ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രമ്യ വിനോദ് എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മരണം
വിളിക്കാതെ വന്നവനും
വിടചൊല്ലാതെ പോയവനും
വിരളമായ് സന്ധിക്കുന്നിടം
നിതാന്തമായ സത്യവും
നിഗൂഢമാം ചുരുളുകളും
നിറമറ്റ ഛായ തീര്‍ക്കുന്നിടം
അഹത്തിന് മരുന്നും
അതിമോഹത്തിന് പരിധിയും
മുമ്പേ നിശ്ചയിക്കുന്നിടം
അജയ്യനാം ശത്രുവും
ആത്മാവറിയും മിത്രവും
അറിയാതെ പിറവികൊള്ളുന്നിടം
സായൂജ്യമേകും മുക്തിയും
സഫലമാകാത്തൊരാ മോഹങ്ങളും
സന്ധിയില്ലാതെ ഏറ്റുമുട്ടുന്നിടം
വേരറ്റ പ്രണയ സാഫല്യവും
വേര്‍പാടിന്‍ നെരിപ്പോടും
വേനലായ് കത്തിയമരുന്നിടം
കൂട്ടായ് കൂടെ നിന്നവരും
കൂട്ട് വിട്ട് പറന്നവരും
ഭേദമില്ലാതെ ഒത്തൂകൂടുന്നിടം
നിറങ്ങള്‍...
ഏഴഴകുകള്‍ വാരിവിതറും
ഇരുളിന്‍ പുതപ്പിനുള്ളില്‍
ചുരുണ്ടുറങ്ങും ബീജം
പ്രതിഷേധത്തിന്‍ അകമ്പടിയായി
വിതുമ്പലോടെ മിഴിചിമ്മിയുണരും
വര്‍ണ്ണാഭമാം സുന്ദരലോകം
കളങ്കമറിയാ പിഞ്ചിളം
മനസ്സിനെ വെളുപ്പണിയിച്ച്
കൂടെ കൂടും ബാല്യം
സ്വാതന്ത്ര്യത്തിന്‍ ലഹരിനുണഞ്ഞ്
തിരിച്ചറിവില്ലാതെ പാറിപ്പറക്കും
ചുവപ്പണിഞ്ഞ കൗമാരം
പച്ചയും നീലയും ചുവപ്പും
വിവിധങ്ങളാം വര്‍ണ്ണങ്ങള്‍
ഇടവിട്ടുണരും യവ്വനത്തുടിപ്പുകള്‍
ചാപല്യങ്ങള്‍ക്ക് വിരാമമിട്ട്
തത്വമസി പൊരുള്‍ തേടി
കറുപ്പണിഞ്ഞ യാത്രകള്‍..
ആസക്തിയുറങ്ങും നിറങ്ങളഴിച്ച്
ശാന്തി തീരം തേടി
കാവിയണിയും വാര്‍ദ്ധക്യം..
ആറടിമണ്ണിലുറങ്ങും മുമ്പേ..
നിത്യശാന്തിതന്‍ വെളുപ്പണിയിച്ച്
വിടചൊല്ലും കര്‍മ്മബന്ധങ്ങള്‍..
ഒരിക്കലെങ്കിലും ഒരു വേനലാവുക നീ..
അവസാന പൂവും പൊഴിച്ച്
വേനലിന്‍ കൈപിടിച്ച്
പടിയിറങ്ങും ഗുല്‍മോഹറിന്‍
പ്രണയനിര്‍വൃതി തൊട്ടറിയുവാന്‍
ഒരിക്കലെങ്കിലും ഒരു വേനലാവുക നീ.
ജീവിതച്ചൂടേറ്റ് മരവിച്ച
ഇലകള്‍ കൊഴിച്ച്
തളിര് പൂക്കും നാളിനായ് കാക്കും
തരുവില്‍ നാമ്പിടും
ആഴമേറും പ്രതീക്ഷയറിയുവാന്‍
ഒരിക്കലെങ്കിലും ഒരു വേനലാവുക നീ..
വേര്‍പാടുണര്‍ത്തും വേദന
പകരും വേനല്‍ ചൂടേറ്റ്
വിണ്ടുകീറും ഭൂവിന്‍ മനസ്സിലെ
നോവേറും വിരഹാഗ്‌നിയറിയുവാന്‍
ഒരിക്കലെങ്കിലും ഒരു വേനലാവുക നീ.
അഭിമാനത്തിന്‍ വേരുകള്‍
കവര്‍ന്നെടുക്കും കിരാതര്‍ക്ക്
വരള്‍ച്ചയുറങ്ങും മണ്ണെന്ന ശാപമേകി..
വേനലിന്‍ മടിത്തട്ടില്‍ മൃതിയടയും
പവിത്രയാം പുഴയെ അറിയുവാന്‍
ഒരിക്കലെങ്കിലും ഒരു വേനലാവുക നീ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...