട് പറഞ്ഞത്.
ഇന്നുരാവിലെ
ഏട്ടനെ
ഫോണില്‍വിളിച്ച്
അര്‍ജന്റീനയുടെയും ബ്രസീലിന്റെയും
രക്ഷാധികാരി ചമയുമ്പോള്‍
ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും
ഒരേ പ്രായമായിരുന്നു.
അച്ഛനിപ്പോള്‍
എന്നെക്കാള്‍
പ്രായം കുറവാണ്.
തിമിരത്തിന്റെ
ഓപ്പറേഷന്‍ കഴിഞ്ഞതിനുശേഷം
കണ്ണടയില്ലാതെതന്നെ
പുസ്തകംവായിക്കാന്‍ പറ്റും.
വീട്ടിലെ ജോലിചെയ്യുമ്പോള്‍
ഭാര്യക്കുമുന്നില്‍
ഞാനൊരു
വൃദ്ധനായതുപോലെ,
ഭാരിച്ചപണിയൊക്കെ
ഇപ്പോള്‍
അവളാണ് ചെയ്യുന്നത്.
വല്ലാതെ പ്രായംതോന്നുമ്പോള്‍
ഞാന്‍ അമ്മയെ വിളിച്ചു സംസാരിക്കും,
എന്നിട്ട്
ഒരു കൊച്ചുകുട്ടിയെ
ഉപദേശിക്കുന്നതുപോലെ
ദിവസവും
മരുന്നുകഴിക്കാന്‍ മറക്കരുതെന്ന്
നിര്‍ബന്ധിക്കും.
വിശപ്പ്
നന്മയ്ക്കു വിശക്കുമ്പോള്‍,
അതിനേക്കാള്‍ വിശപ്പുള്ള
ഒരു വയറിന്
അത്
സ്വന്തം ഭക്ഷണം
ദാനം ചെയ്യുന്നു,
അപ്പോള്‍ അതിന്റെ
വിശപ്പുമാറുന്നു.
തിന്മയ്ക്കു വിശക്കുമ്പോള്‍
അത്
മറ്റാരുടെയെങ്കിലും ഭക്ഷണം
തട്ടിപ്പറിക്കുന്നു,
എന്നിട്ടും
അതിന്റെ വിശപ്പ്
മാറുന്നതേയില്ല.
ഒന്നിനുമല്ലാതെ
കടലിന്
നമ്മളോട്
പുതിയതായൊന്നും പറയാനില്ല,
എന്നിട്ടും
നമ്മളതിനെ
കൊതിയോടെ
കാതോര്‍ത്തിരിക്കുന്നു.
നക്ഷത്രങ്ങളുടെ കയ്യില്‍
നമുക്ക് നല്‍കാന്‍വേണ്ടി
ഒരു മെഴുതിരിയോളംപോലും വെളിച്ചമില്ല,
എന്നിട്ടും നമ്മളവരെ
ഒരുപാടുനേരം
മിഴികളില്‍ കൊളുത്തിവയ്ക്കുന്നു.
ഒന്നിനുംവേണ്ടിയല്ലാതെ
ഒരുമിക്കുന്നവര്‍ക്ക്
കടലിന്റെ അഗാധതയും
നക്ഷത്രങ്ങളുടെ തിളക്കവുമുണ്ടാവുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...