ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മായാ ജ്യോതിസ് എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ആത്മഹത്യ ചെയ്തവന്റെ കത്തുകള്‍
അവന്റെ ആത്മഹത്യ,
നാടിനെയാകെ അമ്പരപ്പിച്ചു
പുഞ്ചിരി മാഞ്ഞ,
അവന്റെ മുഖം
സങ്കല്‍പ്പിച്ചെടുക്കാന്‍
അവരാവതും
ശ്രമിച്ചു, പരാജയപ്പെട്ടു.
പല നാടുകളിലായ് ചിതറിക്കിടന്ന
അവന്റെ സൗഹൃദസംഘം
അനുശോചനയോഗം ചേര്‍ന്നു.
ഒരുത്തി പറഞ്ഞു,
അവന്റെ കത്തുകള്‍
ശലഭങ്ങളെ കുറിച്ചുള്ള
കവിതകളായിരുന്നു,
അവനറിയാത്ത ശലഭങ്ങള്‍
അപൂര്‍വ്വം,
ശലഭങ്ങളെപോലെ
അല്‍പ്പായുസ്സാവാന്‍
കൊതിച്ചതാവും.
ഒരുവന്‍ പറഞ്ഞു,
അവന്റെ കത്തുകളിലെപ്പോഴും
ആസ്‌ട്രോ ഫിസിക്‌സിലെ
പുതിയ കണ്ടെത്തലുകള്‍.
മറ്റൊരു പ്രപഞ്ചത്തെ,
മനസാ സങ്കല്‍പ്പിക്കുകയും
നിഗമനങ്ങളിലെത്തുകയും
അവന്റെ പതിവായിരുന്നു
അപരലോകങ്ങളിലേക്ക്
ആത്മയാത്ര പോവാന്‍
ക്ഷമയറ്റു കാണണം.
അതൊന്നുമല്ല,
അവനൊരു ക്രിക്കറ്റ് ഫാന്‍.
സച്ചിനെ വാഴ്ത്തുന്ന കത്തുകള്‍
അവന്‍ എനിക്കയച്ചിട്ടുണ്ട്
ഈ ലോകകപ്പിലെ
ഇന്ത്യയുടെ തോല്‍വി
താങ്ങാന്‍ കഴിഞ്ഞു കാണില്ല.
അവന്‍ തികഞ്ഞ ഭക്ഷണപ്രിയന്‍,
എനിക്കുള്ള കത്തുകള്‍ നിറയെ
രുചിപെരുക്കങ്ങള്‍ നിറഞ്ഞുകവിയുന്ന
യാത്രാവിവരണങ്ങളായിരുന്നു
പാചകത്തെ വെറുക്കുന്ന,
ഉപവസിക്കുവാനും പ്രാര്‍ഥിക്കുവാനും
ഉപദേശിക്കുന്ന ഭാര്യയോട്
പൊരുത്തപ്പെട്ട് മടുത്തപ്പോള്‍
ചെയ്തതാവാം ഈ കടുംകൈ.
കടുത്ത സംഗീതപ്രേമിയായിരുന്നു അവന്‍,
എനിക്കു കിട്ടിയ കത്തുകളെല്ലാം
സംഗീതം പൊഴിച്ചു.
വിഷാദരാഗങ്ങളുണ്ടാക്കുന്ന
മാനസികപരിവര്‍ത്തനങ്ങളെപറ്റി
അവന്‍ ധാരാളമെഴുതിയിരുന്നു
അവന്റെ മുറിയില്‍ നിന്ന് അന്നും
നിലക്കാതെ സംഗീതം
കേട്ടിരുന്നുവത്രെ.
ഇതിലൊന്നും തൃപ്തിവരാതെ,
ഒരാത്മഹത്യക്ക്
കാരണമാവാന്‍
എന്തുകൊണ്ടും യോഗ്യതയുള്ള
ഒരവിഹിത പ്രണയത്തിന്റെ
സാധ്യതകള്‍ക്കായി
ഉള്ളുകൊണ്ടവര്‍
പരസ്പരമറിയിക്കാതെ
തിരഞ്ഞുഴറുന്നുണ്ടായിരുന്നു.
അവനാരായിരുന്നുവെന്ന്
അവരാരുമറിഞ്ഞില്ല.
ചിതയിലേക്കെടുക്കുമ്പോഴും
രഹസ്യങ്ങളെല്ലാമൊളിപ്പിച്ച്
അവന്റെ ചുണ്ടിലെ പുഞ്ചിരി
മായാതിരുന്നു,
ശരിയായാലും തെറ്റായാലും,
സ്വയംഹത്യയെന്നത്
തീര്‍ത്തും സ്വകാര്യമായ
തീരുമാനമാണെന്ന്
പ്രഖ്യാപിക്കുംപോലെ.
അപരിചിതര്‍
അവനും അവളും
അപരിചിതരായിരുന്നു.
അറിയാത്ത
ആ നഗരത്തിലാദ്യവും.
രണ്ടപരിചിതര്‍
ഒരേ ലക്ഷ്യവുമായി കണ്ടുമുട്ടുമ്പോള്‍
പെട്ടെന്ന് ഇണങ്ങും,
ഭാഷയോ ദേശമോ വേറെയാണെന്നത്
അപ്പോള്‍ കാര്യമാക്കേണ്ട ഒന്നല്ല.
ആ ദേശത്ത്,
അവള്‍ക്ക് കാണേണ്ട
ഇടങ്ങള്‍ തന്നെയായിരുന്നു
അവനും കാണേണ്ടിയിരുന്നത്.
അവന് വിശന്നപ്പോഴും ദാഹിച്ചപ്പോഴും
അവള്‍ക്കുമങ്ങനെ തന്നെയായിരുന്നു
മലകളും പുഴകളും പൂക്കളും
അവളില്‍ ഉണ്ടാക്കിയ
അതേ സന്തോഷം
തന്നെയാണ് അവനും തോന്നിയത്..
തെരുവ് തെണ്ടുന്ന കുഞ്ഞുപെണ്‍കുട്ടിയുടെ
കവിളിലവള്‍ തലോടിയപ്പോള്‍
അവന്റെ കണ്ണുകളും
വെറുതെ നിറഞ്ഞിരുന്നു.
അവള്‍ക്കൊപ്പം അവനും
അപരിചിതര്‍ക്കിടയില്‍
തനിച്ചായി.
അവരായി,
അവര്‍ മാത്രമായി.
ഭാഷകള്‍ക്കപ്പുറത്ത് നിന്ന്
മൗനം കലമ്പിയതിനെ
അവര്‍ പ്രണയമെന്ന്
വിവര്‍ത്തനം ചെയ്തു.
തെരുവില്‍, തിരക്കില്‍
പരസ്പരം
കൈകള്‍ കൊരുക്കുകയും
കണ്ണില്‍ നോക്കുകയും
ചെയ്തപ്പോള്‍
അപരിചിതമായൊരുന്‍മാദം
അവരെ തേടിയെത്തി.
ചുണ്ടോട് ചുണ്ട് തൊട്ടപ്പോള്‍
എല്ലാ ഭേദങ്ങള്‍ക്കുമപ്പുറം
ആണെന്നും പെണ്ണെന്നും
പേരിട്ട് വിളിക്കപ്പെടുന്ന
രണ്ടുടലുകള്‍ മാത്രമാണ് തങ്ങളെന്ന്
അവര്‍ക്ക് തോന്നി.
അവര്‍ക്ക് ചുറ്റും
അപരിചിതരുടെ നദി
ഒഴുകിക്കൊണ്ടേയിരുന്നു.
പ്രണയാനന്തരം
തീവ്രപ്രണയത്തിന്റെ
എണ്ണമറ്റ ദിവസങ്ങള്‍ക്ക് ശേഷം
അവന് അവളുടെ ഭാഷ
അപരിചിതമായി തോന്നി ,
അവളപ്പോള്‍ ജനലിനപ്പുറം
പറന്നകലുന്ന ശലഭങ്ങളെ
വെറുതെ നോക്കിനിന്നു
വേനല്‍ക്കാറ്റില്‍ മഞ്ഞയിലകള്‍
മണ്ണില്‍ വീണു കരഞ്ഞു,
മരം കണ്ണടച്ച് നിന്നു,
ചില്ലയിലൊരുകിളി
ഏതോ പാട്ടിന്റെ ചിറകരിഞ്ഞു
ഒഴിഞ്ഞ മൈതാനങ്ങളില്‍
വെയില്‍ തിളച്ചുകിടന്നു,
പച്ചയില്ലാതിടങ്ങള്‍
പാതകള്‍ പോലെ വരണ്ടു,
പൈക്കള്‍ മേഞ്ഞുതളര്‍ന്നു
കാഴ്ചകളില്‍ നിന്നുയിര്‍കൊണ്ടപോല്‍
അവളുടെ മിഴിയില്‍ നിന്നൊരു
വാക്കടര്‍ന്നുവീണു.
മൗനം ഒളിച്ചു വെച്ച
ആ വാക്കിനെ
അവനും തിരിച്ചറിഞ്ഞു
മടുപ്പറിഞ്ഞു..
ആ വീട്ടിലുണ്ടായിരുന്നതെല്ലാം
അവന്റെതെന്നും
അവളുടേതെന്നും
തരം തിരിഞ്ഞ്,
പ്രത്യേകം ഇടങ്ങളിലൊതുങ്ങി
കലമ്പാതടങ്ങി
ചേര്‍ന്നുലഞ്ഞ നോട്ടങ്ങള്‍
കൊതിക്കണ്ണുകള്‍
കളിചിരികള്‍ കവിതകള്‍
കാറ്റിനൊപ്പം പടി കടന്നു.
പതിരറിഞ്ഞു.
അവിടെല്ലാം ചിതറിക്കിടന്ന
പകല്‍ സ്വപ്നങ്ങളെ
എരിയുന്ന അടുപ്പിലിട്ടു
കതകടച്ചു
ലക്ഷ്യങ്ങള്‍ വ്യത്യസ്തമായവരുടെ
വഴികള്‍ രണ്ടായി പിരിഞ്ഞു,
അവനവനിലേക്ക് മാത്രം
അവര്‍ നടന്നകന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...