ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നിഷി ജോര്‍ജ്ജ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
നമ്മള്‍ നാലു പേര്‍
കള്ളനും പോലീസും കളിക്കുകയാണ്.
കുലുക്കിയെറിഞ്ഞ കടലാസ് ചുരുള്‍
നിവര്‍ത്തിയെടുത്ത്
പോലീസ് എന്ന് വായിച്ച പാടെ
പുതിയ രൂപകത്തിലേക്ക്
ഞാന്‍ എന്നെ തൂക്കിയിട്ടു.
വെളുത്ത കടലാസു ചുരുളിലെ
കറുത്ത അക്ഷരങ്ങള്‍
എന്റെ മുയല്‍വെളുപ്പിലാകെ
കറുത്ത നീളന്‍ വരകള്‍ പടര്‍ത്തി.
ഒരു കുളമ്പടി ശബ്ദം
മുയല്‍ വേഗത്തെ കടന്നു പോയി.
അത് കുതിരയുടേതെന്നും
ബൂട്ടുകളുടേത് എന്നും
തോന്നിപ്പിച്ചു.
അതുവരെ മുയലിനെപ്പോലെ എന്നൊരു
ഉപമയില്‍ ജീവിക്കുകയായിരുന്നു ഞാന്‍.
കണ്ണാടിയില്‍ നോക്കുമ്പോള്‍
പഞ്ഞിക്കെട്ടു പോലെ കാണുന്ന ഉണ്മയില്‍
ഞാനെന്നെ തൊട്ടറിഞ്ഞിരുന്നു....
തങ്ങളെ തൂക്കിയിട്ടിരുന്ന ഉപമകളില്‍ നിന്നും
രൂപകങ്ങളില്‍ നിന്നും
മറ്റൊന്നായി ഊര്‍ന്നു വീണു കിടന്നു
എനിക്കു മുന്നില്‍ മൂന്നു പേര്‍.
അവരില്‍ രാജാവും മന്ത്രിയുമുണ്ട് എന്നത്
എന്നെ ആഹ്ലാദിപ്പിച്ചു.
രൂപകങ്ങളോളം വേഗതയില്ല
ഒരു ജാലവിദ്യക്കാരനും .
കാലാളിനെ ഒറ്റനിമിഷത്തില്‍
അത് മന്ത്രിയാക്കും .
മന്ത്രിയെ കാലാളും....
കേവല യാദൃശ്ചികതയുടെ
പോലീസ് വേഷത്തെ
നീട്ടിക്കൊണ്ടുപോവുക എന്ന തോന്നലില്‍
ഞാന്‍ മൂവരെയും നിരീക്ഷിച്ചു കൊണ്ടിരുന്നു.
കള്ളനും രാജാവിനുമിടയില്‍
വലിയൊരു ദൂരമുണ്ടെന്ന് തോന്നാത്തതിനാല്‍
കള്ളനെപ്പിടിച്ച് നീതിനടപ്പാക്കുക
എന്ന ധാര്‍മ്മികത
അന്നേരം എന്നെ പ്രലോഭിപ്പിച്ചില്ല.
വിഡ്ഢിയായ കള്ളന്‍
അമിതാഭിനയത്തില്‍
സ്വയം വെളിപ്പെടുമെന്ന തോന്നലില്‍
ഞാന്‍ കാത്തിരുന്നു.
അത് സംഭവിക്കാത്തതിനാല്‍
ബുദ്ധിമാനായ കള്ളനെന്ന ഒന്നാമത്തെ
സൂചന വെച്ച്
മൂന്നിലൊരാളെ സാധ്യതാ ലിസ്റ്റില്‍
നിന്ന് ഒഴിവാക്കി.
ബുദ്ധിമാനായ കള്ളന്‍
ഉദാസീനനായ ഒരു പോലീസുകാരനെപ്പോലും
ഉത്സാഹവാനാക്കും.
ബുദ്ധിമാനായ കള്ളനാവട്ടെ
രാജാവോ മന്ത്രിയോ ആയി
തെറ്റി വായിക്കപ്പെടുന്ന സാധ്യതയെ
പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിച്ചു.
കളിയുടെ നിയന്ത്രണം കള്ളന്റെയും
പോലീസിന്റെയും കൈയ്യിലാണെന്നും
അതല്ല എല്ലാം രാഷ്ട്രീയമാണെന്നും
കളിയുടെ കടിഞ്ഞാണ്‍
രാജാവിന്റെയും മന്ത്രിയുടെയും
കയ്യിലാണെന്നും എനിക്ക് മാറിമാറിത്തോന്നി.
മുയലിനെപ്പോലെ എന്ന ഉപമയിലേക്ക്
തിരിച്ചു പോകാനിഷ്ടപ്പെടാത്തതിനാല്‍
കള്ളനെ പിടിക്കുന്ന കൃത്യം
ഞാന്‍ നീട്ടി നീട്ടി കൊണ്ടുപോയി.