ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സഫൂ വയനാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
നമ്മളിരുവഴിയായ് പിരിയുന്നയിടത്ത്
എത്രവേഗമാണൊരു വെയില്‍ കനത്തത്.
കാപ്പിനേരങ്ങള്‍ മരവിച്ച് പാടകെട്ടിയത്.
ഇളംചൂടാര്‍ന്ന ഇരിപ്പിടങ്ങള്‍
തണുത്തുറയുന്നു.
ദീര്‍ഘനിശ്വാസങ്ങളുടെ ആഴപ്പരപ്പില്‍
അവസാനത്തെ തീവണ്ടി ഇരമ്പത്തിനായ്
ഞാന്‍ കാതോര്‍ക്കുന്നു.
പാളത്തിനിരുവശവും
ശൂന്യതയുടെ വള്ളികള്‍.
നമ്മുടെ രഹസ്യം
അവ ചോര്‍ത്തും, നിശ്ചയം.
അയാന്‍,
ഇടതു വശത്തെ ചുറ്റുമതിലില്‍
ചാഞ്ഞും ചരിഞ്ഞും ബോഗണ്‍വില്ലകള്‍.
അതിനിടയിലൊരു നേര്‍ത്ത ഇതളായി നീ.
അഗ്രങ്ങളില്‍ ശവംതീനി പുഴുക്കള്‍.
നമ്മെ തഴുകുന്ന കാറ്റ്.
ആളൊഴിഞ്ഞ തീവണ്ടി ബോഗികള്‍,
ആറിക്കടഞ്ഞ ചിരികള്‍.
ഞാനിപ്പോഴുമോര്‍ക്കുന്നു,
അതിരാണി പൂക്കള്‍
പെയ്ത നക്ഷത്രങ്ങള്‍.
വീണുപൊട്ടിയ ആലിപ്പഴങ്ങള്‍.
ഞാനുരുകിയത്, നീ പൊള്ളിയത്
ചുംബനങ്ങളില്‍ നിന്ന് പ്രാണനും
വിയര്‍പ്പില്‍നിന്നു പ്രണയവും
ഇറ്റുന്നുവെന്ന് ശമിച്ചത്.
നമ്മള്‍ മിണ്ടിയത് തൊട്ട്
പ്രപഞ്ചം നിശ്ചലമായത്
രാക്കിനാമുല്ലയില്‍പോലും
സ്വപ്നപുഷ്പങ്ങള്‍ പൊട്ടി വിടര്‍ന്നത്.
രാത്രികളുടെ മുടിയില്‍
നക്ഷത്രങ്ങളായ് ഞാനവ ചൂടിച്ചത്.
ഇടയ്ക്കാണ്
കാഞ്ഞിരച്ചുവമുറ്റിയ
കാറ്റ് വീശിയത്
വാക്കുകളുടെ വിസ്ഫോടനത്തില്‍
ചങ്കിലെ അടിവേരിളകി.
ആത്മാവോളം ചോര ചുവച്ചു.
ചുറ്റിലും പടര്‍ന്ന നിശബ്ദതയിലും
നേര്‍ത്ത നിലാവൊഴിച്ചുവച്ച്
ഞാന്‍ നിന്നില്‍ മരിച്ചു വീണു.
അരികില്‍നിന്നാരോ
തട്ടിവിളിച്ച് 'മതി മരിച്ചത്' എന്നൊരു
ശ്വാസം പകുത്തുതന്നു.
ആള്‍ക്കൂട്ടത്തിലപ്പോഴും
ഞാനൊരു മുഖം തിരഞ്ഞു.
ഇടമുറിയാതൊഴുകിയിരുന്നൊരാ
വിളിക്ക് ചെവിയോര്‍ത്തു.
അത് മരിച്ചു വീണിടത്തെപ്പഴോ
മറന്നുവച്ചുവെന്നൊരു
കരച്ചില് പൊട്ടി.
ഇപ്പോഴെന്റെ കാഴ്ചയും കവിതകളും
നീയോര്‍മ്മകള്‍ നിയന്ത്രിച്ചു
തുടങ്ങിയിരിക്കുന്നു, അയാന്‍.
നിന്റെ നെറ്റിയിലും കവിളുകളിലും
അനുസരണ കാട്ടാത്ത മുടിയിഴകള്‍
മാടിയൊതുക്കി പിന്‍കഴുത്തിലെ മറുകിലും,
പ്രണയത്തോടൊപ്പം ഞാനെന്റെ
ചുംബനങ്ങളെയും മറന്നുവെക്കുന്നു.
അയാന്‍, എന്നോട് ക്ഷമിക്കുക,
നിന്റെ സ്‌നേഹത്തിന്റെ പങ്കുചോദിച്ചതിന്.
നിന്റെ നേരങ്ങള്‍ കടമെടുത്തതിന്.
നിന്റെ കാമുകിക്ക്മാത്രം അവകാശപ്പെട്ട
പ്രണയം പകുത്തെടുക്കാന്‍ ശ്രമിച്ചതിന്.
ഇരുളും പാതിരാവും കണ്ടുമുട്ടുന്ന വിനാഴികയില്‍
അവസാന വണ്ടിയുടെ മുരള്‍ച്ചയ്‌ക്കൊപ്പം
ഓര്‍ക്കുന്തോറും വീര്‍ക്കുന്ന
നീയോര്‍മ്മകളഴിച്ചുവെച്ച് ഞാന്‍ യാത്രയാകുന്നു.
ദേ...മറച്ചുവെക്കുന്നില്ല,
ഈ കണ്ണുകളിപ്പോഴും നിറയുന്നു.
ഇത്രേം കരയാന്‍ മാത്രമുണ്ടായിരുന്നോ
അത്രമേലെന്നില്‍ നീ...?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...