ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ. ആര്‍ രാഹുല്‍ എഴുതിയ മൂന്ന് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഉഷ്ണകാലത്തെ നട്ടുച്ചനേരങ്ങള്‍
ഉഷ്ണകാലത്തെ നട്ടുച്ചനേരങ്ങളില്‍
തോട്ടില്‍ നിന്നെപ്പോഴും
അലക്കുന്ന ശബ്ദം ഉയരും.
കല്ലില്‍ കുത്തിപ്പിഴിഞ്ഞ്
തല്ലിയലക്കുമ്പോള്‍
കിലുങ്ങുന്ന വളകള്‍ക്ക്
ആഭേരി രാഗത്തിന്റെ
ആരോഹണവരോഹണക്രമമുണ്ടായിരുന്നു
എന്നോര്‍മ!
വെന്ത മണ്ണില്‍നിന്നും
ഉഷ്ണം മേലോട്ടുയരുമ്പോള്‍
തോട്ടുവക്കത്തൊരു പശു
നിര്‍ത്താതെ കരഞ്ഞിരുന്നു.
കടവായ പതചുരത്തും വരെ
തുടരുന്ന കരച്ചില്‍,
പറങ്കിമാങ്ങ കൊടുത്താല്‍
നില്‍ക്കുമെന്നവളാണ് പറഞ്ഞത്.
കോതപ്പുല്ലിന്റെ പൂവ് ഇരിഞ്ഞ്
പുഴുവുണ്ടാക്കി കളിക്കുമ്പോള്‍
കാല്‍വണ്ണ മുറിഞ്ഞത്
തോട്ടുവെള്ളം നീറ്റലോടെ കാട്ടിത്തരും.
തുപ്പല് ചേര്‍ത്തുണക്കിയാലും
വടുക്കള്‍ ശേഷിക്കും.
പൊക്കിളില്‍ നിന്നും
ചോരയൂറ്റുന്ന, ഓന്തിനെ
തല്ലിച്ചതച്ചിട്ടതിന്‍ വായില്‍
കൊട്ടത്തറിപ്പാലൊഴിച്ച്
വട്ടുപിടിപ്പിക്കും വിദ്യ
തുപ്പലം തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന
വേലിപ്പടക്കങ്ങള്‍ക്കുമറിയാം.
മാങ്ങാച്ചുന കൊണ്ട്
പൊള്ളിച്ച് കൈത്തണ്ടയില്‍
പേരിന്റെ ആദ്യാക്ഷരങ്ങള്‍
കുറിക്കുന്ന നേരത്ത്
ആയിരം കരണം മറിഞ്ഞെത്തുന്ന
ഇലകള്‍, മട്ടിമരങ്ങള്‍ പൊഴിക്കും.
തേക്കിന്റെ തളിരില
ചുമപ്പിച്ച കൈവെള്ളയില്‍
പുന്നക്കായ് മണികളെടുത്ത്
തോട്ടിന്റെ മറുകരയിലേക്ക്
യാത്രയയപ്പ് നല്‍കുമ്പോള്‍
ഉച്ചയുറക്കം വിട്ടൊഴിഞ്ഞ
കുളക്കോഴികള്‍, മുട്ടന്‍
തെറിതുപ്പി പ്രാകി പറന്നുയരും.
കാത്തു നില്‍ക്കണം
എന്നോര്‍മ്മിപ്പിച്ച്
യാത്രപോയപ്പോഴൊന്നും
വാക്കുപാലിക്കാനാവാതെ ഞാന്‍
വേനലില്‍ പൊടിയായി പറന്നു.
പിന്നെയൊരു വേനലില്‍
ശര്‍ക്കരത്തുണ്ടില്‍
ഒതളങ്ങപ്പരിപ്പിന്റെ
രുചി നോക്കി അവളെന്ന്
തോട്ടിറമ്പില്‍
മലവെള്ളം കേറിയ
കാലവര്‍ഷത്തിലാണറിഞ്ഞത്.
അന്നുതൊട്ടാണ്,
ഉഷ്ണകാലത്തെ
നട്ടുച്ചനേരങ്ങളില്‍
തോട്ടില്‍ നിശബ്ദതനിറഞ്ഞത്;
തോട്ടുവക്കത്തെ
ഈറ്റകള്‍ മാത്രം
'കാത്തിരുത്തിക്കളഞ്ഞില്ലേ'യെന്ന്
നെഞ്ചില്‍ത്തല്ലിക്കരയാന്‍
തുടങ്ങിയതും.
ഒരു അവിവാഹിതന്റെ ഒഴിവുദിവസം
ഉപ്പിട്ടുപുഴുങ്ങിയ
ഉരുളക്കിഴങ്ങില്‍
ഇറച്ചി തിളക്കുന്ന
മണം ചേരുമ്പോഴാണ്
ഒരു അവിവാഹിതന്റെ
അടുക്കള ഉണരുക.
തൊലിനീക്കിയ ഉരുളക്കിഴങ്ങ്
ഉപ്പിട്ട് തിളപ്പിച്ചെടുത്തതില്‍
മുളകുചേര്‍ക്കുന്നത് മാത്രം
പാചകപരിചയമുള്ളവന്‍
രസമുകുളങ്ങളെ
ത്രസിപ്പിക്കുന്നതിനായി
രുചിക്കൂട്ടിന്റെ
സാരസ്വതരഹസ്യം
തിരയുന്നതപ്പോഴാണ്.
കട്ടിലും കസേരയും
വലിച്ചുവാരിയുടുത്ത
ഒരാഴ്ചയിലെ
മുഴുവന്‍ വസ്ത്രങ്ങളും
ബക്കറ്റിലെ മേഘത്തുണ്ടില്‍
കുതിര്‍ന്ന്,
അഴുക്ക് പാതിമാഞ്ഞ്
തിരിച്ചുവരുമ്പോള്‍
കുക്കറില്‍ നിന്നുയരും
പ്രതിഷേധസ്വരം
കാപ്പിക്ക് സമയമായെന്ന്
അറിയിക്കും.
മുദ്രാവാക്യം മുഴക്കി
സിങ്കില്‍ക്കിടക്കുന്ന
കഴുകാത്ത പാത്രങ്ങള്‍,
പാതിയും അലിഞ്ഞ
ഡിഷ് വാഷ് ബാറിലെ
എണ്ണമയം പടര്‍ന്ന
ചകിരിയെ നോക്കി
കിടക്കുമ്പോള്‍
എപ്പോഴോ തുറന്ന
പൈപ്പ് വെള്ളം
ടാങ്ക് കാലിയാണെന്ന്
ഓര്‍മിപ്പിക്കും.
വെച്ചിടത്തൊരിക്കലും
കാണാതെ മറയുന്ന
ഉപ്പും മുളകും മല്ലിയും
ഷെല്‍ഫില്‍ കണ്ണുപൊത്തി
കളി തുടരുമ്പോള്‍
ഭിത്തിയില്‍ ഇടിച്ചും
തെറി പറഞ്ഞും
തിളച്ചുതൂവി നില്‍ക്കുമ്പോള്‍
വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍
ഒഴുകിയെത്തുന്ന
ഹൃദയചിഹ്നങ്ങള്‍
കണ്ടു തണുത്തുറയും.
ഒരിക്കലും ചെല്ലാത്ത
വീടിന്റെ ഇടങ്ങളില്‍
ചൂല് ചെല്ലുമ്പോള്‍
വെളിപ്പെട്ടുവരുന്ന
പൊടി കോരിയെടുത്ത്
അടുത്ത ചാലില്‍
നിമജ്ജനം ചെയ്യുമ്പോള്‍
പാതിദിവസം മരിച്ചിരിക്കും.
മാസങ്ങള്‍ക്കു മുമ്പ്
വായിക്കാന്‍ തുടങ്ങിയ
നോവലിലേക്ക്
ഒഴിവുദിവസങ്ങളില്‍
വീണ്ടുമിറങ്ങും.
പതിവുപോലെ കാലുതെറ്റി
ഉറക്കത്തില്‍ വീഴും.
സിറ്റി ബസ്സും
ഓഫീസ് മെസ്സും
റിസപ്ഷനിസ്റ്റിന്റെ ചിരിയും
പരിചയമില്ലാത്ത
എന്നും കാണുന്ന
ബസ് യാത്രക്കാരില്‍ ചിലരും
സ്വപ്നത്തില്‍ വരും
വര്‍ത്തമാനം പറയും.
ഉണരുമ്പോള്‍,
ഉണങ്ങിയ തുണികളുടെ
ചുളുങ്ങിയ വിഷാദം
ഇസ്തിരിപ്പെട്ടിയാല്‍
മായ്ച്ചുകളയാനുറച്ച്
മേശയില്‍ വിരിച്ചിടും.
ഉച്ചയുറക്കം കെട്ടിപ്പിടിച്ച
സുഖാനുഭൂതിയില്‍
അവ തൊടാതെ കിടക്കും.
അനന്തരം അടുത്തദിവസം
ചുളുങ്ങിയ ഷര്‍ട്ടിട്ട് പോയി
കറന്റില്ലെന്ന് കള്ളം പറയും.
ഹ്രസ്വമായ രാത്രിയായിരിക്കും
ഒഴിവുദിവസങ്ങളിളെല്ലാം
ഒരു അവിവാഹിതന്.
കണ്ണടയ്ക്കുന്ന വേഗത്തില്‍
അത് ഓടിമറയും.
തനിയാവര്‍ത്തനങ്ങളുടെ
പഴകിയ കഥകളല്ലാതെ
പുതുതായൊന്നും
അവിവാഹിതന്റെ
ഒഴിവുദിവസങ്ങള്‍ക്ക്
പറയാനുണ്ടാവില്ല.
പരേതരുടെ ആല്‍ബം
തല നരച്ചതിനുശേഷം
ലോറന്‍സ് ചേട്ടന്
മരണാനന്തര ചടങ്ങിന്റെ
ഫോട്ടോ വര്‍ക്ക് മാത്രമാണ്
കിട്ടിക്കൊണ്ടിരുന്നത്.
'സെല്ലുലോയ്ഡ്' എന്ന
സ്റ്റുഡിയോ പൂട്ടി
മരണവീട്ടിലേക്ക്
ഇറങ്ങുമ്പോള്‍,
മുഖത്തെ ചുളിവില്‍ തഴുകി
നെടുവീര്‍പ്പിടും.
പോയകാലങ്ങളില്‍
കല്യാണവീടുകളില്‍
തിളച്ചു മറിഞ്ഞ
ബഹളങ്ങള്‍ക്കു പകരം
കരച്ചിലും
എണ്ണിപ്പെറുക്കലും
മാത്രം ഒപ്പിയെടുത്ത
നിക്കോണ്‍ ഡി 90
ക്യാമറയുടെ ലെന്‍സില്‍
പറ്റിപ്പിടിച്ച
കണ്ണുനീരിന്റെ ഈര്‍പ്പം
എല്ലാദിവസവും
തുടച്ചുനീക്കുമ്പോള്‍
ലോറന്‍സ് ചേട്ടന്‍
തത്വചിന്തകനാകും.
കണ്ണുകളില്‍
ക്യാമറ ലെന്‍സുമായി
ജനിച്ചവനെന്ന
പോയകാലത്തെ ഖ്യാതി
ഇടയ്ക്കിടെ
ഫ്‌ലാഷ് ലൈറ്റ് പോലെ
ഉള്ളില്‍ നോവായി മിന്നും.
ഒടുവില്‍
കാലത്തെ
നിശ്ചലമാക്കുന്ന
ക്യാമറയ്ക്കും
നിശ്ചലമാകേണ്ട
കാലം വരുമെന്ന്
സമാശ്വാസിക്കും.
ആരവമുയര്‍ത്തി
പുതുതലമുറയുടെ
ഊര്‍ജ്ജവും പേറി
അമേച്വര്‍ കുട്ടികള്‍
കല്യാണവര്‍ക്കിന് പോകുമ്പോള്‍
പഴയ RX 100-ല്‍
ലോറന്‍സ് ചേട്ടന്‍
മരണവീട്ടില്‍ എത്തും.
രഹസ്യമായാഘോഷിക്കുന്ന
ഉത്സവങ്ങളാണ്
മരണമെന്ന സത്യം
ലോറന്‍സ് ചേട്ടന്
ഇപ്പോള്‍ അറിയാം.
ഇന്ന്
ഓരോ മൃതദേഹവും
ലോറന്‍സ് ചേട്ടന്റെ
പ്രിയപ്പെട്ട കസ്റ്റമേഴ്‌സ് ആണ്.
വിവിധ ആംഗിളുകളില്‍
അവരെ പകര്‍ത്തുമ്പോള്‍
സ്‌മൈല്‍ പ്ലീസ് എന്ന്
മനസ്സില്‍ പറയാറുണ്ട്.
ഏറ്റവും നന്നായി
ചിരിക്കുന്നത്
മരിച്ചവരാണെന്ന്
ലോറന്‍സ് ചേട്ടന്‍ മനസ്സിലാക്കിയത്
67 സംസ്‌കാരം
കവര്‍ ചെയ്തപ്പോഴാണ്.
മരിച്ചവര്‍ക്ക് മാത്രമായി
ഒരു ആല്‍ബം വരെ
സെല്ലുലോയ്ഡില്‍ ഉണ്ട്.
മരിച്ചവരുടെ ഛായാപടങ്ങള്‍തേടി
വര്‍ഷങ്ങള്‍ക്ക് ശേഷവും
ബന്ധുക്കള്‍ എത്താറുമുണ്ട്.
വല്ലാത്തൊരു
ഹൃദയബന്ധമാണ്
മരിച്ചവരുമായി ഇപ്പോഴുള്ളത്.
താനിപ്പോള്‍ തന്നോടും
മരിച്ചവരോടും മാത്രമേ
മനസ്സ് തുറന്നു
മിണ്ടാറുള്ളൂ എന്ന്
ഭാര്യ കെറുവിച്ചത്
സത്യമാണല്ലോയെന്ന്
അത്ഭുതത്തോടെ
അപ്പോഴെല്ലാം ഓര്‍ക്കും.
വിചിത്രമായ
ഒരു സ്വപ്നം
ഇപ്പോള്‍ ലോറന്‍സ് ചേട്ടന്‍
കാണാറുണ്ട്.
സെല്ലുലോയിഡിലുള്ള
പരേതരുടെ ആല്‍ബത്തില്‍
ഓരോതാളിലും
ആത്മഹത്യ ചെയ്തവരും
രോഗം വന്ന് മരിച്ചവരും
തല്ലിക്കൊന്നവരും
കെട്ടിത്തൂക്കിയവരും
വെട്ടേറ്റ് നുറുങ്ങിയവരും
അപകടങ്ങളില്‍ പൊലിഞ്ഞവരും
തുല്യഅകലം പാലിച്ച്
സന്തോഷമായി ഇരിക്കുന്നു.
ജീവനുള്ള ഓരോരുത്തരും
ആ ആല്‍ബത്തില്‍ കയറാന്‍
പരക്കം പാച്ചില്‍ നടത്തുന്നു.
എല്ലാദിവസവും
ആരുടെയെങ്കിലും
ജന്മദിനമോ ചരമദിനമോ
വരുന്നതനുസരിച്ച്
എന്നും ആഘോഷിക്കുന്ന
ആല്‍ബത്തിന്റെ
കവര്‍ ചിത്രത്തില്‍,
ക്യാമറ കൊണ്ട്
ദൂരെ എന്തിനെയോ
വരുതിയിലാക്കാന്‍ ശ്രമിക്കുന്ന
ചിരിക്കുന്ന താനും!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...