ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷംന ഇ.കെ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
കാലിഡോസ്‌കോപ്പ്
ഏറെ മോഹിപ്പിക്കുന്ന സന്ധ്യ.
ഉണക്കാനിട്ട വെയില്‍ വിത്തുകള്‍
സഞ്ചിയിലാക്കി മടങ്ങുന്ന സൂര്യന്‍.
തിരക്കിട്ടു നീന്തുന്ന
മേഘക്കൂട്ടത്തിനിടയില്‍പ്പെട്ട്
തൊണ്ടു പിളര്‍ന്ന
വെയില്‍വിത്തുകള്‍ പടര്‍ത്തുന്ന
ചുവന്ന രേഖകള്‍.
നീണ്ടൊരു സ്ലൈഡിലെന്ന പോലെ
നീങ്ങിപ്പോവുന്ന ചിത്രങ്ങള്‍.
രണ്ട്
ചിന്തകളുടെ കടുംനിറക്കൂട്ടില്‍
കടലുപ്പ് കലര്‍ന്ന കാറ്റിന്റെയുരസല്‍
നേര്‍ത്തു പോകുന്ന നോവിന്റെ തിരകള്‍
ഒഴുകിപ്പരക്കാന്‍ കാതങ്ങള്‍ക്കപ്പുറം
ബാക്കി നില്‍ക്കുന്നൊരു സമുദ്ര സ്വപ്നം.
മൂന്ന്
നിന്റെ നോട്ടം,
മഴക്കാടുകള്‍ക്കുമപ്പുറമൊരു
കാറ്റിനെ കൊരുത്തു വരുന്നു.
ചിതറിയ ചിന്തകള്‍, പുരാതന മറവികള്‍
പല കാലങ്ങളിലേക്ക് വലിച്ചു നീട്ടിയിടുന്ന
തണുത്ത ദൂരങ്ങള്‍ക്കെല്ലാം ഒരേ ഛായ.
മാറ്റമില്ലാതെ,
അടയുന്ന കണ്ണിലെ
ചെമ്പരത്തിച്ചിറകുകളില്‍
നിന്റെ നിലാച്ചിരി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...