ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വീണ സിങ്കാരൂസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അത്രമേല്‍ പ്രിയപ്പെട്ടൊരാള്‍
അകന്നുപോകുമ്പോള്‍
അത്രയാഴത്തില്‍
മുറിയുന്നു!
അകാരണം, സമൗനം
അയാള്‍ മാറിനില്‍ക്കുമ്പോള്‍
എത്രയോ ആഴത്തില്‍
ഉള്ള് മുറിഞ്ഞു
ചോര വാര്‍ക്കുന്നു.
മുറിവുകള്‍ നങ്കൂരമിടുന്ന
നെഞ്ചിലേക്ക്
വീണ്ടുമെത്തുന്നു,
അവഗണനയുടെ തോണികള്‍.
നോവാഴ്ന്ന് പിടയുമ്പോഴും
എത്തിനോക്കില്ലാരും.
ഒരിക്കലുമോര്‍ക്കില്ലായിരുന്നു,
ഈ വിധം തനിച്ചാവുമെന്ന്.
നെഞ്ച് പൊട്ടുമന്നേരം;
സന്തോഷങ്ങള്‍ പകുക്കാന്‍
അടുത്തുവരികയും
സങ്കടങ്ങളില്‍ കരിയുമ്പോള്‍
അകലുകയും െചയ്തിട്ടും
വീണ്ടും വീണ്ടും
പ്രാണനോട് ചേര്‍ക്കുന്ന
വിഡ്ഢിയെന്ന്
ആരും കാണാതെ കരയും.
ഉള്ള് പുകയുമ്പോഴും
വെറുക്കില്ല,
നോവുകളിലേക്ക്
വലിച്ചെറിഞ്ഞവരെയാണ്
ചേര്‍ത്തുപിടിക്കുന്നതെന്ന്
തിരിച്ചറിയുമ്പോള്‍
വെറുക്കാന്‍പോലുമാവാത്ത
നിസ്സഹായതയില്‍ മൂടും.
കൃത്യമായ ഇടവേളകളില്‍
ഓര്‍മകളിലേക്ക്
ഇരമ്പിക്കയറിവരും
ഒന്നിച്ചു പങ്കിട്ട നിമിഷങ്ങള്‍.
ചിന്നിച്ചിതറിയ കാഴ്ചകളിലും
കാണും അതേ മുഖം.
എന്തിനാണിത്രയേറെ
ഓര്‍മ്മകളെന്നന്നേരം
സ്വയം ശപിക്കും.
നൊമ്പര വേരുകളില്‍
ശ്വാസംമുട്ടി
പിടയുമ്പോഴും
പ്രിയപ്പെട്ടവരോട് ചേര്‍ന്ന്
അവര്‍ ചിരിക്കും.
അതു കാണ്‍കെ
ഭൂമി പിളരണേയെന്ന്
പ്രാര്‍ത്ഥനയാവും.
പിന്നെയുറപ്പിക്കും,
ഇനിയാരെയും
കാത്തിരിക്കേണ്ടെന്ന്.
ജീവനറ്റ് പോകുന്നതറിഞ്ഞാലും
അലിവോടെ
ഒരു വാക്കോ നോക്കോ തരാതെ
സ്വന്തം സന്തോഷങ്ങളിലേക്ക്
ഇറങ്ങിപ്പോകുന്നവര്‍
അര്‍ഹിക്കുന്നില്ല
നമ്മുടെ കാത്തിരിപ്പെന്ന്
ആണയിടും.
അന്നേരം,
ഹൃദയം
കനം കുറഞ്ഞ്
സ്വസ്ഥമാകും.
ആരെയും ബോധിപ്പിക്കേണ്ട
കാര്യകാരണങ്ങളെന്ന്
ചെറുചിരിയോടെ
ഓര്‍ക്കും.
പിന്നെ നമ്മള്‍
ഏത് നോവിലും
ചേര്‍ത്തുപിടിക്കുന്ന
പ്രിയപ്പെട്ടവരിലേക്ക് മാത്രമൊതുങ്ങും.
ഓര്‍മ്മകള്‍
പുതിയ ചിറകുകകള്‍ വരും.
പറക്കും.
പതിയെപ്പതിയെ
നോവുകളൊക്കെ
ആറിത്തണുക്കും.
തീക്കാലത്തിന്റെ അടയാളമെന്നോണം
വടുക്കള്‍ മാത്രം ബാക്കിയാകും
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...