ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഫിറോസ് തിരുവത്ര എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ദൈവമേ
എനിക്കറിയാം
കാല്‍ പന്ത് കളി
നിനക്കിഷ്ടമാണ്.
അത് കൊണ്ടാണല്ലോ
ഭുമിയെ നീയൊരു
കാല്‍ പന്ത് പരുവമാക്കിയത്
ദൈവമേ
ജീവിതം കാല്‍പന്തുകളിക്കാരുടെ *
കാലിനടിയിലെ പന്ത്
പോലെയാക്കിതരണമേ.
ഏത് സാധാരണ നിമിഷത്തെയും
അസാധാരണമാക്കുന്ന
മാന്ത്രികത.
അളന്നു മുറിച്ച
ഏകാഗ്രത
ചുറ്റുമുള്ളവരൊക്കെയും
ഫൗള്‍ ചെയ്യുമെന്നറിഞ്ഞിട്ടും
മുന്നോട്ടു തന്നെ കുതിക്കുന്ന
കളി മികവ്.
ഫുട്‌ബോള്‍ മതമാകുമ്പോള്‍
അര്‍ജന്റിനയും ബ്രസീലും
പോര്‍ച്ചുഗലും ഒക്കെ
മുപ്പത്തി ചില്ലാനം ജാതികളില്‍
ഒരു ജാതി.
റഫറിയുടെ നീണ്ട വിസിലിനു മുന്‍പ്
ആരെയും തോല്‍പ്പിക്കാനല്ല
ജയിക്കാന്‍ വേണ്ടി മാത്രം
ചില ഗോളുകള്‍ എനിക്കുമടിക്കണം .
അവസാന വിസിലിനൊടുവില്‍
വര്‍ണ്ണ ശബളമായ എന്റെ ജെഴ്‌സിക്ക് പകരം
വെളുത്ത നീളന്‍ ജെഴ്‌സി ധരിച്ച്
ആരവങ്ങളടങ്ങും മുന്‍പേ
ഒറ്റയാള്‍ക്ക് മാത്രം പ്രവേശിക്കാവുന്ന
ഇടുങ്ങിയ വാതിലിലുടെ
എനിക്ക് മൈതാനം ഉപേക്ഷിക്കണം
കളി ജയിപ്പിച്ച
ഫുട്‌ബോളറെ പോലെ
.................
*മെസി
* ഫിഗോ
*റോബോര്‍ടോ കാര്‍ലോസ്