Malayalam Poem: പ്രണയപ്പുര, ഇന്ദുലേഖ വി എഴുതിയ കവിത

By Chilla Lit Space  |  First Published Nov 13, 2023, 7:09 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ദുലേഖ വി എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


ഉറഞ്ഞ് പോകുന്ന നേരങ്ങളില്‍

നരവീണ് ചുളിവാര്‍ന്ന
മേഘങ്ങളുടെ
ക്യാന്‍വാസില്‍,
ഇലകള്‍ കൊഴിഞ്ഞ
ശാഖിയെ ചുറ്റിപ്പടര്‍ന്ന് 
മടുപ്പിന്റെ വേരുകള്‍

കാഴ്ചകളില്‍
വരണ്ട തടാകം
ഇതളടര്‍ന്ന വയല്‍പ്പൂവ്
ഉണങ്ങിയ
പുല്‍ത്തലപ്പുകള്‍
പാതിവെന്ത ചുമര്,
കല്‍ത്തൂണില്‍ പടര്‍ന്ന 
പവിഴവള്ളികളില്‍
മുറിവിന്റെ പാടുകള്‍

ഒരു ഭാഷയിലേക്കും
ഉരുക്കിയൊഴിക്കാനാകാത്ത
വേദനകളുടെ രാസലായനി
ഭൂതകാലത്തിന്റെ
അടരുകള്‍ക്കുള്ളില്‍
പകര്‍പ്പുകളുടെ വിരസത.

നിലച്ച ഹാര്‍മണി
നിര്‍വ്വചിക്കാനാകാത്ത
നിശ്ചലത.
അഗാധതകളുടെ
ദു:സ്വപ്‌നങ്ങള്‍.
അസംഖ്യം വിഷാദ
സ്മൃതികളുടെ
ഉടല്‍പാര്‍പ്പ്.


പ്രണയപ്പുര

ഭൂമിയിലെ എല്ലാ വഴികളും 
അവസാനിക്കുന്നിടത്ത്
ഞാനെന്റെ
പ്രണയപ്പുര തീര്‍ക്കും

ഉണര്‍ച്ചകളില്‍
ഇലപ്പഴുതിലൂടെ
നേര്‍ത്ത
സൂര്യവെളിച്ചം
മുറ്റത്തേയ്ക്ക്  
അടര്‍ന്ന് വീഴും

രാത്രികളില്‍
നിലാവ് 
നനുത്ത പുതപ്പായി 
ചുമരുകളെ
പൊതിഞ്ഞു പിടിക്കും

പുലര്‍ച്ചെ പെയ്യുന്ന
മഴയില്‍
തൊടിയാകെ
മാതളപ്പൂക്കള്‍
നിറയും

പൂന്തോപ്പില്‍
ദേവദാരു വൃക്ഷങ്ങളും
ശതാവരി വള്ളികളും
പ്രണയ ചുംബനങ്ങള്‍
കൈമാറും

എന്റെ
ചില്ലുജലാശയത്തിലെ
മീനുകള്‍ 
സഞ്ചാരികളുടെ ഭാഷയില്‍
കഥകള്‍ പറയും

വിളവെടുക്കാറായ
കരിമ്പിന്‍
പാടങ്ങളില്‍ നിന്ന്
ഒരു മധുരക്കാറ്റ്
ജനാലയ്ക്കുള്ളിലേയ്ക്ക്
ഒളിച്ചു കടക്കും

ആകാശത്തു നിന്ന്
എഴുത്തു മുറിയിലേയ്ക്ക്
ഊര്‍ന്നു വീഴുന്ന
നക്ഷത്രങ്ങള്‍
പ്രണയ പുസ്തകത്തിലെ
അക്ഷരങ്ങളാകും

മേല്‍പ്പുരയില്‍
മഞ്ഞ് പെയ്യുന്ന
തണുത്ത രാത്രികളില്‍
എന്നില്‍ പ്രണയം
പുതുവഴികളുടെ
ഭൂമികകള്‍ തേടും


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!