ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഡൊമിനിക് മൂഴിക്കര എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ആയുസ്സിന്റെ അക്കപെരുക്കങ്ങളില്‍
ആടിയുലഞ്ഞും
താംബൂലപ്പെട്ടിയിലെ ശൂന്യതകളെ
ചവച്ചും തുപ്പിയും
കരിയിലമര്‍മ്മരങ്ങളില്‍
ഒരതിഥിയെ പാര്‍ത്തും
ചാരുകസേരയില്‍ ഒരു ഏകാന്തത
പാതിമയക്കത്തില്‍ ഇരിപ്പുണ്ട്.
സ്മൃതികളുടെ അറകളില്‍
പാറിനടക്കുന്ന
മിന്നാമിന്നി ചുവടുകളില്‍
കഴിഞ്ഞ രാവുകളുടെ താളമുണ്ട്.
പരുപരുത്തതും കൂര്‍ത്തതും,
കുത്തിമുറിവേല്‍പ്പിച്ചതും,
വര്‍ത്തമാനമാപിനിയിലെ
സൂചിയൊഴുക്കില്‍
കുത്തിയൊലിച്ച് വെള്ളാരംങ്കല്ലുകളായി.
കലങ്ങിയൊഴുകിയ കരള്‍ത്തടാകം
നോക്കിനില്‍ക്കെ ഒഴുകിപരന്ന്
കൈക്കുടന്നയില്‍ ചിറകൊതുക്കി
നീര്‍കണകുരുവിയായി കുറുകുന്നു.
താരതോരണങ്ങള്‍ കെട്ടിതൂക്കിയ
പ്രണയാകാശത്തില്‍
നീളത്തിലുള്ള തുന്നലിന്റെ വരകള്‍
ഇപ്പോഴും മറവിനൂലുകളായി
പിണഞ്ഞുകിടപ്പുണ്ട്.
ഏകാന്തത അങ്ങനൊന്നില്ല;
രാവിരവുകളില്‍
മൂളിയും തേങ്ങിയും,
ചാരുകസേരയുടെ കൈപ്പിടിയില്‍
ഞരമ്പുടക്കി ഇരിക്കുന്നത് കണ്ടാല്‍
ഏകനാണെന്നു തോന്നുന്നത്
തികച്ചും യാദൃശ്ചികം മാത്രം.
മൃതിവിരലില്‍ കോര്‍ത്ത
ഹൃദയക്കൊളുത്തില്‍
കൊത്താന്‍ കാത്തിരിക്കുന്ന
ഒറ്റവരാലായി ഒരാളങ്ങനെ
നീണ്ടു നിവര്‍ന്നു
തുടിക്കുന്നു അത്രമാത്രം.