Malayalam Poem : വെളുപ്പ്, രശ്മി നീലാംബരി എഴുതിയ കവിത

By Chilla Lit Space  |  First Published Apr 17, 2024, 5:03 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രശ്മി നീലാംബരി എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

Latest Videos

undefined

വെളുപ്പ്

രാത്രി മാത്രമേ അയാളെ 
ഞാനങ്ങേതിലെ കോനായില്‍
കണ്ടിട്ടുള്ളൂ.
അയാളെങ്ങനെയാണ് രാത്രിയിലും
വെളുത്ത വസ്ത്രത്തില്‍
ഇത്ര വൃത്തിയായി നടക്കുന്നത്?

കണ്മുന്നില്‍പെടരുതെന്ന് കരുതി
നടക്കുമ്പോഴൊക്കെ
അയാള്‍ വന്ന് കണ്ണുകളിലുടക്കും.

ഒരു ചിരിയാലെന്റെ ആകാശത്തെ
നിറച്ച് മായും.

അയാളുടെ വെള്ള വസ്ത്രങ്ങള്‍,
നിഗൂഢതകളുടെ
ഛായക്കൂട്ടുകളുറങ്ങുന്ന
ഒരു രാത്രി നഗരി പോലെ
തോന്നിക്കുമ്പോള്‍,
ഞാനുറങ്ങാതെ
തിരിഞ്ഞും മറിഞ്ഞും
രാത്രിയെ തട്ടിയിടും.
വെളുത്ത വസ്ത്രങ്ങളെ '
അപ്പോഴുമയാള്‍
എന്റെ കണ്ണുകളിലുണക്കാനിടും.

ഒരിക്കല്‍,
പാതയോരത്തിഴയുന്ന,
പങ്കുപറ്റാന്‍ ഈച്ചകള്‍  യുദ്ധം ചെയ്യുന്ന
മുറിവുകളുമായി നോക്കാനറച്ച് 
നീയും ഞാനും മുഖം തിരിച്ച് 
കടന്നു പോവാറുള്ള 
ആ വല്ല്യമ്മയെ
അയാളുടെ തിണ്ണയില്‍
വെള്ളവസ്ത്രത്തില്‍ കണ്ടപ്പോഴാണ് 
ഞാനാ വെളുപ്പിന്റെ പൂര്‍ണതയെപ്പറ്റി ആലോചിച്ചത്.

പുഴു തിന്ന് ബാക്കി വന്ന പുണ്ണുകള്‍
ഇത്ര വേഗം കരിഞ്ഞതെങ്ങനെയാവുമെന്ന്
കിനാക്കണ്ടത്.

അതിരാവിലെ
തിരക്ക് പിടിച്ച് വീടുവിട്ടിറങ്ങുന്ന അയാള്‍
വയറൊട്ടിയ വഴിയരികുകളെ,
ഗന്ധ ഗ്രന്ഥികളെ, കൊലവിളിക്കുന്ന ഓടകളെ,
നിണമൊഴുകുന്ന മുറിവുകളെയൊക്കെ
വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

ചീഞ്ഞതും പൊള്ളിയടര്‍ന്നതും
മാറോടണയ്ക്കുമ്പോള്‍,
അയാള്‍ടെ ഉള്ളിലൊരു പക
നീറി പുകയുന്നുണ്ടാവണം.
പുറത്തെ പുഞ്ചിരി മഴയാലവ
നനച്ചിടുകയാവണമെന്നും .

അയാള്‍ രാത്രിയിലെങ്കിലും
സ്വസ്ഥമായു-
റങ്ങാറുണ്ടാവുമോ?
ഇല്ലെന്നുറപ്പ്,
അപ്പോഴും ഉപ്പു പരലുകള്‍
ലവലേശമില്ലാത്ത
രണ്ടു കിണറാഴങ്ങള്‍
അയാളുടെ കണ്ണുകളില്‍ നിറഞ്ഞിരിപ്പാണല്ലോ.

എല്ലാ നിറങ്ങളെയും
അടക്കിപ്പിടിച്ച്
വെളുപ്പപ്പോഴും പുഞ്ചിരിക്കുകയാണ്.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!