ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. എന്‍ രാമചന്ദ്രന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
യാത്രയുടെ അവസാനം
ഒരു കടല്‍തീരത്തെത്തി.
വെള്ളിഞൊറികളോടെ
തിരമാലകള്‍
മാടിവിളിക്കുന്നുണ്ടായിരുന്നു,
കാറ്റിന് കൂട്ടായി,
കടല്‍പ്പക്ഷികള്‍
താളംപിടിച്ചു.
കടല്‍പ്പരപ്പില്‍
ചിമ്മിനിവിളക്കുകള്‍പോലെ
അസ്തമയത്തിന്‍റെ
തിളക്കമുള്ള കണ്ണുകള്‍.
വിദൂരതയിലെ വശ്യതയ്ക്ക്
സൗഹൃദത്തിന്‍റെ സന്ദേശമായി
പരസ്പരം ഒഴുകിനീങ്ങുന്ന
കിളിനാദങ്ങള്‍.
അതെ, മൗനങ്ങളുടെ
വാതായനങ്ങള്‍ തുറന്ന്,
കാവ്യശകലങ്ങള്‍
പിറവിയെടുക്കുമ്പോള്‍
കാല്‍പനികതയുടെ ലോകം
തുറക്കുന്ന നിമിഷങ്ങള്‍.
അക്ഷര സ്‌നേഹത്തിന്‍റെ
നേര്‍ക്കാഴ്ചയില്‍,
മോഹങ്ങള്‍ക്ക് തിരികൊളുത്തി,
ഒരു സന്ധ്യകൂടി
മാഞ്ഞുപോകുമ്പോള്‍
നിലാവിന്‍റെ,
നേര്‍ശകലങ്ങളിലെവിടെയോ
പെയ്തിറങ്ങിയ മഴയുടെ ശാന്തത.
ഓര്‍മയില്‍ മയില്‍പ്പീലികള്‍
വിരിഞ്ഞിറങ്ങുന്ന
ചില അപൂര്‍വ നിമിഷങ്ങള്‍.
മഴയുടെ ശാന്തതയില്‍
പുത്തനുണര്‍വാകുന്ന
ചില അപൂര്‍വ നിമിഷങ്ങള്‍.
നക്ഷത്രങ്ങളിലേക്കുള്ള ദൂരം
കുഞ്ഞുന്നാളില്‍
വാരിവിതറിയ
മുത്തുകള്‍പോലെ,
ആകാശം നിറയെ
നീലപ്പൂക്കള്‍.
കാല്‍പനികതയുടെ
ലോകത്ത്,
ചിന്നിച്ചിതറി,
മിന്നിത്തിളങ്ങി,
പുഷ്പവൃഷ്ടിയുടെ
പര്‍വ്വം തീര്‍ത്ത
നക്ഷത്ര സൗമ്യത.
ഒരു ചെറുനോവുപോലും
പാല്‍കുളിര്‍മയില്‍
അലിഞ്ഞുചേരുന്ന
അഭൗമമായ,
എത്തിപ്പിടിക്കാനാകാത്ത,
വിസ്മയസത്യം;
സാമ്യതകളില്ലാത്ത
ആകാശലോകം.
നക്ഷത്രങ്ങളിലേക്കുള്ള
യാത്രയാണ്
ഓരോ യാമവും,
വിദൂരതയിലേക്കുള്ള,
അനന്തമായ യാത്ര.
അറിയാതെയെങ്കിലും
ഓര്‍ത്തുപോകുന്ന
ചെറുപുഞ്ചിരികളുണ്ട്,
ചെറുനോട്ടങ്ങളുണ്ട്
നക്ഷത്രങ്ങളോളം
തിളക്കമുള്ള,
മണ്മറയാത്ത
ആ യാത്രയില്‍;
നക്ഷത്രങ്ങളിലേക്കുള്ള ദൂരം,
അതവസാനിക്കുന്നില്ല.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...