Malayalam Poem : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

By Chilla Lit Space  |  First Published Aug 30, 2022, 3:32 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഫര്‍സാന എ പി എഴുതിയ കവിതകള്‍


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം

മഴയല്ലേ?

പെയ്യുമ്പോളതു നീ

പെയ്‌ത്തൊരുക്കവും
പെയ്‌തൊഴിയലും
മാത്രമാണ്
വാചകക്കസര്‍ത്തുകള്‍.

അപ്പോള്‍ ഞാന്‍
അതേ ആശയക്കുഴപ്പത്തിലെ 
അതേ ആശയം,
അതേ കറക്കികുത്തലില്‍
അതേ സംശയം എന്നു 
മെല്ലെയങ്ങു
മുകിലാവുന്നു,

ഒരു
ബീഥോവന്‍
ബിജിഎം വെച്ചു
നൃത്തം പെയ്യാനെന്ന്.

രണ്ട്

മഞ്ഞല്ലേ?

വെളുവെളാന്നു
പല്ലുകള്‍ കൂട്ടിയിടിക്കും

ഞാനപ്പോള്‍
രോമക്കുപ്പായം
സ്വപ്നത്തില്‍ പോലും
കണ്ടുപോകരുതെന്നു 
താക്കീതു പറഞ്ഞ്
ഏറ്റവും നേര്‍ത്ത
ഒരു പുതപ്പിനെ
ഉറങ്ങാനങ്ങു
പറഞ്ഞു വിടും.

എന്നിട്ടാ
ഉറക്കത്തിന്റെ,
ഇരുട്ടെന്ന ഗുണദോഷത്തെ
പറഞ്ഞുമനസ്സിലാക്കാനിരിക്കുന്ന
തണുത്ത കോറലായി
കിടുകിടാ വിറക്കും,

കിനാവിലെ
വെയിലു തേവി
ഒച്ചപ്പെടുത്തി,
പെറുക്കിയിട്ടു പോവരുതെന്നെ,
ഉറക്കം മുറിഞ്ഞ പുതപ്പിലേക്ക്,

എന്ന്.


മൂന്ന്

വെയിലല്ലേ?

പൂക്കാലം പോലെ
വിരിയുന്നത്,
അത്,
ഗൃഹാതുരതയുടെ
ഹൈപ്പര്‍ലിങ്ക് കൊടുത്ത
നൃത്തവും 
സ്വപ്നവും.

പിന്നെ,
പലായനം പോലെ
പ്രേമത്തിന്റെയൊക്കെ
പേരിലുള്ള
തീര്‍ത്ഥാടനം
വിയര്‍ത്തു കുളിച്ചു കേറുന്നതും,
വിശപ്പു തന്നെ
കെട്ടു പോയതിന്റെ
കഥ പറയും...

ഒരു കോട്ടുവായല്ലേ
ആ പോയത്?

 

കാലവര്‍ഷം വരുന്നുണ്ടതാ!

വേരറുത്തപ്പോള്‍, ചെടി മുളച്ചത്.

അന്നാണ്,

സ്വയം
ഒരു ചെടി എന്നും,
ആകയാല്‍,
ആകയാല്‍ ഞാന്‍ 
ആകയാല്‍ ഞാനൊരു കവി എന്നും,
നട്ടു വെച്ചത്.

ഞാനാരോടും ചട്ടം കെട്ടിയതേയില്ല,
ഇല വന്നു തിന്നാനോ
പൂ വന്നു നുള്ളാനോ
കായ് വന്നു പറിക്കാനോ
എന്തിനേറെ,
വെള്ളമൊന്നൊഴിച്ചു തരാനോ 
വളമൊന്നിട്ടു തരാനോ 
മണ്ണൊന്നു മാറ്റി തരാനോ 
പോലും.

അങ്ങനൊരു നാളാണ്,

എന്റെ തണലെടുത്തും
അവരുടെ വിശപ്പു തീര്‍ത്തും

എന്റെ കഴുത്തിലേക്കെന്ന്
ഒരു ചോദ്യമോ പറച്ചിലോ പോലുമില്ലാതെ
അയ കെട്ടി
അവരുടെ തുണി വിരിച്ചുണക്കിയും

ഊഞ്ഞാലെന്നും പറഞ്ഞു
കുഞ്ഞുങ്ങളെ എന്റെ കൈയ്യില്‍
എല്ലാം വിശ്വസിച്ചെന്നേല്പിച്ചും

പിന്നെയുമോരോരോ
വാര്‍ഷികാഘോഷങ്ങളുടെ
ഓരോരോ മാസങ്ങളിലും
ഓരോരോ നിറങ്ങളാല്‍ 
ഓരോരോ ഭാവങ്ങളാല്‍ 
ബള്‍ബു മാലയിട്ടണിഞ്ഞൊക്കി
എന്തെന്തൈശ്വര്യമെന്നൊക്കെ
നാടു നീളെ പേരെടുത്ത
പടിക്കലെ

പന്തല്‍മരമായും

എപ്പോഴുമവരുടെ കാവലാളെന്ന്
അവരുടെ നാവിന്‍തുമ്പത്തു തന്നെ
വളര്‍ന്നു വളര്‍ന്നങ്ങനെ 
പോയ്‌പ്പോകെ,

ഒരു നാളാണ്,

അതേ അവരെന്നെ,
മണം പോരാത്തതിന്റെ പേരില്‍,
പൂ പോരാത്ത ചെടിയെന്തു ചെടി
പൂ പോരാത്ത ചെടിയെന്തു ചെടി
പൂ പോരാത്ത ചെടിയെന്തു ചെടി
എന്ന് മന്ത്രത്തില്‍ 
വേരോടെയങ്ങു പിഴുതു മാറ്റിയ,

അന്നാണ്.

click me!