ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. എല്‍സ നീലിമ മാത്യു എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ആരും അറിയരുതെന്നും
ആരോടും പറയരുതെന്നും
പല പല വട്ടം
ഒളിഞ്ഞും തെളിഞ്ഞും
പറഞ്ഞിട്ടും
കലപില സല്ലപിച്ചേയിരുന്ന
പച്ചിലക്കൂട്ടം ഒച്ചവച്ച്
അടക്കിവച്ചതൊക്കെ
പുറത്താവുമെന്ന് പേടിച്ച്
ഒക്കെത്തിനെയും
കരിച്ച് പൊഴിച്ച് കളഞ്ഞൂ
നട്ടെല്ലും നിവര്‍ത്തി
ഞെളിഞ്ഞങ്ങനെ നില്‍ക്കുംമുന്നെ
പൊന്നാഞ്ഞിലിമരം.
കരിയിലകള്‍
മണ്ണോട് ചേര്‍ത്ത രഹസ്യങ്ങള്‍
അപ്പോഴേക്കും പക്ഷേ
ചുറ്റുമുള്ള മരങ്ങളിലേക്ക്
പടര്‍ന്നുകയറിത്തുടങ്ങിയിരുന്നു.
തീര്‍ത്തും ഭദ്രമെന്നുകരുതിയ
ഉള്‍ക്കളികളോരോന്നുമിനി
ഇലത്തുമ്പ് വരെയെത്തും;
പിന്നെ, മരക്കൊമ്പ് തോറും പറക്കും;
ചുറ്റും പരക്കും.
കരിഞ്ഞഴിഞ്ഞു പോയോരെ
ഇനിയെന്തുചെയ്യാന്‍!
അവരെന്തിനെപ്പേടിക്കാന്‍!