ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്രീന എസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
കുറ്റം; തലയുയര്‍ത്തി
ആകാശം നോക്കുന്നത്
അവള്‍ തലതാഴ്ത്തി നില്‍ക്കുന്നു.
വയസ്സ് 23.
കുടുംബ 'കോടതിയില്‍' ജീവിക്കുന്നു.
നീതിദേവതയായി അമ്മയും,
ജഡ്ജിയായി അച്ഛനും.
കുറ്റം; തലയുയര്‍ത്തി ആകാശം നോക്കുന്നത്.
ന്യായം; ആകാശം കണ്ട് പറന്ന് പോയാലോ!
വിചാരണ തുടര്‍ന്നു.
വാക്കേറ്റമായി.
സാക്ഷികളായ നാട്ടുകാര്‍ തെളിവ് സഹിതം
ജഡ്ജിയെ കാണിച്ചു.
(തലയുയര്‍ത്തി ആകാശം നോക്കുന്ന ഫോട്ടോ)
നീതിദേവത നിശ്ചലമായി.
'23' വയസ്സുള്ള 'അവളുമാര്‍' കൂടി പ്രതിഷേധം
നടത്തി.
അവള്‍ പേടി കൊണ്ട് കേസ് പിന്‍വലിച്ചു.
'അവളുമാരും'.
വിയര്‍പ്പില്‍ കുതിര്‍ന്ന് അവള്‍
ഉറക്കത്തില്‍ നിന്നെഴുന്നേറ്റു.
സ്വപ്നമായിരുന്നു.
ഓടി ടെറസ്സില്‍ എത്തി
ആകാശം നോക്കി,
നീലാകാശം.
വിലക്കുകളില്ലാതെ
നീണ്ടു കിടക്കുന്ന
ആകാശത്തെനോക്കി
അവള്‍ പറഞ്ഞു,
'ചിതറിക്കിടക്കുന്ന എന്റെ തൂവലുകള്‍
പെറുക്കി കൂട്ടി ചിറകുകളുണ്ടാവുമ്പോള്‍,
ഞാന്‍ വരും നിന്നെ ചുംബിക്കാന്‍.
എനിക്കാരേയും ഭയമില്ല.
ആകാശം കാണുന്ന എനിക്ക്
ആകാശത്തോളം പറക്കാനുമാവും.'