ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഗീതു പൊറ്റെക്കാട്ട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
വിരഹത്തെക്കുറിച്ച് മാത്രം
എപ്പോഴും സംസാരിക്കുമ്പോള്‍
മുഷിച്ചില്‍ തോന്നുകയില്ലേ?
എന്നാല്‍ വിരഹിയ്ക്കങ്ങനെയല്ലത്രേ
നനഞ്ഞ കീറത്തോര്‍ത്തുപോലെ
അറ്റുപോയ വിടവുകളിലെല്ലാം
ഭൂതകാലത്തെ തുന്നിച്ചേര്‍ത്ത്
അതങ്ങനെ
തേങ്ങിക്കൊണ്ടിരിക്കും.
ദുഃഖത്തെക്കുറിച്ച് മാത്രം
എപ്പോഴും പറഞ്ഞാല്‍
നിങ്ങള്‍ക്ക് മടുക്കില്ലേ?
എന്നാല്‍ ദുഃഖിത അങ്ങനെയല്ലത്രേ
പൊഴിഞ്ഞുവീണ പൂവുപോലെ
പൊയ്‌പോയ നറുമണ-
മവളെ വേട്ടയാടും
എപ്പോഴും
ആനന്ദത്തെക്കുറിച്ച് മാത്രം
സംസാരിച്ചാല്‍
നിങ്ങള്‍ക്ക് വിഷമം വരില്ലേ?
എന്നാല്‍ സന്തോഷവതിയങ്ങനെയല്ലത്രേ
വണ്ടിന്റെ മുരളല്‍ പോലെ
അളുടെ സിരകളിലെല്ലാമാഹ്ലാദം
ഉന്‍മാദനൃത്തം ചവിട്ടിക്കൊണ്ടിരിക്കും
ഒറ്റപ്പെടലിനെക്കുറിച്ച് മാത്രം
പറഞ്ഞുകൊണ്ടേയിരുന്നാല്‍
നിങ്ങള്‍ക്ക്
അത് അസ്വാസ്ഥ്യമുണ്ടാകില്ലേ?
എന്നാല്‍ ഏകാകിക്കങ്ങനെയല്ലത്രേ
മേളമൊഴിഞ്ഞ ആല്‍ത്തറപോലെ
ആള്‍ക്കൂട്ടവും ഹര്‍ഷാരവവും വേലയും
മടങ്ങിവരുമെന്ന്
മനം ആര്‍ത്തുകൊണ്ടേയിരിക്കും