ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. റഷീദ് രണ്ടത്താണി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അലവിക്കാന്റെ തൊഴുത്തില്‍
രണ്ടു പശുക്കള്‍ വയ്ക്കോല്‍ തിന്നുന്നുണ്ട്,
കറുപ്പില്‍ വെളുപ്പാണോ
വെളുപ്പില്‍ കറുപ്പാണോന്നറിയാത്തൊരു
പുള്ളിയും പിന്നെയൊരു ചെമ്പിയും.
മീനാക്ഷിയമ്മയുടെ വീട്ടിലെ
പൂവന്റെ കൂവലിനു എന്തൊരൊച്ചയാ,
മീനാക്ഷിയമ്മയുടെ അതേ ഒച്ച!
അമ്മ പോയി മകള്‍ രാധമ്മ വന്നെങ്കിലും
ഓടായപ്പുറത്തു വീടെനിക്കിപ്പഴും
മീനാക്ഷിയമ്മയുടെ വീടാണ്.
വള്ളിപ്പടര്‍പ്പുകളും പുല്ലുകളും നിറഞ്ഞ
മതിലിലിപ്പോഴുമൊരു തൊട്ടാവാടി.
നേരിയ അളവില്‍ ഉജാല മുക്കിയ
വല്ല്യുമ്മയുടെ പെങ്കുപ്പായത്തിന്റെ
അതേ കളറുള്ള അതേ പൂവ്.
തൊടുമ്പോള്‍ മാത്രം നാണിക്കാറുള്ള
എന്റെ തൊട്ടാവാടിപ്പെണ്ണിന്ന്
എന്നെ കണ്ടപ്പഴേ വാടിപ്പോയി.
നാണവും വാട്ടവും തിരിച്ചറിഞ്ഞു.
വാടിപ്പോയ എന്റെ മുഖം കണ്ടവള്‍
പരിഭവം മറന്നു തുടുത്തുണര്‍ന്നു
എണ്‍പത്തിരണ്ടു രൂപ അമ്പത് പൈസ
മാസവരിയുള്ള കാലത്ത്
പത്രമിട്ടു കൊടുത്തിരുന്ന വീട്ടിലെ അബൂക്ക
അതേയുമ്മറത്ത്
അതേ കസേരയിലിരിപ്പുണ്ട്,
അതേ പത്രവും വായിച്ചു കൊണ്ട്,
അതേയിരുപ്പ്.
പെട്ടെന്നൊരു ചില്‍ ചിലാരവം!
ഞെട്ടിയപ്പോഴതാ വാഴക്കൂമ്പിലൊരു
തന്നാലായവന്‍,
ശങ്കിച്ചു നോക്കിയപ്പോഴാ
ശങ്കുണ്ണി പറയാ,
നോക്കേണ്ട ബാബേട്ടാ
നിങ്ങളുദ്ദേശിച്ചയാളല്ല, പക്ഷേ
പത്രമെടുക്കാനും
അരി പൊടിക്കാനുമൊക്കെ
പോയിരുന്ന കാലം
കുശലം പറഞ്ഞിരുന്നതെന്റെ മുത്തച്ഛനാ.
'അല്ലിഷ്ടാ, ഒരു സംശയം തീര്‍ത്തോട്ടെ,
നിങ്ങടെയാ ചില്‍ചില്‍ യന്ത്രമിരിക്കുന്നത്
വായിലാണോ അതോ വാലിലാണോ?'
ഒന്ന് പോ ഷ്ടാന്നും പറഞ്ഞു
ഓനൊരു പോക്ക്, ചിലച്ചോണ്ട്,
മുത്തച്ഛന്റെയതേ സ്വഭാവം തന്നെ ചെക്കനും!
ഞാനുമൊന്ന് ചിലച്ചു,
ചില്‍.. ചില്‍.. ചില്‍.
ഇടവഴിയുടെ ഇരുകരകളിലുമായി
തിക്കിത്തിരക്കി മേലാപ്പ് തീര്‍ത്തൊരാ
മുളങ്കൂട്ടങ്ങളുടെ ശേഷിപ്പ്
ശോഷിച്ചു നില്‍പ്പുണ്ട്,
ചെമ്മണ്‍ റോഡരികില്‍.
ഒന്ന്, രണ്ട്, മൂന്നു, നാല്...
നൂറായിരമുണ്ടായിരുന്നിടത്തു
ആറെങ്കിലുമുണ്ടല്ലോ.
ഒരു ദീര്‍ഘനിശ്വാസം വലിച്ചെടുത്തു
പുറത്തേക്കെടുത്തിട്ടപ്പോഴതിനു
ഓടക്കുഴല്‍ മീട്ടുന്ന ശബ്ദം, അതോ
മുളന്തണ്ട് വീണുടഞ്ഞ ഒച്ചയോ.
നന്ദി
എന്റെ പ്രിയപ്പെട്ട സ്‌കൂട്ടറിന്,
നിന്റെ പുറകിലെ ടയറിന്,
രാത്രിയിലെപ്പഴോ
ഇറങ്ങിപ്പോയ കാറ്റിന്,
ആകെ മൊത്തം 864 അടികള്‍
കൂടെ നടന്ന കാലുകള്‍ക്ക്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...