ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഉള്ളില്‍ നിന്നും
ഉപ്പുലാവ ഉരുകി വരുന്നു
പൊള്ളും ഗ്രീഷ്മം
പൊറ്റ കെട്ടിക്കിടക്കുന്നു
മഹാ സ്‌നേഹം പറഞ്ഞുതന്ന
മഹാന്‍മാരെവിടെ?
മരപ്പാവപോലെ
മെനക്കേടില്ലാതെ
പാറയോട്
മല്ലടിക്കേണ്ടി വരുന്നു
മജ്ജയുരുകുന്നു
ചോര വറ്റുന്നു
പ്രതികാരങ്ങളുടെ വേനല്‍
ചാട്ടവാറുചുഴറ്റുന്നു
അടിവേരുകള്‍ ഇളകി തുടങ്ങി,
കടപുഴകിയേക്കാം ഏതു നിമിഷവും.
ആത്മശലഭത്തിനു ചിറകറ്റു,
ഏതു നിമിഷവും നില്‍ക്കാം
ശ്വാസത്തിന്റെ ജീവാണു
തൊഴിലെടുക്കുന്നവന്റെ കരള്
കനകത്തിന്റെ കലവറ
കറന്നെടുക്കുവാനല്ല
കാര്‍ന്നെടുക്കുവാന്‍ ശ്രമിക്കുന്നുണ്ട്
മേലാളര്‍
ഓര്‍മകളുടെ കാട്ടുപൂവിന്നില്ല
കാരിരുമ്പിന്റെ കൂര്‍ത്ത അഗ്രങ്ങള്‍ മാത്രം
ചെളിയില്‍ പുതഞ്ഞു പോയ് ജീവിതം
ചതിയില്‍ ചതഞ്ഞു പോയ് ജീവന്‍
പാഞ്ഞു വന്നൊരു കാറ്റ്
ഉടലില്‍ ഉപ്പുപരലിന്‍ ചിത്രം വരയ്ക്കുന്നു
ഉയിര്‍ത്തെഴുന്നേല്‍ക്കണമിനി
ഉരുക്കിന്റെ ഘടമുടയ്ക്കണം
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...