ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. എ. കെ. മോഹനന്‍ എഴുതിയ ആറ് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
നിശ്ശബ്ദത
നിശ്ചലം ധ്യാനപൂര്‍ണ്ണം
ഏതോ ശില്‍പി
പണിതുവെച്ചപോല്‍
സുന്ദരം ആകാശം
മൗനമുദ്രിതം
അതിലുമെത്രയോ
ഭംഗിയില്‍
മരങ്ങള്‍
വിണ്ണിലേക്ക് ചിറകുവെച്ചവ
കിളികളെല്ലാം
കൊക്കുപൂട്ടി
നുണയുമപൂര്‍വ്വസംഗീത നാദവിസ്മയം
തുടലുപൊട്ടിപ്പിളരുന്നു നിശ്ശബ്ദം.
ഉയിര്‍പ്പ്
പോവുകയാണ് നീ
മിണ്ടാതനങ്ങാതെ
മുഖം താഴ്ത്തി
വേലിക്കരികില്‍
തുമ്പയും നിന്നുപോയി
ഇനിയെന്ന്
കാണുമെന്നറിയില്ല
ഓര്‍ക്കവെ
നെഞ്ചിടിപ്പേറുന്നു,യിര്‍ക്കുമോ
ഇനിയും
ഈ വള്ളികള്‍.
എന്തുഭംഗി
കടലില്‍ രക്തമിറ്റുന്നു
തുള്ളി തുള്ളിയായ്.....
ഇരുട്ടിന്‍ കൂര്‍ത്ത പല്ലുകള്‍
ആഴ്ന്നിറങ്ങിയ പകല്‍
എന്തുഭംഗി കാണുവാന്‍
ചൊല്ലുന്നു കൂട്ടുകാര്‍.
പക
പക പുകയുന്ന
മതിലിനുള്ളില്‍
എരിഞ്ഞിരിപ്പു നാം
വലിച്ചെറിയുന്നു
കൊടും പടക്കങ്ങള്‍
പകയിറങ്ങാ
പകലുറക്കങ്ങള്‍
പക ഭരിക്കുന്നു
പക പറയുന്നു
പക വിളമ്പുന്നു
പകയൊടൊന്നിച്ചെവിടെയും
നാമിറങ്ങിനില്‍ക്കുന്നു
പക വിളംബരം
പല പതാകകള്‍
നിറയുമടര്‍ക്കളം
പക പുകയുന്ന
മതിലിനുള്ളില്‍
പുകഞ്ഞിരിപ്പു നാം
കരിഞ്ഞുതീരുന്നു
.
കാറ്റേ നീയും ചേരുക
കൊടിയ വിഷാദത്തീയില്‍
പൊള്ളിപ്പൊള്ളിയമരുമ്പോള്‍
ചാരത്തണയുക
നീ വന്നേറെ ഒഴിക്കുക മണ്ണെണ്ണ
വീശുക കാറ്റേ,നീയും ചേരുക
കനലുകള്‍ ആളിപ്പടരട്ടെ.
പൂക്കളം
വേരറ്റുപോകാത്ത പാട്ടിന്റെ
തുമ്പത്തിരുന്നു ഞാന്‍ പാടുന്ന
പാട്ടൊന്നു കേട്ടൊന്നു മിണ്ടുമോ
നീയെന്റെ മുറ്റത്തെ മാവിന്റെചില്ലയില്‍
വന്നൊന്നു താളം പിടിക്കുമോ
പുലരിയില്‍ പൂവിരല്‍ കൊണ്ടൊരു
പൂക്കളം തീര്‍ക്കുമോ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...