ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് റോബിന്‍ എഴുത്തുപുര എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ബിയര്‍പാര്‍ലറിലെ
മേശയ്ക്കരികില്‍
ഇന്‍സ്റ്റഗ്രാം നോക്കിയിരിക്കുമ്പോള്‍
ഒരാള്‍ എതിരെവന്നിരുന്ന്
തിടുക്കത്തില്‍
ഒരു പിടിപിടിച്ചിട്ട്
സിഗരറ്റു കത്തിച്ച്
എന്നെ നോക്കി.
പറഞ്ഞു വന്നപ്പോള്‍
ഒരേ പ്രായം,
ഒരേ കാലത്ത് പഠിച്ചവര്‍.
കോളേജുകള്‍ വേറെയെങ്കിലും
മഹാരാജാസില്‍വെച്ചുള്ള
ഒരു ക്യാമ്പില്‍
ഞങ്ങളൊരുമിച്ചുണ്ടായിരുന്നു.
സ്റ്റേജു പരിപാടികള്‍
ചിരി,
ബഹളം,
തര്‍ക്കം
ഏഴുദിവസങ്ങള്‍...
അവതാരിക ക്ഷമ;
പതിനാറുവര്‍ഷംമുന്‍പിലെ ക്ഷമ.
'അന്ന് വലിച്ചതിന്
പണിഷ്‌മെന്റ് കിട്ടി'
'എനിക്കും'
'ആ അഞ്ചുപേരില്‍?'
'അതേ'..
ഞങ്ങള്‍ കണ്ടിട്ടുണ്ട്
മിണ്ടിയിട്ടുമുണ്ടാവണം.
ബോയിക്കൊണ്ട് എ.സി
ഓണാക്കിച്ച്
ഒരെണ്ണം വാങ്ങി
ഞങ്ങള്‍ പകുത്തു.
പക്കാവട ചവച്ചുകൊണ്ട്
അവന്‍ ചോദിച്ചു
' ക്ലോസ്സിംഗ് സെറിമണിക്കെന്താവും
ക്ഷമ വരാഞ്ഞത്?'
'ആവോ, അറിയില്ല'
പുറത്ത്
മഴ നുരഞ്ഞു പതഞ്ഞു.
പൂക്കലാണ്, നട്ടുച്ച
കവുങ്ങും
മാവും
പ്ലാവും
ചിരിച്ചുപറഞ്ഞു
'പൂക്കലാണ് നട്ടുച്ച'യെന്ന്.
കയറൂരിവന്ന
കാറ്റും
കുളിതെറ്റിയോളെ
പായലാഴത്തില്‍
ചിരിപ്പിച്ച
നീലക്കുളവും
കായ്കള്‍
അലസിപ്പിച്ച്
ചെമപ്പില്‍ നില്‍ക്കും
ചാമ്പമരവും
ഉച്ചത്തില്‍ പറഞ്ഞു
'കത്തലാണ്;
ആളിക്കത്തലാണെ'ന്ന്.
മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona