Malayalam Poem: പ്രണയവളവുകളില്‍ അവര്‍, ഡോ. ജസീന ബഷീര്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Feb 7, 2023, 2:20 PM IST

 ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഡോ. ജസീന ബഷീര്‍ എഴുതിയ കവിത
 


 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 
അവന്‍
ഇടക്കൊന്ന് വിളിക്കാറുണ്ട്,
നെഞ്ചിലെ ഭാരം കൊണ്ടാവണം
ശബ്ദം പതിഞ്ഞു പോകുന്നത്.

ഹൃദയമിടിപ്പിന്‍റെ വേഗത
അറിയാതിരിക്കാനാവണം
അവള്‍
ശബ്ദമുണ്ടാക്കി ചിരിക്കുന്നത്.

അവളുടെ ഓരോ ചിരിയും
അവന്‍റെ നിരാശ നിറഞ്ഞ-
നെഞ്ചിലാണ് കൊള്ളുന്നതെന്ന്
അവളറിയുന്നുണ്ടാവില്ല.

അവളുടെ ഓരോ നിശ്വാസത്തിലും
വേദനയുടെ മുള്ള് കൊണ്ട്
ചോര പൊടിയുന്നത്
അവനുമറിയുന്നുണ്ടാവില്ല.

അവന്‍റേത് മാത്രമായ
ഇടങ്ങള്‍ ഓര്‍ക്കുമ്പോഴാണ്
അവകാശമില്ലാത്ത താഴ്വരയില്‍
അവളൊറ്റക്കായി പോകുന്നത്.

അവളുടേത് മാത്രമായ
സ്വന്തങ്ങള്‍ക്ക് മുന്നിലാണ്
അവന്‍ നിസ്സഹായതയോടെ
മൗനം കുടിച്ച് നില്‍ക്കുന്നത്.

അന്നൊരു രഹസ്യം പറയാന്‍
തെക്കേവളവില്‍
കാത്ത് നില്‍ക്കാന്‍
പറഞ്ഞിരുന്നതാണവന്‍...

അവള്‍
മറ്റാരും കാണാതിരിക്കാന്‍
തെക്ക് നിന്നും
വടക്കോട്ട് നടന്നതായിരുന്നത്രേ...

ഭാഗ്യം കൊണ്ട്,
അന്നവളെ ആരും കണ്ടില്ല.
നിര്‍ഭാഗ്യം കൊണ്ട്
ഇഷ്ടം പറയാന്‍ വന്ന
അവനുമവളെ കണ്ടില്ല.

തെക്കേവളവില്‍ കണ്ടില്ലെങ്കില്‍
ഇഷ്ടത്തോടെ
വടക്കോട്ട് നോക്കുമെന്ന്
പ്രതീക്ഷിച്ച് നിന്നതായിരുന്നവള്‍.

ഇഷ്ടക്കേട് കൊണ്ടാവും
കാത്ത് നില്‍ക്കാതെ പോയതെന്ന്
വടക്കോട്ടൊന്ന് നോക്കാതെ
അവനും കരുതിപ്പോയത്രേ.

മനസ്സറിയാതെ പോയതില്‍
നൊന്തുപോയതെത്രയെന്ന്
ഇന്നുമവള്‍
അവനോട് പറഞ്ഞിട്ടില്ല.

പ്രതീക്ഷകള്‍ തകര്‍ന്ന്,
ഞെട്ടറ്റുവീണ ഇല പോലെ
ആരുമറിയാതെ ശ്വാസം മുട്ടിയിരുന്നത്
അവനവളോടും പറഞ്ഞിട്ടില്ല

പരസ്പരം പഴി പറയാതെ
വഴി മാറി പോയതുകൊണ്ടാവാം
കാലമേറെ കഴിഞ്ഞിട്ടും
അപരിചിത്വമില്ലാതിന്നും ഇങ്ങനെ...

അന്ന് മനസ്സിലാക്കാതെ പോയത്,
ഇന്ന് പരസ്പരം
അറിഞ്ഞിരുന്നെങ്കില്‍,
വര്‍ഷങ്ങള്‍ക്കിപ്പുറം
സമാധാനത്തിന്‍റെ തണുപ്പിന് പകരം
നിരാശയുടെ വേവ് നിറഞ്ഞേനേ.

ഇതുപോലെ
ഇടയ്‌ക്കൊന്ന്
വിളിക്കാന്‍ പോലും
അവന്
കഴിഞ്ഞെന്ന് വരില്ലായിരുന്നു.

അവള്‍ക്ക്
ആ വിളി കേള്‍ക്കുമ്പോള്‍
കണ്ണ് നിറയാതെ
ചിരിക്കാനും സാധിക്കില്ലായിരുന്നു.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!