Malayalam Poem: സ്വപ്നാടനം, സജ്ന മുസ്തഫ എഴുതിയ കവിതകള്‍

By Chilla Lit SpaceFirst Published Dec 21, 2023, 6:08 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സജ്ന മുസ്തഫ എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

സ്വസ്ഥം

സ്വസ്ഥമായൊന്നു 
കിടക്കണം.

ചിന്തകളുടെ 
ഭാരമില്ലാതെ


വലിച്ചു വാരിയിട്ട 
വീടിന്റെ മുറുമുറുപ്പ് 
കാണാതെ


മക്കളെ കുറിച്ചുള്ള 
വേവലാതി ഇല്ലാതെ

ഞാനില്ലാതെ
പട്ടിണിയായ 
അടുക്കളയുടെ 
പിന്‍വിളി കേള്‍ക്കാതെ

മഴയില്‍ നനയുന്ന 
തുണികളോ 
കഴുകാന്‍ കുന്നു കൂടിയ 
പാത്രങ്ങളോ
അസ്വസ്ഥമാക്കാതെ


ഒന്നിനെക്കുറിച്ചുമോര്‍ക്കാതെ ...


ഒരു ദിവസം ഞാന്‍ 
നീണ്ടു നിവര്‍ന്ന് 
മലര്‍ന്ന് കിടക്കും 

അന്ന് 
നിങ്ങള്‍ 
എന്റെ കാല്‍വിരലുകള്‍ 
കൂട്ടിക്കെട്ടുക 

മൂക്കിലും ചെവിയിലും 
അല്‍പം പഞ്ഞി തിരുകുക

വായടച്ചു താടിയെല്ല് 
തലയോട് ചേര്‍ത്തു കെട്ടുക

ഒടുക്കം മൂന്നു കഷ്ണം 
തുണിയില്‍ എന്നെ 
പൊതിഞ്ഞു കെട്ടുക

അല്ലെങ്കില്‍

'എടിയേ ....'ന്ന് 
വിളിച്ചാല്‍ 
'എന്ത്യേ ....'ന്ന് 
ചോദിച്ചു കൊണ്ട് 
എണീറ്റോടി ചെല്ലുന്ന 
പതിവുണ്ടെനിക്ക.

ചിലപ്പോ,
മരിച്ചു പോയതും 
ഞാന്‍ 
മറന്നു പോയാലോ.

 

സ്വപ്നാടനം 

അത്തറ് മണമുള്ളൊരു കാറ്റ് 
ഇടക്ക് ഓര്‍മ്മകളുടെ 
പടികടന്നു വരാറുണ്ട് 
അപ്പോള്‍ അയാളുടെ മുഖം 
മനസ്സില്‍ തെളിയും. 

ജീവിതം പോലെ 
മുഷിഞ്ഞ ജുബ്ബയും 
തലയില്‍ തൊപ്പിയും 
കൈയില്‍ അത്തറിന്റെ 
ഭാണ്ഡവുമായി 
പടികടന്നു വരാറുള്ളയാള്‍. 

തേഞ്ഞു പൊട്ടാറായ ചെരുപ്പുകള്‍ 
ഓരോ അടിയിലും 
തേഞ്ഞു തീരുന്ന ആയുസ്സിനെ 
ഓര്‍മ്മിപ്പിച്ചു.

സുറുമയിട്ട കണ്ണുകളില്‍ 
നക്ഷത്രങ്ങള്‍ ഒളിമിന്നി,
ഇരുചുമലുകളില്‍ 
ആകാശവും ഭൂമിയും.

താടിരോമങ്ങളില്‍ 
ഇരുണ്ടു തിങ്ങിയ 
കാടിന്റ വന്യത.

നിഗൂഢമായൊരു പുഞ്ചിരി 
ചുണ്ടുകളില്‍ തിരയടിച്ചു.

കവിളില്‍ തെളിയുന്ന 
നുണക്കുഴിയില്‍ 
എന്റെ മോഹങ്ങളെ 
അയാള്‍ തടവിലാക്കി. 

തുണിക്കെട്ട് തുറന്ന് 
അത്തറുകള്‍ മുന്നില്‍ 
നിരത്തി വയ്ക്കുമ്പോള്‍ 
ദുനിയാവ് മുന്നിലെക്ക് കുടഞ്ഞിട്ട് 
ചിരിച്ചു കൊണ്ട് മാറിനിന്ന 
പടച്ചോനെ ഓര്‍മ്മ വന്നു. 

ഉമ്മ മുല്ലപ്പൂവിന്റെ 
അത്തറെടുത്തു മണത്തു 
ഉമ്മാന്റെ കണ്ണില്‍ 
പൂത്തൊരു മുല്ലക്കാട്.

അനിയത്തിക്ക് പനിനീര്‍ 
മതിയത്രേ,
പനിനീര്‍ വിരിഞ്ഞത് 
അവളുടെ തുടുത്ത കവിളില്‍.

ഏതാണ് വേണ്ടതെന്ന് 
എന്നോട് ചോദിച്ചു 
'നിങ്ങളുടെ ആത്മാവിന്റെ 
സുഗന്ധമുള്ള അത്തറ് ...'

അയാള്‍ പുഞ്ചിരിച്ചു കൊണ്ട് 
ഒരു അത്തര്‍ എന്നെ മണപ്പിച്ചു, 
മിഴി തുറന്നിട്ടും 
മുറി നിറയെ 
അതേ അത്തറിന്‍ സുഗന്ധം.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!