Malayalam Poem; വീടുമാറ്റം, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

By Chilla Lit SpaceFirst Published Aug 24, 2022, 5:06 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്മിത്ത്  അന്തിക്കാട് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


രാത്രിയിലായിരുന്നു
ഞങ്ങളുടെ വീടുമാറ്റം
എല്ലാ ശുഭ മുഹൂര്‍ത്തങ്ങള്‍ക്കും 
ഒടുവില്‍
ഒരമാവാസി രാത്രിയില്‍
അതിഥികളും
ആരവങ്ങളുമില്ലാതെ
നിശ്ശബ്ദം
ഒരു കിളി തന്റെ കൂടൊഴിയുന്നതു പോലെ
ഏകാന്തം

ഒഴിഞ്ഞ മുറികള്‍
ഓര്‍മകളുടെ മുറിവടയാളം തടവി
തേങ്ങുകയാവാമെന്ന്
അമ്മ തിരിഞ്ഞു നിന്നു

ഇടനാഴിയില്‍
നനഞ്ഞ ഇരുളില്‍
മരിച്ചു  പോയ പെങ്ങള്‍
കരഞ്ഞുവെന്നച്ഛന്‍
നെഞ്ചകം വിങ്ങി

എനിക്ക്
കളിക്കൂട്ടുകാരിയെ വേര്‍പെടുന്ന
വ്യഥയായിരുന്നു.
എന്റെയാദ്യ ചുവടിനു
ചുമല്‍ കുനിച്ച ചുവരുകള്‍
ആദ്യ വീഴ്ചയില്‍
പൂമെത്തയായ നടുപ്പുര
ആദ്യ ചുംബനത്തിന്റെ
പൊള്ളുന്ന സിരകള്‍ നല്‍കിയ
ഓളിയകം.

ഇനിയുമെന്തോ
ഇനിയുമെന്തോ എന്നു
പടിയിറങ്ങാന്‍ വേദനിച്ച്
അമ്മ വ്യര്‍ത്ഥം
പഴയ വീടിന്റെ
ഉള്ളകം തിരയുന്നു

അച്ഛനോരോ ചുവടിലും
ആരുടെയൊക്കെയോ ഓര്‍മകളില്‍
ഹൃദയം  കൊളുത്തിനില്‍ക്കുന്നു.
മടിച്ചു നില്‍ക്കും
അമ്മയെ
ചുമല്‍ ചേര്‍ത്തു
പടിയിറങ്ങുന്നു.

ഒഴിഞ്ഞ മുറിയില്‍
വേര്‍പ്പെടുന്ന വേദനയോടെ
ഒരു കാറ്റെന്നെ പുണരുന്നു.

പുന്നെല്ലിന്‍ സുഗന്ധം
കൊയ്തുമെതിച്ച 
നെല്ലില്‍ക്കൂനക്കരികില്‍
വൈക്കോലും
വിയര്‍പ്പും മണക്കുന്ന
ഒരുടലിന്റെ വശ്യസാമീപ്യം.

ഉല്‍ത്സവനാളില്‍
മഞ്ഞളും നിലാവുമണിഞ്ഞു
തോറ്റം പാട്ടാടി
നന്തുണി മീട്ടി
നാഗക്കലിയുമായെന്നില്‍
നിറഞ്ഞാടി
കളം മായ്ച
രാത്രിയോര്‍ക്കുന്നു.

കൂര്‍ത്ത നഖങ്ങളിലെന്നെ
ആരോ
കോര്‍ത്തെടുത്തു പറന്ന രാത്രിയില്‍
ആദ്യ മഴയേറ്റു ശമിച്ച
ഭൂമിയെ മണക്കുന്നു, ഞാന്‍.

ഓര്‍മയുടെ മാറാപ്പേറ്റി
പടിയിറങ്ങുന്നു ഞാന്‍,
പിറകിലാരോ
മനം നൊന്തു തേങ്ങുന്നു,
പഴയ വീടൊഴിഞ്ഞു പോകുന്നു ഞാന്‍,
പഴയ ഓര്‍മകളെരിച്ചു പോകുന്നു,
പഴയ ഗന്ധങ്ങളൊഴിഞ്ഞു പോകുന്നു

എല്ലാ ശുഭമുഹൂര്‍ത്തങ്ങളും കഴിഞ്ഞു,
രാത്രിയില്‍
ഞങ്ങള്‍
പുതിയ വീടു തിരഞ്ഞു പോകുന്നു.

പുതിയ വീടെങ്ങെന്ന്
തിരിച്ചറിവില്ലാതെ പോകുന്നു


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!