ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ലയ ചന്ദ്രലേഖ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
അടുത്ത വീട്ടിലെ
കൊച്ചുകുഞ്ഞിന്റെ
ഉച്ചത്തിലുള്ള കരച്ചില്‍പോലും
നിന്നെയാണോര്‍മ്മിപ്പിക്കുന്നത്
എത്ര നിസ്സാരമായാണ്
നീയെന്നെ തോല്‍പ്പിച്ചുകളഞ്ഞത്!
ഞാനിവിടന്നു നോക്കുമ്പോള്‍
ആളൊഴിഞ്ഞ നിന്റെ
മഞ്ഞത്തൊട്ടില്‍
ആരും തൊടാതെ വിലങ്ങനെ
ആടിക്കൊണ്ടിരിക്കുന്നു
ഈ വിഷാദത്തെ മറികടക്കാന്‍
ഞാനുറക്കെ വെയ്ക്കുന്ന
ദ്രുതഗതിയുള്ള പാട്ടിനുപോലും
ഒരിക്കല്‍ നീ
താളത്തില്‍
ചുവടുവെച്ചിരുന്നുവെന്നത്
അലോസരപ്പെടുത്തുന്നു
ഈ വഴി
കടന്നുപോകുന്നേരം
നീയാദ്യമായി കണ്ട
കണ്ണാടി..
മറുവശത്തെ അപരനെ
പിടിക്കാനായി
പിറകിലൂടെ
നടത്തിയ
വിഫലശ്രമങ്ങള്‍..
നിന്റെ കരച്ചിലുകള്‍..
പൊട്ടിച്ചിരികള്‍..
അത്ഭുതം കൂറുന്നേരം
നിനക്കുമാത്രമറിയുന്ന ഭാഷയില്‍
ഉയര്‍ന്നുകേട്ട കൊഞ്ചലുകള്‍..
നിനക്കേറ്റവുമിഷ്ടപ്പെട്ട
കറുത്തചോക്ലേറ്റ്..
എന്റെ പാത്രങ്ങളില്‍ നിന്നുയരുന്ന
കാച്ചിയ
കുറുക്കിന്റെ ഗന്ധം..
ഞാന്‍
നിന്റെയിഷ്ടങ്ങളെയെല്ലാം
വെറുക്കാന്‍ തുടങ്ങുകയാണ്
എനിക്കെഴുതാനേ കഴിയുന്നില്ലാ..
ഉള്ളംകൈയില്‍
ഇളംനീല
മിട്ടായി വെച്ച്
നമ്മള്‍ കളിച്ച
കണ്ടുപിടിത്തങ്ങളില്‍
എന്നും നീയെന്റെ
വലതുകൈയാണ്
തൊട്ടിരുന്നത്..
ഇതുകൊണ്ടാണ്,
ഇതുകൊണ്ടു മാത്രമാണ്
ഞാനാരെയും
സ്‌നേഹിക്കാത്തത്!
നിന്റെയിഷ്ടങ്ങളെയെല്ലാം
വെറുത്തുകൊണ്ട്
ഒരിക്കല്‍ ഞാനെന്റെ
പഴയ തോടിനുള്ളിലേക്ക്
തിരിച്ചുപോകും
സ്‌നേഹത്തിന്റെ ഉപ്പുകല്ലുകള്‍ക്ക്
പ്രവേശനമില്ലാത്ത
ഇടം..
ആര്‍ക്കുമതിനെ
ഉടയ്ക്കാന്‍ കഴിയില്ലാ