ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷൈജു അലക്സ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
വിശപ്പ് പരവതാനി വിരിച്ച
കുടിലിന്റെ മുറ്റമില്ലാ മുറ്റത്ത്
തളര്‍ന്ന കാറ്റ്.
അരിസിക്കൊള്ള വറ്റുതേടി
കടലേറിപ്പോയ തുണയോനെക്കാത്ത്
കാത്തുകാത്തു കണ്ണുതുരുമ്പിച്ച പെണ്ണാപ്പെറന്തവ
നാവിന് രുചിയായി മീന്‍കൂട്ടിയിട്ടെത്രനാള്‍?
മീന്തല കൊതിച്ച് ഉമിനീരിറക്കി പൊറുത്തിട്ടെത്രനാള്‍?
അപ്പന്റെ ചിറകിലൂടെ ഭാഗ്യപ്പല്ലി
ഇഴഞ്ഞുനടപ്പുണ്ടെന്ന്
എവിടെ നിന്നോ കരേറിവന്നവന്റെ പൊയ്പ്പേച്ച്
അമ്മയുടെ ഇരുണ്ടമിഴികളില്‍ തകര്‍ന്നുപോയി.
ദിവസങ്ങള്‍ക്കു മുമ്പ്
കടലാഴങ്ങളില്‍ നിന്നും
കോരിയെടുത്ത ഓലക്കണവ,
മഷിചീറ്റി കറിച്ചട്ടിയില്‍ വെന്തുനൊന്തു.
വെറും വലയിലെ കുഞ്ഞുകണ്ണികള്‍
പഞ്ഞക്കാലത്തെക്കുറിച്ച്
എന്നോട് രഹസ്യമായി സംസാരിക്കുമ്പോള്‍
അടുക്കളയില്ലാത്ത വീട്ടിലിരുന്ന് അവള്‍
കരച്ചിലിന്റെ ലായനിയെ വേര്‍തിരിച്ചെടുക്കുന്നു.
കണവ
മകളുടെ കൈവിരലുകളിലെമ്പാടും
മോതിരമായി മിന്നിത്തുടങ്ങുമ്പോള്‍
സ്വര്‍ണത്തില്‍ തീര്‍ത്ത മോതിരക്കനവിനായി
ഇന്നുരാത്രിയും അവളോട്
കല്ലുവച്ച നുണ പറയുക തന്നെ ചെയ്തു.
കറുത്ത മിന്നാമിനുങ്ങുകള്‍
തലയ്ക്കു മുകളിലൂടെ
അപ്പോള്‍ ചിറകില്ലാതെ പറക്കുന്നുണ്ടായിരുന്നു.