എരിവേനല്‍പ്പാത

By Web Team  |  First Published Aug 22, 2021, 5:57 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സല്‍മ സിപി എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


Latest Videos

undefined

 

ഒരിക്കലുള്ള് പൊള്ളിച്ച
വാക്കുകളുടെ
അനുരണനത്തില്‍
ഹൃദയമിപ്പോഴും
കല്ലിച്ച്കിടക്കുന്നു,
അതിന്റെ നീലച്ചായം
കുടഞ്ഞിട്ട ഓര്‍മ്മകള്‍
ഉള്ള് കീറിമുറിക്കുന്നു.

ഇതിലും നന്നായി
ഞാനെങ്ങനെ
ഉള്ളുരുകി വാക്കുകളില്‍
വിവേകം പൊതിഞ്ഞ്
ജീവിക്കും ....?

പര്‍വ്വതമുനമ്പില്‍
നിന്നും തൊട്ടടുത്തൊരു
സമുദ്രത്തെ
ഇന്നും,
ഞാനുറ്റുനോക്കുന്നു.

അത്ര ലാഘവത്തോടെ
കുഴിച്ചുമൂടിയ  
എന്നെച്ചേര്‍ത്ത്
പിടിക്കുന്നു ...!

നിനക്ക് വേണ്ടിപ്പുലര്‍ന്ന
പകലുകളും നിന്നെ
ചേര്‍ത്ത് പിടിച്ച രാത്രികളും
ഒരു നിമിഷാര്‍ദ്ധത്തിന്റെ
ശൂന്യതയില്‍പോലും
നിന്നെത്തേടിയ കണ്ണുകളും
ഇന്നെന്നെ
തൊടാതായിരിക്കുന്നു.

എങ്കിലും,
ഭൂതകാലത്തില്‍ നിന്നും
നീണ്ടുവന്ന് പിന്‍കഴുത്തില്‍
കൊളുത്തിപ്പിടിക്കുന്ന
മൂര്‍ച്ചയുള്ള ഓര്‍മ്മദണ്ഡിന്റെ
അഗ്രംകൊണ്ട വേദനമാത്രം
ബാക്കിയായിരിക്കുന്നു.

ഒരു രാത്രിമുഴുവന്‍
നീ പറഞ്ഞ 
ഹൃദയം പൊള്ളിക്കുന്ന 
വാക്കുകള്‍,
പല രാത്രികളുടെ
പ്രണയത്തെ
നിഷ്പ്രഭമാക്കിയിരിക്കുന്നു.

മുന്‍പെങ്ങോ
നിന്റെ കണ്ണുകളില്‍  
ഉണ്ടായിരുന്ന ആര്‍ദ്രത
നഷ്ടമായിരിക്കുന്നു ...!

നിന്റെ പ്രണയത്തിനു
മുന്‍പില്‍
ഒരു മണല്‍ത്തരിയായല്ല,
എന്റെ കുറ്റബോധത്തീയില്‍
ഉരുകിയുരുകിയാണ്
ഞാന്‍ നിന്റെ ഭാഷയിലെ
വിവേകിയായത്.
എന്റെ ഭാഷയില്‍
മൃതിയടഞ്ഞത്....!

എന്റെ ലോകമിപ്പോള്‍
നിന്നില്‍നിന്നും ഏറെ
ദൂരെയായിരിക്കുന്നു.

ഇനിയെങ്കിലും,
ഒരു നീണ്ട നിശ്ശബ്ദതയുടെ
സൗഖ്യത്തിലേക്കെനിക്ക്
ചുരുണ്ടുകൂടണം.
ഒരു മഴനൂലുപോലും
സ്വപ്നം കാണാതെ
ഞാന്‍ കൊണ്ട
വേനലിലേക്കെനിക്ക്
മടങ്ങിപ്പോകണം!

click me!