ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. എസ്. സഹന എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഉയിര്‍പ്പ്
നീ
വേദനിപ്പിച്ചു മതിയാകാതെ.
ഒട്ടും അടുപ്പം ഇല്ലാത്ത
ഒരാളെപ്പോലെ.
ഞാന്‍
അഭിനയം വശമില്ലാതെ
വക്രിച്ച മുഖവുമായി
എപ്പോഴത്തെയും പോലെ
പരാജയം രുചിക്കുന്നു.
വാക്കുകളുടെ
മൂര്‍ച്ചയില്‍
പിടഞ്ഞു മരിക്കുന്നു.
ഇലത്തുമ്പ് കൊണ്ട്
മരം
ആകാശത്തെ തൊടും പോലെ
നിന്റെ കണ്‍പീലികളെ
തൊടാന്‍
എന്റെ വിരലുകള്‍ നീളുന്നു.
നീ അത് കാണാതെ
കാറ്റിന്റെ വേഗത്തില്‍
മാഞ്ഞു പോകുന്നു.
നിന്റെ
ഓര്‍മ്മകളുടെ,
ഗന്ധത്തിന്റെ,
തടവറയില്‍ പെട്ട്
ജാലകങ്ങള്‍ ഇല്ലാത്ത
മുറിയില്‍
ഞാന്‍ എന്നെ മറന്നു വയ്ക്കുന്നു.
നിന്റെ സ്പര്‍ശങ്ങളെ
നിന്റെ ചുംബനങ്ങളെ
നീ തന്ന സ്വപ്നങ്ങളെ
മരണം എന്ന് പേരിട്ട
ഫോള്‍ഡറില്‍ ഞാന്‍
ഒളിപ്പിക്കുന്നു.
ഒടുവില്‍,
ഓര്‍മകളെ
ഒരു ഡിലീറ്റ് കീ കൊണ്ട് മായ്ച്ചു കളഞ്ഞ്
നിന്റെ വീട്ടുമുറ്റത്തെ
രാത്രിയില്‍ വിരിയുന്ന
വെളുത്ത പൂവായി
ഞാന്‍
ഉയിര്‍ക്കുന്നു.
ഒരു നിശാശലഭം
ചിറക് നീര്‍ത്തുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...