ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദിവ്യ ശ്രീകുമാര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പകലന്തികളില്‍
അടുക്കളയിലെ
പാത്രങ്ങളോടും
അരകല്ലിനോടും
അടുപ്പിനോടും
അവള്‍
വിശേഷം പറയും.
കുഞ്ഞുങ്ങളുടെ
പിടിവാശിയും
കെട്ടിയോന്റെ
കുറ്റപ്പെടുത്തലുകളും
അമ്മായിയമ്മയുടെ
ആക്ഷേപങ്ങളും
എല്ലാം അവള്‍
പങ്കു വയ്ക്കുക
അുപ്പിനോടും
പാത്രങ്ങളോടും
പക്ഷി മൃഗാദികളോടുമാവും.
എന്നിട്ടും നോവേറി
ഉള്ള് വിങ്ങിയാലാണ്
അവളൊരു കടലാസും പേനയും തിരയുന്നത്...
തന്റെ നിസ്സഹായത
അക്ഷരങ്ങളില്‍
മുഴുവനായി പകര്‍ത്താനാവാതെ
നിലത്ത് ചുരുട്ടിയെറിഞ്ഞ
കടലാസുകള്‍
പെറ്റു പെരുകും.
ഒരക്ഷരം തിരുകിക്കയറ്റാന്‍ പോലും
ഇടമില്ലാതെയവ
കുത്തിവരഞ്ഞിട്ടതാകും.
കാറും കോളും വെയിലും
വന്നു പോകുമ്പോലെ
അവളും, കരഞ്ഞും
കലങ്ങിയും തെളിഞ്ഞും
ആ നാല് ചുവരുകള്‍ക്കുളളില്‍
ഒതുങ്ങും.
സാരിത്തലപ്പില്‍
നോവു തൂത്ത് ഉമ്മറത്ത്
ചിരിച്ചു നില്‍ക്കും!
പിന്നെയും ഉള്ളുവെന്തവള്‍
ഒരു തുണ്ട് പേപ്പറിന് പരക്കം പായും.
അപ്പോഴേക്കും അടുപ്പത്തു കരിഞ്ഞുപോയ
ഇലയടപോലെ
അവളുടെ ഉള്ളംപെയ്ത അക്ഷരങ്ങള്‍
കരിക്കട്ടയായിട്ടുണ്ടാകും!
കറുത്ത അടുക്കളച്ചുവരില്‍
കരി കൊണ്ട് ജീവിതം എഴുതിയെഴുതി
വായിച്ചെടുക്കാനാവാതെ,
തുടക്കവും ഒടുക്കവും വഴിപിരിഞ്ഞുപോയ
വാക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കും.
പുകയുന്ന അടുക്കളയുടെ ഞരക്കവും തേങ്ങലും
അവളും
ഉള്ളം പൊടിഞ്ഞ അവളുടെ കണ്ണീര്
അടുക്കളയും മാത്രം
തിരിച്ചറിയും!
വിറപൂണ്ട ചുണ്ടുകളാല്‍
തന്റെ ജയില്‍ജീവിതം വായിച്ചെടുത്ത്
തീക്ഷ്ണമായി
പകര്‍ത്തിയെഴുതാന്‍
തോറ്റുപോയൊരുവളെ
നിങ്ങള്‍ക്ക് മറ്റെവിടെയാണ് കാണാന്‍ കഴിയുക?!
പുറത്തേക്കുള്ള വാതില്‍
പൂട്ടപ്പെട്ട്
വെന്തു പഴുത്ത
എത്രയേറെ അടുക്കളകളിലാണ്
നമുക്കു ചുറ്റും
അവളുരുകി തീരുന്നത്!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...