ദൃഷ്ടിദോഷം, സന്തോഷ് ആറ്റിങ്ങല്‍ എഴുതിയ കഥ

By Chilla Lit Space  |  First Published Jul 14, 2021, 7:34 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സന്തോഷ് ആറ്റിങ്ങല്‍ എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ചില ജന്മങ്ങള്‍ അങ്ങിനെയാണ്! വീട്ടിലിരിക്കില്ല. വെളുപ്പാങ്കാലത്തേ ഇറങ്ങും, അപ്പുറത്തെയും, ഇപ്പുറത്തെയും കുരിപ്പും കുന്നായ്മയും തേടിപ്പിടിക്കാന്‍. ദിവസം ഒരു കുരിപ്പെങ്കിലും കണ്ടു പിടിച്ചില്ലെങ്കില്‍ ഇവര്‍ക്ക് ഉറക്കം വരില്ല. 

അത്തരത്തിലൊരിനമാണ് കാലത്തേ വീട്ടുമുറ്റത്തു വന്നു നില്‍ക്കുന്നത്. അയലത്തെ നളിനാക്ഷയണ്ണന്‍. 

വന്നപാടേ ഒന്നും ഉരിയാടാതെ മുറ്റത്തെ പച്ചക്കറിത്തോട്ടത്തിലേക്ക് ചുഴിഞ്ഞ് നോക്കി തല കുമ്പിട്ടു നില്‍ക്കുകയാണ്.

'അണ്ണനെങ്ങോട്ടാ', എന്നു ഞാന്‍ ചോദിച്ചത് മന:പൂര്‍വ്വമാണ്. അധികനേരം ലാത്തിയടിച്ചു നില്‍ക്കാതെ എങ്ങോട്ടെങ്കിലും പൊയ്‌ക്കോട്ടെ എന്നൊരു ഗൂഢലക്ഷ്യം ആ ചോദ്യത്തില്‍ ഒളിച്ചു നില്‍ക്കുന്നുണ്ട്. 

''എങ്ങോട്ടും പോണില്ലപ്പാ... ഇങ്ങോട്ടായിട്ടു തന്നെ വന്നതാ''

എന്റെ ദുരാഗ്രഹത്തിന്റെ മുള ആദ്യമേ തന്നെ നുള്ളിയെറിഞ്ഞു കൊണ്ട് അണ്ണന്‍ പറഞ്ഞു. അതു പറയുമ്പോള്‍ അണ്ണന്റെ ചുഴിഞ്ഞ നോട്ടം തഴച്ചു പൂവിട്ടു നിന്നൊരു വെണ്ടച്ചെടിയുടെ നേരേ ആയിരുന്നു എന്നത് എന്നെ തെല്ലൊന്ന് ആശങ്കപ്പെടുത്തി. 

'ഇതെല്ലാം നട്ടതു തന്നെ ആണോടേ'

 ഞാന്നു കിടന്നൊരു പടവലത്തിന്റെ തുമ്പില്‍ തടവിക്കൊണ്ട് അണ്ണന്‍ കൗതുകത്തോടെ ഒരു ചോദ്യമെറിഞ്ഞു. 

കൃഷിഭവനില്‍ നിന്ന് വില കൊടുത്തു വാങ്ങിക്കൊണ്ടു വന്ന നല്ല ഉശിരന്‍ വിത്തുകളെ ആറേഴു മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്ത് വച്ചിട്ട്, നിലം കിളച്ചൊരുക്കി എല്ലുപൊടിയും, ചാണകപ്പൊടിയും വിതറി, നട്ട് പൊടിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന പച്ചക്കറിത്തൈകളെ ആണ് 'നട്ടതു തന്നെ ആണോടേ' എന്ന് ലഘൂകരിച്ചു കൊണ്ടുള്ള അണ്ണന്റെ കുരിപ്പു ചോദ്യം! 

''നട്ടതൊന്നുമല്ലണ്ണാ വീട്ടി മിച്ചം വന്നിരുന്ന സാമ്പാറ് പുറത്തേക്കൊഴിച്ചുകളഞ്ഞതില്‍ നിന്ന് പൊടിച്ചു വന്നതാ'' എന്നു പറയാന്‍ തോന്നിയതിനെ ''അതേ'' എന്നു സൗഹൃദം മുറിക്കാതെ ഞാന്‍ പറഞ്ഞത്  ഗൗനിക്കാതെ അണ്ണന്‍ തുടര്‍ന്നു.

''അപ്പുറത്തെ നീലാണ്ടന്റെ ചീരത്തോട്ടം ഇന്നലെ ഞാമ്പോയി കണ്ടടേ... എന്താ ഒരു തഴപ്പ്! അതു വച്ചു നോക്കുമ്പ ഇയിനത്ര പുഷ്ടിപ്പ് പോരാ'' 

അണ്ണന്‍ കുരിപ്പിന് പൊടിപ്പും തൊങ്ങലും കെട്ടാന്‍ തുടങ്ങിയപ്പോള്‍ അത്യാവശ്യമായി ബാത്ത് റൂമിലൊന്നു പോണമെന്നു പറഞ്ഞ് ഞാനൊരു അടവെടുത്തു.  അണ്ണനുണ്ടോ വിടുന്നു, 'എന്നാപ്പോയിറ്റ് വെക്കം വാടെ ഞാനിവിടെ ഇരിക്കാം' എന്ന് പറഞ്ഞു കൊണ്ട് സിറ്റൗട്ടിലെ കസേരയെടുത്ത് മുറ്റത്തിട്ട് അതിലമര്‍ന്നു.

ഇന്നത്തെ ദിവസം ഏതാണ്ട് തീരുമാനമായെന്നുറപ്പിച്ചു കൊണ്ട് മൊബൈലുമെടുത്ത് ഞാന്‍ ബാത്ത് റൂമിലേക്ക് കയറി. കുറച്ചു നേരം എഫ് .ബി യില്‍ നോക്കിയിരുന്നു നേരം കളഞ്ഞിട്ട് മകളെ വിളിച്ച് അണ്ണന്‍ സ്ഥലം വിട്ടോ എന്നു തഞ്ചത്തില്‍ അറിഞ്ഞു വരാന്‍ പറഞ്ഞു. 'മാമന്‍ പോയില്ലച്ഛാ ...' എന്ന് കാപട്യമറിയാത്ത ആ കൊച്ച് വലിയ വായിലെ വിളിച്ചു പറഞ്ഞത് അണ്ണനെക്കൂടാതെ അയല്‍പക്കത്തുള്ളവര്‍ വരെ കേട്ടു കാണും. 

ഞാന്‍ ജാള്യതയോടെ ബാത്ത് റൂമില്‍ നിന്നും പുറത്തിറങ്ങി വന്ന്  മുറ്റത്തിരുന്ന അണ്ണനെ നോക്കി ചിരിച്ചു. 

'ഇപ്പ ശര്യാക്കിത്തരാടേ' എന്നൊരു ഭാവത്തോടെ  അണ്ണനും ഒരു ആക്കിച്ചിരി എനിക്കു നേരേ എറിഞ്ഞിട്ട്  വീണ്ടും പച്ചക്കറിത്തോട്ടത്തിലിറങ്ങി ഉലാത്താന്‍ തുടങ്ങി.

കഴിഞ്ഞ മാസം ഇതുപോലെ നളിനാക്ഷയണ്ണന്‍ വന്ന് റോന്തുചുറ്റീട്ട് പോയ വഴിക്കാണ്, നന്നായി കൊഴുത്തു തളിര്‍ത്തു നിന്നിരുന്ന ഇരുപതോളം തക്കാളിച്ചെടികള്‍ ഡപ്പോന്ന് വീണ് അകാലചരമമടഞ്ഞതെന്ന കാര്യം ഉള്‍ക്കിടിലത്തോടെ ഞാനോര്‍ത്തു. 

അണ്ണനു കരിങ്കണ്ണുണ്ടെന്നൊക്കെയുള്ള ഭാര്യയുടെ പറച്ചിലുകള്‍ അവഗണിച്ച കാലത്താണ് മേല്‍പ്പടി അത്യാഹിതം നടക്കുന്നത്. കണ്ണുദോഷാദി തര്‍ക്ക വിഷയങ്ങളിലേക്ക് അന്നുമുതല്‍ക്കാണ് ഞാനും ശ്രദ്ധ കൊടുക്കാനാരംഭിച്ചത്. 

നശിച്ചുപോയ തക്കാളിച്ചെടികള്‍ പിഴുതെടുത്ത് കൃഷി ആപ്പീസറെ കാണിച്ചിരുന്നു. അദ്ദേഹം പരിശോധിച്ചിട്ടു പറഞ്ഞത് ദ്രുതവാട്ട രോഗമാകാം എന്നായിരുന്നു. കണ്ണു ദോഷമായാലും, ദ്രുതവാട്ടമായാലും തക്കാളിച്ചെടികള്‍ നിന്ന നില്‍പ്പിന് വാടി വീണുപോയെന്നത് സത്യമാണ്. കാരണങ്ങള്‍ തേടിപ്പോകുന്നതിലും ഭേദം പ്രവര്‍ത്തിക്കുന്നതാണല്ലൊ. അതു കൊണ്ടാണ് വീണ്ടും പുതിയ വിത്തുകള്‍ വാങ്ങിയിട്ട് തോട്ടം വീണ്ടും പുനരുജ്ജീവിപ്പിച്ചെടുത്തത്. ഈ സംഭവത്തിനു ശേഷം പുറത്തു വച്ച് എപ്പോഴെങ്കിലും അണ്ണനെക്കണ്ടാല്‍ ഞാനാ കണ്ണുകളിലേക്ക് സൂക്ഷ്മദൃഷ്ടിയിടും; ദ്രുതവാട്ടത്തിന്റെ വല്ല അണുക്കളും,  പുറത്തേക്കല്പം ഉന്തി നില്‍ക്കുന്ന ആ കണ്ണുകളില്‍ കാണാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടീട്ട്.


പുഷ്പിക്കാറായി നില്‍ക്കുന്ന വള്ളിപ്പയറു ചെടികളെ താലോലിച്ചു നില്‍ക്കുകയാണ് നളിനാക്ഷയണ്ണന്‍. ശ്രദ്ധ ചെടികളില്‍ നിന്നകറ്റുവാന്‍ വേണ്ടി അണ്ണനെ നോക്കി ഞാന്‍ കാര്‍ഷിക രംഗത്തെ ആവാഹിച്ചിരിക്കുന്ന ചില ലോക സമസ്യകളെപ്പറ്റി പ്രസംഗിക്കാന്‍ തുടങ്ങി. ആഗോളക്കുത്തകകള്‍ നമ്മുടെ കൃഷിയിടങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന അന്തകവിത്തുകളെക്കുറിച്ചും അതു വരുത്താന്‍ പോകുന്ന ആപത്തിനെ കുറിച്ചുമൊക്കെയുള്ള എന്റെ വാഗ്‌ധോരണിയില്‍ തെല്ലും ശ്രദ്ധിക്കാതെ അയാളൊരു ചോദ്യമിട്ടു. 

'നീയൊരു പയ്യിനെ വാങ്ങീന്നു കേട്ടു? ശരിക്കും അതിനെക്കൂടി ഒന്നു കാണാനാ ഞാനിപ്പൊ ഇങ്ങോട്ടു വന്നെ'

നളിനാക്ഷണ്ണന്റെ ആ വാക്കുകള്‍ ഒരിടിത്തീ പോലാണ് കര്‍ണ്ണങ്ങളില്‍ വന്നു വീണത്. രണ്ടു ദിവസം മുമ്പ് രൂപാ അമ്പതിനായിരം കൊടുത്തു വാങ്ങിയ സ്വിസ് ബ്രൗണ്‍ ഇനത്തില്‍പ്പെട്ട പയ്യിനെക്കുറിച്ചാണ് അണ്ണന്‍ പറയുന്നത്. പുരയിടത്തില്‍ രാവിലെ കൊണ്ടുപോയി കെട്ടിയിട്ടു വന്നതേ ഉള്ളൂ. തക്കാളിക്കുണ്ടായ ദ്രുതവാട്ടം പയ്യിനേയും ബാധിക്കില്ലെന്നാരു കണ്ടു. 

''ഹോ ... അതോര്‍ക്കാന്‍ കൂടി വയ്യ. അഞ്ഞൂറു രൂപയില്‍ താഴെ മാത്രം ചെലവു വന്ന പച്ചക്കറിത്തോട്ടം പോലല്ലല്ലൊ അമ്പതിനായിരത്തിനു വാങ്ങിയ പയ്യ് !''

''പയ്യിനെ രാവിലേ കുട്ടന്‍ വന്ന് അഴിച്ചോണ്ട് പോയണ്ണാ കാളചേര്‍ക്കാന്‍, ഇനി വയ്യിട്ടേ വരവൊണ്ടാവൂ ....'' എന്ന് ഞാനൊരു കള്ളം പറയുമ്പോള്‍, വീടുമാറിയതിലുള്ള വിഷമം കൊണ്ട് ഇന്നലെ മുതല്‍ തുടങ്ങിയ പൂവാലിയുടെ ബാ...ബാ എന്നുള്ള വിളി ഇപ്പോള്‍ പൊങ്ങരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍. 

പെട്ടെന്ന് വെയില്‍ മങ്ങുകയും ചെറുതായി മഴ ചാറാനാരംഭിക്കുകയും ചെയ്തു. കാലവര്‍ഷം നേരത്തേ എത്തീന്നാ തോന്നണേ. മഴ വരുന്നൊണ്ട്, പോയിട്ട് ഞാന്‍ പിന്നെ വരാം'

തലയില്‍ മഴത്തുള്ളി വീഴാതിരിക്കാന്‍ കൈത്തലം മറയാക്കിപ്പിടിച്ചു കൊണ്ട് അണ്ണന്‍ പറഞ്ഞു. പെട്ടെന്ന് പടിഞ്ഞാറേ ദിശയില്‍ നിന്നും പൂവാലിയുടെ ശബ്ദം പൊങ്ങി. 'ബാ.....' 

ഗേറ്റിനു വെളിയിലേക്ക് നടന്നു തുടങ്ങിയ നളിനാക്ഷണ്ണന്‍ പെട്ടെന്നു  ശബ്ദം കേട്ട ഭാഗത്തേക്ക് തന്റെ നാഗദൃഷ്ടികള്‍ നട്ട് ഒരു നിമിഷം അനങ്ങാതെ നിന്ന് എന്തോ ആലോചിച്ചു. പിന്നീട് ഒന്നുമുരിയാടാതെ നടന്നു മറഞ്ഞു. മനസ്സിന്റെ വനാന്തരത്തില്‍ അസ്വസ്ഥതയുടെ ഗന്ധമുതിര്‍ക്കുന്ന ഏതോ പുഷ്പങ്ങള്‍ വിടര്‍ന്ന പോലെ ഒരു വിങ്ങല്‍ അപ്പോഴെന്നെ പൊതിഞ്ഞു.

ഉച്ചഭക്ഷണത്തിനു ശേഷം പതിവുള്ള മയക്കത്തിന് അവധി കൊടുത്ത് പൂവാലിയെ നോക്കാനായി ഞാന്‍ പുരയിടത്തിലേക്കിറങ്ങി. ചെന്നു നോക്കുമ്പോഴുണ്ട്, പയ്യിനെ കെട്ടിയിരുന്ന സ്ഥലത്തു കാണ്‍മാനില്ല. അവിടമാകെ പെരുച്ചാഴി കിളച്ചുമറിച്ച പോലെ മണ്ണിളകി ഒരു യുദ്ധഭൂമിയായി കിടക്കുന്നു. നനഞ്ഞ മണ്ണില്‍ അങ്ങിങ്ങ് കുളമ്പ് താഴ്ന്ന പാടുകളും കാണപ്പെട്ടു. അവളെ കെട്ടിയിരുന്ന മധുര ജാപ്പാണം കയറിന്റെ ഒരു തുമ്പ് കെട്ടിയിരുന്ന കുറ്റിയില്‍ത്തന്നെയുണ്ടായിരുന്നു. കയറിന്റെ ബാക്കിയും, പയ്യിനേയും കാണാണ്ട് സംഭ്രമിച്ചു നില്‍ക്കെ താഴത്തെ തൊടിയില്‍ വളര്‍ന്നു കിടന്ന കൊന്നച്ചെടികളുടെ ഇടയില്‍ ഒരിളക്കം ശ്രദ്ധയില്‍പ്പെട്ടു. ഞാനങ്ങോട്ടോടിച്ചെന്നപ്പോള്‍ പൂവാലിയുണ്ട്  വേലിപ്പടര്‍പ്പിനു മേലായി  ചതക്കം പൊത്തനേ വീണു കിടക്കുന്നു!

മലര്‍ന്ന്... കാലുകള്‍ വിടര്‍ത്തി തല ഒരു വശത്തേക്കു ചരിച്ച്...

വായില്‍ നിന്നും കൊഴുത്ത  ദ്രാവകം ഇറ്റി വേലിപ്പടര്‍പ്പില്‍ പരന്നൊഴുകിയിട്ടുണ്ട്. കെട്ടിയിരുന്ന കയറിന്റെ തുണ്ട് കഴുത്തില്‍ വല്ലാതെ മുറുകിയിട്ടുണ്ട്. താഴേക്കു കുനിഞ്ഞിരുന്ന് കഴുത്തില്‍ നിന്നും കയറ് പ്രയാസപ്പെട്ട് അഴിച്ചെടുത്തു.  

അപ്പോഴവളൊന്ന് അമറിയിട്ട് എഴുന്നേല്‍ക്കാനൊരു ശ്രമം നടത്തി. അതു പരാജയപ്പെട്ട് വീണ്ടും തല ഒരു വശത്തേക്കു ചരിച്ച് ദൈന്യതയോടെ നോക്കി. എനിക്കൊന്നും മനസ്സിലായില്ല. കൊണ്ടുക്കെട്ടുമ്പോള്‍ നല്ല തെളപ്പോടെ മേഞ്ഞു കൊണ്ടു നിന്ന പയ്യായിരുന്നു. കുറച്ചു സമയം കൂടി അവളെ തൊട്ടു തലോടിക്കൊണ്ട് ഞാനവിടെ നിന്നു. പിന്നീട് അവളുടെ സുഖശയനത്തിനായി മുകളിലൊരു ടാര്‍പ്പാ കെട്ടിയിട്ട് തിരികെ പോന്നു. ഇതല്ലാതെ പ്രത്യേകിച്ചൊന്നും അവിടെയെനിക്കു ചെയ്യുവാനുമുണ്ടായിരുന്നുമില്ല.

ഞായറാഴ്ച മൃഗാശുപത്രി അവധിയാണ്. ഡോക്ടര്‍ വളരെ അകലെയുള്ള ആളാണ്. ശനിയാഴ്ച മലയിറങ്ങിപ്പോയാല്‍ പിന്നെ രണ്ടു മൂന്നുനാള്‍ കഴിഞ്ഞേ മടക്കമുണ്ടാവൂ. രണ്ടു ദിവസത്തേക്ക് പൂവാലിക്കൊന്നും വരുത്തരുതേ എന്നു പ്രാര്‍ത്ഥിച്ചിരിക്കാനേ  എനിക്കാവുമായിരുന്നുള്ളു.

രാത്രി ഭക്ഷണം കഴിഞ്ഞ് സിറ്റൗട്ടിലിരിക്കുമ്പോള്‍  നളിനാക്ഷയണ്ണന്റെ വീട്ടില്‍ നിന്നും ചില ബഹളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്ത്രീകളുടെ കരച്ചില്‍ പോലെ ചില ശബ്ദങ്ങള്‍. എന്താണെന്നു നോക്കാനായി ടോര്‍ച്ചുമെടുത്തുകൊണ്ട് അങ്ങോട്ടേക്കിറങ്ങി. അണ്ണന്റെ വീടിനു മുന്നില്‍ ഒരു ടാക്‌സി കാര്‍ സ്റ്റാര്‍ട്ടായിക്കിടന്നിരുന്നു. രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് നളിനാക്ഷണ്ണനെ താങ്ങിയെടുത്തു കൊണ്ടുവന്ന് കാറിലേക്ക് കയറ്റി. ഏങ്ങലടിച്ചു കൊണ്ട് അണ്ണന്റെ ഭാര്യ സരസ്വതി യേട്ടത്തിയും ഒപ്പം കയറി. 

കഴുത്തൊടിഞ്ഞു പോയൊരു പൂവന്‍കോഴിയെപ്പോലെ അണ്ണന്റെ ശിരസ്സ് ഒരു വശത്തേക്ക് തൂങ്ങിക്കിടന്ന് ആടുന്നുണ്ടായിരുന്നു. കാര്‍ തിടുക്കത്തില്‍ വിട്ടു പോയി. പെട്ടെന്നൊരു നെഞ്ചുവേദന വന്ന് കുഴഞ്ഞു വീണത്രെ. കുട്ടികള്‍ പറഞ്ഞറിഞ്ഞതാണ്. 

തിരികെ വന്ന് അസ്വസ്ഥതയോടെ ഉറങ്ങാന്‍ കിടന്നു. പകലത്തേതിന്റെ ബാക്കിയെന്നോണം മഴ പെയ്യാന്‍ തുടങ്ങി. തണുത്ത കാറ്റ് മുറിയിലേക്കടിച്ചു കയറി. അതിന്റെ ഊഷ്മളതയില്‍ മനസ്സിന്റെ ചൂട് അല്പമൊന്നു കുറഞ്ഞു. നിദ്രയുടെ തണുത്ത കൈകളിലേക്കെപ്പൊഴോ ഊര്‍ന്നിറങ്ങി,പതിയെ വിചിത്രമായൊരു സ്വപ്നത്തിലേക്കും.

പുറത്തേക്കുന്തി നില്‍ക്കുന്ന കുറേ കണ്ണുകള്‍. അവയ്ക്ക് നീലയും കറുപ്പും നിറങ്ങളായിരുന്നു. മരങ്ങളുടെ ശാഖകളിലും, വീടിന്റെ മോന്തായങ്ങളിലും ഒക്കെ അവ വവ്വാലുകളെപ്പോലെ തൂങ്ങിക്കിടന്നു. ചിലപ്പോള്‍ അവ പക്ഷികളെപ്പോലെ പറന്ന് അങ്ങോട്ടുമിങ്ങോട്ടും സ്ഥാനം മാറ്റി കളിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് പൂവാലി കിടന്നേടത്തു നിന്നും രാക്ഷസ രൂപം പൂണ്ടൊരു ദൃഷ്ടി, തീഗോളം പോലെ  ഉയര്‍ന്നു പൊങ്ങി. അനന്തരം ആകാശനീലിമയിലത് അപ്രത്യക്ഷമായി. ഞാന്നു കിടന്നിരുന്ന മറ്റു ദൃഷ്ടികളും അതുപോലെ പറന്നുയര്‍ന്ന് ആ ഭീമന്‍ ദൃഷ്ടിയെ അനുഗമിച്ചു. പെട്ടെന്ന് പൂവാലിയുടെ ശബ്ദം എങ്ങോ കേട്ടതായി തോന്നി. ഞാന്‍ ഞെട്ടിയുണര്‍ന്ന് കിടക്കയില്‍ പകച്ചിരുന്നു. 

ബാ..... അതെ, നിശബ്ദതയെ ഭേദിച്ചു കൊണ്ട് ആ ശബ്ദം വീണ്ടും മുഴങ്ങി. ഞാന്‍ ഞെട്ടിയെണീറ്റ് ഭാര്യയെ ഉണര്‍ത്താതെ മുറിക്കു പുറത്തിറങ്ങി. 

ക്ലോക്കില്‍ സമയം അപ്പോള്‍ പന്ത്രണ്ട് കഴിഞ്ഞിരുന്നു. 

മുകളിലത്തെ ഫ്‌ലോറിലേക്കു കയറി പടിഞ്ഞാറു ഭാഗത്തെ ജനല്‍ തുറന്നിട്ടു. അവിടെ നിന്നാല്‍ പൂവാലി കിടന്നിരുന്ന സ്ഥലം വ്യക്തമായി കാണാമായിരുന്നു. മഴയെല്ലാം മാറി മാനം തെളിഞ്ഞിരിക്കുന്നു. പൂര്‍ണ്ണചന്ദ്രന്‍ നിലാവു പൊഴിച്ചു നില്‍ക്കുന്നു. പകല്‍ പോലെ പുറത്തെ പ്രകൃതി ഇപ്പോഴെനിക്കു കാണാം. പൂവാലി കിടന്നിരുന്ന ഭാഗത്തേക്കു ദൃഷ്ടിയിട്ടു. 

അത്ഭുതം... ആ അത്ഭുതക്കാഴ്ച എന്നെ കുളിരണിയിച്ചു. 

പൂവാലി എഴുന്നേറ്റു നില്‍ക്കുന്നു. എന്റെ ഗന്ധം കിട്ടിയിട്ടാകണം അവളിങ്ങോട്ടു നോക്കി ഒന്നു മുക്രയിടുകയും ചെയ്തു. പിന്നീട് ആര്‍ത്തിയോടെ ചുറ്റുവട്ടത്തുള്ള പുല്ലു മേയാന്‍ തുടങ്ങി. ഹൃദയത്തിലേക്ക് ശാന്തതയുടെ ഒരു കുളിര്‍ കാറ്റ് വീശി. തിരികെ വന്ന് പൂര്‍ണ്ണ സമാധാനത്തോടെ വീണ്ടും ഉറങ്ങാന്‍ കിടന്നു.

രാവിലെ പതിവിലും താമസിച്ചാണ് ഉണര്‍ന്നത്. ഭാര്യ വന്ന് ഉണര്‍ത്തുകയായിരുന്നു. ''അപ്പുറത്ത് നളിനാക്ഷയണ്ണന്റെ വീട്ടില്‍ ആളുകൂടിയിട്ടുണ്ട്, ഉച്ചത്തിലുള്ള സംസാരങ്ങളും കേള്‍ക്കുന്നു, ഒന്നു ചെന്നു നോക്കിയിട്ടു വരണം''-അവള്‍ പറഞ്ഞു. 

എണീറ്റ് മുഖം കഴുകി ഷര്‍ട്ടെടുത്തിട്ടിട്ട് ഞാനിറങ്ങി. വീട്ടിനു പുറത്ത് കുറച്ചു ബന്ധുക്കള്‍ കൂടി നില്‍പ്പുണ്ടായിരുന്നു. ഒരു കറുത്ത കൊടി വഴിയരികിലെ പോസ്റ്റില്‍ കെട്ടിവച്ചിരിക്കുന്നു. ഞാന്‍ ഒതുക്കു കല്ലുകള്‍ പിന്നിട്ട് മുറ്റത്തെത്തി. 

ഇറയത്ത് വെള്ള പുതച്ച് അണ്ണന്‍ കിടക്കുന്നു. കണ്ണുകള്‍ തിരുമ്മിയടക്കപ്പെട്ടിരുന്നു. ഉടച്ചുവച്ച നാളികേരത്തില്‍ തിരിയിട്ട് കത്തിച്ചത് തലയ്ക്കലിരുന്ന് മുനിഞ്ഞു കത്തുന്നു. മുന്നില്‍ നനഞ്ഞ മിഴികളോടെ സരസ്വതിയേട്ടത്തി തല കുമ്പിട്ടിരിപ്പുണ്ട്.

''അറ്റാക്കായിരുന്നു, കൊണ്ടുചെന്നപ്പോള്‍ താമസിച്ചു പോയി'' അടുത്തു നിന്ന വൃദ്ധന്‍ അടുപ്പക്കാരാരോടോ അടക്കം പറഞ്ഞ വാക്കുകള്‍ കാതില്‍ ഒരു ഞരക്കത്തോടെ വന്നു വീണു. 

'പന്ത്രണ്ടു മണി. അതെ, രാത്രി പന്ത്രണ്ടു മണി' 

ആ വാക്കുകള്‍ വീണ്ടും  എന്റെ മനസ്സില്‍ പ്രതിധ്വനി സൃഷ്ടിച്ചു

 

ചില്ല പ്രസിദ്ധീകരിച്ച മികച്ച കവിതകളും കഥകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!