ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മോചിത എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
താളവും
വൃത്തനിബദ്ധവുമായിരുന്നു
അവളുടെ കവിതകള്‍
പഴയ താളുകളിലെ
ഇരുളിടങ്ങളില്‍ ഒളിപ്പിച്ച
ശലഭകോശങ്ങള്‍
വവ്വാല്‍ കണ്ണുമായി
ചുറ്റും പറന്ന്
മഴ മേഘങ്ങളാല്‍ നീലിച്ച
അവളുടെ നെറ്റിയില്‍
ഉമ്മ വെച്ചപ്പോഴാണ്
കുളിര്‍ന്ന് പെയ്ത മഴയില്‍
കവിതയുടെ താളം
ഒലിച്ചുപോയത്
അത്രമേല്‍ നനുത്ത
കണ്ണുകളില്‍
വിരിഞ്ഞ നീലയാമ്പലുകള്‍
ആഴത്തില്‍ വേരിടങ്ങള്‍
തീര്‍ത്തപ്പോഴാണ്
ഈണം ഓര്‍മയായി
തളം കെട്ടിയത്
കണ്ണീര്‍ ചാലുകളാല്‍
തീര്‍ത്ത കവിളിലെ
ഉപ്പു തടാകം
ചുടുനിശ്വാസത്താല്‍
വറ്റിയപ്പോഴാണ്
കാവ്യബിംബങ്ങള്‍
പരല്‍ മീനുകളെ പോലെ
വഴുതി പിടഞ്ഞത്
ചുംബന ദാരിദ്ര്യത്താല്‍
വരണ്ട ചുണ്ടില്‍
ചുണ്ടുകള്‍
കൊരുത്തപ്പോഴാണ്
ചായക്കോപ്പയിലെ
കൊടുങ്കാറ്റിനാല്‍
പ്രാസം പറന്നു പോയത്
അഭാവത്താല്‍
കനക്കുന്ന ഇരുളിടങ്ങള്‍
നെഞ്ചിലെ ശ്വാസമായ്
പുനര്‍ജ്ജനിച്ചപ്പോഴാണ്
വാക്കും അര്‍ത്ഥവും
കലഹിച്ച്
പൊള്ളിയടര്‍ന്ന്
വേര്‍പിരിഞ്ഞതും
പ്രണയം വറ്റിയ മുലകള്‍
ഊമ്പി ഊമ്പി
കുതിര്‍ന്നപ്പോഴാണ്
പളുങ്കുപാത്രങ്ങള്‍ പോലെ
അലങ്കാരങ്ങള്‍
തറയില്‍ വീണുടഞ്ഞത്
അമര്‍ത്തിയ
ചുംബനത്താല്‍
പതിഞ്ഞ
അടിവയറ്റിലെ
ചോരചുവപ്പുകള്‍
മറയ്ക്കാന്‍
ശ്രമിച്ചപ്പോഴാണ്
ധ്വനികള്‍
കൂരമ്പുകളായ്
കണ്ണാടിയില്‍ തുളച്ച്
പ്രതിധ്വനിച്ചത്
ഒടുവില്‍...
കടലാഴങ്ങളെ കടപുഴക്കി
ഒഴുക്കിയ അമൃതിന്റെ നുരയാല്‍
തീര്‍ത്ത ഉപ്പു പരലിനാല്‍
തണുത്തുറഞ്ഞ ഭ്രൂണങ്ങള്‍
ചിതറിതെറിച്ച്
ആര്‍ത്തവ രക്തംപുരളാതെ
താഴ്‌വാരങ്ങളിലേക്ക്
നനഞ്ഞിറങ്ങി,
വൃത്ത ബന്ധനമില്ലാത്ത
മഹാകാവ്യമായി
മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം