ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഒരിക്കല്‍ കൂടി നിന്നിലേക്കെന്നെ
ചേര്‍ത്തു നിര്‍ത്തുക
പിന്നൊരിക്കലും
വിട്ടു പോകാത്തവിധം
മോചനമില്ലാത്ത തടവിന്റെ
അഴികള്‍ക്കുള്ളില്‍
ബന്ധിക്കുക
ഓര്‍മ്മയുടെ
ജീവഞരമ്പുകളിലെല്ലാം
നിന്റെ ഗന്ധം നിറക്കുക
മിഴിയിണകളില്‍
സ്‌നേഹമുദ്ര വയ്ക്കുക
മറ്റൊന്നും കാണാത്ത വിധം
അവയടഞ്ഞു പോകട്ടെ
തകര്‍ത്തു കൊള്‍ക
എന്നാല്‍
നിനക്കൊരിക്കല്‍ കൈമാറിയ
എന്റെ ഹൃദയം
തിരികെ നല്‍കാതിരിക്കുക
പങ്കുവയ്ക്കപ്പെടാത്ത
അതിന്റെ പരിശുദ്ധിയില്‍
ശരണമടയുക
കാലമെടുത്തുപോകും വരെ
എന്റെ ഉയിരില്‍ കലരുക
നിന്റെ ഭ്രമകല്പനകളില്‍
എന്നെ മാത്രം
വരച്ചുചേര്‍ക്കുക
ഭ്രാന്ത് പൂക്കുന്ന ദിനങ്ങളില്‍
എന്നിലേക്ക് ചേക്കേറുക
ഒരിക്കലുമുറവ വറ്റാത്ത
സ്‌നേഹജലത്തില്‍ മുങ്ങി നിവരുക
ഉന്മാദികളായ പ്രണയികളെന്നു
പൂക്കള്‍ പരിഭവിക്കട്ടെ
ശലഭങ്ങള്‍ നിറം മാറട്ടെ
പോകും വഴികളിലെല്ലാം
കാറ്റ് പറഞ്ഞു പോട്ടെ.
അപ്പോഴും തമ്മില്‍ ലയിച്ച
നമ്മെ കണ്ടെത്താന്‍
കൈകോര്‍ത്തു
കലഹിച്ചുകൊണ്ടേയിരിക്കാം
ഒടുക്കം നമ്മില്‍ത്തന്നെ
വിലയിക്കാം.