Malayalam Poem : മഴക്കണക്കുകള്‍, ബാബു എ ആര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Aug 23, 2022, 2:57 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബാബു എ ആര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

മഴമാപിനി നോക്കിയവള്‍
കുറിച്ചുവെച്ചു,
ജീവിതത്തില്‍
ഓരോ നാളും പെയ്ത
മഴക്കണക്കുകള്‍.

ഓരോ മാസവും
പെയ്തിറങ്ങിയ വെള്ളത്തെ,
ഓരോ വര്‍ഷവും
ചോര്‍ന്നൊലിച്ച ദിനങ്ങളെ,
ചാറ്റല്‍ മഴയില്‍ നനഞ്ഞ്
പെരുമഴയില്‍ അലിഞ്ഞത് വരെ.

വരണ്ടുണങ്ങിയ നാളില്‍
കരിഞ്ഞു കത്തിയ ദേഹത്ത്
ദാഹം പൊരിഞ്ഞ്
പൊള്ളിയ ചുണ്ടത്ത്
കത്തിപ്പടര്‍ന്ന അടിവയറ്റില്‍
വിറങ്ങലിച്ച രോമത്തുടിപ്പുകളില്‍
വീണ്ടുകിടന്ന നെഞ്ചകങ്ങളില്‍
മഴക്കണക്ക് കൊണ്ടവള്‍
ജീവിതം നിറച്ചു.

മോഹിച്ച മഴത്തുള്ളികളെ
കടമായി തന്നവര്‍,
കൊതിച്ച മഴക്കിനാവുകളെ
കണ്ടുനില്‍ക്കേ കട്ടെടുത്തവര്‍,
ഉറങ്ങാതെ കാത്തുകാത്ത് മടുത്ത
മഴക്കോളുകള്‍,
കണ്ടുകണ്ട് മോഹിച്ച മഴകള്‍
കൊണ്ടുകൊണ്ടലിഞ്ഞു പോയ മഴകള്‍,
വരാമെന്നുറപ്പ് പറഞ്ഞിട്ടും
വഴി മറന്ന മഴകള്‍,
പെയ്തു നില്‍ക്കെ നിലച്ചുപോയ മഴകള്‍.

പെണ്ണുകാണാന്‍ വന്ന
നാണംകുണുങ്ങി മഴകള്‍,
കൊട്ടും കുരവയുമായി
കല്യാണത്തിന് വരാമെന്നേറ്റ മഴകള്‍,
വാതില്‍ക്കല്‍ മുട്ടിവിളിച്ച്
പെട്ടെന്നോടിയൊളിച്ച മഴകള്‍,
വന്നാലും നിന്നാലും
കൊതിതീരാത്ത മഴകള്‍,
പറഞ്ഞാലും പറഞ്ഞാലും തീരാത്ത
സങ്കടപ്പെരുമഴകള്‍.

കഴുത്തോളം വെള്ളത്തില്‍ മുങ്ങിയാലും
കുളിരാത്ത മഴകള്‍,
എഴുതാനും പറയാനും മറന്നുപോയ
പേരില്ലാ മഴകള്‍,
വഴക്കും വാക്കാണവുമായി വരാറുള്ള
താന്തോന്നി മഴകള്‍,
ആദ്യ രാത്രിയില്‍ നാണം മറന്നു പെയ്ത
കുളിര്‍മഴകള്‍,
കുടമാറ്റം പോലെ
വര്‍ണ്ണങ്ങള്‍ വാരിവിതറി
പെയ്തിറങ്ങിയ സന്തോഷപ്പൂമഴകള്‍.

പെണ്ണകം പൊറുക്കാത്ത
നീറ്റല്‍ മഴകള്‍,
ഉണങ്ങാത്ത മുറിവുകള്‍
ചിന്തിയ ചോരമഴകള്‍.

എല്ലാ മഴകളും
കണക്കുതീര്‍ത്തു പെയ്തപ്പോള്‍
എഴുതിവെയ്ക്കാന്‍ മറന്ന
താളം പിഴച്ച ജീവിതമഴ....

രാത്രിയും പകലുമറിയാതെ
മാനവും മണ്ണും നനയാതെ
നെഞ്ചില്‍ തളം കെട്ടി നിന്ന
കണ്ണീര്‍ മഴ.


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!