Malayalam Poem : പരാജിതര്‍, ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

By Chilla Lit SpaceFirst Published Nov 21, 2022, 6:45 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

ഒറ്റച്ചില്ലയില്‍
ഒറ്റപ്പെടുന്നവരാണ്

എതിരെ പടയാണ്
വിരലുകളെല്ലാം
ഞണ്ടിരിച്ചലിലാണ്
നഖങ്ങള്‍ക്ക്  മിനുക്കിയ 
കത്തിയുടെ ദാഹമാണ്

ദയയേ ഇല്ല  
ചര്‍മമുരിയുന്നു
മാന്തുന്നു, പൊളിക്കുന്നു.
വാരിയെല്ലുകള്‍
ഇല്ലികളായ്  നുറുക്കുന്നു.
മാംസം തുളക്കുന്നു.
കീറിവലിക്കുന്നു.

ഒരു പിടിയോളം പോന്ന
മണ്‍ചെപ്പോളം കുറിയ
ഹൃദയം നൂഴ്‌ന്നെടുക്കുന്നു.  
എറിഞ്ഞുടക്കുന്നു

പല കഷണങ്ങളാക്കുന്നു.

ചീളുകളെല്ലാം
ചിതറുന്നു   പതറുന്നു.

കണ്ണീരരുവികള്‍
മണ്ണിലിഴയുന്നു..

പാഴ്കിനാവുകള്‍
മണ്ണിന്നുപ്പ് തിരയുന്നു..

ഉപ്പ് ഉപ്പിനോടിണങ്ങുന്നു.
നോവ് നോവിലിണങ്ങുന്നു..

കടിച്ചുതുപ്പിയ വിത്തിലും
വേരുകള്‍ കിനിയുന്നു..

ഭൂനെഞ്ചിലെ തിരുഹൃദയത്തിലേക്ക്
ഉറവിന്‍ അവസാന കനിവിലേക്ക്
ശോഷിച്ച വേരുകള്‍ നുഴയുന്നു..

പരിശുദ്ധ നനവ്
തൊട്ടതും രുചിച്ചതും 
എവിടെയൊക്കെയോ
മുള പൊട്ടുകയാണ്
വീണ്ടും 
തോല്‍വിയേല്‍ക്കാന്‍ 
പുനര്‍ജനിക്കുകയാണോ?


 

click me!