ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് റബീഹ ഷബീര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
മഴപെയ്യിക്കുന്നത് ഞാനാണെന്ന്
ആകാശം കാറ്റിനോട് പറയുന്നു.
അവകാശങ്ങളുടെ ശബ്ദങ്ങള്‍
അധികാരത്തോളമെത്തില്ലെന്ന്
അഹങ്കരിക്കുന്നു.
മഴയുടെ അവകാശി
ആകാശമോ ഭൂമിയോ അല്ലെന്ന്
ഏത് കടലിനാണറിയാത്തത്?
ഏതു പുഴയിലാണതിന്റെ
രക്തം കലരാത്തത്?
ഹൃദയം, സൂര്യന്റെ ഉടലിലാണെന്നും
ദൃശ്യവും അദൃശ്യവുമായ
മഴവഴികളില്‍ ജീവാംശമുണ്ടെന്നും
ആര്‍ക്കാണറിയാത്തത്?
പൊട്ടിയൊഴുകുന്ന നീരുറവകള്‍
എന്റെ ഗര്‍ഭമാണെന്ന്
പാറക്കെട്ടുകള്‍
ഒച്ചവെയ്ക്കുന്നുണ്ടോ?
നനഞ്ഞ മണ്ണില്‍
മഴയുടെ
വിയര്‍പ്പുമണക്കുന്നു.
വിത്തുകള്‍ മുളപൊട്ടുന്നു.
ധിക്കാരിയായ ആകാശം
മൂഢമായി,
അധികാരമെന്ന
കവിതയെഴുതുന്നു.
കവിതയില്‍ മഴയൊരു
ജനാധിപത്യ രാജ്യമാകുന്നു!