ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ആതിര കോറോത്ത് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
വിറകടുപ്പിന് മുകളിലെ ചുമരില്‍
ഒലിച്ചിറങ്ങുന്ന അട്ടക്കരിക്ക്
ഈയിടെയായി ആഴത്തിലുള്ള
മുറിപ്പാടുള്ളതായി തോന്നി.
ചൂടിലത് കിനിഞ്ഞിറങ്ങി
ചുമരിലാകെ സങ്കടക്കോലങ്ങള്‍
വരഞ്ഞു കൊണ്ടേയിരുന്നു.
കരി ചുമരില്‍ കോറിയത്
വായിച്ചെടുക്കാനാവാതെ
നേരം കളഞ്ഞത് മിച്ചം!
അട്ടം നോക്കി പാല് തിളച്ചു തൂകി
വീട്ടുകാരതിനെ മറവിയെന്നും
അശ്രദ്ധയെന്നും പേരു വിളിച്ചു.
ചൂടിലെന്തോ വെന്തുരുകുന്നത്,
ചോറിനൊപ്പം മറ്റെന്തോ
തിളച്ചു തൂകുന്നത്,
കരിയ്‌ക്കൊപ്പം
ഹൃദയത്തിലെന്തോ
കിനിഞ്ഞിറങ്ങുന്നത്,
ആഴത്തില്‍ എവിടെയോ
പതിഞ്ഞു.
അടുക്കളത്തിണ്ണയിലെവിടെയോ
മറന്നു വെച്ച എന്നെ തിരയാന്‍
ഞാന്‍ തന്നെ ഇറങ്ങി തിരിച്ചു.
സ്വപ്നം കാണാന്‍ പഠിപ്പിച്ച
ലളിത ടീച്ചറെ
സ്വപ്നത്തില്‍ പോലും
കാണാതിരിക്കാന്‍
മറവിയോട് പ്രത്യേകം
പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു.
ഓര്‍മിക്കാന്‍
ഇടമില്ലാത്തതിനൊക്കെയും
മറവിയെന്ന് പേരിട്ടു.
സ്വപ്നങ്ങള്‍ക്ക്
കൂട്ടു പോവാനാവാത്ത വിധം
അലാറം കിടന്നലറി.
ചോറിന്‍കലം അടുപ്പില്‍ കയറ്റി,
വിറകിന്റെ കുറവ്
ബാക്കി വന്ന സ്വപ്നത്തില്‍ ചേര്‍ത്ത്
മണ്ണെണ്ണ തൂകി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...