Malayalam Poem: ചുവന്ന മിനാരം, ഷഹനാ ജാസ്മിന്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Aug 12, 2024, 6:26 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷഹനാ ജാസ്മിന്‍ എഴുതിയ കവിത   

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

ഒന്ന്

ചോര നക്കി ഉടല്‍വീര്‍ത്ത വൈകുന്നേരം; 
പൊളിഞ്ഞ മിനാരങ്ങളില്‍ നിന്ന് അന്നാരും 
ബാങ്കൊലികള്‍ക്ക് കാതോര്‍ത്തില്ല...

ചിതറിയ കെട്ടിടങ്ങളില്‍ നിന്ന് ഒരു തുണ്ട് 
കടലാസ് മാത്രം 
മടങ്ങിക്കീറാതെ,
പോര്‍വിമാനങ്ങളുടെ ആകൃതിയുളള
കാലത്തിലേക്ക് കണ്ണുംപെരുപ്പിച്ച് നോക്കി.


സൂര്യന്‍ ചുവക്കാന്‍ ഒരുങ്ങുന്നതേയുള്ളു.
ചുവന്ന തെരുവോരങ്ങളുടെ തരംഗദൈര്‍ഘ്യം കൂടിയ
വെളിച്ചത്തില്‍ അത് കെട്ടുപോയിരുന്നോ?

അറിയില്ല..

പെല്ലറ്റുകള്‍ അടക്കം ചെയ്ത കണ്ണുകളോടെ 
ഉമ്മ നീട്ടിവിളിക്കുന്നുണ്ടായിരുന്നു.
ചോരയും പൊടിയും പടര്‍ന്നുകയറാന്‍ കാത്ത് നില്‍ക്കുന്ന-
കൈതണ്ടയിലൊക്കെയും അവര്‍ എഴുതി തുടങ്ങി.

പേര്
അഹ്മദ് റാഷിദ് സ്വാലിഹ്..
ഉമ്മയുടെ പേര്: അബീര്‍.


രണ്ട്

മരണം കാത്തുനില്‍ക്കുന്നവരുടെ 
വസിയ്യത്തുകളും കടങ്ങളും 
എങ്ങനെ ആയിരിക്കും 
അവസാനിക്കുക? 

ശക്കലുകളുടെ ബാധ്യതകള്‍ എഴുതിയ 
കടലാസ് തുണ്ടിലൊക്കെയും 
ചുവന്ന പൊട്ടുകള്‍ വളര്‍ന്ന് ചോദ്യമെറിയുന്നു,
പ്രാണന്റെ ചൂടറ്റുപോയ കുരുന്നിന്റെ കവിള്‍ത്തടങ്ങളിലേക്ക്
ചുംബനങ്ങളുടെ രോമക്കുപ്പായം 
അണിയിക്കുന്നു, ഒരു പൂച്ച.

ആശുപത്രിയുടെ വരാന്തയിലേക്ക് കേറുമ്പോള്‍
ശുക്കൂറിന്റെ സുജൂദിലേക്ക് മുഖംപൂഴ്ത്തുന്നു..
നിറം ഇളകി, അതിരുകള്‍ മാഞ്ഞ ബാല്യത്തിന്റെ 
ഒരു ഛായചിത്രം.

നിറം ഒലിക്കുന്നു,
പരന്ന് പരന്ന് പഴയതാകുന്നു,
ഒരു കാലത്തിന്റെ കരിതേച്ച ചരിത്രരേഖകള്‍.


മൂന്ന്

മുറിഞ്ഞ് കരിഞ്ഞ കെട്ടിടങ്ങളുടെ വിജനതയിലിരുന്ന്
ആകാശത്തിലേക്ക് മുഴങ്ങുന്ന ആയത്തുകള്‍.

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍...

സ്വദഖ നല്‍കിയ കുഞ്ഞുടുപ്പുകള്‍ ഉപേക്ഷിച്ച്
സ്വപ്നങ്ങളുടെ ചോരക്കറയേറ്റ വസിയ്യത്തുകളില്‍
ഒന്ന് ഫിര്‍ദൗസിന്റെ പ്രകാശപ്പുരയിലേക്ക്
പറന്നടുക്കുന്നു.

ഉമ്മാന്റെ മാറിലെ ചൂട് കടലോരത്തിന് കടം കൊടുത്ത്,
ഐലന്റെ കുഞ്ഞു കണ്‍ചിറകുകള്‍ തൂവല്‍ നീര്‍ത്തുന്നു.

പിറകെ ആയിരം കിളിക്കുഞ്ഞുങ്ങള്‍.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!