ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിന്ധു സൂസന്‍ വര്‍ഗീസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നിന്നെ പിരിയുന്ന നേരം
മുല്ലൈ തിണയിലെ ചോപ്പുസൂര്യന്‍
വീണലിഞ്ഞത്
എന്റെ കണ്‍കോണിലാണ്.
വെണ്‍മേഘക്കുഞ്ഞുങ്ങളെ തെളിച്ചു നടക്കും
ആയര്‍ക്കിടാങ്ങളായിരുന്നു നമ്മള്‍ !
നെടിയ വേനലുകള്‍ക്കപ്പുറം
കുറിഞ്ചി തിണയില്‍
നിന്റെ നോട്ടമാണ്
പന്ത്രണ്ടു പൂക്കാലങ്ങളെന്നില്‍
നെയ്തു വച്ചത് ..
കരിമരുതിന്റെ തുഞ്ചത്തെ
തേനടകള്‍ക്കും
എന്റെ വേടനും
ഒരേ നിറം
ഒരേ ഗന്ധം!
ജലപാതങ്ങളുടെ മുഴക്കത്തിനെ വെല്ലും
നമ്മുടെ ഹൃദ്‌സ്പന്ദങ്ങള്‍..
'കൊറ്റവെ'ക്കു മുന്‍പില്‍
പുലിനഖമാല അണിഞ്ഞു
കനലാട്ടമാടുമ്പോള്‍
നാം മറവനും മറവത്തിയും.
നമ്മുടെ ആടല്‍ച്ചൂട്
പാലൈ തിണയുടെ മരുവിടങ്ങളില്‍
ചൊരിഞ്ഞത് പെരുമഴ.
മരുതത്തില്‍,
നമ്മുടെ കളങ്ങളില്‍
പതിരില്ലാക്കനവ് കുമിഞ്ഞു.
നിലാവത്ത്
താമരക്കാടുകള്‍ വകഞ്ഞ്
നമ്മള്‍ തോണി തുഴഞ്ഞു
ഒരു കന്നിനക്ഷത്രത്തെ
നീ ഇറുത്തെന്റെ
മുടിക്കെട്ടില്‍ വച്ചു.
നെയ്തലില്‍
നീ ഒരു നാവികന്‍ .
ഉപ്പുചൂരുള്ള ഒരു
മുക്കുവപ്പെണ്ണായിരുന്നു ഞാന്‍.
എനിക്കിടം തരാന്‍
നീ ഓളങ്ങളിലെറിഞ്ഞത്
അനര്‍ഘരത്‌നങ്ങള്‍.
അനന്തനീലസമുദ്രപ്പരപ്പില്‍
തീരം തേടാത്ത
നമ്മുടെ സ്വച്ഛയാനം.
സ്വപ്നം.
........................
*(ഐന്തിണ -പ്രകൃതിയെ പശ്ചാത്തലമാക്കിയ സംഘകാലത്തെ തിണസങ്കല്‍പ്പത്തിലെ അഞ്ച് ഭൂവിടങ്ങള്‍. മുല്ലൈ ,കുറിഞ്ചി, പാലൈ, മരുതം, നെയ്തല്‍ എന്നിങ്ങനെ അഞ്ച് തിണകള്‍, ഐന്തിണകള്‍.)
*കൊറ്റവൈ -രണദേവത, മഴയുടേതും)